Image Courtesy: Twitter
ഇന്ത്യന്‍ ഫുട്ബോളില്‍ കളിക്കാരനായും പരിശീലകനായും പി.കെ. ബാനര്‍ജി ഒരുപോലെ തിളങ്ങി. വിജയമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. ഇന്ത്യന്‍ ഫുട്ബോളിലെ രണ്ടു ചരിത്രസംഭവങ്ങളില്‍ കളിക്കാരനായും പരിശീലകനായുമുണ്ടായിരുന്നു. 1962-ലെ ഏഷ്യന്‍ ഗെയിംസ് ഫൈനലും 1997 ഫെഡറേഷന്‍ കപ്പ് സെമിഫൈനലും...
''അവസാനമായി നിങ്ങളില്‍നിന്നെനിക്കൊരു സമ്മാനം വേണം, നാളെ ജയിച്ച് സ്വര്‍ണം നേടണം''. 1962 ഏഷ്യന്‍ ഗെയിംസ് ഫുട്ബോള്‍ ഫൈനലിന്റെ തലേന്ന് രാത്രി ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസ പരിശീലകന്‍ സയ്യിദ് അബ്ദുള്‍ റഹീം വികാരഭരിതമായി പറയുമ്പോള്‍ കേട്ടുനില്‍ക്കുന്നവരില്‍ പി.കെ. ബാനര്‍ജിയുമുണ്ട്.
സമ്മര്‍ദത്തിനടിമപ്പെട്ട് രാത്രി ഹോട്ടലിന് പുറത്തേക്ക് നടക്കാനിറങ്ങിയതായിരുന്നു ബാനര്‍ജി, ടീം നായകന്‍ ചുനി ഗോസാമി, തുള്‍സിദാസ് ബലറാം, ജെര്‍ണയ്ല്‍ സിങ്, ത്രിലോക് സിങ്, എഫ്.എ. ഫ്രാങ്കോ എന്നിവരടങ്ങുന്ന സംഘം. ഹോട്ടല്‍ മുറിക്ക് പുറത്ത് സിഗരറ്റ് പുകച്ചിരുന്ന റഹീം അടുത്തേക്ക് പതിയെ നടന്നുവന്നശേഷം വികാരഭരിതമായിട്ടാണ് ഇക്കാര്യം പറഞ്ഞത്. ദക്ഷിണകൊറിയയ്‌ക്കെതിരേ അവരുടെ നാട്ടിലാണ് ഫൈനല്‍. ഒരു ലക്ഷത്തോളം കാണികള്‍. അര്‍ബുദവുമായി പോരാടുന്ന റഹീമിന്റെ വാക്കുകള്‍പതിഞ്ഞ ഹൃദയവുമായി കളിച്ച പി.കെ. ബാനര്‍ജി 17-ാം മിനിറ്റില്‍ സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കി ആദ്യഗോള്‍ നേടി. പിന്നാലെ 20-ാം മിനിറ്റില്‍ ജെര്‍ണെയ്ല്‍ സിങ്ങും ലക്ഷ്യംകണ്ടു. ഇന്ത്യക്ക് ചരിത്രത്തിലെ രണ്ടാം സുവര്‍ണനേട്ടം. ഇന്ത്യന്‍ ഫുട്ബോളിലെ സമാനതകളില്ലാത്ത കളിയായി ആ ഫൈനലും നായകനായി പി.കെ. ബാനര്‍ജിയും മാറി.
1950-കളുടെ തുടക്കത്തില്‍ പിതാവിനെ നഷ്ടപ്പെട്ട ബാനര്‍ജിക്ക് റഹീം പിതാവിനെപ്പോലെയായിരുന്നു. അന്നത്തെ രാത്രിയില്‍ റഹീം പറഞ്ഞ വാക്കുകള്‍ ഏറ്റവും സ്വാധീനിച്ചതും ബാനര്‍ജിയെ തന്നെ. ഡ്രസ്സിങ് റൂമിലെ വാഷ്ബേസില്‍ റഹീം ചോര ഛര്‍ദിക്കുന്നതുകണ്ടാണ് ബാനര്‍ജി കളിച്ചത്. ജയത്തിന് ഒമ്പത് മാസത്തിനുശേഷം റഹീം മരണത്തിന് കീഴടങ്ങി. കളിക്കളത്തില്‍ പ്രായോഗികതയുടെ വക്താവായിരുന്ന ബാനര്‍ജി വികാരമാവേശിച്ച കാലുകളുമായി കളിച്ച ഏകമത്സരവുമാകുമത്. ബാനര്‍ജി വിടവാങ്ങുമ്പോള്‍ ഇന്ത്യന്‍ ഫുട്ബോളിലെ വികാരഭരിതമായ രംഗത്തിലെ ഒരാള്‍കൂടിയാണില്ലാതായത്.
ഡയമണ്ട് സിസ്റ്റം തകര്‍ത്ത തന്ത്രശാലി
പരിശീലകനായി ഒട്ടേറെ നേട്ടങ്ങളുണ്ട് പി.കെ. ബാനര്‍ജിക്ക്. ദേശീയ ടീമിന്റെയും മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ ടീമുകളുടെയും പരിശീലകനായി തലയെടുപ്പോടെ നിന്നിട്ടുമുണ്ട്. എന്നാല്‍, 1997 ഫെഡറേഷന്‍ കപ്പിലെ കൊല്‍ക്കത്ത നാട്ടങ്കത്തിന്റെ പേരിലാകും കൂടുതല്‍ ഓര്‍മിക്കപ്പെടുന്നത്. അന്ന് ബാനര്‍ജി ഈസ്റ്റ് ബംഗാള്‍ പരിശീലകന്‍, ബഗാനെ പരിശീലിപ്പിക്കുന്നത് അമല്‍ ദത്ത. ഡയമണ്ട് ഫോര്‍മേഷനുമായി ഇന്ത്യന്‍ ഫുട്ബോളില്‍ വിപ്ലവമുണ്ടാക്കുകയാണ് ദത്ത. ക്വാര്‍ട്ടറില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെ 6-0ത്തിന് ബഗാന്‍ മുക്കിയതോടെ ദത്തയും ഡയമണ്ട് സിസ്റ്റവും നിറഞ്ഞുനില്‍ക്കുന്നു. 3-2-3-2 ഫോര്‍മേഷനില്‍ ദത്ത ബഗാനെ ഇറക്കി.
കളിക്കളത്തില്‍ ആക്രമണകാരിയായ മുന്നേറ്റനിരക്കാരനായിരുന്നെങ്കിലും ഡിഫന്‍സീവ് തന്ത്രങ്ങളില്‍ വിശ്വസിച്ച പരിശീലകനായിരുന്നു ബാനര്‍ജി. ഈസ്റ്റ് ബംഗാളിനെ 4-4-2 ശൈലിയിലാണ് ഇറക്കിയത്. സ്ഥിരം ഫുള്‍ബാക്കുകളായ ഇല്യാസ് പാഷ, ഫാല്‍ഗുനി ദത്ത എന്നിവരെ പുറത്തിരുത്തി പകരം ദുലാല്‍ ബിശ്വാസിനെയും അമിതാഭ് ചന്ദയെയും ഇറക്കി. ബഗാന്‍ നിരയിലെ അപകടകാരിയായ ചീമ ഒക്കേരിയെ വിടാതെ പിടികൂടാന്‍ സാമുവല്‍ ഒമോലയെ ഏല്‍പ്പിച്ചു.
ബൈചുങ് ബൂട്ടിയയെ മുന്നില്‍ കളിപ്പിച്ചശേഷം നസീമുള്‍ ഹഖിനെ തൊട്ടുപിന്നില്‍ ഇറക്കി കളിപ്പിച്ചു. തുടക്കത്തില്‍ ബഗാന്റെ കനത്ത സമ്മര്‍ദത്തെ അതിജീവിച്ച ബംഗാള്‍ നസീമുള്ളയിലൂടെ ലീഡുനേടി. തുടര്‍ന്ന് ബൂട്ടിയയുടെ ഹാട്രിക് കൂടിയായപ്പോള്‍ 4-1ന്റെ വിജയം. ബൂട്ടിയയുടെ ഏക സ്ട്രൈക്കര്‍ റോള്‍ മൂന്നംഗ ബഗാന്‍ പ്രതിരോധത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇതുവഴി നസീമുള്ളിന് സ്വതന്ത്രമായി കളിക്കാനായി. ഈ നീക്കമാണ് ഈസ്റ്റ് ബംഗാളിന് വിജയമൊരുക്കിയത്. 1.31 ലക്ഷം പേരാണ് അന്ന് സാള്‍ട്ട്ലേക്കില്‍ കളികാണാന്‍ എത്തിയിരുന്നത്. ഇന്ത്യന്‍ ഫുട്ബോളിലെ ടെക്നിക്കല്‍ വിപ്ലവമെന്നറിപ്പെടുന്ന മത്സരംകൂടിയായി ഇത്.
Content Highlights: pk banerjee who strode the map of Indian football like a colossus
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..