ആരാകും ഇംഗ്ലണ്ടിലെ രാജാക്കന്‍മാര്‍?പ്രീമിയര്‍ലീഗില്‍ പന്തുരുളുന്നു, നിയമത്തിലും പന്തിലും മാറ്റങ്ങള്‍


ആദര്‍ശ് പി ഐ

അതിവേഗ ഫുട്‌ബോള്‍ അരങ്ങുവാഴുന്ന പ്രീമിയര്‍ ലീഗില്‍ വീണ്ടും പന്തുരുളുന്നതിന്റെ അവേശത്തിലാണ് കാല്‍പ്പന്ത് ലോകം. മാഞ്ചസ്റ്റര്‍ സിറ്റി കുതിപ്പ് തുടരുമോ? അതോ ചെമ്പടയോ ചെകുത്താന്‍മാരോ കിരീടത്തില്‍ മുത്തമിടുമോ? പുതിയ കിരീടാവകാശികള്‍ പിറക്കുമോ? കാല്‍പ്പന്ത് പ്രേമികള്‍ കാത്തിരിക്കുകയാണ്.

Photo: AP

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ലീഗുകളിലൊന്നായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിനായി ആരാധകര്‍ ആകാക്ഷയോടെ കാത്തിരിക്കുകയാണ്. വെളളിയാഴ്ച രാത്രി 12:30 ന് ക്രിസ്റ്റല്‍ പാലസ്-ആഴ്‌സണല്‍ മത്സരത്തോടെയാണ് തുടക്കം. കഴിഞ്ഞ സീസണിലെ കോരിത്തരിപ്പിച്ച അവസാനരാത്രി കാല്‍പ്പന്ത് പ്രേമികളുടെ ഓര്‍മകളില്‍ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല. എത്തിഹാദിനെ അലകടലാക്കി മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ ആറാം പ്രീമിയര്‍ ലീഗ് കിരീടമാണ് സ്വന്തമാക്കിയത്. അതിവേഗ ഫുട്‌ബോള്‍ അരങ്ങുവാഴുന്ന പ്രീമിയര്‍ ലീഗില്‍ വീണ്ടും പന്തുരുളുന്നതിന്റെ അവേശത്തിലാണ് കാല്‍പ്പന്ത് ലോകം. മാഞ്ചസ്റ്റര്‍ സിറ്റി കുതിപ്പ് തുടരുമോ? അതോ ചെമ്പടയോ ചെകുത്താന്‍മാരോ കിരീടത്തില്‍ മുത്തമിടുമോ? പുതിയ കിരീടാവകാശികള്‍ പിറക്കുമോ? കാല്‍പ്പന്ത് പ്രേമികള്‍ കാത്തിരിക്കുകയാണ്.

നിരവധി മാറ്റങ്ങളോടെയാണ് 2022-23 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിന് തുടക്കമാവുന്നത്. ഇത്തവണ മത്സരത്തില്‍ ഒരു ടീമിന് അഞ്ച് സബ്‌സ്റ്റിറ്റിയൂട്ടിനെ വരെ കളത്തിലിറക്കാം. നേരത്തേ മൂന്ന് പകരക്കാരെ മാത്രമേ കളത്തിലിറക്കാന്‍ സാധിക്കുമായിരുന്നുളളൂ. ആകെ ഒമ്പത് സബ്സ്റ്റിറ്റിയൂട്ടുകളെയും ടീം ഷീറ്റില്‍ ചേര്‍ക്കാം. പുത്തന്‍ നൈക്ക് ഫ്‌ളൈറ്റ് ബോളാണ് പുതിയ സീസണില്‍ ഉപയോഗിക്കുന്നത്. 1992-ലെ ബോളിന് സമാനമായ ഡിസൈനാണ് ബോളിന്റേത്.

പ്രൊഫഷണല്‍ ഗെയിം മാച്ച് ഒഫിഷ്യല്‍സ് ലിമിറ്റഡ് (പിജിഎംഒഎല്‍) സ്ഥാനക്കയറ്റം നല്‍കിയ നാല് പുതിയ റഫറിമാര്‍ ഇത്തവണ ലീഗ് മത്സരങ്ങള്‍ നിയന്ത്രിക്കും. ടോം ബ്രമാള്‍, നതാലി അസ്പിനാള്‍, നിക്ക് ഗ്രീന്‍ഹാള്‍, സ്റ്റീവ് മെറിഡിത്ത് എന്നിവരാണവര്‍. പ്രീമിയര്‍ ലീഗിലെ പ്രമുഖ റഫറിമാരായ മൈക്ക് ഡീന്‍, ജൊനാതന്‍ മോസ്സ്, മാര്‍ട്ടിന്‍ ആറ്റ്കിന്‍സണ്‍ എന്നിവര്‍ കഴിഞ്ഞ സീസണില്‍ വിരമിച്ചിരുന്നു.

പെനാല്‍റ്റി, ഓഫ്‌സൈഡ് നിയമങ്ങളിലും ഭേദഗതി വരുത്തിയിട്ടുണ്ട്. മത്സരത്തില്‍ ഉപയോഗിക്കാനായി പത്ത് ബോള്‍ വരെ ക്രമീകരിച്ചിട്ടുളള മള്‍ട്ടിബോള്‍ സിസ്റ്റവും 2022-23 സീസണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലുണ്ടാകും. ബേണ്‍ലി, വാട്ട്‌ഫോര്‍ഡ്, നോര്‍വിച്ച് സിറ്റി എന്നീ ടീമുകളാണ് കഴിഞ്ഞ സീസണില്‍ തരംതാഴ്ത്തപ്പെട്ടത്. അതേ സമയം ഫുള്‍ഹാം, ബേണ്‍മൗത്ത്, നോട്ടിങ്ങ്ഹാം ഫോറസ്റ്റ് ടീമുകള്‍ പ്രീമിയര്‍ ലീഗിലേക്ക് യോഗ്യതനേടി.

മാറിയ ചട്ടങ്ങളോടൊപ്പം തന്നെ ഏറെ മാറ്റങ്ങളുമായാണ് ടീമുകളെല്ലാം തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. പുതിയ പരിശീലകരേയും കളിക്കാരേയും ടീമിലെടുത്തും തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചും പ്രീമിയര്‍ ലീഗില്‍ കുതിക്കാന്‍ വമ്പന്‍മാര്‍ അവസാനഘട്ട ഒരുക്കത്തിലാണ്. ടീമുകളുടെ ഒരുക്കങ്ങള്‍ വിലയിരുത്താം.

Photo: AP

ആര് തടയും സിറ്റിയുടെ കുതിപ്പ് ?

തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് പെപ് ഗ്വാര്‍ഡിയോളയും സംഘവും പുതിയ സീസണിന് തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടരുമ്പോഴും കിട്ടാക്കനിയായ ചാമ്പ്യന്‍സ് ലീഗ് കിരീടവും ഇത്തവണ സിറ്റിയുടെ പ്രധാന ലക്ഷ്യമാണ്. അതിനായാണ് നോര്‍വേയുടെ സൂപ്പര്‍താരം എര്‍ലിങ് ഹാളണ്ടിനെ മാഞ്ചസ്റ്റര്‍ സിറ്റി ടീമിലെത്തിച്ചത്. അഗ്യൂറോ പോയതിന് ശേഷം ഗോളടിച്ചുകൂട്ടുന്ന ഒരു സ്‌ട്രൈക്കറേയാണ് സിറ്റി തേടിക്കൊണ്ടിരുന്നത്. 22-വയസ് മാത്രം പ്രായമുളള ഹാളണ്ട് അടുത്ത സീസണില്‍ സിറ്റിക്കായി ഗോളടിച്ചുകൂട്ടുമെന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍. മധ്യനിര ശക്തമാക്കാന്‍ കാല്‍വിന്‍ ഫിലിപ്‌സിനേയും സിറ്റി റാഞ്ചിയിട്ടുണ്ട്.

ഗബ്രിയേല്‍ ജെസ്യൂസ്, റഹീം സ്റ്റെര്‍ലിംഗ് തുടങ്ങിയ പ്രമുഖര്‍ അടുത്തിടെ ടീം വിട്ടിരുന്നു. ജെസ്യൂസ് ആഴ്‌സനലിലേക്കും സ്‌റ്റെര്‍ലിംഗ് ചെല്‍സിയിലേക്കുമാണ് ചേക്കേറിയത്. ഹാളണ്ടും മെഹ്‌റസും ഗ്രീലിഷുമടങ്ങുന്ന മുന്നേറ്റനിരയ്ക്ക് എത്രത്തോളം തിളങ്ങാനാകുമെന്നതാണ് കാണേണ്ടത്. കെവിന്‍ ഡിബ്രുയിന്‍, റോഡ്രിഗോ, ഗുണ്ടോഗന്‍ എന്നിവരടങ്ങുന്ന മധ്യനിരയും സുശക്തമാണ്. കെവിന്‍ ഡിബ്രുയിന്റെ പ്രകടനങ്ങള്‍ സിറ്റിയുടെ പോരാട്ടങ്ങളില്‍ നിര്‍ണായകമാണ്. ഒരേ സമയം കളിമെനയുകയും ഗോളടിക്കുകയും ചെയ്യാന്‍ വിശേഷാല്‍ കഴിവുളള താരമാണ് ഡിബ്രുയിന്‍. ഹാളണ്ട് കൂടി ഫോമിലെത്തിയാല്‍ സിറ്റിക്കുമുന്നില്‍ എതിരാളികള്‍ വിയര്‍ക്കുമെന്നുറപ്പാണ്.

പ്രീ-സീസണ്‍ മത്സരങ്ങളില്‍ വിജയിച്ചെങ്കിലും ആധികാരികമായ പ്രകടനങ്ങളായിരുന്നില്ല സിറ്റിയുടേത്. ക്ലബ്ബ് അമേരിക്കയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കും ബയേണിനെ ഏകപക്ഷീയമായ ഒരു ഗോളിനുമാണ് പെപ്പും സംഘവും പരാജയപ്പെടുത്തിയത്. കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ലിവര്‍പൂളിനോട് പരാജയപ്പെടുകയും ചെയ്തു. വെസ്റ്റ് ഹാം യുണൈറ്റഡുമായാണ് സിറ്റിയുടെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരം.

Photo: AFP

മാനെയില്ലെങ്കിലും സ്‌ട്രോങ്ങാണ് ചെമ്പട

കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് കമ്മ്യൂണിറ്റി ഷീല്‍ഡ് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ലിവര്‍പൂള്‍ പുതിയ സീസണില്‍ കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ തവണ കയ്യകലത്തില്‍ നഷ്ടമായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഇത്തവണ നേടുകയാണ് ക്ലോപ്പിന്റെ ലക്ഷ്യം. അത് പക്ഷേ വെല്ലുവിളി നിറഞ്ഞതാണ്. സൂപ്പര്‍ താരം സാദിയോ മാനെ ബയേണിലേക്ക് പോയത് ടീമിനെ കാര്യമായി ബാധിക്കാനിടയുണ്ട്. മുന്നേറ്റനിരയിലെ സല-മാനെ-ഫെര്‍മിനോ ത്രയത്തിന് പകരം പുതിയ മുന്നേറ്റനിരയുമായാണ് ചെമ്പട ഇത്തവണ കളിക്കുക. സലയും ലൂയിസ് ഡയസും ഡാര്‍വിന്‍ ന്യൂനസുമടങ്ങുന്ന മുന്നേറ്റനിരയ്ക്ക് എത്രത്തോളം ശോഭിക്കാനാവുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

പ്രീ-സീസണില്‍ അത്ര മികച്ച പ്രകടനമായിരുന്നില്ല ടീമിന്റേത്. ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ചെമ്പട തോറ്റത്. പക്ഷേ ജര്‍മന്‍ ക്ലബ്ബ് ആര്‍ബി ലെയിപ്‌സിഗിനെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തെറിയാനുമായി. മത്സരത്തില്‍ ഡാര്‍വിന്‍ ന്യൂനസ് നാല് ഗോളുകളാണ് നേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ന്യൂനസിന് ഗോളടി തുടരാനായാല്‍ ചെമ്പടയ്ക്ക് എളുപ്പത്തില്‍ മുന്നേറാനാകും. ഫാബിയോ കാര്‍വലോയിലും ലിവര്‍പൂള്‍ പ്രതീക്ഷ വെയ്ക്കുന്നുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമുമായാണ് ലിവര്‍പൂളിന്റെ ആദ്യ മത്സരം.

Photo: twitter.com/ChelseaFC

പതറുമോ നീലപ്പട?

വമ്പന്‍ താരങ്ങള്‍ ടീമിലെത്തുമെന്ന അഭ്യൂഹങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു ചെല്‍സിയുടെ ട്രാന്‍സ്ഫര്‍ ജാലകം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, ഫ്രാങ്ക് ഡി ജോങ് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ ടീമിലേക്ക് വരുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ ആരേയും സ്വന്തമാക്കാന്‍ ചെല്‍സിക്കായില്ല. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് റഹീം സ്‌റ്റെര്‍ലിംഗും നാപ്പോളിയില്‍ നിന്ന് കൗലിബാലിയും വന്നതാണ് പ്രധാന ട്രാന്‍സ്ഫറുകള്‍.

നിരവധി പ്രമുഖ താരങ്ങള്‍ ചെല്‍സി വിടുകയും ചെയ്തു. പ്രതിരോധതാരങ്ങളായ അന്റോണിയോ റുഡിഗറും ആന്‍ഡ്രിയാസ് ക്രിസ്‌റ്റെന്‍സണും മുന്നേറ്റതാരം റൊമേല്‍ ലുക്കാകുവും ഇത്തവണ ചെല്‍സി നിരയിലുണ്ടാകില്ല. റുഡിഗര്‍ റയല്‍ മഡ്രിഡിലും ക്രിസ്റ്റെന്‍സണ്‍ ബാഴ്‌സലോണയിലുമെത്തി. റൊമേല്‍ ലുക്കാകു ലോണില്‍ ഇന്ററിലേക്കാണ് പോയത്. ഇവരുടെ അഭാവം സീസണില്‍ നീലപ്പടയെ ബാധിക്കുമോയെന്ന് കണ്ടറിയണം.

ഒരുപിടി യുവതാരങ്ങളാണ് ടീമിന്റെ കരുത്ത്. മേസണ്‍ മൗണ്ട്, ഹക്കിം സിയാച്ച്, ക്രിസ്റ്റ്യന്‍ പുലിസിച്ച്, കായ് ഹവേര്‍ട്‌സ്, ടിമോ വെര്‍ണര്‍ എന്നിങ്ങനെ സൂപ്പര്‍ താരങ്ങളുടെ വലിയ നിര തന്നെയുണ്ട് ചെല്‍സിയില്‍. ഇവര്‍ക്ക് പലപ്പോഴും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാനാകാതെ വരുന്നതാണ് പരിശീലകന്‍ തോമസ് ടുഷലിനെ അലട്ടുന്നത്. മുന്നേറ്റനിരയില്‍ സ്‌റ്റെര്‍ലിംഗ് കൂടി വരുന്നതോടെ നീലപ്പടയുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചകൂടുമെന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍.

പ്രീ-സീസണില്‍ ഭേദപ്പെട്ട പ്രകടനമാണ് ടീം കാഴ്ചവെച്ചത്. ക്ലബ്ബ് അമേരിക്കയ്‌ക്കെതിരേയും ഉഡിനീസിക്കെതിരേയും വിജയിച്ചെങ്കിലും കരുത്തരായ ആഴ്‌സനലിനെതിരെ തകര്‍ന്നടിഞ്ഞു. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സ് ചെല്‍സിയെ പരാജയപ്പെടുത്തിയത്. മുന്‍ ചെല്‍സി താരം ഫ്രാങ്ക് ലാമ്പാര്‍ഡ് പരിശീലിപ്പിക്കുന്ന എവര്‍ട്ടണുമായാണ് ലീഗില്‍ ചെല്‍സിയുടെ ആദ്യ മത്സരം.

Photo: AFP

സൂപ്പറാകുമോ സ്പര്‍സ് ?

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിടുകയെന്ന വലിയ ലക്ഷ്യത്തിനായി കടുത്ത തയ്യാറെടുപ്പുമായാണ് ഇത്തവണ ടോട്ടനം കളിക്കാനെത്തുന്നത്. നിരവധി സൂപ്പര്‍ സൈനിംഗുകളാണ് ടീം നടത്തിയത്. ഇവാന്‍ പെരിസിച്ച്, റിച്ചാര്‍ലിസണ്‍, ക്ലെമന്റ് ലെങ്‌ലറ്റ്, ബിസ്സൗമ, ഫ്രേസര്‍ ഫോര്‍സ്റ്റര്‍ എന്നിങ്ങനെ ഒരുപിടി മികച്ച കളിക്കാരെ ടീമിലെത്തിക്കാന്‍ ടോട്ടനത്തിന് സാധിച്ചു. ഹാരി കെയിനും സണ്‍ ഹ്യുങ് മിന്നും പതിവ് ഫോം തുടര്‍ന്നാല്‍ ഇത്തവണ സ്പര്‍സ് ചരിത്രം കുറിക്കുമെന്നുറപ്പാണ്. സ്റ്റീവന്‍ ബെര്‍ഗ്വിന്‍ അയാക്‌സിലേക്ക് കൂട് മാറിയെങ്കിലും അത് ടീമിനെ ബാധിക്കാനിടയില്ല.

പ്രീ-സീസണ്‍ മുതല്‍ തന്നെ പരിശീലകന്‍ അന്റോണിയോ കോണ്ടെ ടീമിന് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. പ്രീ-സീസണില്‍ സെവിയ്യക്കെതിരേ സമനിലയും റോമക്കെതിരേയുളള തോല്‍വിയുമായിരുന്നു ഫലം. എങ്കിലും പ്രീമിയര്‍ ലീഗില്‍ ഗംഭീര പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മുന്നേറ്റനിരയ്‌ക്കൊപ്പം ടോട്ടനത്തിന്റെ പ്രതിരോധവും മികച്ചതാണ്. ക്രിസ്റ്റിയന്‍ റൊമേറോ, എറിക് ഡയര്‍, ഡേനിഡ്‌സണ്‍ സാഞ്ചസ് എന്നിവരോടൊപ്പം ലെങ്‌ലറ്റും ചോരുന്നതോടെ സ്പര്‍സിന്റെ പ്രതിരോധക്കോട്ട കടക്കാന്‍ ഏത് മുന്നേറ്റവും വിയര്‍ക്കും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സതാംപ്ടണുമായാണ് ടോട്ടനത്തിന്റെ ആദ്യ മത്സരം.

Photo: AFP

വെടിപൊട്ടിക്കാന്‍ ഗണ്ണേഴ്‌സ്

ഏവരേയും അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളുമായാണ് ആഴ്‌സനല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോരാടാനിറങ്ങുന്നത്. പ്രീ-സീസണില്‍ എതിരാളികളെ തകര്‍ത്തെറിഞ്ഞാണ് അര്‍ട്ടേറ്റയും സംഘവും മുന്നേറിയത്. കരുത്തരായ ചെല്‍സി, എവര്‍ട്ടണ്‍, സെവിയ്യ ടീമുകള്‍ക്കെതിരേ ആധികാരികമായ വിജയമാണ് ആഴ്‌സനല്‍ നേടിയത്. ചെല്‍സിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കും സെവിയ്യയെ ആറ് ഗോളുകള്‍ക്കുമാണ് തകര്‍ത്തെറിഞ്ഞത്. പ്രീമിയര്‍ ലീഗിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന വിലയിരുത്തലിലാണ് ആരാധകര്‍. കഴിഞ്ഞ സീസണില്‍ അവസാനഘട്ടത്തിലാണ് ടീമിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്ടമായത്.

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ഗബ്രിയേല്‍ ജെസ്യൂസും സിന്‍ചെങ്കോയും ടീമിലെത്തിയിട്ടുണ്ട്. പോര്‍ട്ടോയില്‍ നിന്ന് ഫാബിയോ വിയേരയും ഗണ്ണേഴ്‌സിനായി ബൂട്ട് കെട്ടും. ടീമിലെ യുവതാരങ്ങളെല്ലാം ഗംഭീരപ്രകടനം കാഴ്ചവെക്കുന്നതാണ് ഗണ്ണേഴ്‌സിന്റെ കരുത്ത്. ബുക്കായോ സാക്ക, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, മാര്‍ട്ടിന്‍ ഒഡേഗാര്‍ഡ് എന്നിവരെല്ലാം മികച്ച ഫോമിലാണ്. മാര്‍ട്ടിന്‍ ഒഡേഗാര്‍ഡ് ക്ലബ്ബിന്റെ ക്യാപ്റ്റനായി അടുത്തിടെയാണ് പ്രഖ്യാപിച്ചത്.

ഒബമയാങ് ക്ലബ്ബ് വിട്ടതിന് ശേഷം ഗണ്ണേഴ്‌സ് മികച്ച ഒരു സ്‌ട്രൈക്കറേയാണ് തേടിക്കൊണ്ടിരുന്നത്. ഗബ്രിയേല്‍ ജെസ്യൂസ് ടീമിലേക്ക് വന്നതോടെ ടീമിന്റെ ഗോള്‍ വരച്ചയ്ക്ക് പരിഹാരമായിട്ടുണ്ട്. പ്രീ-സീസണില്‍ ഗോളടിയുമായി നിറഞ്ഞാടിയ ജെസ്യൂസ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ഫോം തുടര്‍ന്നാല്‍ ഗണ്ണേഴ്‌സ് വമ്പന്‍മാരെ തകര്‍ത്തെറിയുമെന്നുറപ്പ്. ഒത്തൊരുമയുളള ടീമിനെ വാര്‍ത്തെടുക്കുകയാണ് പരിശീലകന്‍ അര്‍ട്ടേറ്റ. ലീഗിലെ ആദ്യ മത്സരം തന്നെ വിജയിച്ചു തുടങ്ങാന്‍ ടീം അവസാനഘട്ട ഒരുക്കത്തിലാണ്.

Photo: AFP

ഇനി ടെന്‍ഹാഗ് യുഗമോ ? ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ചെകുത്താന്‍മാര്‍

പ്രതാപകാലത്തെ അവിസ്മരണീയമായ ഓര്‍മകളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകര്‍ അഭയം പ്രാപിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. അലെക്‌സ് ഫെര്‍ഗൂസന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകകുപ്പായമഴിച്ചു വെച്ചതിന് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിടാന്‍ അവര്‍ക്കായിട്ടില്ല. ലൂയിസ് വാന്‍ഗാലും ഡേവിഡ് മോയെസും മൗറിഞ്ഞോയും സോള്‍ഷ്യറുമൊക്കെ പരിശീലകറോളില്‍ വന്നെങ്കിലും കിരീടമെത്തിക്കാനായില്ല. വര്‍ഷമായി അവര്‍ തേടിക്കൊണ്ടിരിക്കുന്നതും മറ്റൊരു ഫെര്‍ഗൂസനേയാണ്. എറിക് ടെന്‍ ഹാഗിന് ആ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനാകുമോ? അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍.

മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ഇഞ്ചോടിഞ്ച് പോരാടുന്ന പ്രീമിയര്‍ ലീഗിലേക്ക് എല്ലാ യുഗങ്ങള്‍ക്കും അവസാനമുണ്ടെന്ന ഓര്‍മപ്പെടുത്തലുമായാണ് ടെന്‍ ഹാഗ് വന്നത്. പരിശീലകനായി ചുമതലയേറ്റതിന് ശേഷം ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമെത്തിക്കുന്നതായിരുന്നു യുണൈറ്റഡിന്റെ പ്രകടനങ്ങള്‍. പ്രീ-സീസണിലെ ആദ്യ മത്സരത്തില്‍ ലിവര്‍പൂളിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് യുണൈറ്റഡ് തകര്‍ത്തത്. പിന്നീടങ്ങോട്ട് തകര്‍പ്പന്‍ പ്രകടനങ്ങളാണ് ടീം പുറത്തെടുത്തത്.

ട്രാന്‍സ്ഫര്‍ ജാലകത്തില്‍ പ്രമുഖ താരങ്ങളായ പോള്‍ പോഗ്ബ, യുവാന്‍ മാറ്റ, ലിംഗാര്‍ഡ്, എഡ്‌സണ്‍ കവാനി, നെമാന്‍ജെ മാറ്റിക് എന്നിവര്‍ ക്ലബ്ബ് വിട്ടെങ്കിലും സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ എറിക്‌സണേയും ലിസാന്‍ഡ്രോ മാര്‍ട്ടിനസിനേയും ടീമിലെത്തിക്കാനായത് നേട്ടമാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിടണമെന്ന നിലപാടില്‍ ഉറച്ച് നിന്നെങ്കിലും ടീമില്‍ തന്നെ നിലനിര്‍ത്താന്‍ യുണൈറ്റഡിനായി. തന്റെ ഗെയിം പ്ലാനില്‍ റൊണാള്‍ഡോ ഉണ്ടെന്ന് ടെന്‍ ഹാഗ് നേരത്തേ വ്യക്തമാക്കിയിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസ്, ജേഡന്‍ സാഞ്ചോ, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് എന്നിവരും ഫോമിലെത്തിയാല്‍ ടെന്‍ ഹാഗും സംഘവും വിജയകുതിപ്പ് നടത്തുമെന്നുറപ്പാണ്.

ടെന്‍ ഹാഗിന്റെ തന്ത്രങ്ങളിലാണ് ആരാധകരുടെ പ്രതീക്ഷ. ആക്രമിച്ച് കളിക്കുക തന്നെയാണ് ടെന്‍ ഹാഗിന്റെ രീതി. ബോള്‍ നഷ്ടപ്പെടുമ്പോഴൊക്കെ ഹൈ പ്രസ്സിംഗ് ഗെയിമിലേക്ക് തിരിയും. പ്രീ-സീസണില്‍ ഈ തന്ത്രങ്ങള്‍ വിദഗ്ദമായി നടപ്പിലാക്കിയിട്ടുമുണ്ട്. അത് തുടരാനാകുമോയെന്ന് കണ്ടറിയണം. പ്രീ-സീസണില്‍ ഉപയോഗിച്ച 4-2-3-1 ഫോര്‍മേഷന്‍ തന്നെ തുടരാനാണ് സാധ്യത. അല്ലെങ്കില്‍ 4-3-3 ശൈലിയിലേക്ക് മാറും. ബ്രൈട്ടണുമായുളള ആദ്യ ലീഗ് മത്സരത്തില്‍ എങ്ങനെയായിരിക്കും ടീമിനെ സജ്ജമാക്കുകയെന്നറിയാനുളള കാത്തിരിപ്പിലാണ് ആരാധകര്‍.

ഇവര്‍ക്ക് പുറമേ മറ്റേതെങ്കിലും ടീം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുത്തമിടുമോ? ആരൊക്കെ ആദ്യ നാലിലെത്തും?ആരായിരിക്കും ഗോള്‍ഡന്‍ ബൂട്ട് വിന്നര്‍? കാത്തിരിക്കാം.

Content Highlights: Premier League 2022-23 Man City, Liverpool, Chelsea, Spurs, Arsenal and Man United performance

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented