രങ്ങേറ്റക്കാര്‍ തിളങ്ങുന്ന അപൂര്‍വ പ്രതിഭാസത്തിന് സാക്ഷിയാകുകയാണ് അടുത്ത കാലത്തായി ഇന്ത്യന്‍ ക്രിക്കറ്റ്. ഇംഗ്ലണ്ടിനെതിരായ പരമ്പര തന്നെ ഇതിന്റെ നേര്‍സാക്ഷ്യമാണ്. ടെസ്റ്റില്‍ അക്‌സര്‍ പട്ടേലായിരുന്നെങ്കില്‍ ട്വന്റി 20-യില്‍ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവുമായിരുന്നു. ഏകദിനത്തിലേക്ക് വന്നപ്പോഴിതാ പ്രസിദ്ധ് കൃഷ്ണയും ക്രുനാല്‍ പാണ്ഡ്യയുമാണ് അരങ്ങേറ്റത്തില്‍ തിളങ്ങിയത്.  

കഴിഞ്ഞ ദിവസം ക്രുനാല്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ ഒരു ഇന്ത്യന്‍ താരത്തിന്റെ അപൂര്‍വ റെക്കോഡാണ് സ്വന്തം പേരിലാക്കിയത്. നാലു വിക്കറ്റുമായി തിളങ്ങിയ പ്രസിദ്ധ്, അരങ്ങേറ്റ മത്സരത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം എന്ന റെക്കോഡും പോക്കറ്റിലാക്കിയാണ് മടങ്ങിയത്. ഏകദിനത്തില്‍  ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം അരങ്ങേറ്റ മത്സരത്തില്‍ തന്നെ നാല് വിക്കറ്റുകള്‍ വീഴ്ത്തുന്നത്. 

ആദ്യ മൂന്നോവറില്‍ 37 റണ്‍സ് വഴങ്ങിയ പ്രസിദ്ധ് പിന്നീട് അവിശ്വസനീയമായി തിരിച്ചുവന്ന് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക ഘടകമായി. 8.1 ഓവറില്‍ ഒരു മെയ്ഡനടക്കം 54 റണ്‍സ് വഴങ്ങിയാണ് താരം നാല് വിക്കറ്റെടുത്തത്. അതായത് അവസാന അഞ്ചോവറില്‍ പ്രസിദ്ധ് വഴങ്ങിയത് വെറും 17 റണ്‍സ് മാത്രം. വീഴ്ത്തിയതോ നാലുവിക്കറ്റും. അതില്‍ ഒരു മെയ്ഡന്‍ ഓവറും.

Prasidh Krishna India s pace wonder

1996 ഫെബ്രുവരി 19-ന് ബെംഗളൂരുവിലാണ് പ്രസിദ്ധ് കൃഷ്ണയുടെ ജനനം. അച്ഛന്‍ മുരളി കൃഷ്ണ പ്രാദേശിക ക്രിക്കറ്റ് താരമായിരുന്നു. അമ്മയാകട്ടെ മുന്‍ ദേശീയ വോളിബോള്‍ താരവും. 

ചെറുപ്പത്തിലേ ക്രിക്കറ്റിനോട് താത്പര്യമുണ്ടായിരുന്ന വ്യക്തിയൊന്നുമായിരുന്നില്ല പ്രസിദ്ധ്. അമ്മയെ പോലെ വോളിബോളും അത്‌ലറ്റിക്‌സുമായിരുന്നു കുഞ്ഞ് പ്രസിദ്ധിന് പ്രിയം. 

പിന്നീട് 12-ാം വയസില്‍ ബെംഗളൂരുവിലെ ബാസവനഗുഡി ക്രിക്കറ്റ് അക്കാദമിയിലേക്ക് എത്തുന്നതോടെയാണ് താരത്തിന്റെ കരിയര്‍ തെളിയുന്നത്. 

തുടര്‍ന്ന് പത്മനാഭനഗറിലെ കാര്‍മല്‍ സ്‌കൂള്‍ ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ച പ്രസിദ്ധ് അവിടെ മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം പ്രഹ്‌ളാദ്രോ ശ്രീനിവാസ മൂര്‍ത്തിയുടെ കീഴില്‍ തന്റെ ബൗളിങ് കഴിവുകള്‍ മിനുക്കിയെടുക്കാന്‍ ആരംഭിച്ചു. 

2010-ല്‍ തന്നെ കര്‍ണാടക അണ്ടര്‍ 14 ടീമില്‍ പ്രസിദ്ധ് കൃഷ്ണ പേരുറപ്പിച്ചു. കാര്‍മല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്തായിരുന്നു ഇത്. അവിടെ നിന്നും മൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ പ്രസിദ്ധ് കര്‍ണാടക അണ്ടര്‍-19 ടീമിലുമെത്തി. 

Prasidh Krishna India s pace wonder

പിന്നീട് 2015-ല്‍ ബംഗ്ലാദേശ് എ ടീം ഇന്ത്യയില്‍ പര്യടനത്തിന് എത്തുന്നതോടെയാണ് പ്രസിദ്ധ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. അന്ന് രഞ്ജി ട്രോഫി ജേതാക്കളായ കര്‍ണാടകയും ബംഗ്ലാദേശ് എ ടീമും തമ്മില്‍ മത്സരിച്ചിരുന്നു. അന്ന് കര്‍ണാടകയ്ക്കായി കളിച്ച പ്രസിദ്ധ്, തന്റെ ആദ്യ പന്തില്‍ തന്നെ ബംഗ്ലാദേശ് താരം റോണി തലുക്ദറിനെ മടക്കി വരവറിയിച്ചു. പിന്നാലെ അനാമുല്‍ ഹഖ്, സൗമ്യ സര്‍ക്കാര്‍, നാസിര്‍ ഹുസൈന്‍ എന്നിവരും ആദ്യ സ്‌പെല്ലില്‍ തന്നെ പ്രസിദ്ധിനു മുന്നില്‍ വീണു. താരത്തിന്റെ ആദ്യ സ്‌പെല്‍ അവസാനിച്ചപ്പോള്‍ അഞ്ചിന് 41 എന്ന ദയനീയ സ്ഥിതിയിലായിരുന്നു ബംഗ്ലാദേശ് എ ടീം. 

കര്‍ണാടക നാലു വിക്കറ്റിന് ജയിച്ചപ്പോള്‍ അഞ്ചു വിക്കറ്റുമായി പ്രസിദ്ധ് തിളങ്ങി. ആറടി രണ്ടിഞ്ചുകാരന്റെ പേസിനു മുന്നില്‍ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മറുപടിയില്ലായിരുന്നു. 

2016-17 വിജയ് ഹസാരെ ട്രോഫിയിലായിരുന്നു പ്രസിദ്ധ് കൃഷ്ണയുടെ ലിസ്റ്റ് എ അരങ്ങേറ്റം. ആ സീസണില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും 2018-ല്‍ തന്റെ രണ്ടാം വിജയ് ഹസാരെ ട്രോഫി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ രണ്ടാമത്തെ ബൗളറായി പ്രസിദ്ധ് മാറി. ഇന്ത്യ എ ടീമില്‍ രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ പരിശീലിക്കാനും പ്രസിദ്ധിന് സാധിച്ചു. 

ഐ.പി.എല്ലാണ് താരത്തിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളുടെ നെറ്റ് ബൗളറായിരുന്നു തുടക്കത്തില്‍ പ്രസിദ്ധ്. 

2018 ഐ.പി.എല്ലില്‍ യുവതാരം കമലേഷ് നാഗര്‍കോട്ടിക്ക് പരിക്കേറ്റതോടെ കെ.കെ.ആര്‍ പ്രസിദ്ധിനെ ടീമിലെടുക്കുകയായിരുന്നു. പിന്നീട് ശിവം മാവിക്ക് പരിക്കേറ്റതോടെയാണ് പ്രസിദ്ധിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുന്നത്. 2018 മേയ് ആറിന് മുംബൈ ഇന്ത്യന്‍സിനെതിരെയായിരുന്നു താരത്തിന്റെ ഐ.പി.എല്‍ അരങ്ങേറ്റം. ഐ.പി.എല്‍ സീസണില്‍ 150.22 കി.മീ വേഗതയില്‍ പന്തെറിഞ്ഞതോടെ പ്രസിദ്ധ് വീണ്ടും പേരെടുക്കാന്‍ തുടങ്ങി. സീസണില്‍ 14 വിക്കറ്റുകളും സ്വന്തമാക്കി. 

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പോലും വേഗം കൊണ്ട് അദ്ഭുതപ്പെടുത്താനും പ്രസിദ്ധിന് സാധിച്ചിരുന്നു. മുന്‍ ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ബ്രെറ്റ് ലീയുടെ കടുത്ത ആരാധകനായ പ്രസിദ്ധിന് എം.ആര്‍.എഫ് പേസ് ഫൗണ്ടേഷനില്‍ ഗ്ലെന്‍ മഗ്രാത്തിനു കീഴില്‍ പരിശീലിക്കാനും അവസരം ലഭിച്ചു. 

ഇപ്പോഴിതാ ദേശീയ ടീമിനായി കളിച്ച ആദ്യ മത്സരത്തില്‍ തന്നെ റെക്കോഡ് നേട്ടത്തോടെ തിളങ്ങാനും പ്രസിദ്ധിന് സാധിച്ചിരിക്കുന്നു.

Content Highlights: Prasidh Krishna India s pace wonder