Image Courtesy: Twitter
മോഹന്‍ ബഗാന്‍ ഹോംഗ്രൗണ്ടില്‍ നിറഞ്ഞുകവിഞ്ഞ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി, കൊല്‍ക്കത്തയുടെ അഭിമാനഭാജനമായ സാക്ഷാല്‍ പ്രദീപ് കുമാര്‍ ബാനര്‍ജിയെ കഴുത്തിനുപിടിച്ചു തള്ളാന്‍ ചങ്കൂറ്റമുണ്ടായ ഒരേയൊരാളേ ഉണ്ടാവൂ ചരിത്രത്തില്‍, താഴത്തേരി അബ്ദുറഹ്മാന്‍. കോഴിക്കോട്ടുകാരുടെ സ്വന്തം ഒളിമ്പ്യന്‍ റഹ്മാന്‍.
വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍, ചിരിയും കളിയും തമാശകളുമായി ഇരുവരെയും ഒരുമിച്ചുകണ്ടപ്പോള്‍ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല: ''അപ്പോള്‍, ശത്രുതയൊക്കെ കെട്ടുകഥയായിരുന്നോ?'' പി.കെ.യും റഹ്മാനിക്കയും തലയറഞ്ഞു ചിരിച്ചു. ''അതൊക്കെ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗം.'' - പി.കെ. പറഞ്ഞു. ''ഏതാണ്ട് ഒരേ കാലത്ത് കളി തുടങ്ങിയവരാണ് ഞങ്ങള്‍. അന്നേയുണ്ട് കലഹം. ചിലപ്പോള്‍ കളിക്കളത്തില്‍, അല്ലെങ്കില്‍ പുറത്ത്. പക്ഷേ, ഇന്ത്യയ്ക്ക് കളിക്കുമ്പോള്‍ ഞങ്ങള്‍ ഒറ്റക്കെട്ടായിരുന്നു. രണ്ടുപേരുടെയും ഞരമ്പുകളില്‍ ഓടുന്നത് ഒരേ ചോരയാണല്ലോ; ഫുട്ബാളിന്റെ ചോര''. പിന്നാലെ, ഒരു കാര്യം കൂട്ടിച്ചേര്‍ത്തു റഹ്മാന്‍. ''ഞാന്‍ ധിക്കാരിയാണ്. ഇവന്‍ മാന്യനും. അതുകൊണ്ട് ഞങ്ങളുടെ വാക്കേറ്റം ഇതുവരെ അടിയിലെത്തിയിട്ടില്ല. ഭാഗ്യം...'' അന്താരാഷ്ട ഒളിമ്പിക് കമ്മിറ്റിയുടെ ഫെയര്‍പ്ലേ അവാര്‍ഡ് നേടിയ ആദ്യ ഏഷ്യന്‍ താരമായിരുന്നു പി.കെ. ബാനര്‍ജി എന്നോര്‍ക്കുക.
1970-കളുടെ മധ്യത്തില്‍ ഈസ്റ്റ് ബംഗാളും മുഹമ്മദന്‍സും തമ്മിലുള്ള ഐ.എഫ്.എ. ഷീല്‍ഡ് മത്സരത്തിന്റെ ഇടവേളയിലായിരുന്നു പി.കെ. ബാനര്‍ജിക്കെതിരേ റഹ്മാന്റെ കുപ്രസിദ്ധമായ ആ 'ഫൗള്‍'. കാരണം ലളിതം. തൊട്ടു തലേവര്‍ഷത്തെ (1974) മെര്‍ദേക്ക ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന് ഉത്തരവാദി ഗോള്‍ കീപ്പര്‍ സേതുമാധവന്‍ ആണെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പി.കെ. എഴുതി. സത്യം മറിച്ചായിരുന്നു. റഹ്മാന്റെ വത്സലശിഷ്യന്‍കൂടിയായ സേതുവിന്റെ മിന്നുന്ന പ്രകടനം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ തകര്‍ച്ച കൂടുതല്‍ ദയനീയമായേനെ. ശിഷ്യനെ ബലിയാടാക്കിയ പി.കെ. ബാനര്‍ജിയെ റഹ്മാന്‍ എങ്ങനെ വെറുതെവിടാന്‍? അവസരം ഒത്തുവന്നത് ഐ.എഫ്.എ. ഷീല്‍ഡ് മത്സരത്തിനിടയ്ക്കാണ്. പി.കെ. ഈസ്റ്റ് ബംഗാളിന്റെ കോച്ചായിരുന്നു അന്ന്. റഹ്മാനാകട്ടെ പ്രീമിയര്‍ ടയേഴ്സിന്റെയും. മത്സരം കണ്ടിരിക്കെ ഗാലറിയില്‍നിന്ന് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിച്ചെന്ന് റഹ്മാന്‍ പഴയ കളിക്കൂട്ടുകാരന്റെ കഴുത്തിന് പിടിക്കുന്നതുകണ്ട് സ്റ്റേഡിയം ഞെട്ടിത്തരിച്ചു. സ്വന്തം ചോരയ്ക്കുവേണ്ടി ആര്‍ത്തുവിളിച്ച രോഷാകുലരായ ജനക്കൂട്ടത്തിന് മുന്നിലൂടെ കുതിരപ്പോലീസിന്റെ അകമ്പടിയോടെ റഹ്മാന് മൈതാനം വിടേണ്ടിവന്നു എന്നതാണ് ക്ലൈമാക്‌സ്.
ധാക്ക ക്വാഡ്രംഗുലര്‍ (ഝൗമറമിഴൗഹമൃ) ടൂര്‍ണമെന്റിലായിരുന്നു ദേശീയ ടീമിനുവേണ്ടി പി.കെ. ബാനര്‍ജിയുടെ അരങ്ങേറ്റം, 1955-ല്‍. റഹ്മാന്റെ ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റും അതുതന്നെ. 1956-ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ ചരിത്രത്തിലാദ്യമായി സെമിഫൈനല്‍കണ്ട ഇന്ത്യന്‍ ടീമിന്റെ മുന്നേറ്റനിരയില്‍ പി.കെ.യും പ്രതിരോധത്തില്‍ റഹ്മാനുമുണ്ടായിരുന്നു. നിര്‍ണായക ലീഗ് മത്സരത്തില്‍ നെവില്‍ ഡിസൂസയുടെ ഹാട്രിക്കോടെ ഓസ്ട്രേലിയയ്‌ക്കെതിരേ ഇന്ത്യ നേടിയ 4-2 വിജയത്തില്‍ പി.കെ.യുടെ പങ്ക് ചെറുതല്ല. നെവില്‍ ഡിസൂസ നേടിയ മൂന്നു ഗോളില്‍ രണ്ടും പിറന്നത് പി.കെ.യുടെ കൃത്യതയാര്‍ന്ന പാസുകളില്‍നിന്നാണ്. ''ആദ്യമായി ഒരുമിച്ചു കളിക്കുന്നവരായിരുന്നു ഞങ്ങളില്‍ പലരും. അഭിപ്രായഭിന്നതകളും തര്‍ക്കങ്ങളും ധാരാളം. പക്ഷേ, റഹിം സാഹിബ് എന്ന കോച്ച് ഒരു മജീഷ്യനെപ്പോലെ ഞങ്ങളെ ഹൃദയംകൊണ്ടും ശരീരംകൊണ്ടും ഒന്നിച്ചുനിര്‍ത്തി; ഒരേ ചങ്ങലയിലെ കണ്ണികള്‍പോലെ''. മെല്‍ബണിലെ മിന്നുന്ന പ്രകടനത്തെക്കുറിച്ച് പി.കെ. പറഞ്ഞ വാക്കുകള്‍ ഇന്നുമുണ്ട് ഓര്‍മയില്‍. നിര്‍ഭാഗ്യവശാല്‍ റോമില്‍നടന്ന അടുത്ത ഒളിമ്പിക്‌സില്‍ ആ മികവ് ആവര്‍ത്തിക്കാന്‍ പി.കെ. നയിച്ച ഇന്ത്യന്‍ ടീമിനായില്ല. എങ്കിലും ലീഗ് റൗണ്ടില്‍ ഫ്രാന്‍സിനെതിരേ ഇന്ത്യയ്ക്ക് സമനില സമ്മാനിച്ച ഗോള്‍, തന്റെ ഏറ്റവും മികച്ച അന്താരാഷ്ട്ര ഗോളായി കണ്ടു അദ്ദേഹം. ''ഇന്ത്യകണ്ട ഏറ്റവും മികച്ച റൈറ്റ് വിങ്ങര്‍ ആയിരുന്നു പി.കെ.'' - നിരവധി ടൂര്‍ണമെന്റുകളില്‍ ഒപ്പം കളിച്ച തുളസീദാസ് ബലറാമിന്റെ സാക്ഷ്യം. ''പല സ്ട്രൈക്കര്‍മാരെയുംപോലെ സ്വാര്‍ഥത തൊട്ടുതീണ്ടിയിരുന്നില്ല അദ്ദേഹത്തെ. എന്റെ മികച്ച ഗോളുകള്‍ പലതും വന്നത് പി.കെ.യുടെ പാസില്‍നിന്നാണ്''
1962-ലെ ജക്കാര്‍ത്ത ഏഷ്യാഡിലായിരുന്നു പി.കെ.യുടെ ക്ലാസിക് പ്രകടനം. ദക്ഷിണകൊറിയയോട് രണ്ടുഗോളിന് കീഴടങ്ങി ദയനീയമായി തുടങ്ങിയ ഇന്ത്യയെ ഒടുവില്‍ സ്വര്‍ണവിജയത്തിലേക്ക് നയിച്ചത് പി.കെ.യുടെ കിടിലന്‍ പ്രകടനമാണ്. പ്രാഥമിക റൗണ്ടില്‍ തായ്ലാന്‍ഡിനെതിരേ ഇരുവട്ടവും ജപ്പാനെതിരേ ഒരിക്കലും ലക്ഷ്യംകണ്ട പി.കെ. തന്നെയാണ് ഫൈനലില്‍ ദക്ഷിണകൊറിയയ്‌ക്കെതിരേ ആദ്യഗോളടിച്ചതും. കൊറിയ ഗോള്‍ മടക്കിയെങ്കിലും ജര്‍ണയില്‍ സിങ്ങിലൂടെ ഇന്ത്യ വീണ്ടും മുന്നിലെത്തിയതും 2-1നു ജയിച്ച് സ്വര്‍ണം നേടിയതും ചരിത്രം. കളിക്കാരന്‍, പരിശീലകന്‍ എന്നീ നിലകളില്‍ ദേശീയ ടീമിന്റെ കിരീടവിജയങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞ അപൂര്‍വം പേരില്‍ ഒരാളായിരിക്കും പി.കെ. കളിക്കളം വിട്ടശേഷം കോച്ചിന്റെ റോളിലേക്ക് മാറിയ പി.കെ. ആയിരുന്നു 1971-ല്‍ സിങ്കപ്പൂരിലെ പെസ്റ്റ സുക്കാന്‍ കപ്പില്‍ ദക്ഷിണ വിയറ്റ്നാമിനൊപ്പം സംയുക്ത ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍. പില്‍ക്കാലത്ത് സാഫ് കപ്പിലും പി.കെ. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
പതിനഞ്ചാം വയസ്സില്‍ ബിഹാറിനുവേണ്ടിയാണ് സന്തോഷ് ട്രോഫിയില്‍ പി.കെ.യുടെ അരങ്ങേറ്റം. പിന്നീട് ബംഗാളിന്റെയും റെയില്‍വേസിന്റെയും ജേഴ്സിയില്‍ തിളങ്ങി. ഒരിക്കലും മറക്കാനാവാത്ത മത്സരം 1955-ലെ എറണാകുളം സന്തോഷ് ട്രോഫിയുടെ സെമിഫൈനല്‍ ആണെന്ന് പറഞ്ഞിട്ടുണ്ട് അദ്ദേഹം. ഗോള്‍ കീപ്പര്‍ പീറ്റര്‍ തങ്കരാജും കിടയറ്റ സ്‌കീമര്‍ പുരണ്‍ ബഹദൂറും കളിച്ച സര്‍വീസസിനെതിരേ തുടര്‍ച്ചയായി മൂന്നുദിവസം പൊരുതേണ്ടിവന്നു പി.കെ.യുടെ ബംഗാളിന്. ആദ്യ ഏറ്റുമുട്ടല്‍ ഗോള്‍രഹിതം. രണ്ടാം ദിനം 1-1 ഡ്രോ. മൂന്നാം ദിനം, വീണുകിട്ടിയ ഒരു പെനാല്‍ട്ടി ഗോളില്‍ കടിച്ചുതൂങ്ങി ഫൈനലിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു കിട്ടുവും അഹമ്മദ് ഖാനും റഹ്മാനും ചുനി ഗോസാമിയും കണ്ണയ്യനുമൊക്കെ അണിനിരന്ന ആ ബംഗാള്‍ പട. പക്ഷേ, ഫൈനലില്‍ കഥ മാറി. പി.കെ.യുടെ എണ്ണം പറഞ്ഞ ഗോളിന് മൈസൂരിനെ മുക്കിക്കളഞ്ഞു ബംഗാള്‍.
ഓര്‍മകള്‍ പി.കെ. ബാനര്‍ജിയെ കൈവിട്ടിരുന്നു കുറച്ചുകാലമായി. ''കണ്ണില്‍ ആ പഴയ ചിത്രങ്ങളുണ്ട് ഇപ്പോഴും; കാതില്‍ ആരവങ്ങളും. ഓര്‍മമാത്രം പഴയപോലെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നില്ല.'' -അവസാനം ഫോണില്‍ സംസാരിച്ചപ്പോള്‍ പി.കെ. വികാരാധീനനായി പറഞ്ഞു.
Content Highlights: PK Banerjee, one of India's greatest ever footballers
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..