Image Courtesy: Ravi Menon| Facebook
പിലാവുള്ളകണ്ടി തെക്കേപറമ്പില്‍ ഉഷ. കായികലോകത്ത് ഞാന്‍ പരിചയപ്പെട്ട ഏറ്റവും സുതാര്യ വ്യക്തിത്വങ്ങളില്‍ ഒരാള്‍. ഉഷയെ ആദ്യം കണ്ടത് കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈതാനത്ത് ഒരു അഖിലേന്ത്യാ മീറ്റിനിടെയാണ്. അന്നത്തെ പ്രീഡിഗ്രിക്കാരിയില് നിന്ന് അന്നത്തെ ബിരുദ വിദ്യാര്‍ത്ഥി വാങ്ങിയ ഓട്ടോഗ്രാഫ് ഇന്നുമുണ്ട് അവന്റെ സ്വകാര്യ ശേഖരത്തില്‍... കുനുകുനുത്ത അക്ഷരങ്ങളില്‍ എഴുതിയ 'വിഷ് യു ഓള് ദി ബെസ്ററ്' എന്ന ആശംസയും.
കുന്നോളം ഗ്രാമ്യനിഷ്കളങ്കത ഉള്ളില്‍ കൊണ്ടുനടന്ന മിതഭാഷിയായ പയ്യോളിക്കാരിയില് നിന്ന് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിതാ കായികതാരത്തിലേക്കുള്ള ഉഷയുടെ വിസ്മയകരമായ വളര്‍ച്ച അടുത്തുനിന്ന് കാണാന്‍ ഭാഗ്യമുണ്ടായി അവന്. കളിയെഴുത്തു ജീവിതത്തിന്റെ ഏതോ ഘട്ടത്തില്‍ ഉഷ അവന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ ഒരാളായി. ശ്രീനിയേട്ടന് അവന് സഹോദരതുല്യനായി. ഉഷയുടെ ഏറ്റവും വലിയ സ്വപ്നമായ ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന്റെ ആദ്യത്തെ ട്രസ്റ്റീസ് ബോര്‍ഡില്‍ ഒരു അതിഥി സാന്നിധ്യമാകാന്‍ കഴിഞ്ഞത് അവന്റെ മറ്റൊരു ഭാഗ്യം....
പയ്യോളിയിലെ 'ഉഷസ്സി'ല്‍ നിന്ന് യാത്ര പറഞ്ഞിറങ്ങവേ, പടിയ്ക്കല്‍ നിന്നുകൊണ്ട് തിരിഞ്ഞുനോക്കി ജയേട്ടന് പറഞ്ഞു: 'ഒരു കാര്യം മറന്നു. ഉഷയുടെ ഓട്ടോഗ്രാഫ് വേണം. ഇല്ലെങ്കില്‍ വീട്ടില്‍ ചെന്നാല്‍ മോനും മോളും വെറുതെ വിടില്ല...''
അവിശ്വസനീയതായിരുന്നു ട്രാക്കിലെ രാജകുമാരിയുടെ മുഖത്ത്. സൂചി കുത്താന്‍ ഇടമില്ലാത്ത വണ്ണം മൈതാനം നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടത്തില്‍ ഒരാളായി ഭാവഗായകന്റെ ഗാനമേള കേള്‍ക്കാന്‍ ആകാംക്ഷയോടെ കാത്തുനിന്ന ആ പഴയ സ്കൂള്‍ കുട്ടി ഒരു നിമിഷം പുനര്‍ജനിച്ചുവോ 'പയ്യോളി എക്സ്പ്രസ്സി'ന്റെയുള്ളില്‍? ''അയ്യോ. അതൊന്നും വേണ്ട സാര്‍. സാറിന്റെ ഫാന്‍ ആണ് ഞാന്‍. ഞാനല്ലേ ഓട്ടോഗ്രാഫ് ചോദിക്കേണ്ടത്?''-- ചിരിയോടെ ഉഷയുടെ ചോദ്യം.

ഗൗരവത്തോടെയായിരുന്നു ജയേട്ടന്റെ മറുപടി: ''അതൊന്നുമല്ല. ശ്രമിച്ചാല്‍ ആര്‍ക്കും നല്ലൊരു പാട്ടുകാരനാകാന്‍ പറ്റും. ജന്മസിദ്ധമായ കഴിവ് കൂടിയുണ്ടെങ്കില്‍ അത്രയും എളുപ്പം. പക്ഷേ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അതൊന്നും പോരാ. കഠിനാധ്വാനം വേണം. ജീവിതം മുഴുവന്‍ അതിന് വേണ്ടി സമര്‍പ്പിക്കണം. ഉഷ ജനിച്ചത് തന്നെ ഓടാന്‍ വേണ്ടിയാണ്. ഇന്ത്യക്ക് ഒരേയൊരു ഉഷയേ ഉള്ളൂ. അയാം യുവര്‍ ഗ്രെയ്റ്റസ്റ്റ് ഫാന്‍.....'' ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഒഴുകിവന്ന ആ വാക്കുകള്‍ കേട്ട് തരിച്ചുനിന്നു ഉഷയും ശ്രീനിയേട്ടനും ഞാനും.
മറക്കാനാവാത്ത ആ കൂടിക്കാഴ്ച്ചയിലേക്ക് വഴിതുറന്നത് ജയചന്ദ്രന്റെ ഒരു നിഷ്കളങ്ക മോഹമാണ്: ''പി ടി ഉഷയെ ഒന്ന് കാണണം. പരിചയപ്പെടണം. ഏറെക്കാലമായുള്ള ആഗ്രഹമാണ്. നിങ്ങള്‍ സ്പോര്‍ട്സിന്റെ ആള് കൂടിയല്ലേ? പരിചയമുണ്ടാകുമല്ലോ. ഒന്ന് പോയാലോ?'' പിന്നെ സംശയിച്ചില്ല. അന്നുച്ചയ്ക്ക് ജയേട്ടനേയും കൂട്ടി ഉഷയുടെ വീട്ടില്‍. തെല്ലും നിനച്ചിരിക്കാതെ പ്രിയ ഗായകനെ വാതില്ക്കല് കണ്ട് അന്തംവിട്ടു ഉഷയും ശ്രീനിവാസനും. ''കുട്ടിക്കാലം മുതലേ കേള്‍ക്കുന്ന ശബ്ദം. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ഏകാന്ത പഥികന് ഞാന്‍, കരിമുകില്‍ കാട്ടിലെ ... മനസ്സിലെ സങ്കടവും ടെന്ഷനുമൊക്കെ അകറ്റാന്‍ പല ഘട്ടങ്ങളിലും എന്നെ സഹായിച്ചിട്ടുള്ള പാട്ടുകള്‍. അവ പാടിയ ആള് എന്നെങ്കിലും എന്നെ കാണാന്‍ വരുമെന്ന് സങ്കല്‍പ്പിച്ചിട്ടു പോലുമില്ല.''- ഉഷ.
'ഉഷസ്സി'ന്റെ പൂമുഖത്തിരുന്ന് ആരാധികയായ ഒളിമ്പ്യന്‍ വേണ്ടി ''ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ'' ഉള്‍പ്പെടെ നിരവധി പാട്ടുകള്‍ പാടി ജയേട്ടന്. ഉഷയുടെ കഥകള്‍ കേട്ടു. ആല്‍ബത്തിലെ അപൂര്‍വ ചിത്രങ്ങള്‍ കണ്ട് വിസ്മയം കൊണ്ടു....ലാളിത്യത്തിന്റെ പ്രതീകങ്ങളായ രണ്ടു വ്യക്തികള്‍ തമ്മിലുള്ള അപൂര്‍വ സംഗമം.
''എന്താ കഥ. ഇത്രേം വലിയ ലെജന്‍ഡ് ആയിട്ടും എന്തൊരു വിനയമാണ് ആ കുട്ടിക്ക്? ലോകം ആദരിക്കുന്ന അത്ലറ്റ് അല്ലേ; നമ്മളൊക്കെ അവര്‍ക്ക് മുന്പില് ആര്.....'' തിരിച്ചു കാറില്‍ കോഴിക്കോട്ടേക്ക് മടങ്ങവേ ജയേട്ടന്റെ ആത്മഗതം....
Content Highlights: P.T Usha birthday P. Jayachandran the singer who seek Payyoli Express's autograph
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..