ന്യൂഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ ഓര്‍മ്മയുടെ സകല ഞരമ്പുകളുമറ്റു കിടക്കുമ്പോള്‍ ഇന്ത്യയിലെ ഫുട്‌ബോള്‍ ഐ-ലീഗും കടന്ന് ഐ.എസ്.എല്ലെന്ന ഉത്സവത്തിലേക്കെത്തിയതൊന്നും പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അറിഞ്ഞിരുന്നില്ല. കഴിഞ്ഞ എട്ടു വര്‍ഷം അപ്പോളോയിലെ ആശുപ്രതിക്കിടക്കിയില്‍ ഒന്നനങ്ങാന്‍ പോലുമാകാതെ ദാസ് മുന്‍ഷി കിടക്കുമ്പോള്‍ ഇന്ത്യയിലെ ഫുട്‌ബോള്‍ ചടുലവേഗത്തില്‍ മൈതാനങ്ങളില്‍ മുന്നേറുകയായിരുന്നു. 

1989ല്‍ ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അമരത്തേക്കെത്തിയ ദാസ് മുന്‍ഷി 1996-ലാണ് ദേശീയ ഫുട്‌ബോള്‍ ലീഗെന്ന ആശയം മുന്നോട്ടുവെയ്ക്കുന്നത്. എന്നാല്‍ മൈതാനത്ത് റെഡ് കാര്‍ഡ് കണ്ട് പോകേണ്ട അവസ്ഥയിലാണ് ഒടുവില്‍ ഇന്ത്യയുടെ ദേശീയ ലീഗ് എത്തിച്ചേര്‍ന്നത്. 2002 ആയപ്പോഴേക്കും ലീഗിലെ പ്രധാന ക്ലബ്ബായ എഫ്.സി കൊച്ചിന്‍ പ്രവര്‍ത്തനം നിലച്ച മട്ടായി. രണ്ടരക്കോടി രൂപ നഷ്ടത്തിലായിരുന്ന ക്ലബ്ബ് രണ്ടു വര്‍ഷമായി കളിക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല. ഇതോടെയാണ് പ്രൊഫഷണലായ സമീപനം എന്ന ആശയത്തിലേക്ക് ദാസ് മുന്‍ഷിയുടെ നേതൃത്വത്തിലുള്ള ഫെഡറേഷന്‍ എത്തിച്ചേരുന്നത്. അങ്ങിനെ പത്ത് വര്‍ഷം മുമ്പ് ഐ-ലീഗിന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ രൂപം നല്‍കി. 

'പത്ത് ക്ലബ്ബുകളായി ഞങ്ങള്‍ തുടങ്ങുന്നു, മൂന്നു വര്‍ഷത്തിനുള്ളില്‍ 16 ടീമുകളുടെ ഒരു പ്രൊഫഷണല്‍ ലീഗാക്കി മാറ്റുകയാണ് ലക്ഷ്യം' ഐ-ലീഗിന് തുടക്കം കുറിച്ച് ദാസ് മുന്‍ഷി നടത്തിയ പ്രഖ്യാപനമാണിത്. ഭാവിയെ മുന്നില്‍കണ്ടുള്ള പ്രൊഫഷണല്‍ സമീപനമായിരുന്നു ഐ-ലീഗ്. ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം വിദേശതാരങ്ങളെയും ഉള്‍പ്പെടുത്തി ഐ-ലീഗിന് തുടക്കം കുറിച്ച്  നടത്തിയ ആ പ്രഖ്യാപനത്തില്‍ നിന്ന് തന്നെയാണ് ഐ.എസ്.എല്ലെന്ന ആശയത്തിലേക്കും ഇന്ത്യന്‍ ഫുട്‌ബോളെത്തിയത്. ഐ.എസ്.എല്ലിന്റെ താരപ്പകിട്ടിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നുണ്ടെങ്കിലും പ്രൊഫഷണല്‍ ഫുട്‌ബോളെന്ന ആശയത്തിന്റെ വേരുകളുള്ളത് ഐ-ലീഗില്‍ തന്നെയാണ്. 

1989 മുതല്‍ 2008 വരെ, അതായത് 19 വര്‍ഷക്കാലം എഐഎഫ്എഫിന്റെ അമരത്തിരുന്നിട്ട് ദാസ് മുന്‍ഷി ഇന്ത്യന്‍ ഫുട്‌ബോളിന് വേണ്ടി എന്തെല്ലാം ചെയ്തു? നേട്ടങ്ങളുടെ പട്ടിക ചികഞ്ഞുപോയാല്‍ ആ കാലയളവില്‍ ലോകകപ്പിന് യോഗ്യത നേടാനോ ഏഷ്യന്‍ കപ്പില്‍ കളിക്കാനോ ഇന്ത്യക്ക് കഴിഞ്ഞില്ല. എന്നാല്‍ സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ത്യക്ക് ആശ്വാസം പകരാനുണ്ടായിരുന്നു. 1997ല മുതല്‍ തുടങ്ങിയ സാഫ് കപ്പില്‍ കഴിഞ്ഞ ആറു കിരീടങ്ങളില്‍ നാലെണ്ണവും ഇന്ത്യയുടെ അക്കൗണ്ടിലെത്തി.  ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയുടെ മുന്നേറ്റത്തിനുള്ള ഒരു കച്ചിത്തുരുമ്പായിരുന്നു അത്. 2004ല്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ദാസ് മുന്‍ഷ പറഞ്ഞത് യുവാക്കള്‍ക്ക് മുന്‍തൂക്കം നല്‍കിയുള്ള ഫുട്‌ബോള്‍ വികസനത്തിന് വേണ്ടിയാണ് കഴിഞ്ഞ എട്ടു വര്‍ഷമായി ശ്രമിക്കുന്നതെന്നും 2010 മുന്‍കൂട്ടിക്കണ്ട് ഒരു മിഷന്‍ രൂപപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു. 

ഏറ്റവും കൂടുതല്‍ കാലം ഫുട്‌ബോള്‍ ഫെഡറേഷന്റെ അമരത്തിരുന്ന ദാസ് മുന്‍ഷി ഫിഫ ലോകകപ്പില്‍ ആദ്യ ഇന്ത്യന്‍ മാച്ച് കമ്മീഷ്ണറുമായി. 2006ല്‍ ക്രൊയേഷ്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന ഗ്രൂപ്പ് മത്സരത്തിലാണ് ദാസ് മുന്‍ഷി മാച്ച് കമ്മീഷ്ണറായത്. 

ദാസ് മുന്‍ഷിയ്ക്ക് അനുശോചനമറിയിച്ച് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയ പറഞ്ഞത് ഇങ്ങിനെയാണ് ' ഇന്ത്യന്‍ ഫുട്‌ബോളിന് അദ്ദേഹം നല്‍കിയ സംഭാവന വളരെ വലുതാണ്. ബംഗാളില്‍നിന്ന് വരുന്നതിനാല്‍ തന്നെ ഫുട്‌ബോള്‍ അദ്ദേഹത്തിന്റെ രക്തത്തിലുണ്ടായിരുന്നു. ഈസ്റ്റ് ബംഗാളിന് വേണ്ടി ഞാന്‍ കളിക്കുമ്പോള്‍ അദ്ദേഹം നല്‍കിയ പിന്തുണ വിസ്മരിക്കാനാവില്ല.'