Photo: PTI
അഭിനന്ദനങ്ങളുമായെത്തുന്നവരുടെയും അഭിമുഖങ്ങള്‍ക്കെത്തുന്നവരുടെയും തിരക്കുകള്‍ക്കുനടുവിലാണ് പി.ആര്‍. ശ്രീജേഷ്. ഇതിനെല്ലാമിടയില്‍ എത്രയോ തവണ ശ്രീജേഷിന്റെ ചുണ്ടുകള്‍ ആ വെങ്കലമെഡലില്‍ ചുംബിക്കുന്നുണ്ട്. ഒളിമ്പിക് മെഡല്‍ എന്ന ജീവിതത്തിലെ അമൂല്യനേട്ടത്തിന്റെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ നില്‍ക്കുമ്പോഴും ശ്രീജേഷ് പിന്നിട്ട വഴികളിലേക്കുംമുന്നിലുള്ള സാധ്യതകളിലേക്കും ഒരുപോലെ നോക്കുന്നുണ്ട്. കായികകേരളം ശ്രദ്ധിക്കേണ്ടതും തിരുത്തേണ്ടതുമായ ഒട്ടേറെ കാര്യങ്ങളും ശ്രീജേഷിന്റെ വാക്കുകള്‍ അടയാളപ്പെടുത്തുന്നുണ്ട്. ഒളിമ്പിക് മെഡല്‍നേട്ടത്തിന്റെ സന്തോഷത്തില്‍ ഇന്ത്യന്‍ ഹോക്കിതാരം പി.ആര്‍. ശ്രീജേഷ് 'മാതൃഭൂമി' പ്രതിനിധി സിറാജ് കാസിമുമായി സംസാരിക്കുന്നു.
ഒളിമ്പിക് മെഡല്‍ ഏതൊരു കായികതാരത്തിന്റെയും ഏറ്റവും വലിയ സ്വപ്നമാണ്. അതിലേക്ക് ശ്രീജേഷ് എത്തുമ്പോള്‍ എന്തുതോന്നുന്നു?
സ്വപ്നത്തിലേക്കുള്ള മെഡല്‍ദൂരം താണ്ടാന്‍ ഞാന്‍ നടത്തിയ യാത്രകള്‍ ഒരിക്കലും അനായാസമായിരുന്നില്ല. 21 വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെയാണ് സ്വപ്നസമാനമായ ഈ നേട്ടത്തിലെത്തിയത്. നമുക്ക് ആരും ഒന്നും തളികയില്‍വെച്ചു തരികയൊന്നുമില്ല. ഏതൊരു സ്വപ്നത്തിലേക്കുള്ള യാത്രയും പ്രതിസന്ധികളുടെയും കടമ്പകളുടെയുമൊക്കെ മറികടക്കല്‍തന്നെയാണ്. ഒളിമ്പിക് മെഡലില്‍ ചുംബിക്കുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന വികാരങ്ങള്‍ പറഞ്ഞറിയിക്കാനാകില്ല. രാജ്യത്തിനുവേണ്ടി കളിക്കാന്‍ അവസരം കിട്ടുന്നത് വലിയ കാര്യമാണ്. അതിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് ഒളിമ്പിക് മെഡല്‍ നേട്ടം.
ജര്‍മനിക്കെതിരായ വെങ്കലമെഡല്‍ പോരാട്ടത്തില്‍ കളി അവസാനിക്കാന്‍ ആറുസെക്കന്‍ഡ് ബാക്കിനില്‍ക്കേ വഴങ്ങേണ്ടി വന്ന പെനാല്‍ട്ടി കോര്‍ണര്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതിനെ എങ്ങനെ കാണുന്നു?
ഗോളടിക്കുന്നവനാണ് എന്നും ഹീറോ. ജര്‍മനിക്കെതിരേ അവസാനനിമിഷം വഴങ്ങേണ്ടി വന്ന പെനാല്‍ട്ടി കോര്‍ണര്‍ ദൈവംതന്ന നിയോഗമാകാം. അത് രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, എല്ലാ പഴിയുംകേട്ട് ഞാന്‍ ക്രൂശിക്കപ്പെട്ടവനായേക്കാം. ഇനി അവസാന നിമിഷം അങ്ങനെയൊരു പെനാല്‍ട്ടി കോര്‍ണര്‍ വന്നില്ലായിരുന്നെങ്കില്‍ ആ വിജയത്തില്‍ വാഴ്ത്തപ്പെടുന്നത് ഗോളടിച്ചവര്‍തന്നെയാകും. പക്ഷേ, ദൈവം ക്ലൈമാക്‌സില്‍ കരുതിവെച്ചത് എനിക്കുവേണ്ടിയുള്ള നിമിഷങ്ങളായിരുന്നു. ആ പെനാല്‍ട്ടി കോര്‍ണര്‍ രക്ഷപ്പെടുത്തി രാജ്യത്തിന് മെഡല്‍ സമ്മാനിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായിട്ടാണ് കാണുന്നത്.
കേരളത്തിന് 49 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു ഒളിമ്പിക് മെഡല്‍ ജേതാവിനെ സൃഷ്ടിക്കാന്‍ കഴിഞ്ഞത്. ഇത്ര നീണ്ട ഒരു കാത്തിരിപ്പ് വേണ്ടിവന്നത് നമ്മുടെ നാട്ടിലെ കായികമേഖലയുടെ പ്രശ്‌നങ്ങളെയല്ലേ ചൂണ്ടിക്കാട്ടുന്നത്?
ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്നത് ഒന്നാംലോക രാജ്യങ്ങളാണ്. അത്രമേല്‍ ലോകോത്തരമായ മികവും പ്രതിഭയുമുള്ള താരങ്ങളെ സൃഷ്ടിക്കാന്‍ കഴിഞ്ഞാലേ നമ്മുടെ രാജ്യത്തിനും ഒളിമ്പിക് വേദിയില്‍ സാന്നിധ്യമറിയിക്കാനാകൂ. അതിന് അടിസ്ഥാനതലംമുതല്‍ മാറ്റങ്ങളുണ്ടാകണം. നിര്‍ഭാഗ്യവശാല്‍ നമ്മുടെ കായികരംഗത്ത് ഇപ്പോഴുമത് പൂര്‍ണമായിട്ടില്ല. നമ്മുടെ കുട്ടികള്‍ വിജയങ്ങളുടെ വലിയ സ്വപ്നങ്ങള്‍ കാണുന്നവരാകണം. ലോകജേതാക്കളായ താരങ്ങളെയും അവരുടെ നേട്ടങ്ങളെയും നമ്മുടെ കുട്ടികളുടെ മുന്നിലെത്തിച്ച് അവരെ പ്രചോദിപ്പിക്കാന്‍ കഴിയണം. എന്നാലേ നാളെയുടെ ഒളിമ്പ്യന്‍മാരെ നമുക്ക് സൃഷ്ടിക്കാന്‍ കഴിയൂ.
കേരളത്തിനു മാതൃകയാക്കാന്‍ കഴിയുന്നതാണോ ഒഡിഷപോലുള്ള സംസ്ഥാനങ്ങളുടെ കായികസമീപനങ്ങള്‍?
ഹോക്കി ഉള്‍പ്പെടെയുള്ള ഗെയിമുകള്‍ക്ക് ഒഡിഷ സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനവും ആത്മവിശ്വാസവും കേരളം മാതൃകയാക്കണം. ഹോക്കിയില്‍ ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകള്‍ ഒഡിഷയില്‍ നടത്താനായത് സര്‍ക്കാരിന്റെ പിന്തുണ ഒന്നുകൊണ്ടുമാത്രമാണ്. ഈ മത്സരങ്ങളൊക്കെ കാണാന്‍ സ്റ്റേഡിയത്തിലേക്ക് സര്‍ക്കാര്‍ കൂട്ടിക്കൊണ്ടുവന്നത് സ്‌കൂള്‍ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയുമാണ്. ഒരു ഗെയിമിന്റെ വളര്‍ച്ചയ്ക്കുള്ള ശാസ്ത്രീയാടിത്തറയായിട്ടാണ് ഞാനിതിനെ കാണുന്നത്.
കുട്ടികളുടെ കണ്‍മുന്നില്‍ ലോകനിലവാരമുള്ള കളികളും കളിക്കാരും വരുമ്പോള്‍ അവര്‍ ആ ഗെയിമിലേക്ക് തീര്‍ച്ചയായും ആകര്‍ഷിക്കപ്പെടും.
ഹോക്കിയില്‍ കേരളത്തിന് വലിയ സാധ്യതകളില്ലെന്നാണോ ഇതില്‍നിന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത്?
ഹോക്കിയില്‍ കേരളത്തിന് സാധ്യതകളുണ്ടെന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒളിമ്പിക്‌സില്‍ ഞാന്‍ നേടിയ വെങ്കലമെഡല്‍ നാളെയുടെ താരങ്ങളായ കുറെ കുട്ടികള്‍ക്ക് പ്രചോദനമായാല്‍ അതിനെക്കാള്‍ വലിയൊരു സന്തോഷമില്ല. ദിനേഷ് നായിക്കിനെയും സാബു വര്‍ക്കിയെയുംപോലെയുള്ള ഹോക്കിതാരങ്ങളെ സൃഷ്ടിക്കാന്‍ കേരളത്തിനുകഴിഞ്ഞിട്ടുണ്ട്. പക്ഷേ, അതിനൊക്കെ അപ്പുറത്തേക്കുപോകാന്‍ ശ്രമിക്കുമ്പോഴാണ് ഒഡിഷപോലുള്ള സര്‍ക്കാരുകളുടെ സമീപനം പ്രസക്തമാകുന്നത്. ഞാന്‍ കേരളാടീമിന്റെ ഗോളിയാകുമ്പോള്‍ പത്തും പതിനഞ്ചും ഗോളൊക്കെ വഴങ്ങുന്ന നിലവാരത്തിലായിരുന്നു നമ്മുടെ ടീം. അവിടെനിന്നാണ് ഞാന്‍ ഇന്ത്യയുടെ ഗോളിയായി ഉയര്‍ന്നുവന്നത്. കേരളത്തില്‍നിന്ന് ഇനിയും ഒരുപാടുപേര്‍ക്ക് അത് സാധിക്കുമെന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനുപക്ഷേ, നമ്മള്‍ ശാസ്ത്രീയാടിത്തറ ഇട്ടുകൊടുക്കേണ്ടിയിരിക്കുന്നു.
നമ്മള്‍ ഒന്നില്‍നിന്ന് തുടങ്ങണം
ഹോക്കിയിലെന്നല്ല, എല്ലാ കളികളിലും നമുക്ക് സാധ്യതകളുണ്ട്. പക്ഷേ, അത് പ്രാവര്‍ത്തികമാകണമെങ്കില്‍ അതിനുപിന്നില്‍ വലിയ ആസൂത്രണവും കഠിനാധ്വാനവും ആത്മസമര്‍പ്പണവുമൊക്കെ വേണം. ഹോക്കിയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ വളരാന്‍ ആദ്യം വേണ്ടത് ആസ്ട്രോ ടര്‍ഫിലെ പരിശീലനമാണ്. 18 കോടിയിലേറെ രൂപ ചെലവഴിച്ച് കൊല്ലത്ത് നിര്‍മിച്ച ആസ്ട്രോ ടര്‍ഫുള്ള സ്റ്റേഡിയം ഇന്ന് കോവിഡ് സെന്ററായി മാറിയിരിക്കുന്നു. പുല്ലുമൂടി വെള്ളക്കെട്ടായി മാറിയ എറണാകുളത്തെ ഹോക്കി സ്റ്റേഡിയത്തിന്റെ ദയനീയാവസ്ഥ നമ്മളെല്ലാം കണ്ടതാണ്. ഇതൊക്കെ കണ്‍മുന്നിലെ സത്യങ്ങളാകുമ്പോള്‍ നമ്മുടെ ഹോക്കിയുടെ വളര്‍ച്ച അത്ര എളുപ്പമുള്ള ഒന്നാകില്ല . എന്നോടൊപ്പം കളിക്കുന്ന താരങ്ങള്‍ പലരും ഹോക്കി പാരമ്പര്യമുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. അപ്പൂപ്പനാണ് സ്വാധീനിച്ചത്, അമ്മാവനാണ് ഹോക്കിയിലേക്ക് കൊണ്ടുവന്നത് എന്നൊക്കെയാണ് അവര്‍ പറയാറുള്ളത്. മികച്ച താരങ്ങളുടെ പിന്‍മുറക്കാരാണ് അവരെല്ലാം. നമുക്ക് അത്തരമൊരു പാരമ്പര്യം അവകാശപ്പെടാനില്ലാത്തതിനാല്‍ നമ്മള്‍ ഒന്നില്‍നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു.
പോസ്റ്റിനുതാഴെ കാവല്‍ക്കാരനായ ഒരു ഗോളിയുടെ മാനസികാവസ്ഥ എങ്ങനെയായിരിക്കും. ഓരോ മത്സരത്തിനും എങ്ങനെയാണ് സ്വയം ഒരുക്കുന്നത്?
താറാവിന്റെ പുറത്തുവീണ വെള്ളംപോലെയാകണം ഒരു ഗോളിയുടെ മനസ്സെന്നാണ് ഡച്ചുകാരനായ കോച്ച് മാര്‍ടെയ്ന്‍ ഒരിക്കല്‍ എന്നോടു പറഞ്ഞത്. താറാവിന്റെ പുറത്ത് ഒരിക്കലും വെള്ളം തങ്ങിനില്‍ക്കില്ല. അത് കുടഞ്ഞെറിഞ്ഞ് താറാവ് അടുത്ത സ്ഥലത്തേക്കുനീങ്ങും. ഗോള്‍ വഴങ്ങിയാലും രക്ഷപ്പെടുത്തിയാലും ഗോളിയുടെ മനസ്സും അങ്ങനെയാകണം. സംഭവിച്ചത് കുടഞ്ഞെറിഞ്ഞ് അടുത്ത ആക്രമണത്തെ നേരിടാന്‍ അവന്‍ തയ്യാറാകണം. ഓരോ രക്ഷപ്പെടുത്തലും ഗോള്‍ വഴങ്ങലും കഴിഞ്ഞാല്‍ ഞാന്‍ അതില്‍നിന്ന് തൊട്ടടുത്ത നിമിഷം പുറത്തുവരും. പോസ്റ്റിനുപിന്നിലെ കുപ്പിയില്‍നിന്ന് കുറച്ചുവെള്ളം കുടിച്ചശേഷം ചിലപ്പോള്‍ ഒരു പാട്ടിന്റെ വരികള്‍ മൂളും. അല്ലെങ്കില്‍ ഗാലറിയെ അല്‍പ്പനേരം നോക്കും. അതുമല്ലെങ്കില്‍ അടുത്തുള്ള ഫോട്ടോഗ്രാഫറെയോ വീഡിയോഗ്രാഫറെയെ നോക്കി ചിരിക്കും. അങ്ങനെയാകും ഞാന്‍ എന്റെ മനസ്സില്‍ വീണ വെള്ളത്തുള്ളികള്‍ കുടഞ്ഞെറിയുന്നത്.
നാളെയുടെ ഹോക്കിക്കുവേണ്ടി ശ്രീജേഷില്‍നിന്ന് എന്താണ് നമ്മള്‍ പ്രതീക്ഷിക്കേണ്ടത്?
നമ്മുടെ നാടിന്റെ കായികവളര്‍ച്ചയ്ക്ക് എന്നാല്‍ കഴിയുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. ഒരു ഹോക്കി അക്കാദമിയും ഹോക്കി കോച്ചിങ്ങുമൊക്കെ മനസ്സിലുള്ള പദ്ധതികളാണ്. രാജ്യത്തിനുവേണ്ടി കളിക്കാന്‍ കഴിയുന്നിടത്തോളം അതുതന്നെയാണ് ആദ്യത്തെ ലക്ഷ്യം. അതുകഴിഞ്ഞാല്‍ മറ്റുരംഗങ്ങളിലേക്ക് കടന്നുവരണമെന്നു കരുതുന്നു. പ്രോഗ്രസ് കാര്‍ഡിലെ മാര്‍ക്കുമാത്രമല്ല ഒരു കുട്ടിയുടെ മികവിന്റെ അടിസ്ഥാനം. കായികമായി വളരാനുള്ള സാഹചര്യം എത്ര കുട്ടികള്‍ക്ക് ഒരുക്കാമോ അത്രയും ചെയ്തുകൊടുക്കണമെന്നാണ് വിചാരിക്കുന്നത്.
ടോക്യോ ഒളിമ്പിക്‌സില്‍ ശ്രീജേഷിന്റെ നേട്ടം മാറ്റിനിര്‍ത്തിയാല്‍ ഏറ്റവും സന്തോഷവും ഏറ്റവും സങ്കടവും നല്‍കിയ രണ്ടുകാര്യങ്ങള്‍ ഏതൊക്കെയായിരുന്നു?
അത്ലറ്റിക്‌സില്‍ ചരിത്രംതിരുത്തിയ നീരജ് ചോപ്രയുടെ സ്വര്‍ണമെഡല്‍ നേട്ടമാണ് ഏറ്റവും സന്തോഷകരമായ നിമിഷമായത്. ഒളിമ്പിക് വേദിയില്‍ രാജ്യത്തിന്റെ ദേശീയഗാനം മുഴങ്ങുന്നത് അങ്ങേയറ്റം അഭിമാനവും രോമാഞ്ചവുമുണ്ടാക്കുന്ന കാര്യമാണ്. ഞങ്ങളുടെ വനിതാടീമിന്റെ വെങ്കലമെഡല്‍ പോരാട്ടത്തിലെ തോല്‍വിയാണ് വലിയ സങ്കടമായത്. ഓസ്ട്രേലിയയെ തോല്‍പ്പിച്ച നമ്മുടെ പെണ്‍പട ഒരു മെഡലിന് അര്‍ഹരായിരുന്നു. കപ്പിനും ചുണ്ടിനുമിടയില്‍ അതുനഷ്ടമായത് ജീവിതത്തിലെത്തന്നെ ഏറ്റവും വലിയ സങ്കടങ്ങളിലൊന്നാണ്.
Content Highlights: PR Sreejesh mathrubhumi interview
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..