ക്രിക്കറ്റ് പ്രേമികള്‍ക്ക് എന്നും വേദനയോടെ മാത്രമേ ഫില്‍ ഹ്യൂസിനെ ഓര്‍ക്കാനാകൂ. ഓസ്‌ട്രേലിയയുടെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ ഫില്‍ ഹ്യൂസ് ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് ഏഴുവര്‍ഷം. ഫിലിപ്പ് ജോയല്‍ ഹ്യൂസ് എന്ന ഫില്‍ ഹ്യൂസ് അതിവേഗത്തിലാണ് ഓസീസ് ടീമിന്റെ സ്ഥിരം സാന്നിധ്യമായി മാറിയത്. പക്ഷേ അവനായി വിധി കാത്തുവെച്ചത് ഒരു ബൗണ്‍സറിന്റെ രൂപത്തിലെത്തിയ മരണമായിരുന്നു. 2014 നവംബര്‍ 24, ക്രിക്കറ്റ് ലോകം ഈ ദിനത്തെ ചരിത്രത്തിലെ കറുത്ത ദിനമായാണ് അടയാളപ്പെടുത്തുന്നത്. ക്രിക്കറ്റിലെ എന്നു മാത്രമല്ല കായിക ചരിത്രത്തിലെ തന്നെ വെറുക്കപ്പെട്ട ദിനങ്ങളിലൊന്നാണത്. ഗതിയറിയാതെയെത്തിയ ഒരു ബൗണ്‍സര്‍ ഫിലിപ്പ് ഹ്യൂസിന്റെ ജീവനും കൊണ്ട് പറന്നിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം. 

2014 നവംബര്‍ 25-ന് സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് സൗത്ത് ഓസ്ട്രേലിയയും ന്യൂ സൗത്ത് വെയില്‍സും തമ്മിലുളള ഷെഫീല്‍ഡ് ഷീല്‍ഡ് ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെയാണ് പേസ് ബൗളര്‍ സീന്‍ അബോട്ടിന്റെ ബൗണ്‍സര്‍ ഹ്യൂസിന്റെ തലയ്ക്കു പിന്നില്‍ ഇടിക്കുന്നത്. പുള്‍ ഷോട്ട് കളിക്കാനാഞ്ഞ ഹ്യൂസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഹെല്‍മറ്റിന്റെ സുരക്ഷയില്ലാത്ത ഭാഗത്ത് പന്ത് തട്ടുകയായിരുന്നു. ഒന്ന് തിരിഞ്ഞ ശേഷം ഹ്യൂസ് മുഖമടിച്ച് ഗ്രൗണ്ടില്‍ വീണു.

പെട്ടെന്നു തന്നെ ഓടിയെത്തിയ സഹതാരങ്ങളും മെഡിക്കല്‍ സ്റ്റാഫും ഹ്യൂസിന് പ്രാഥമിക ചികിത്സ നല്‍കി. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ മുഖേന സിഡ്‌നിയിലെ സെന്റ് വിന്‍സെന്റ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. പക്ഷേ അതിനൊന്നും ഹ്യൂസിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായില്ല.  നവംബര്‍ 27 ന്, 26-ാം പിറന്നാളിന് മൂന്നു ദിവസം മുന്‍പ് തന്റെ പ്രിയപ്പെട്ട ബാഗി ഗ്രീന്‍ ഉപേക്ഷിച്ച് ഹ്യൂസ് യാത്രയായി. ബ്രെയിന്‍ ഹെമറേജായിരുന്നു മരണ കാരണം. ഓസീസ് ടീം ഡോക്ടര്‍ പീറ്റര്‍ ബര്‍ക്ക്‌നര്‍ പറഞ്ഞതനുസരിച്ച് ഇത്തരത്തിലുളള 100 മരണങ്ങള്‍ മാത്രമേ അതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുള്ളൂ. ക്രിക്കറ്റില്‍ ആദ്യത്തേതും.

ഹ്യൂസിന്റെ മരണം ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചു. പല സുരക്ഷാ മാനദണ്ഡങ്ങളും പിന്നീട് ക്രിക്കറ്റില്‍ കൊണ്ടുവരാന്‍ കാരണവും ഹ്യൂസിന്റെ വിയോഗമായിരുന്നു.

ഹ്യൂസിന്റെ മരണത്തിന് കാരണമായ ബൗണ്‍സര്‍ എറിഞ്ഞ സീന്‍ അബോട്ടിന്റെ അവസ്ഥയായിരുന്നു ദയനീയമായിരുന്നു. എന്നാല്‍ ക്രിക്കറ്റ് പ്രേമികള്‍ ആബട്ടിനെ ആശ്വസിപ്പിക്കുന്നതില്‍ ഒട്ടും പിശുക്ക് കാട്ടിയില്ല. അവര്‍ അബോട്ടിനൊപ്പം നിന്നു, അയാള്‍ക്ക് ധൈര്യം പകര്‍ന്നു.

ലോകക്രിക്കറ്റിലെ മഹാരഥന്‍മാരാടക്കമുള്ളവരും അബോട്ടിന് പിന്തുണയുമായെത്തി. ഇയാന്‍ ബോതം, കെവിന്‍ പീറ്റേഴ്സണ്‍, സ്റ്റീവ് വോ, സ്റ്റ്യുവര്‍ട്ട് ക്ലാര്‍ക്ക്, ബ്രെറ്റ് ലീ, ഗ്ലെന്‍ മഗ്രാത്ത് തുടങ്ങിയവരെല്ലാം അബോട്ടിനെ ആശ്വസിപ്പിച്ചു. അന്ന് ഓസീസ് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീം വിരാട് കോലിയുടെ നേതൃത്വത്തില്‍ ഹ്യൂസിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തത് ക്രിക്കറ്റ് ലോകം കയ്യടികളോടെയാണ് സ്വീകരിച്ചത്. ഓസീസ് നായകന്‍ മൈക്കിള്‍ ക്ലാര്‍ക്കും ഇന്ത്യന്‍ ടീമിന്റെ ഈ പെരുമാറ്റത്തെ അഭിനന്ദിച്ചിരുന്നു.

ഡേവിഡ് വാര്‍ണറും, മൈക്കിള്‍ ക്ലാര്‍ക്കുമായിരുന്നു ടീമില്‍ ഹ്യൂസിന്റെ ഏറ്റവുമടുത്ത കൂട്ടുകാര്‍. ഹ്യൂസിന്റെ മരണശേഷം സിഡ്നി ഗ്രൗണ്ടില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍, 63 റണ്‍സ് നേടിയ ശേഷം വാര്‍ണര്‍, ഹ്യൂസ് പരിക്കേറ്റ വീണ് സ്ഥലത്ത് മുട്ടുകുത്തി നിന്ന് മണ്ണില്‍ ചുംബിച്ചത് ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയത്തിലാണ് സ്പര്‍ശിച്ചത്. ഏകദിനത്തില്‍ ഹ്യൂസിന്റെ ജേഴ്സി നമ്പറായിരുന്ന 64 പിന്നീട് ആര്‍ക്കും നല്‍കിയിട്ടില്ല. അത് ഹ്യൂസിന്റെ സ്മരണയ്ക്കായി നിലനിര്‍ത്തുകയായിരുന്നു.

ടെസ്റ്റ് മത്സരത്തിന്റെ ഹ്യൂസിന്റെ അവസാന സ്‌കോര്‍ 63 റിട്ടയേര്‍ഡ് ഹര്‍ട്ട് എന്നതിന് പകരം 63 നോട്ടൗട്ട് എന്നാണ് നല്‍കിയിരിക്കുന്നത്. നേപ്പാളില്‍ ഓസ്ട്രേലിയക്കാരടങ്ങുന്നവര്‍ 63 ഓവര്‍ ക്രിക്കറ്റ് മത്സരം നടത്തിയാണ് ഹ്യൂസിന് ആദരമര്‍പ്പിച്ചത്.

ഓസ്ട്രേലിയക്കായി 26 ടെസ്റ്റുകളും 25 ഏകദിനങ്ങളും ഒരു ട്വന്റി 20-യും ഹ്യൂസ് കളിച്ചിട്ടുണ്ട്. 2009-ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മാത്യു ഹെയ്ഡന് പകരക്കാരനായാണ് ഹ്യൂസ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ടെസ്റ്റ് ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ ഹ്യൂസ് രണ്ടാം ഇന്നിങ്‌സില്‍ 75 റണ്‍സുമായി  ടീമിന്റെ ടോപ് സ്‌കോററായി.

എന്നാല്‍ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ തന്റെ ആദ്യ സെഞ്ചുറി കണ്ടെത്തിയ ഹ്യൂസ് രണ്ടാം ഇന്നിങ്‌സിലും മൂന്നക്കത്തിലെത്തി. അന്ന് വെറും 20 വയസും 96 ദിവസവുമായിരുന്നു ഹ്യൂസിന്റെ പ്രായം. ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഹ്യൂസ് സ്വന്തമാക്കിയിരുന്നു.

2013 ജനുവരിയില്‍ ശ്രീലങ്കക്കെതിരെയായിരുന്നു ഹ്യൂസിന്റെ ഏകദിന അരങ്ങേറ്റം. അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടിയ ഹ്യൂസ്, നേട്ടം കൈവരിക്കുന്ന ആദ്യ ഓസ്ട്രേലയിക്കാരനുമായി. ഹ്യൂസിന്റെ മരണത്തിനു ശേഷം ക്ലാര്‍ക്ക് പറഞ്ഞ വാക്കുകള്‍ ഇപ്രകാരമാണ്, ' ക്രിക്കറ്റിനെ സ്നേഹിക്കുന്നവരുടെ ഉള്ളില്‍ ഒരു നീറ്റലായി, കാലത്തിന് മായ്ക്കാനാകത്ത മുറിവായി ഹ്യൂസ് എന്നുമുണ്ടാകും.' അതെ ക്രിക്കറ്റ് ഉള്ളിടത്തോളം കാലം ഹ്യൂസിന്റെ ഓര്‍മ്മകള്‍ക്കും മരണമില്ല.

Content Highlights: On this day Phil Hughes tragically dies after being hit on the head by a bouncer