PK Banerjee Photo Courtesy: Mathrubhumi Archive|Twitter
1962 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ഫുട്ബോളിലെ അവസാന താരവും മണ്മറഞ്ഞു. ഒളിമ്പിക്സില്‍ ഫ്രാന്‍സിനെതിരേ ഇന്ത്യന്‍ ജഴ്സിയില്‍ ഗോള്‍ നേടിയ പി.കെ ബാനര്‍ജിയുടെ ആ ബൂട്ടുകള്‍ ഇനി ചലിക്കില്ല. ആറു സഹോദരങ്ങളടങ്ങിയ കുടുംബത്തില്‍ നിന്ന് പട്ടിണിയോട് പൊരുതി ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസതാരത്തിലേക്കുള്ള വളര്‍ച്ചയെ വായിച്ചെടുക്കുമ്പോള്‍ അറിയാതെ കണ്ണുനിറയും. 'ഇതിഹാസ താരമായ പെലെയെ പോലും പ്രതിരോധിക്കാന്‍ പഠിപ്പിച്ചയാളാണ് എന്റെ പ്രദീപ് ദാ'. ബാനര്‍ജിയുടെ മരണവാര്‍ത്ത അറിഞ്ഞ് ഇന്ത്യയുടെ മുന്‍ പ്രതിരോധതാരം സുബ്രത ഭട്ടാചാര്യ പറഞ്ഞത് ഇങ്ങനെയാണ്. കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാനും ന്യൂയോര്‍ക്ക് കോസ്മോസും തമ്മിലുള്ള മത്സരം ഓര്‍ത്തെടുക്കുകയായിരുന്നു സുബ്രത.
1936-ല്‍ ബംഗാളിലെ മൊയ്നാഗുരിയിലാണ് പ്രദീപ് കുമാര്‍ ബാനര്‍ജിയുടെ ജനനം. അച്ഛന് പ്രൊവാത് ബാനര്‍ജിക്ക് ഒരു ചെറിയ സര്‍ക്കാര്‍ ജോലിയായിരുന്നു. എന്നാല്‍ ഭാര്യയും ഏഴും മക്കളും വൃദ്ധരായ മാതാപിതാക്കളും സഹോദരങ്ങളും അവരുടെ മക്കളുമടങ്ങുന്ന ആ കൂട്ടുകുടംബത്തെ പോറ്റാന്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് ലഭിക്കുന്ന ശമ്പളം തികയുമായിരുന്നില്ല. ഇതോടെ മക്കളില്‍ മൂത്തവനായ പി.കെ ബാനര്‍ജിയുടെ ചുമലിലായി കുടുംബത്തിന്റെ പകുതിഭാരം. എന്നാല്‍ വിട്ടുകൊടുക്കാന്‍ ബാനര്‍ജി തയ്യാറായിരുന്നില്ല.
1941-ല്‍ കുടുംബം ജഗല്പുരിയിലേക്ക് മാറി. അവിടെ നിന്ന് നേരെ കൊല്‍ക്കത്തയിലേക്ക്. അതിനിടയില്‍ ജെംഷഡ്പുരിലെ സ്കൂളിലും ബാനര്‍ജി പഠിച്ചു. കൊല്‍ക്കത്തയിലേക്ക് മാറിയതോടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായി. അസുഖബാധിതനായി അച്ഛന് മരിച്ചതോടെ കുടുംബത്തിന്റെ ചുമതല പൂര്‍ണമായും ബാനര്‍ജിയുടെ തോളിലായി.
വിശന്നൊട്ടിയ വയറുമായിട്ടായിരുന്നു ആ കാലത്തെ ഫുട്ബോള്‍ കളി. ഒരു നേരത്തെ ഭക്ഷണം ലഭിച്ചാല്‍ തന്നെ ഭാഗ്യം. 15-ാം വയസ്സില്‍ 135 രൂപ ശമ്പളത്തിന് ഇന്ത്യന്‍ കേബിള്‍ കമ്പനിയില്‍ ജോലിക്ക് കയറി. പിന്നീട് 1953-ല്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് കളട്കടായി ജോലി കിട്ടി. 1958-ല്‍ ബാനര്‍ജിയുടെ ക്യാപ്റ്റന്‍സിയില്‍ ഈസ്റ്റേണ്‍ റെയില്‍വേ കല്‍ക്കട്ട ഫുട്ബോള്‍ ലീഗിലെ ചാമ്പ്യന്മാരായി. ഇതോടെ പ്രദീപ് കുമാര്‍ ബാനര്‍ജിയുടെ തലവര തെളിഞ്ഞു.

1955-ല്‍ ധാക്കയില്‍ നടന്ന ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പി.കെ ബാനര്‍ജിയും തിരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കയ്ക്കെതിരേ അരങ്ങേറിയ പി.കെ ബാനര്‍ജിയുടെ പ്രകടനം പാകിസ്കാനെതിരായ ഫൈനലില്‍ നിര്‍ണായകമായി. അടുത്ത വര്‍ഷം മെല്‍ബണ്‍ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ടീമിലും ബാനര്‍ജി ഇടം കണ്ടെത്തി. ഇതോടെ 20-ാം വയസ്സില്‍ ഒളിമ്പ്യനായി. ആദ്യ റൗണ്ടില്‍ ഹംഗറിയില്‍ നിന്ന് വാക്ക് ഓവര്‍ ലഭിച്ച ഇന്ത്യക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരാളി ഓസ്ട്രേലിയ ആയിരുന്നു. ആ മത്സരത്തില്‍ ഹാട്രികുമായി നെവില്ലെ ഡിസൂസ തിളങ്ങിയപ്പോള്‍ രണ്ടു ഗോളിന് വഴിയൊരുക്കിയത് പി.കെ ബാനര്‍ജി ആയിരുന്നു. സെമിയില്‍ യുഗോസ്ലാവിയയോട് തോറ്റ ഇന്ത്യ മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തില്‍ ബള്‍ഗേറിയയോടും പരാജയപ്പെട്ടു.
1960-ല്‍ പി.കെയുടെ കരിയറിലെ ഏറ്റവും ആഘോഷിക്കപ്പെട്ട നിമിഷമെത്തിയത്. റോം വേദിയായ ആ ഒളിമ്പിക്സില്‍ ഫ്രാന്‍സിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തില്‍ ബാനര്‍ജിയുടെ ബൂട്ടില്‍ നിന്ന് ഇന്ത്യയുടെ സമനില ഗോള്‍ പിറന്നു. പെറുവിനോടും ഹംഗറിയോടും തോറ്റ ഇന്ത്യയുടെ ഏക പോയിന്റ് ഈ സമനിലയിലൂടെയായിരുന്നു.
1962-ലെ ഏഷ്യന്‍ ഗെയിംസ് ഫുട്ബോള്‍ ഫൈനലില്‍ ദക്ഷിണ കൊറിയക്കെതിരേ ഇന്ത്യ 2-1ന് വിജയിച്ച് മത്സരത്തില്‍ 17-ാം മിനിറ്റില്‍ വിജയഗോള്‍ നേടി. സെമിയില്‍ തായ്ലന്ഡിനെതിരേയും ബാനര്‍ജി ഗോള്‍ കണ്ടെത്തി. 1967-ല്‍ ഇന്ത്യന്‍ ജഴ്സിയില്‍ അവസാന മത്സരവും കളിച്ച ബാനര്‍ജി അപ്പോഴേക്കും 84 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ കണ്ടെത്തിയിരുന്നു. അഞ്ചു വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി പുതിയ വേഷത്തിലെത്തി. 1970-ല്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയത് ബാനര്‍ജിയുടെ പരിശീലനത്തിന് കീഴിലായിരുന്നു.
ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും കൊല്‍ക്കത്ത ഫുട്ബോളിന്റെ വസന്തകാലം ആഘോഷിച്ചത് ബാനര്‍ജി പകര്‍ന്നുനല്‍കിയ പാഠങ്ങളിലായിരുന്നു. എപ്പോഴും പ്രതിരോധത്തിലൂന്നി കളി പഠിപ്പിച്ച പരിശീലകനായികുന്നു ബാനര്‍ജി. കല്‍ക്കട്ട ഫുട്ബോള്‍ ലീഗില്‍ തുടര്‍ച്ചയായ ആറു കിരീടങ്ങളാണ് ബാനര്‍ജിയുടെ പരിശീലനത്തിന് കീഴില്‍ ഈസ്റ്റ് ബംഗാള്‍ നേടിയത്. ഒരു ഗോള്‍ പോലും വഴങ്ങാതെയുള്ള ലീഗ് കിരീടവും അതില്‍ ഉള്‍പ്പെടുന്നു.
കൊല്‍ക്കത്ത ഡെര്‍ബിയില്‍ മോഹന്‍ ബഗാനെ 5-0ത്തിന് ഈസ്റ്റ്ബംഗാള്‍ തറപറ്റിച്ചപ്പോഴും പിന്നില്‍ ബാനര്‍ജിയുടെ തന്ത്രങ്ങളായിരുന്നു. 1977-ല്‍ അമല്‍ ദത്തയുടെ മോഹന്‍ ബഗാന് മധ്യനിരയിലെ തന്ത്രങ്ങളുമായി ഗ്രൗണ്ടില്‍ പറന്നപ്പോള്‍ അവരെ ബാനര്‍ജിയുടെ ഈസ്റ്റ് ബംഗാള്‍ മുട്ടുകുത്തിച്ചു. അന്ന് സാള്‍ട്ട് ലേക്കില്‍ ഈസ്റ്റ് ബംഗാളിന്റെ വിജയം 4-1നായിരുന്നു. മോഹന്‍ ബഗാന്റെ സുവര്‍ണ കാലഘട്ടത്തിലും പരിശീലകന് ബാനര്‍ജി തന്നെയായിരുന്നു. 1977-ല്‍ ബാനര്‍ജിക്കു കീഴില്‍ ബഗാന് ഐഎഫ്എ ഷീല്‍ഡും റോവേഴ്സ് കപ്പും ഡ്യൂറന്റ് കപ്പും നേടി.
ബംഗാളി ആയിരുന്നിട്ടും ഈസ്റ്റ് ബംഗാളിനോ മോഹന്‍ ബഗാനോ മുഹമ്മദന്സിനോ ബാനര്‍ജി കളിച്ചിട്ടില്ല. എന്നിട്ടും താരപരിവേഷം ബാനര്‍ജിയെ തേടിയെത്തി. ഫ്രാന്‍സിനെതിരേ നേടിയ ആ ഒളിമ്പിക് ഗോളിനൊപ്പം ബാനര്‍ജിയെ വ്യത്യസ്തനാക്കുന്നതും ഇതുതന്നെയാണ്.
Content Highlights: PK Banerjee Indian Football Legend Life Story
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..