Image Courtesy: mathrubhumi archives
''പന്തും നിന്റെ തലയും ഒരുപോലെ ശൂന്യം'', കൊല്‍ക്കത്ത ഫുട്ബാളില്‍ പ്രതീക്ഷയോടെ അരങ്ങേറ്റം കുറിക്കാനെത്തിയ സുന്ദരനായ കൗമാരക്കാരനോട് ആര്യന്‍സ് കോച്ച് ദസു മിത്ര പറഞ്ഞു. മിത്രയുടെ പരിഹാസത്തിന് പാത്രമാകാന്‍ പയ്യന്‍ ചെയ്ത അപരാധം ഒളിമ്പ്യന്‍ ടാലിസ്മരോണ്‍ ആവോ നയിച്ച മണിപ്പൂര്‍ ഇലവനെതിരായ പ്രദര്‍ശന മത്സരത്തില്‍ രണ്ടു മികച്ച പാസുകള്‍ പുറത്തേക്കടിച്ചു കളഞ്ഞു എന്നതായിരുന്നു.
കോച്ചിന്റെ ശാപം കേട്ട് കരഞ്ഞുപോയിരിക്കണം തുടക്കക്കാരനായ പാവം പ്രദീപ് കുമാര്‍ ബാനര്‍ജി. കൊല്‍ക്കത്തയെ ഫുട്ബാളിന്റെ സ്വര്‍ഗ്ഗമായി കണ്ട ഒരു പതിനെട്ടുകാരന്റെ സ്വാഭാവിക പ്രതികരണം മാത്രം. പക്ഷേ ആ നിമിഷം ഉള്ളില്‍ ഒരു പ്രതിജ്ഞ എടുത്തിരുന്നു പ്രദീപ്. ഇനി കളിക്കാരനായി കൊല്‍ക്കത്തയിലെ വമ്പന്‍ ക്ലബ്ബുകളിലേക്കില്ല. മോഹന്‍ ബഗാന്റെ പച്ചയും മെറൂണും ഇടകലര്‍ന്ന ജേഴ്സി സ്വപ്നം കണ്ടു നടന്ന ഒരു ചെറുപ്പക്കാരനെ സംബന്ധിച്ച് കഠിനമായിരുന്നു ആ തീരുമാനമെന്ന് പില്‍ക്കാലത്ത് പി.കെ പറഞ്ഞുകേട്ടിട്ടുണ്ട്.
ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. കൊല്‍ക്കത്തയിലെ കൊലകൊമ്പന്‍ ക്ലബ്ബുകളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളിനും വേണ്ടി ഔദ്യോഗിക മത്സരങ്ങള്‍ കളിച്ചിട്ടേയില്ല പി കെ. ഈസ്റ്റേണ്‍ റെയില്‍വേ ആയിരുന്നു അദ്ദേഹത്തിന്റെ തട്ടകം. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ വലതു വിങ്ങിലേക്കും ചരിത്രത്തിലേക്കും പി.കെ കുതിച്ചു ചെന്നത് അവിടെ നിന്നാണ്.
എന്റെ കളിയെഴുത്തു ജീവിതത്തിലെ മറക്കാനാവാത്ത അദ്ധ്യായമായിരുന്നു പി.കെ. കളിക്കളത്തിലെയും ഗാലറിയിലേയും പ്രസാദാത്മക മുഖം. മണിക്കൂറുകളോളം പി.കെയുമായി സംസാരിച്ചിരുന്നിട്ടുണ്ട്. ഫുട്ബാള്‍ മാത്രം ശ്വസിച്ചു ജീവിച്ചു അദ്ദേഹം. ആദ്യം കളിക്കാരനായി, പിന്നെ പരിശീലകനായി, അത് കഴിഞ്ഞു റിപ്പോര്‍ട്ടറായിപ്പോലും. കോച്ചെന്ന നിലയില്‍ ഈസ്റ്റ് ബംഗാളിനും ബഗാനും ബംഗാളിനും ദേശീയ ടീമിനും ഒപ്പം സഞ്ചരിച്ചപ്പോഴെല്ലാം പി.കെയുടെ ഇഷ്ട തോഴന്‍ വിവാദമായിരുന്നു. തനിക്ക് ശരിയെന്ന് തോന്നുന്നത് ആരുടേയും മുഖത്ത് നോക്കി തുറന്നടിച്ചുകൊണ്ട് എന്നും തലക്കെട്ടുകള്‍ സൃഷ്ടിച്ചു അദ്ദേഹം. ഒട്ടൊക്കെ ആ തലക്കെട്ടുകളില്‍ അഭിരമിക്കുകയും ചെയ്തു.
ബംഗാളി ചുവയുള്ള പി.കെയുടെ ഇംഗ്ലീഷ് ഇതാ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. ''റൂബി മേനന്‍'' എന്ന അഭിസംബോധനയും. വിട, ഇന്ത്യന്‍ ഫുട്‌ബോളിലെ സുന്ദരനായ കലാപകാരിക്ക്...
Content Highlights: pk banerjee A revered figure in Indian football
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..