കളിമണ്‍കോര്‍ട്ടിലെ രാജകുമാരന്‍ പുല്‍കോര്‍ട്ട് കീഴടക്കിയ രാത്രി


ആദര്‍ശ് പി ഐ

Photo: Getty Images

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ടെന്നീസ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മത്സരം ഏതായിരിക്കും ? നൂറ്റാണ്ടുകളായി കോര്‍ട്ടിനെ വലം വെച്ച് അങ്ങോട്ടുമിങ്ങോട്ടും നിര്‍ത്താതെ ചലിച്ചുകൊണ്ടിരിക്കുന്ന പന്തിനൊപ്പം ലോകവും അതേ വേഗതയോടെ ചലിക്കുന്ന മത്സരം. അങ്ങനെയൊന്ന് പിറക്കണമെങ്കില്‍ അവിടെ ഏറ്റുമുട്ടുന്നത് ഇതിഹാസങ്ങളായിരിക്കണം. അവിടെ പ്രവചനങ്ങള്‍ക്കും നിര്‍വചനങ്ങള്‍ക്കും പ്രസക്തിയുണ്ടായെന്നു വരില്ല. ആകാശവും മൈതാനവും പിന്നെ ആ രണ്ടുപേരും മാത്രം. പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകം അങ്ങനെയൊരു മത്സരത്തിന് സാക്ഷിയായി.

2001-ലെ വിംബിള്‍ഡണ്‍ ടൂര്‍ണമെന്റ്. നാലാം റൗണ്ട് മത്സരത്തില്‍ റോജര്‍ ഫെഡറര്‍ പീറ്റ് സാംപ്രസുമായി മത്സരിക്കുന്നു. ടെന്നീസിലെ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ കളിച്ചുതുടങ്ങിയ ഒരു കൗമാരക്കാരന്‍ മാത്രമായിരുന്നു അന്ന് ഫെഡറര്‍. പക്ഷേ സാംപ്രസ്‌ അപ്പോഴേക്കും ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. ഏഴ് തവണ വിംബിള്‍ഡണ്‍ കിരീടം നേടിയ സാംപ്രസ്‌ എട്ടാം കിരീടമോഹവുമായാണ് അവിടെയെത്തിയത്. വിംബിള്‍ഡണിലെ വെറുമൊരു ജൂനിയര്‍ ചാമ്പ്യന് ആ ഇതിഹാസത്തിന് മുന്നില്‍ ഒന്ന് പോരാടാന്‍ പോലും കഴിയുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ പുല്‍ക്കോര്‍ട്ടില്‍ പ്രവചനങ്ങളെല്ലാം തെറ്റുന്ന കാഴ്ചയാണ് കാണാനായത്.

ആദ്യ സെറ്റ് തന്നെ കരസ്ഥമാക്കി ഫെഡറര്‍ ഞെട്ടിച്ചു. എന്നാല്‍ അടുത്ത സെറ്റില്‍ തിരിച്ചടിച്ചുകൊണ്ട് സാംപ്രസ്‌ കരുത്തുകാട്ടി. പിന്നീടുളള രണ്ട് സെറ്റുകളിലും ഇതേ നില തുടര്‍ന്നപ്പോള്‍ പോരാട്ടം അഞ്ചാം സെറ്റിലേക്ക് നീണ്ടു. അവിടെ ആ കൗമാരക്കാരന്‍ ലോകത്തിന് മുന്നില്‍ അത്ഭുതമായി മാറി. 7-5 എന്ന സ്‌കോറിന് അഞ്ചാം സെറ്റും ക്വാര്‍ട്ടറിലേക്കുളള പ്രവേശവും. നിരാശനെങ്കിലും തന്നെ അട്ടിമറിച്ച ആ 19-കാരന്‍ പയ്യനെ പ്രശംസിച്ചാണ് അന്ന് സാംപ്രസ്‌ മടങ്ങിയത്.

രണ്ട് വര്‍ഷത്തിന് ശേഷം ആ കൗമാരക്കാരന്‍ വിംബിള്‍ഡണിലെത്തി. അപ്പോഴേക്കും അയാള്‍ ലോകറാങ്കിംഗില്‍ ആദ്യ പത്തിനകത്ത് ഇടംപിടിച്ചിരുന്നു. നിരവധി സിംഗിള്‍സ് കിരീടങ്ങളും നേടി. പക്ഷേ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളൊന്നും സ്വന്തമാക്കിയിരുന്നില്ല. ആ മോഹവുമായാണ് ഫെഡറര്‍ പുല്‍ക്കോര്‍ട്ടില്‍ റാക്കറ്റേന്തിയത്.

അന്ന് സാംപ്രസിനെ ഞെട്ടിച്ച ആ 19-കാരന്റെ, ഒരത്ഭുതയാത്രയുടെ തുടക്കമായിരുന്നു അവിടം. ഭാവിയിലെ മികച്ചവനാകുമെന്ന് അന്നേ കായികപ്രേമികള്‍ പറഞ്ഞുവെച്ചിരുന്നു. ആ വാക്കുകളെ അന്വര്‍ഥമാക്കുന്ന പ്രകടനമായിരുന്നു ഫെഡററിന്റേത്. മുന്നോട്ടുളള കുതിപ്പില്‍ അയാള്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ പോലും ആര്‍ക്കുമായില്ല. സെമിഫൈനലില്‍ അഞ്ചാം നമ്പറുകാരന്‍ ആന്‍ഡി റോഡിക്കിനെ തോല്‍പ്പിച്ചാണ് ഫൈനലിലേക്ക് കടക്കുന്നത്. അതും നേരിട്ടുളള സെറ്റുകളില്‍ വിജയിച്ചുകൊണ്ട്. മൂന്നാം റൗണ്ടില്‍ മാര്‍ഡി ഫിഷ് മാത്രമാണ് ഫെഡററിനെതിരേ ഒരു സെറ്റ് നേടുന്നത്. ബാക്കിയുളള വിജയങ്ങളെല്ലാം നേരിട്ടുളള സെറ്റുകള്‍ക്കായിരുന്നു. അത്ര ആധികാരികമായിരുന്നു ഫെഡററിന്റെ പ്രകടനങ്ങള്‍.

2003 ജൂലൈ ആറിനായിരുന്നു വിംബിള്‍ഡണ്‍ ഫൈനല്‍. മാര്‍ക്ക് ഫിലിപ്പൗസിസ് എന്ന ഓസ്‌ട്രേലിയന്‍ താരമായിരുന്നു എതിരാളി. സീഡില്ലാത്ത താരമായിരുന്നു മാര്‍ക്ക്. പക്ഷേ എല്ലാവരേയും ഞെട്ടിച്ചുകൊണ്ടാണ് മാര്‍ക്ക് പുല്‍ക്കോര്‍ട്ടിലെ അവസാനമത്സരം വരെ എത്തിയത്. നാലാം റൗണ്ടില്‍ കോര്‍ട്ടിലെ അതികായന്‍ സാക്ഷാല്‍ ആന്ദ്രെ അഗാസ്സിയെയാണ് അട്ടിമറിച്ചത്. അങ്ങനെയൊരാള്‍ക്ക് ഫെഡററിനേയും എളുപ്പത്തില്‍ പരാജയപ്പെടുത്താനാകുമല്ലോ.

വിംബിള്‍ഡണിലെ പുല്‍മൈതാനത്ത് ആരാണ് ചരിത്രം കുറിക്കുകയെന്ന് അറിയാന്‍ കായികപ്രേമികളൊന്നടങ്കം കാത്തിരുന്നു. അതിന് മുന്നേ ഗ്ലാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളുടെ ക്വാര്‍ട്ടറിനപ്പുറം കടക്കാത്ത താരമായിരുന്ന ഫെഡറര്‍. അന്നയാള്‍ വിംബിള്‍ഡണിലെ സെന്റര്‍ കോര്‍ട്ടില്‍ ചരിത്രം കുറിച്ചു. പതിവുകളൊന്നും തെറ്റിക്കാതെ നേരിട്ടുളള സെറ്റുകള്‍ക്ക് തന്നെ വിജയിച്ചു. ഫെഡററിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം. ടൂര്‍ണമെന്റിലാകെ ഒരു സെറ്റ് മാത്രം നഷ്ടപ്പെടുത്തിക്കൊണ്ടാണ് ഫെഡറര്‍ കിരീടം നേടിയത്. ഇതിന് മുന്നേ റിച്ചാര്‍ഡ് ക്രാജിസെക്കാണ് ഒരു സെറ്റ് മാത്രം നഷ്ടപ്പെടുത്തി വിംബിള്‍ഡണ്‍ നേടിയത്. 1996-ലായിരുന്നു അത്.

സെന്റര്‍കോര്‍ട്ടിലെ പച്ചപ്പുല്‍മൈതാനത്ത് ആ 21-കാരന്‍ നിറപുഞ്ചിരിയോടെ നിന്നു. അത്രമേല്‍ ആനന്ദത്തോടെ ആ സ്വര്‍ണക്കിരീടത്തെ ചുംബിച്ചുകൊണ്ടേയിരുന്നു. പിന്നീടങ്ങോട്ട് ഫെഡററിന്റെ ജൈത്രയാത്രയായിരുന്നു വിംബിള്‍ഡണില്‍. ഫൈനലിലെ എതിരാളികള്‍ക്ക് മാത്രമായിരുന്നു മാറ്റം. 2004-ലും 2005-ലും ആന്‍ഡി റോഡിക്കായിരുന്നു എതിരാളി. പിന്നീടുളള രണ്ട് വര്‍ഷങ്ങളില്‍ റാഫേല്‍ നദാലും. വിജയം ഒരേ ഒരാള്‍ക്ക് മാത്രം.

2008-ലും വിബിംള്‍ഡണിലെ കലാശപ്പോരാട്ടത്തില്‍ മാറ്റമുണ്ടായിരുന്നില്ല. റാഫേല്‍ നദാല്‍ തന്നെയായിരുന്നു എതിരാളി. തുടര്‍ച്ചയായ ആറാം കിരീടം ലക്ഷ്യമിട്ടാണ് ഫെഡറര്‍ കളിക്കാനിറങ്ങിയത്. പച്ചപ്പുല്‍കോര്‍ട്ടിന്റെ ചരിത്രപുസ്തകത്തില്‍ അപ്പോഴേക്കും റോജര്‍ ഫെഡറര്‍ എന്ന പേര് രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. അയാളുടെ സര്‍വുകളിലും ഡ്രോപ്പ് ഷോട്ടുകളിലുമെല്ലാം ലോകം മതിമറന്ന നിമിഷങ്ങള്‍. സകലമാന റെക്കോഡുകളും ഫെഡറര്‍ തകര്‍ത്തെറിയുമെന്ന് കായികലോകം ആശങ്കകളേതുമില്ലാതെ ഉറപ്പിച്ചു.

തുടര്‍ച്ചയായ മൂന്നാം തവണയും റോജര്‍ ഫെഡററും റാഫേല്‍ നദാലും വിംബിള്‍ഡണിലെ സെന്റര്‍കോര്‍ട്ടില്‍ കിരീടത്തിനായി റാക്കറ്റേന്തുമ്പോള്‍ ആരാധകര്‍ ആവേശക്കൊടുമുടിയിലേക്ക് വലിച്ചെറിയപ്പെട്ടു. എല്ലാവരും സാധ്യത കല്‍പ്പിച്ചത് ഫെഡററിനു തന്നെയാണ്. പച്ചപ്പുല്‍ക്കോര്‍ട്ടിലെ ആ അത്ഭുതയാത്രക്ക് തടയിടാന്‍ കഴിയണമെങ്കില്‍ അവിടെ മറ്റൊരു അതികായന്‍ പിറവിയെടുത്തിരിക്കണം.

കളിമണ്‍കോര്‍ട്ടില്‍ അപരാജിത കുതിപ്പ് നടത്തിക്കൊണ്ട് നില്‍ക്കുകയാണ് നദാല്‍. പക്ഷേ തുടര്‍ച്ചയായ രണ്ട് വട്ടവും പച്ചപ്പുല്‍കോര്‍ട്ടില്‍ അദ്ദേഹത്തിന് പിഴച്ചു. 2005-മുതല്‍ 2008-വരെ ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടിയാണ് കളിമണ്‍ കോര്‍ട്ടിലെ യാത്ര തുടങ്ങുന്നത്. അവിടെ വിജയിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് വിംബിള്‍ഡണിലെത്തുന്നത്. ഇവിടെയും വിജയിക്കാനായാല്‍ ചരിത്രമാകും. അത് പക്ഷേ അത്ര എളുപ്പമല്ല.

2008-ജൂലായ്‌ ആറിന് വിംബിള്‍ഡണ്‍ ഫൈനലിനായി മൈതാനമൊരുങ്ങിക്കഴിഞ്ഞു. പച്ചപ്പുല്ലില്‍ വെള്ളയും വെളളയും നിറം ചാലിച്ച രണ്ട് താരകങ്ങള്‍. ലോകമൊന്നടങ്കം ആ പോരാട്ടത്തിനായി ഇമചിമ്മാതെ കാത്തിരുന്നു. ഗാലറികളിലെ നിലയ്ക്കാത്ത ആരവങ്ങള്‍ക്കിടയിലൂടെ അവര്‍ റാക്കറ്റേന്തിത്തുടങ്ങി. ആദ്യ സെറ്റുകളില്‍ തന്നെ നദാല്‍ മികച്ച പ്രകടനം പുറത്തെടുത്തു. 6-4 എന്ന സ്‌കോറിന് ആദ്യ രണ്ട് സെറ്റും നദാല്‍ സ്വന്തമാക്കി. അനായാസം കിരീടത്തിലേക്കടുത്തുകൊണ്ടിരുന്നു. പക്ഷേ ഫെഡറര്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ആവേശപ്പോരാട്ടത്തിനൊടുക്കം മൂന്നാം സെറ്റ് 6-6 എന്ന സ്‌കോറിലായി. മത്സരം ടൈ-ബ്രേക്കറിലേക്ക് നീണ്ടു. അവിടെ 5-7 ന് മുന്നേറി ഫെഡറര്‍ മൂന്നാം സെറ്റ് കരസ്ഥമാക്കി. ആവര്‍ത്തനമെന്നപോലെ നാലാം സെറ്റും ടൈ-ബ്രേക്കറിലേക്ക് നീണ്ടു. അവിടെയും വിജയിച്ച് നാലാം സെറ്റും ഫെഡറര്‍ തന്നെ നേടി. രണ്ട് താരങ്ങളും രണ്ട് സെറ്റ് വീതം നേടിയതോടെ വിജയിയെ നിര്‍ണയിക്കാന്‍ അഞ്ചാം സെറ്റ് പോരാട്ടം.

ആകാംക്ഷയോടെ കായികപ്രേമികളൊന്നടങ്കം അഞ്ചാം സെറ്റിലേക്ക് കണ്ണും നട്ടിരുന്നു. പരാജയം വിട്ടുകൊടുക്കാന്‍ സമ്മതിക്കാത്ത പോരാളികളെപ്പോലെ ഇരുവരും മൈതാനത്ത് പോരാടിക്കൊണ്ടേയിരുന്നു. സ്വാഭാവകമായി കളി പര്യവസാനിക്കുന്ന ആദ്യത്തെ പന്ത്രണ്ട് ഗെയിമുകള്‍ക്കപ്പുറവും വിജയിയെ നിര്‍ണയിക്കാനാവാതെ വന്നു. ഇഞ്ചോടിഞ്ച് പോരാട്ടം. 5-5, 6-6,7-7,എന്നിങ്ങനെ പോരാട്ടം അതിന്റെ പാരമ്യത്തിലേക്ക് കുതിച്ചു. അപ്പോഴും വിജയിയെ നിര്‍ണയിക്കാനാവാതെ വന്നു. അവര്‍ പോരാടിക്കൊണ്ടേയിരിക്കുന്നു. കാണികള്‍ അപ്രസക്തമായതുപോലെ തോന്നി. തൂവെളള നിറം ചാലിച്ചുവെച്ച മാലാഖമാരെപ്പോലെ അവിടെ അവര്‍ മാത്രം. അവരുടെ ലോകത്ത് മറ്റാര്‍ക്കാണ് പ്രസക്തിയെന്ന് ഒരു നിമിഷം അവിടെ കൂടിയവര്‍ ആശ്ചര്യപ്പെട്ടുകാണണം. അതിന് മുമ്പ് ലോകം അങ്ങനെയൊരു പോരാട്ടം കണ്ടിട്ടില്ലല്ലോ.

അഞ്ചാം സെറ്റിലെ 7-7 എന്ന സ്‌കോറിന് ശേഷം മത്സരത്തിന്റെ ഗതി മാറി. കടുത്ത പോരാട്ടത്തില്‍ ഫെഡററിന്റെ സര്‍വ് ബ്രേക്ക് ചെയ്ത് നദാല്‍ ലീഡ് നേടി. നാല് മണിക്കൂറും നാല്‍പ്പെത്തിയെട്ടുമണിക്കൂറിനൊടുക്കം റഫാല്‍ നദാല്‍ മൈതാനത്ത് കണ്ണുപ്പൊത്തിക്കിടന്നു. അപ്പോഴേക്കും അവിടെ ചരിത്രം പിറവിയെടുത്തിരിന്നു. നദാല്‍ തന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടു. നിറഞ്ഞ കണ്ണുകളോടെ ഗാലറി മുഴുവന്‍ കയ്യടിച്ചു. ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരം കാണാനായതിന്റെ ചാരിതാര്‍ഥ്യത്തില്‍ കളിയാരാധകര്‍ മുഴുവന്‍ തിരിഞ്ഞുനടന്നു. ആ ചരിത്രമത്സരം പിറന്നിട്ട് ഇന്ന് 14 വര്‍ഷം തികയുന്നു.

സാംപ്രസിനെ ഞെട്ടിച്ച ആ 19-കാരന്‍ പയ്യന്‍ അയാളുടെ റെക്കോഡും തകര്‍ത്ത് ഇന്നൊരു ഇതിഹാസമാണ്. ഏറ്റവും കൂടുതല്‍ വിംബിള്‍ഡണ്‍ കിരീടവും ഫെഡറര്‍ തന്റെ പേരിനൊപ്പം ചേര്‍ത്തുവെച്ചിരിക്കുന്നു. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന റെക്കോഡ് നദാലും സ്വന്തമാക്കിക്കഴിഞ്ഞു. കളിമണ്‍കോര്‍ട്ടിലെ രാജകുമാരന്‍ എന്ന വിശേഷണവും. പതിറ്റാണ്ടിനിപ്പുറം പച്ചപ്പുല്‍ക്കോര്‍ട്ടില്‍ പോരാടുമ്പോള്‍ കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാം എന്ന നേട്ടമാണ് നദാലിന് മുന്നിലുളളത്. അയാള്‍ക്കതും സാധ്യമാകുമെന്നുറപ്പാണ്. അയാള്‍ക്ക് കീഴടക്കാനാകാത്ത ഏത് ആകാശമാണ് ഈ ഭൂഗോളത്തിലുളളത്...

Content Highlights: On this day: July 6, 2008 - Nadal ends Federer's Wimbledon run

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


11:48

ആളില്ലാക്കപ്പലും ഫ്ലോട്ടിം​ഗ് പാലവും- ഋഷിയുടെ കണ്ടുപിടുത്തങ്ങൾ മാസ്സാണ്

Aug 11, 2022

Most Commented