Photo: twitter.com/ICC
സയീദ് അന്‍വര്‍, ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവും പേടിച്ചിരുന്ന പേരുകളില്‍ ഒന്ന്. ഏകദിനമാകട്ടെ ടെസ്റ്റ് മത്സരങ്ങളാകട്ടെ പാകിസ്താന്റെ ഏറ്റവും വിശ്വസ്തനായിരുന്ന ടോപ് ഓര്‍ഡര്‍ ബാറ്റര്‍. കരിയറില്‍ 31 സെഞ്ചുറികളും 68 അര്‍ധ സെഞ്ചുറികളുമടക്കം പതിമൂവായിരത്തോളം റണ്‍സടിച്ചുകൂട്ടിയ താരം. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ ലോകത്തെ ഏത് ബൗളിങ് നിരയേയും തച്ചുതകര്‍ക്കാന്‍ തക്ക വീറും വാശിയും കൈമുതലായുണ്ടായിരുന്ന ബാറ്റര്‍.
മത്സരം ഇന്ത്യയ്ക്കെതിരെയാണെങ്കില്‍ അന്‍വര്‍ കൂടുതല്‍ അപകടകാരിയാകും. ഇന്ത്യയ്‌ക്കെതിരേ കളിക്കുമ്പോള്‍ എന്നും മികച്ച പ്രകടനം തന്നെ പുറത്തെടുക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്ന താരം.
ഒരുകാലത്ത് ഇന്ത്യന്‍ ബൗളിങ് നിരയെ കടന്നാക്രമിച്ച് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടം സ്വന്തം പേരിലാക്കിയ താരം കൂടിയാണ് അന്‍വര്‍. ഇരട്ട സെഞ്ചുറിക്ക് വെറും ആറു റണ്‍സ് അകലെ മാത്രം അവസാനിച്ച ആ ഇന്നിങ്സിന് പിറവി കൊണ്ടിട്ട് ഇന്നേക്ക് കാല്‍നൂറ്റാണ്ട് തികയുകയാണ്.
1997 മേയ് 21-നാണ് ഇന്ത്യയുടെ വിജയ സ്വപ്നങ്ങള്‍ക്കു മേല്‍ അന്‍വര്‍ കരിനിഴല്‍ വീഴ്ത്തിയത്. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ അന്‍വര്‍ നിറഞ്ഞാടിയപ്പോള്‍ തകര്‍ന്നത് സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോര്‍ (189) എന്ന റെക്കോഡായിരുന്നു. 13 വര്‍ഷം റിച്ചാര്‍ഡ്‌സ് സ്വന്തമാക്കി വെച്ചിരുന്ന ആ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ അന്‍വര്‍ 194 എന്ന് മാറ്റിയെഴുതിയിട്ട് 25 വര്‍ഷം.
പെപ്‌സി ഇന്‍ഡിപെന്‍ഡന്‍സ് കപ്പിലെ ആറാമത്തെ മത്സരമായിരുന്നു അത്. ടോസ് നേടിയ പാകിസ്താന്‍ ക്യാപ്റ്റന്‍ റമീസ് രാജ ബാറ്റിങ് തിരഞ്ഞെടുത്തു. പതിവു പോലെ ഇന്ത്യന്‍ ബൗളിങ് നിരയെ കശാപ്പു ചെയ്ത അന്‍വര്‍ 146 പന്തുകളില്‍ നിന്ന് 22 ഫോറും അഞ്ചു സിക്‌സും സഹിതം അടിച്ചു കൂട്ടിയത് 194 റണ്‍സ്.
അന്ന് ഇന്ത്യക്കാരുടെ മാത്രമല്ല തന്റെ കന്നി ഏകദിന സെഞ്ചുറി നേടിയ രാഹുല്‍ ദ്രാവിന്റെ സന്തോഷം കൂടിയാണ് അന്‍വര്‍ ഇല്ലാതാക്കിയത്.
ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലെ ചുട്ടുപൊള്ളുന്ന വെയിലത്ത് 18-ാം ഓവര്‍ മുതല്‍ അലട്ടിയ പേശീവലിവിനെ വകവെയ്ക്കാതെയായിരുന്നു ആ ഇന്നിങ്‌സിന്റെ പോക്ക്. ഷാഹിദ് അഫ്രീദിയാണ് അന്ന് അന്‍വറിന് റണ്ണറായി നിന്നത്. 26-ാം ഓവറില്‍ അന്‍വര്‍ സെഞ്ചുറി തികച്ചു. പലപ്പോഴും ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പിഴവുകളും അന്‍വറിന് തുണയായി. ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ചുറിക്ക് ആറു റണ്‍സകലെ പക്ഷേ അന്‍വര്‍ മടങ്ങി. ക്യാപ്റ്റന്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ സൗരവ് ഗാംഗുലി ക്യാച്ചെടുത്തു.
പിന്നീട് 2009-ല്‍ സിംബാബ്വെക്കാരന്‍ ചാള്‍സ് കവെന്‍ട്രി ഒപ്പം പിടിക്കുന്നതുവരെ അന്‍വറിന്റെ ആ റെക്കോഡ് തലയുയര്‍ത്തി തന്നെ നിന്നു. തൊട്ടടുത്ത വര്‍ഷം സച്ചിന്‍ തന്നെ ആ റെക്കോഡ് പഴങ്കഥയാക്കി എന്നതും ചരിത്രം.
അന്ന് അന്‍വറിന്റെ മികവില്‍ പാകിസ്താന്‍ സ്വന്തമാക്കിയത് അഞ്ചിന് 327 റണ്‍സ്. രാഹുല്‍ ദ്രാവിഡിന്റെ (107) കന്നി ഏകദിന സെഞ്ചുറി മികവില്‍ ഇന്ത്യ പൊരുതി നോക്കിയെങ്കിലും 292 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 35 റണ്‍സിന്റെ തോല്‍വി.
Content Highlights: On this day Saeed Anwar smashes record-breaking 194 overshadowed Rahul Dravid s maiden odi ton
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..