'അയാള്‍ സച്ചിന്റെ റെക്കോഡുകളെല്ലാം ഭേദിക്കും', വിരാട് കോലിയെന്ന യങ് ഡാഷിങ് ക്രിക്കറ്റര്‍, ബാറ്റിങ് മികവ് കൊണ്ട് ക്രിക്കറ്റ് മൈതാനങ്ങളെ ഒന്നാകെ തന്നിലേക്ക് ആവാഹിച്ചിരുന്ന കാലത്ത് അയാളെ കുറിച്ച് ആളുകള്‍ പറഞ്ഞുതുടങ്ങിയ കാര്യമായിരുന്നു ഇത്. അണ്ടര്‍ 19 കാലം മുതല്‍ തന്നെ ക്രിക്കറ്റ് ലോകത്തിന്റെ റഡാറില്‍ ഈ ഡല്‍ഹിക്കാരമുണ്ടായിരുന്നു. സച്ചിന്‍ കളമൊഴിഞ്ഞാല്‍ പിന്നീടാര് എന്ന ചോദ്യത്തിന് ടീം ഇന്ത്യയ്ക്കുണ്ടായിരുന്ന ഉത്തരമായിരുന്നു കോലി.

2008 ഓഗസ്റ്റ് 18-ന് ദാംബുളളയില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു കോലി ആദ്യമായി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്. അന്നുമുതല്‍ പിന്നീടുള്ള ഒരു പതിറ്റാണ്ട് ക്രിക്കറ്റ് മൈതാനങ്ങളില്‍ കോലിയുടെ തേരോട്ടമായിരുന്നു. ആ റണ്‍വേട്ടയില്‍ പിന്നിലായിപ്പോയത് സച്ചിന്‍ മാത്രമായിരുന്നില്ല, ഗാംഗുലി, ദ്രാവിഡ്, റിക്കി പോണ്ടിങ് തുടങ്ങിയവരും കൂടിയായിരുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലായിടത്തും വിരാട് കോലിയെന്ന ആ പേര് മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു.

സീനിയര്‍ ടീമിലെത്തിയ ആദ്യ കാലത്ത് അക്രമണോത്സുകതയും താന്‍പോരിമയും കൊണ്ട് വിവാദങ്ങളും സൃഷ്ടിച്ച കോലി പക്ഷേ പില്‍ക്കാലത്ത് ടീം ഇന്ത്യയുടെ കളിക്കളത്തിലെ സ്വഭാവം തന്നെ മാറ്റിമറിക്കാന്‍ പോന്നവനായി വളര്‍ന്നു. ധോനിക്ക് ശേഷം ടീമിന്റെ ക്യാപ്റ്റന്‍ പദവി കൂടി തന്നിലേക്കെത്തിയതോടെ ആക്രമണോത്സുകതയുടെ പുതിയ രൂപമാകുകയായിരുന്നു അയാള്‍. 

ബാറ്ററെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും അയാള്‍ റെക്കോഡുകള്‍ തിരുത്തിക്കൊണ്ടേയിരുന്നു. എന്നാല്‍ 2021 നവംബര്‍ 23 എന്ന ഇന്നത്തെ ദിവസം കോലിയെ സംബന്ധിച്ച് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത് ഈ റണ്‍വേട്ടയോ റെക്കോഡ് നേട്ടമോ ഒന്നുമല്ല. മറിച്ച് റണ്‍മെഷീനെന്ന് ആരാധകര്‍ പാടിപ്പുകഴ്ത്തിയ താരത്തിന്റെ സെഞ്ചുറി വരള്‍ച്ചയെ കുറിച്ചാണ്. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരാട് കോലിയെന്ന അതികായന്റെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പിറന്നിട്ട് ഇന്നേക്ക് കൃത്യം രണ്ടുവര്‍ഷം തികയുകയാണ്. 2019 നവംബര്‍ 23-ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരായ ഡേ നൈറ്റ് ടെസ്റ്റിലാണ് കോലിയുടെ ബാറ്റില്‍ നിന്ന് അവസാനമായി ഒരു സെഞ്ചുറി പിറന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ കോലിയുടെ 70-ാം സെഞ്ചുറിയായിരുന്നു ഇത്. 

on this day in 2019 virat kohli scores his last international century

അന്ന് 194 പന്തില്‍ നിന്ന് 136 റണ്‍സെടുത്ത ശേഷം പിന്നീട് ഇതുവരെ കോലിക്ക് കാണികളെ നോക്കി ഹെല്‍മറ്റ് അഴിച്ച് ബാറ്റുയര്‍ത്താനായിട്ടില്ല. 

അന്നത്തെ ആ ഇന്നിങ്‌സിനു ശേഷം ടെസ്റ്റില്‍ 12 മത്സരങ്ങളില്‍ 21 ഇന്നിങ്‌സുകളും ഏകദിനത്തില്‍ 15 മത്സരങ്ങളും ട്വന്റി 20യില്‍ 23 മത്സരങ്ങളും കോലി കളിച്ചു. എന്നാല്‍ ഇതുവരെ ഒരു സെഞ്ചുറി മാത്രം പിറന്നില്ല. 

2019 നവംബറിന് ശേഷം കളിച്ച 12 ടെസ്റ്റുകളില്‍ 21 ഇന്നിങ്‌സുകളില്‍ കോലി ബാറ്റ് ചെയ്തു. 28.15 ശരാശരിയില്‍ 563 റണ്‍സ് മാത്രമാണ് കോലിക്ക് ഇക്കാലയളവില്‍ നേടാനായത്. അഞ്ച് അര്‍ധ സെഞ്ചുറികള്‍ ഈ സമയം സ്വന്തമാക്കാനായെങ്കിലും അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരേ നേടിയ 74 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 

ഏകദിനത്തില്‍ കോലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പിറന്നിട്ട് രണ്ടു വര്‍ഷവും മൂന്നു മാസവുമായി. 2019 ഓഗസ്റ്റ് 14-ന് വെസ്റ്റിന്‍ഡീസിനെതിരേ പോര്‍ട്ട് ഓഫ് സ്‌പെയ്‌നിലാണ് കോലി അവസാനമായി ഏകദിന സെഞ്ചുറി നേടിയത്. 114 റണ്‍സായിരുന്നു ക്യാപ്റ്റന്റെ ബാറ്റില്‍ നിന്ന് അന്ന് പിറന്നത്. അതിനു ശേഷം 15 ഏകദിന മത്സരങ്ങള്‍ കോലി കളിച്ചു. ഇത്രയും മത്സരങ്ങളില്‍ നിന്ന് 43.26 ശരാശരിയില്‍ 649 റണ്‍സാണ് കോലി നേടിയത്. അഞ്ച് തവണ ഇക്കാലയളവില്‍ കോലി 50 കടന്നെങ്കിലും ഒന്ന് പോലും മൂന്നക്കത്തിലെത്തിയില്ല. 89 റണ്‍സാണ് ഇക്കാലയളവില്‍ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍. 

2018 കലണ്ടര്‍ വര്‍ഷത്തില്‍ 14 ഏകദിനങ്ങളില്‍ നിന്ന് ആറ് സെഞ്ചുറിയും 2017-ല്‍ 26 മത്സരങ്ങളില്‍ നിന്ന് ആറ് സെഞ്ചുറിയും 2016-ല്‍ 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ചുറിയും നേടിയ താരത്തില്‍ നിന്നാണ് ഇപ്പോള്‍ 27 മാസക്കാലമായി ഒരു ഏകദിന സെഞ്ചുറി പോലും ഇല്ലാതെ പോകുന്നത്. 

2019 നവംബറിന് ശേഷം ഇത്തവണത്തെ ട്വന്റി 20 ലോകകപ്പിലടക്കം 23 മത്സരങ്ങളില്‍ കോലി കളിച്ചു. 20 ഇന്നിങ്‌സുകളില്‍ ബാറ്റിങ്ങിനിറങ്ങി. 59.76 എന്ന മികച്ച ശരാശരിയില്‍ 777 റണ്‍സാണ് ഇക്കാലയളവില്‍ കോലി അടിച്ചുകൂട്ടിയത്. പക്ഷേ രാജ്യാന്തര ട്വന്റി 20-യില്‍ ഇതുവരെ മൂന്നക്കം കടക്കാന്‍ കോലിക്ക് സാധിച്ചിട്ടില്ല. 2019 ഡിസംബര്‍ ആറിന് വെസ്റ്റിന്‍ഡീസിനെതിരേ നേടിയ 94* റണ്‍സാണ് ട്വന്റി 20 കരിയറിലെ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍.

ക്യാപ്റ്റനെന്ന നിലയില്‍ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമടക്കം മികച്ച പ്രകടനം നടത്താന്‍ കോലിക്കായിരുന്നു. എന്നാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ടത് അദ്ദേഹത്തിന് ക്ഷീണമായി. ഇത്തവണത്തെ ട്വന്റി 20 ലോകകപ്പില്‍ കോലിക്ക് കീഴില്‍ നോക്കൗട്ടിലെത്താന്‍ കൂടി ഇന്ത്യന്‍ ടീമിന് സാധിച്ചില്ല. ലോകകപ്പിന് ശേഷം ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് താരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സൗരവ് ഗാംഗുലിക്ക് ശേഷം അടിക്ക് തിരിച്ചടിയെന്ന ക്രിക്കറ്റിലെ അഗ്രഷന്‍ ഫാക്ടര്‍ ഇന്ത്യന്‍ താരങ്ങളിലേക്ക് കുത്തിവെയ്ക്കപ്പെട്ടത് കോലി ആ സ്ഥാനത്തെത്തിയതോടെയാണ്. ലോര്‍ഡ്സിലെ ഗാലറിയില്‍ ജേഴ്സിയൂരി വീശാനും സ്ലെഡ്ജിങ്ങിന്റെ ആശാന്‍മാരായ ഓസീസ് താരങ്ങളെ അവരുടെ നാട്ടില്‍ പോലും നാവുകൊണ്ട് നേരിടാനും ഗാംഗുലിയെ വെല്ലുന്നൊരാള്‍ പിന്നീട് കോലി മാത്രമായിരുന്നു. ഇത്തരത്തില്‍ വിവിധ പരമ്പരകളില്‍ ടീമിനെ പ്രചോദിപ്പിച്ച് മികച്ച വിജയങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും ഐസിസി ടൂര്‍ണമെന്റുകളില്‍ കാലിടറുന്ന ക്യാപ്റ്റനെന്ന പഴി കോലി ഇപ്പോഴും പേറുകയാണ്. ഇതിന്റെ കൂടെയാണ് രണ്ടു വര്‍ഷത്തോളമായി ആ ബാറ്റില്‍ നിന്നും ഒരു സെഞ്ചുറി അകന്ന് നില്‍ക്കുന്നത്.

തന്റെ ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തുമ്പോള്‍ അവരേക്കാള്‍ ആവേശത്തില്‍ അത് ആഘോഷിക്കുന്ന ക്യാപ്റ്റന് അടുത്ത കാലത്തായി ആ ആവേശമില്ല. പ്രായം 33 പിന്നിട്ടിരിക്കുന്നു കോലിക്ക്. ട്വന്റി 20-ക്ക് പിന്നാലെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും കോലി ഒഴിയണമെന്ന മുറവിളികള്‍ ഉയര്‍ന്നു തുടങ്ങി. ഇതിനെല്ലാം ഒരു മറുപടിയായി കോലിക്ക് ഒരു സെഞ്ചുറി വേണം. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീമിലേക്ക് മടങ്ങിയെത്തുന്ന കോലിക്ക് അതിന് സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 

കണക്കുകള്‍ക്ക് കടപ്പാട്: ഇന്ത്യന്‍ എക്സ്പ്രസ്.

Content Highlights: on this day in 2019 virat kohli scores his last international century