കേരള ക്രിക്കറ്റിന്റെ പ്രധാന കേന്ദ്രമായ തൃപ്പൂണിത്തുറയിലായിരുന്നു പി. ബാലചന്ദ്രന്റെ ജനനവും ജീവിതവും. കുട്ടിക്കാലംതൊട്ടേ ക്രിക്കറ്റ് കണ്ട് വളര്‍ന്നു. കളിക്കാരനായി, പിന്നെ പരിശീലകന്‍. ക്രിക്കറ്റ് സംഘാടകനും സെലക്ടറും ഇപ്പോള്‍ കമന്റേറ്ററുമായി. അമ്പത് വര്‍ഷത്തിലേറെയായി ക്രിക്കറ്റും പി. ബാലചന്ദ്രനും തമ്മില്‍ തോളോടുതോള്‍ ചേര്‍ന്ന് നടക്കുന്നു. ഇത്രയും കാലം ഒരേ മേഖലയില്‍ വിരസതയും വിശ്രമവുമില്ലാതെ ജോലിചെയ്യാനാകുന്നതുതന്നെ സുകൃതം. ദേശീയ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് ഓര്‍ക്കാം ഈ ക്രിക്കറ്റ് അധ്യാപകനെ...

കളിയും കാര്യവും

ഇടംകൈയന്‍ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായി പതിനാലാം വയസ്സില്‍ എറണാകുളം ലീഗില്‍ കളിച്ചുകൊണ്ടാണ് ബാലചന്ദ്രന്‍ ഔദ്യോഗിക ക്രിക്കറ്റിലെത്തിയത്. തുടര്‍ന്ന് കേരള ജൂനിയര്‍-സീനിയര്‍ ടീമിലും ദുലീപ് ട്രോഫി ദക്ഷിണമേഖലാ ടീമിലും കളിച്ചു.

കളി നിര്‍ത്തിയപ്പോള്‍ പരിശീലകനാകാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. 1986-ല്‍ ദേശീയ സ്‌പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (NIS) ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുമായി പരിശീലനരംഗത്തേക്ക്. കഴിഞ്ഞ 33 വര്‍ഷമായി ക്രിക്കറ്റിലെ യുവതലമുറയ്ക്ക് വഴികാട്ടുന്നു.

17 വര്‍ഷം കേരള ടീമുകളെ പരിശീലിപ്പിച്ചു. ഇതില്‍ ആറുവര്‍ഷം രഞ്ജി ടീം കോച്ചായി. രണ്ടു പതിറ്റാണ്ടോളമായി 'മാതൃഭൂമി' നടത്തുന്ന ഓണ്‍ഗ്രൗണ്ട് പരിശീലനക്കളരിയായ ക്രിക്കറ്റ് ക്ലിനിക്കിന് നേതൃത്വം നല്‍കുന്നു. വര്‍ഷങ്ങളായി മാതൃഭൂമി സ്‌പോര്‍ട്സ് മാസികയില്‍ ക്രിക്കറ്റ് ക്ലിനിക് എന്ന പംക്തി എഴുതുന്നു.

p balachandran cricket coach

നമ്മളും വളരുന്നു

''ഞാന്‍ കളിച്ച കാലത്ത് ട്വന്റി 20 ക്രിക്കറ്റില്ല. അതിനുശേഷം കളിയും നിയമവുമെല്ലാം ഏറെ മാറി. ഓരോ ഘട്ടത്തിലും കളിയില്‍വരുന്ന മാറ്റങ്ങളും പുതിയ രീതികളും പഠിച്ചുകൊണ്ടിരിക്കുന്നു. നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നു. കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണമെങ്കില്‍ ആദ്യം നമ്മള്‍ പഠിക്കണം. 33 വര്‍ഷം നീണ്ട പരിശീലനജീവിതത്തില്‍ 15,000-ത്തിലേറെ കളിക്കാരെ വളര്‍ത്തിയെടുത്തിട്ടുണ്ടാകും. അതുതന്നെയാണ് 'അധ്യാപക' ജീവിതത്തിന്റെ നീക്കിയിരിപ്പ്. സീനിയര്‍ ടീമിലും വിദേശടീമിലുമടക്കം കളിച്ച പലര്‍ക്കും ചെറുപ്പത്തില്‍ വഴികാട്ടാനായി. അവര്‍ വളരുന്നതിനൊപ്പം നമ്മുടെ ലോകവും വലുതായി'' -ബാലചന്ദ്രന്‍ പറഞ്ഞു.

ബഹളം വേണ്ടിവന്നില്ല

''കുട്ടികളോട് ഉപദേശിക്കുന്ന കാര്യങ്ങളെല്ലാം നമ്മള്‍ക്കും ചെയ്യാനാകണം. ഗായകന് ശാരീരം പോലെതന്നെയാണ് കളിക്കാരന് ശരീരം. അതുകൊണ്ടുതന്നെ ഫിറ്റ്നസ് നിലനിര്‍ത്താനും പഠിക്കാനും ശ്രമിക്കുന്നു. കുട്ടികളോട് ബഹളംകൂട്ടേണ്ടിവന്നിട്ടില്ല. നമ്മള്‍ നന്നായി കാര്യങ്ങള്‍ സംവദിച്ചാല്‍ ബഹളത്തിന്റെയോ ശകാരത്തിന്റെയോ ആവശ്യമില്ല. വ്യക്തിപരമായ അച്ചടക്കം നിലനിര്‍ത്താനും ശ്രദ്ധിക്കുന്നു.'' -ബാലചന്ദ്രന്‍ പറഞ്ഞു.

Content Highlights: P balachandran cricket coach