യു.എസ്.ഓപ്പണിനിടെ  സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ഒരു ചെറു വീഡിയോയുണ്ട്. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് രാത്രി ഭക്ഷണത്തിനു ശേഷം അടുക്കളയില്‍ പാത്രങ്ങള്‍ വൃത്തിയാക്കുന്നതാണ് സംഭവം. അദ്ദേഹത്തിന്റെ ഭാര്യ യെലേന ട്വിറ്ററില്‍ പങ്കുവച്ച ചിത്രം യു.എസ്.ഓപ്പണ്‍ അധികൃതര്‍ അവരുടെ  ഔദ്യോഗിക സൈറ്റില്‍ പങ്കുവച്ചതോടെ കൂടുതല്‍ ഹിറ്റായി.യു.എസ്.ഓപ്പണിനിടെ ന്യൂ ജേഴ്സിയിലെ ജോക്കോവിച്ചിന്റെ വീട്ടില്‍ നടക്കുന്ന സംഭവം യെലേന തന്നെയാണ് പകര്‍ത്തിയിരിക്കുന്നത്. യെലേനയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് സാവധാനം പാത്രങ്ങള്‍ വൃത്തിയാക്കുന്ന ജോക്കോയെക്കണ്ട് ഒത്തിരി സന്തോഷം തോന്നി. ചെറുതല്ലാത്ത കുറ്റബോധവും.

ഒരു ഫ്ളാഷ് ബാക്ക്. വാടക വീട്ടിലെ ആദ്യ ദിനങ്ങളിലാണ് .ഡ്യൂട്ടികഴിഞ്ഞ് രാത്രി ഒരു മണിക്കും രണ്ടുമണിക്കുമൊക്കെ വീട്ടിലെത്തി ഡ്രസ് മാറി വൃത്തിയായാല്‍ ആദ്യ ഓട്ടം അടുക്കളയിലേക്കാണ് . രണ്ട് ബിസ്‌കറ്റെ്ങ്കിലും കഴിച്ച് വയറ്റിലെ ആന്തല്‍  മാറ്റണം. അടുക്കളയിലെ ലൈറ്റ് ഓണ്‍ ചെയ്താല്‍ ആദ്യം കണ്ണില്‍പ്പെടുക സിങ്കാണ് . അതൊരു കാഴ്ചയാണ്. വൈകിട്ട് ഭക്ഷണം കഴിഞ്ഞ ശേഷമുള്ള പാത്രങ്ങളെല്ലാം അതുപോലെ കിടക്കുന്നു. 'ഓ .. ഈ പാത്രമെങ്കിലും ഒന്നു കഴുകി വച്ച് കിടന്നു കൂടെ'- മനസില്‍ ഭാര്യയെ പ്രാകിക്കൊണ്ട് ആദ്യം പാത്രങ്ങളെല്ലാം കഴുകി. അതിനു ശേഷമാണ് ബിസ്‌കറ്റ് പാട്ടയിലേക്ക് കൈ പോയത്.

രാവിലെ കണ്ണു തുറന്നതിനുശേഷം ആദ്യം ചെയ്തത് ചോദ്യം ചെയ്യലാണ്. 'രാത്രി പാത്രമെല്ലാം കഴുകിയിട്ട് കിടന്നാലെന്താ? ' പിന്നേ പഠിപ്പീരും കഴിഞ്ഞ് ഇതുങ്ങള്‍ക്കു ഭക്ഷണവു ഉണ്ടാക്കി, തീറ്റിച്ചു , നാളെ പഠിപ്പിക്കാനുള്ള പ്രിപ്പറേഷനും  കഴിയുമ്പോള്‍ തന്നെ ഒരു വകയാകും. അതു കഴിഞ്ഞ് പാത്രം കഴുകാനൊന്നും ഒരു മൂഡ് കാണില്ല. വല്ല്യ പാടു തന്നെയാ' അതിലും വേഗത്തില്‍ മറുപടി വന്നു (വീട്ടിലായിരുന്നപ്പോള്‍ സഹായിക്കാന്‍ ആളും അമ്മയുമൊക്കെയുള്ളപ്പോള്‍ പല കൈ മറിഞ്ഞ് കാര്യങ്ങള്‍ സ്മൂത്തായി പോകും. ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ കഥ വേറെയല്ലേ)
' ഓ ശരി'- കാര്യങ്ങള്‍ ഒരു ഏറ്റുമുട്ടലിലേക്ക് പോകാതെ അവസാനിച്ചു. രാവിലെ പാത്രം കഴുകി വച്ച് ഞാന്‍ സഹായിയായി (അത്യാവശ്യം അടുക്കളയില്‍ സഹായിക്കുന്ന ആളാണേ...)

പിറ്റേ ദിവസവും അതിനടുത്ത ദിവസങ്ങളിലും ഒക്കെ ഇതു തന്നെ കഥ. ആദ്യം സിങ്കിലെ പാത്രങ്ങള്‍... പിന്നെ ബിസ്‌കറ്റ്. വൈകാതെ ഓഫ് ദിവസമെത്തി. ഇന്ന് കാണിച്ചു കൊടുത്തിട്ടേയുള്ളൂ. രാത്രി പാത്രമെല്ലാം കഴുകിവച്ചിട്ടേ ഉറക്കമുള്ളൂ. ഭാര്യയും കുട്ടികളും അവരുടെ പതിവു പോലെ രാത്രി എട്ടരയ്ക്കു തന്നെ അത്താഴം കഴിഞ്ഞു. വായിച്ചും ടി.വി. കണ്ടുമൊക്കെയിരുന്നതിനു ശേഷം പത്തുമണിയോടെ ഞാനും കഴിച്ചു. ഓ  ഇനി പാത്രം കഴുകണം. സിങ്കില്‍ ഇപ്പോള്‍ തന്നെ അഞ്ചെട്ടെണ്ണം കിടപ്പുണ്ട്. ഒരു സിനിമ പകുതിയാക്കി വച്ചിരിക്കുകയാണ്. അതു കണ്ടിട്ട് എല്ലാ പാത്രങ്ങളും കൂടി ഒരുമിച്ചു കഴുകാം . 

പാത്രം അവിടെയിട്ട് ടി.വിയുടെ മുന്നിലേക്ക്.സിനിമ കഴിഞ്ഞപ്പോള്‍ പന്ത്രണ്ടു മണി. എന്നാല്‍ ഇനി  കിടക്കാം. അപ്പോഴാണ് പാത്രം കഴുകലിന്റെ ഓര്‍മ വരുന്നത്. 'ദൈവമേ ഇനി ഈ നശിച്ച പാത്രം എല്ലാം കഴുകണമല്ലോ? ഉറക്കവും വരുന്നുണ്ട്. നല്ലൊരു സിനിമ കണ്ടതിന്റെ മൂഡും പോയി'അപ്പോഴാണ് തലയില്‍ വെള്ളിവെളിച്ചം ഉദിച്ചത്. ഇതു തന്നെയല്ലേ ഭാര്യയും പറഞ്ഞിരുന്നത്. മനസാല്‍ ക്ഷമ ചോദിച്ച് പാത്രങ്ങളെ സിങ്കില്‍ ഉപേക്ഷിച്ച് കിടക്കയിലേക്ക്.

രാവിലെ  നേരത്തെ ഉണര്‍ന്നു. സിങ്കിലെ പാത്രങ്ങള്‍ എല്ലാം കഴുകി വച്ചു. ' പറഞ്ഞതു ശരിയാ ... ! ഒരു നോര്‍മല്‍ ദിവസം രാത്രി പാത്രം കഴുകല്‍ പാടു തന്നെയാ.. ഡ്യൂട്ടി കഴിഞ്ഞിട്ടാണെങ്കില്‍ ആ ഒരു മൂച്ചില്‍ പാത്രം കഴുകലും നടക്കും' കേട്ടതും  ഭാര്യക്ക് ചിരി. സിങ്കിലെ പാത്രങ്ങള്‍ രാത്രി എന്നെ കാത്തിരിക്കുന്ന പതിവ് ഇപ്പോഴും തുടരുന്നു. രാത്രി തന്നെ പാത്രം കഴുകുന്ന പതിവ് ഇപ്പോള്‍ എല്ലാ ദിവസവുമില്ല. രാത്രി കഴുകാന്‍ സാധിച്ചില്ലെങ്കില്‍ രാവിലെ എഴുന്നേറ്റ് വൃത്തിയാക്കും. താരങ്ങള്‍ വിണ്ണിലിരിക്കുന്നവരല്ലെന്നും നമ്മളെ പോലെ സാധാരണക്കാരാണെന്നും മനസ്സിലാക്കിയത് വായനയിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ്.

മക്കളെ സ്‌കൂളില്‍ കൊണ്ടാക്കുന്ന ജോണ്‍ മക്കെന്റെയെ കുറിച്ചറിയുന്നത് അദ്ദേഹത്തിന്റെ ആത്മകഥ വായിക്കുമ്പോഴാണ്( മക്കളെ സ്‌കൂളില്‍ കൊണ്ടാക്കി മടങ്ങുമ്പോഴാണ് 2001 സെപ്റ്റംബര്‍ 11ലെ സ്ഫോടനം നടക്കുന്നതെന്ന് അദ്ദേഹത്തിന്റെ ആത്മകഥയുടെ തുടക്കത്തിലുണ്ട്). വീട്ടിലേക്ക് പച്ചക്കറി വാങ്ങി മടങ്ങുന്ന റോജര്‍ ഫെഡററുടെ ചിത്രം കണ്ടതും ഓര്‍ക്കുന്നു. നിത്യജീവിതത്തില്‍ അവരും  നമ്മളെപ്പോലുള്ള സാധാരണക്കാര്‍.നന്ദി ജോക്കോ... ഭാര്യയെ ഒരു കൈ സഹായിക്കുന്നതിന്...നന്ദി യെലേനാ...  ഈ വീഡിയോയ്ക്ക് . എല്ലാ അടുക്കളയിലെയും  പാത്രങ്ങള്‍ ഇനിയും വൃത്തിയായി തന്നെ ഇരിക്കട്ടെ...

വാല്‍ക്കഷണം : ' ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ' കണ്ടതിന്റെ ചര്‍ച്ച ഡെസ്‌കില്‍ നടക്കുന്നു.' ഈ ആണുങ്ങള്‍ക്കൊന്ന് സഹായിച്ചാലെന്താ?' സഹപ്രവര്‍ത്തകയുടെ ചോദ്യം.
മറുപടിയൊന്നും പറയാതെ പാത്രം തേച്ചുരഞ്ഞ വിരലുകളെ നോക്കി ഞാനിരുന്നു. എല്ലാ വീട്ടിലെയും വിരലു തേഞ്ഞ ആണുങ്ങളെക്കുറിച്ചുമോര്‍ത്തു... അതും കൂടി ചേരുമ്പോഴല്ലേ യഥാര്‍ഥ അടുക്കളയാകൂ...

Content Highlights: PJ Jose writes about Novak Djokovic cleaning dishes