ചിത്രം: മധുരാജ്
ഇന്ത്യന്‍ കായികരംഗം കണ്ട എക്കാലത്തെയും മികച്ച അത്ലറ്റുകളില് ഒരാളാണ് പിലാവുള്ളകണ്ടി തെക്കേപറമ്പില്‍ ഉഷ എന്ന പി.ടി ഉഷ. കോഴിക്കോട് പയ്യോളി എന്ന ചെറിയ ഗ്രാമത്തില്‍ ജനിച്ച് പില്ക്കാലത്ത് ഇന്ത്യയുടെ ട്രാക്ക് ആന്റ് ഫീല്‍ഡ് രാഞ്ജി എന്ന പെരുമയിലേക്ക് ഓടിക്കയറിയ നമ്മുടെ സ്വന്തം 'പയ്യോളി എക്സ്പ്രസിന്റെ' 56-ാം ജന്മദിനമാണിന്ന്.
1964 ജൂണ്‍ 27-ന് കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ ഇ.പി.എം പൈതല്‍ ടി.വി ലക്ഷ്മി ദമ്പതികളുടെ ആറുമക്കളില്‍ രണ്ടാമതായി ജനനം. കഷ്ടതകള്‍ നിറഞ്ഞതായിരുന്നു ഉഷയുടെ ബാല്യം. എന്നാല്‍ 1976-ല്‍ കേരള സര്‍ക്കാരിന്റെ വുമണ്‍സ് സ്പോര്‍ട്സ് ഡിവിഷന് ആരംഭിച്ച വര്‍ഷം തേടിയെത്തിയ 250 രൂപയുടെ ഒരു സ്കോളര്‍ഷിപ്പ് മാറ്റിമറിച്ചത് ഉഷയുടെ ജീവിതം തന്നെയായിരുന്നു.
അക്കാലത്തായിരുന്നു കേരളത്തിന്റെ കായിക വിദ്യാലയമായ ജി.വി രാജാ സ്പോര്‍ട്ട് സ്കൂള്‍ ആരംഭിക്കന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉഷ അങ്ങനെ കണ്ണൂരിലെ ജി.വി.രാജാ സ്പോര്‍ട്ട്സ് ഡിവിഷന് സ്കൂളില്‍ ചേര്‍ന്നു. അവിടെ വെച്ച് ഒ.എം നമ്പ്യാര്‍ എന്ന പരിശീലകനാണ് ഉഷയിലെ അസാമാന്യ മികവ് തിരിച്ചറിയുന്നതും മികച്ച അത്ലറ്റാക്കി വളര്‍ത്തുന്നതിനുള്ള കഠിന പ്രയത്നം നടത്തുന്നതും. എന്നാല്‍ ഉഷയിലെ കായികതാരത്തെ കണ്ടെത്തിയതില്‍ തൃക്കോട്ടൂര്‍ യു.പി സ്കൂളിലെ കായികാധ്യാപകനായിരുന്ന ഇ. ബാലകൃഷ്ണന് മാസ്റ്ററുടെ പങ്ക് വിസ്മരിക്കാനാകില്ല.
പിന്നീട് 1977-ലെ കായിക മേളയില്‍ നൂറു മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് തകര്‍ത്തതോടെയാണ് പി.ടി ഉഷയെന്ന പയ്യോളിക്കാരി രാജ്യത്തിന്റെ ശ്രദ്ധപിടിച്ചുപറ്റുന്നത്.
1978-ല്‍ തന്റെ 14-ാം വയസില്‍ അന്തര്‍ സംസ്ഥാന ജൂനിയര്‍ മീറ്റില്‍ 100 മീറ്റര്‍, 200 മീറ്റര്‍ 60 മീറ്റര്‍ ഹര്‍ഡില്‍സ്, ഹൈജമ്പ് എന്നീ ഇനങ്ങളില്‍ മത്സരിച്ച ഉഷ നാലിലും സ്വര്‍ണ മെഡലുമായാണ് മടങ്ങിയത്.
1980-ല്‍ 16-ാം വയസില്‍ ഉഷ തന്റെ ആദ്യ ഒളിമ്പിക്സില്‍ മത്സരിച്ചു. മോസ്കോയില്‍ നടന്ന ആ ഒളിമ്പിക്സില്‍ മത്സരിച്ച ഏറ്റവും പ്രായംകുറഞ്ഞ സ്പ്രിന്റര്‍ എന്ന റെക്കോഡും ഉഷയ്ക്കായിരുന്നു.

കരിയറില്‍ ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കിയെങ്കിലും ഉഷയുടെ ഒരു മെഡല്‍ നഷ്ടത്തിന്റെ ഓര്മ ഇന്നും അവര്‍ക്ക് മറക്കാന്‍ സാധിച്ചിട്ടില്ല. 1984-ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്സ് ഇന്ത്യക്കാര്‍ക്ക് ആര്‍ക്കും മറക്കാനാകില്ല. പ്രത്യേകിച്ച് മലയാളികള്‍ക്ക്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തില്‍ പി.ടി ഉഷയ്ക്ക് മെഡല്‍ നഷ്ടപ്പെട്ട ഒളിമ്പിക്സായിരുന്നു അത്.
ആ ഒളിമ്പിക് മെഡല്‍ നഷ്ടത്തെ കുറിച്ച് ഉഷയുടെ വാക്കുകള്‍ - ''അത്ലറ്റിക് കരിയറിന്റെ തുടക്കത്തില്‍ 100 മീറ്ററിലും 200 മീറ്ററിലുമായിരുന്നു ഞാന്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. ഒളിമ്പിക് മെഡല്‍ എന്ന ഒറ്റലക്ഷ്യത്തിലാണ് പിന്നീട് 400 മീറ്റര്‍ ഹര്‍ഡില്‍സിലേക്ക് ഫോക്കസ് മാറ്റിയത്.
ലോസ് ആഞ്ജലിസ് ഒളിമ്പിക്സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിക്കാന്‍ നമ്പ്യാര്‍സാറും ഞാനും ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു. ഹര്‍ഡില്‍സ് എനിക്ക് കൂടുതല്‍ ഇണങ്ങിയ മത്സരമാണെന്നുതോന്നി. മാസങ്ങള്‍ക്കുമുമ്പേ കടുത്ത പരിശീലനവും ആരംഭിച്ചു. ഓപ്പണ്‍ നാഷണല്‍ മീറ്റില്‍ പുതിയ ഏഷ്യന്‍ റെക്കോഡ് സൃഷ്ടിച്ചാണ് ഒളിമ്പിക്സിന് യോഗ്യതനേടിയത്. ഒളിമ്പിക്സിനുമുമ്പ് വേണ്ടത്ര മത്സരപരിചയം ലഭിച്ചിരുന്നില്ല. മൂന്നു മത്സരങ്ങളിലേ അന്ന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.
ലോസ് ആഞ്ജലിസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഹീറ്റ്സ് രാവിലെയായിരുന്നു. പൊതുവേ ഉച്ചയ്ക്കുമുമ്പ് മത്സരിക്കുന്നത് എനിക്കിഷ്ടമല്ല. ഉച്ചയ്ക്കുശേഷം മത്സരിക്കുമ്പോള്‍ എന്റെ മികച്ച സമയം പുറത്തെടുക്കാന്‍ കഴിയാറുണ്ട്. ഹീറ്റ്സില്‍ പത്താമത്തെ ഹര്‍ഡില്‍സിനുമുമ്പ് ഞാനൊന്ന് നിന്നുപോയി. 56.8 സെക്കന്‍ഡോടെ രണ്ടാം സ്ഥാനക്കാരിയായാണ് യോഗ്യതനേടിയത്. സെമി ഉച്ചയ്ക്കുശേഷമായിരുന്നു 55.54 സെക്കന്‍ഡുകൊണ്ട് ഓടിയെത്തി ഒന്നാമതായിതന്നെ ഫൈനലിലേക്ക് യോഗ്യതനേടി. ആ സമയത്ത് അതൊരു ഒളിമ്പിക് റെക്കോഡായിരുന്നു. ഞാന്‍ ആഗ്രഹിച്ചിരുന്നതുപോലെ ഫൈനല്‍ ഉച്ചയ്ക്കുശേഷമായിരുന്നു. നന്നായി പ്രാര്‍ഥിച്ച് തികഞ്ഞ ആത്മവിശ്വസത്തോടെയായിരുന്നു ട്രാക്കിലിറങ്ങിയത്. വെടിയൊച്ച കേട്ടതും മുന്നോട്ടുകുതിച്ച് പത്തുമീറ്ററോളം മുന്നോട്ടുപോയിക്കാണും. ഞാനായിരുന്നു മുന്നില്‍. അപ്പോള്‍ ഫൗള്‍ വിധിക്കുന്നു. സ്റ്റാര്‍ട്ട് എടുത്ത ഉടന്‍ ഓസ്ട്രേലിയന്‍ അത്ലറ്റ് താഴെവീണതുകൊണ്ടായിരുന്നു അത്. രണ്ടാംതവണ സ്റ്റാര്‍ട്ട് എടുത്തപ്പോള്‍ പതുക്കെയായിപ്പോയി.
ആറാമത്തെ ഹര്‍ഡില്‍സ് വരെ ഏറെ പിറകിലായിരുന്നു. എന്നാല്‍, സര്‍വശക്തിയുമെടുത്ത് മുന്നോട്ടുകുതിച്ചു. ഒന്‍പതാമത്തെ ഹര്‍ഡില്‍സ് ആവുമ്പോഴേക്കും മുന്നിലുള്ളവരുടെ ഒപ്പമെത്തി. ഞാനും റുമാനിയക്കാരി ക്രിസ്റ്റിനയും ഒരുമിച്ചാണ് ഫിനിഷ് ചെയ്തത്. ആദ്യം എനിക്ക് വെങ്കലമുണ്ടെന്ന് അനൗണ്‍സ് ചെയ്തു. പിന്നെ ഏറെനേരം അവ്യക്തതയായിരുന്നു. സ്റ്റേഡിയത്തിലെ കൂറ്റന്‍ സ്ക്രീനില്‍ പലതവണ ഞങ്ങളുടെ ഫിനിഷിങ് കാണിച്ചു. ഒടുവില്‍ റിസല്‍ട്ട് വന്നപ്പോള്‍ ക്രിസ്റ്റിനയ്ക്കായി വെങ്കലം. സെക്കന്‍ഡിന്റെ നൂറിലൊരാശം വ്യത്യാസത്തില്‍ എനിക്ക് മെഡല്‍ നഷ്ടമായി. ഞാന്‍ പൊട്ടിക്കരഞ്ഞുപോയി.
ഹര്‍ഡില്‍സില്‍ വേണ്ടത്ര മത്സരപരിചയമില്ലാത്തതായിരുന്നു മെഡല്നഷ്ടത്തിനു കാരണമെന്ന് ഇപ്പോള്‍ തോന്നുന്നു. ഫിനിഷ് ചെയ്യുമ്പോള്‍ ഒന്ന് മുന്നോട്ടാഞ്ഞുവീണിരുന്നെങ്കില്തന്നെ എനിക്ക് മെഡല്‍ കിട്ടുമായിരുന്നു. ആ ഒരു ടെക്നിക് അന്നെനിക്ക് വശമില്ലായിരുന്നു.''
1985-ലും 1986-ലും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോകത്തിലെ മികച്ച എട്ട് അത്ലറ്റുകളില് ഒരാളായി രാജ്യാന്തര അത്ലറ്റിക് സംഘടന ഉഷയെ തിരഞ്ഞെടുത്തിരുന്നു. 1983-ല്‍ അര്‍ജുന പുരസ്കാരം ഉഷയെ തേടിയെത്തി. 1985-ല്‍ പത്മശ്രീയും. ലോക അത്ലറ്റിക്സിനു നല്കിയ സമഗ്രവും മഹത്തരവുമായ സംഭാവനയ്ക്ക് പി.ടി ഉഷയെ ഇന്റര്‍നാഷനല്‍ അസോസിയേഷന് ഓഫ് അത്ലറ്റിക് ഫെഡറേഷന്‍സ് 'വെറ്ററന്‍ പിന്' നല്കി ആദരിച്ചത് ഈ അടുത്തകാലത്താണ്.
2000-ല്‍ ട്രാക്കിനോടും ഫീല്‍ഡിനോടും വിടപറയുമ്പോള്‍ ഇന്ത്യന്‍ ട്രാക്ക് അന്റ് ഫീല്‍ഡ് രാജ്ഞിഎന്ന വിശേഷണത്തിന് ഉടമയായിക്കഴിഞ്ഞിരുന്നു ഉഷ.
Content Highlights: Payyoli Express PT Usha birthday of India’s Athletics Queen
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..