Image Courtesy: Twitter
ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണകാലമായ 1950-കളിലും 60-കളുടെ തുടക്കത്തിലും ഇന്ത്യന്‍ മുന്നേറ്റനിര എങ്ങനെയായിരുന്നു എന്ന് ഇന്ന് സങ്കല്‍പ്പിക്കാന്‍ വിഷമമാണ്. ജര്‍നെയ്ല്‍ സിങ്, പി.കെ.ബാനര്‍ജി, ചുനി ഗോസ്വാമി, തുളസീദാസ് ബല്‍റാം. ഓരോരുത്തരും ഒന്നിനൊന്നു മെച്ചം. പക്ഷേ, കൊല്‍ക്കത്തയിലെയോ ഹൈദരാബാദിലെയോ ഗ്ലാമര്‍ ടീമുകളുടെ ലേബല്‍ ഇല്ലാതെ വളര്‍ന്നു വലുതായ താരമാണ് പി.കെ.ബാനര്‍ജി.
ഇന്ത്യന്‍ റെയില്‍വേ താരമായി തിളങ്ങി ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ നായകന്‍ വരെയായ പി.കെ എണ്‍പത്തിമൂന്നാം വയസില്‍ വിടവാങ്ങി. പി.കെ. ബാനര്‍ജിയുടെ ഫുട്‌ബോള്‍ കളി കണ്ടിട്ടില്ല. പക്ഷേ, ബംഗാളിന്റെയും ഇന്ത്യയുടെയും പരിശീലകനായിരുന്ന പി.കെ.ബാനര്‍ജിയെ മൂന്നു തവണയെങ്കിലും കണ്ടിട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ മാനേജ്‌മെന്റിന്റെ അമെച്വറിസത്തെയും പ്രഫഷണലായി ചിന്തിക്കാത്ത ഇന്ത്യന്‍ താരങ്ങളെയും വിമര്‍ശിച്ച സംസാരങ്ങള്‍ ഓര്‍മയില്‍ നിന്നു മാഞ്ഞിട്ടില്ല.
'എതിരാളികളില്‍ നിന്ന് അപ്രതീക്ഷിതമായി എന്തൊക്കെ നീക്കങ്ങള്‍ ഉണ്ടാകാമെന്ന് കോച്ചും കളിക്കാരനും മനസ്സിലാക്കണം. തീര്‍ത്തും അസാധ്യമായ സാഹചര്യങ്ങളില്‍ ഗോള്‍ നേടണം', വില്‍സ് ബുക്ക് ഓഫ് എക്‌സലന്‍സ് പരമ്പരയിലെ 'ഫുട്‌ബോള്‍ ' എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ പി.കെ.ബാനര്‍ജി എഴുതി.
1960-ല്‍ റോം ഒളിമ്പിക്‌സില്‍ കരുത്തരായ ഫ്രാന്‍സിനെതിരെ നേടിയ സമനില ഗോളും 1962-ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ വിജയിച്ച ഫൈനലില്‍ ദക്ഷിണ കൊറിയയ്‌ക്കെതിരെ നേടിയ ഗോളും പ്രദീപ് കുമാര്‍ ബാനര്‍ജിയെന്ന റൈറ്റ് വിങ്ങറുടെ പ്രതിഭയുടെ അടയാളപ്പെടുത്തലുകളായി. രണ്ടും അസാധ്യമായ സാഹചര്യങ്ങളില്‍ സാധ്യമാക്കിയ ഗോളുകള്‍.
ജംഷേധ്പുരില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്ന കുടുംബത്തെ കരകയറ്റാന്‍ ടാറ്റാസില്‍ താല്‍ക്കാലിക ജീവനക്കാരനായ ബാനര്‍ജിയുടെ ജീവിതം മാറ്റിമറിച്ചത് 1953-ലെ സന്തോഷ് ട്രോഫിയാണ്. ഒരു ബിഹാര്‍ താരം പരുക്കേറ്റു മടങ്ങിയപ്പോള്‍ അടിയന്തരമായി എത്താന്‍ ആവശ്യപ്പെട്ട് ബിഹാര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ടെലഗ്രാം അയച്ചു.
ടെലഗ്രാം കണ്ട മേലുദ്യോഗസ്ഥന്‍ അവധി നിഷേധിച്ചു. വിവരമറിഞ്ഞ് പി.കെയുടെ അച്ഛന്‍ രാജിക്കത്ത് എഴുതി മകന്റെ ഒപ്പുവാങ്ങി. പിന്നെ മകനെ കൊല്‍ക്കത്തയ്ക്കു ട്രെയിന്‍ കയറ്റി വിട്ടു. ജോലി പോയതിലെ നിരാശയോടെ കൊല്‍ക്കത്തയില്‍ എത്തിയ പി.കെ ബാനര്‍ജി കളത്തിലിറങ്ങിയതോടെ മറ്റെല്ലാം മറന്നു. ആ മികവ് കണ്ട ആര്യന്‍സ് അദ്ദേഹത്തെ ടീമിലെടുത്തു. പിന്നെ, റയില്‍വേസില്‍.
1955-ല്‍ ധാക്കാ ക്വാഡ്രാങ്കുലറിലൂടെ ഇന്ത്യന്‍ ടീമിലെത്തിയ പി.കെ.ബാനര്‍ജി ഒരു വ്യാഴവട്ടം ഇന്ത്യയുടെ മുന്നേറ്റനിരയിലെ കരുത്തനായിരുന്നു. 84 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 65 ഗോള്‍ നേടിയ പി.കെയെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച റൈറ്റ് വിങ്ങര്‍ എന്നു തന്നെ വിശേഷിപ്പിക്കട്ടെ. ബംഗാളിലെ ജല്‍പഗുരിക്കടുത്ത് മൊയ്‌നാ ഗുരിയില്‍ 1936-ല്‍ ജനിച്ച പി.കെ.ബാനര്‍ജിയുടെ കുടുംബം പിന്നീട് വിഭജനത്തെത്തുടര്‍ന്ന് ജംഷേധ്പുരിലേക്ക് കുടിയേറിയതായിരുന്നു.
മൂന്ന് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തെങ്കിലും ഒരിക്കലും ടീമിന്റെ നായകനാകാന്‍ കഴിഞ്ഞില്ല. പക്ഷേ, മൂന്നിലും അദ്ദേഹം ഗോള്‍ നേടി. പാര്‍ക്കിന്‍സണ്‍സ്, ഡിമന്‍ഷ്യ രോഗങ്ങള്‍ ഏറെക്കാലമായി അദ്ദേഹത്തെ അലട്ടിയിരുന്നെങ്കിലും ആ സാന്നിധ്യം ഇന്ത്യന്‍ ഫുട്‌ബോളിനു പ്രചോദനമായിരുന്നു. ഇനി ആ ഓര്‍മകള്‍ ബാക്കി.
Content Highlights: pk banerjee one of the greatest footballers played for India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..