Photo : Getty Images
2014 എപ്രില്‍ 27, അന്ന് ലിവര്‍പൂളിലെ ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ചെല്‍സിയെ നേരിടുകയാണ് ലിവര്‍പൂള്‍. സ്റ്റേഡിയത്തിലെങ്ങും ലിവര്‍പൂള്‍ ആരാധകരുടെ ആരവങ്ങളലയടിച്ചുകൊണ്ടേയിരിക്കുകയാണ്. നിറയെ കൊടിതോരണങ്ങളും ചുവന്ന ജേഴ്സികളും. ആന്‍ഫീല്‍ഡ് അക്ഷരാര്‍ത്ഥത്തില്‍ ചെങ്കോട്ടയായി മാറി. കാരണം അവര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്കുളള സ്വപ്നയാത്രയുടെ അവസാനഘട്ടത്തിലാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പവസാനിക്കാന്‍ വെറും മൂന്ന് മത്സരങ്ങളുടെ ദൈര്‍ഘ്യം മാത്രം. ആദ്യമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടാന്‍ പോകുന്നതിന്റെ ആവേശത്തില്‍ ആന്‍ഫീല്‍ഡ് ചുവന്നു തുടുത്തു.
35 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലിവര്‍പൂള്‍ 80 പോയന്റോടെ പട്ടികയില്‍ ഒന്നാമത് നില്ക്കുന്നു. രണ്ടാം സ്ഥാനത്തുളള ചെല്‍സിക്ക് 35 മത്സരങ്ങളില്‍ നിന്നായി 75 പോയന്റാണുളളത്. ഒരു മത്സരം കുറച്ച് കളിച്ച മാഞ്ചസ്റ്റര്‍ സിറ്റി 74 പോയന്റോടെ പട്ടികയില്‍ മൂന്നാമതാണ്. ഇനിയുളള കളികളെല്ലാം നിര്‍ണായകമായ ഘട്ടം. ബാക്കിയുളള മൂന്ന് മത്സരങ്ങളില്‍ നിന്നായി ഏഴ് പോയന്റ് നേടിയാല്‍ ലിവര്‍പൂളിന് ചാമ്പ്യന്മാരാകാം. ചെല്സിക്കുശേഷം ക്രിസ്റ്റല്‍ പാലസ്, ന്യൂകാസില്‍ യുണൈറ്റഡ് ടീമുകള്‍ക്കെതിരേയാണ് കളികള്‍. അവര്‍ താരതമ്യേന ദുര്‍ബലരാണ്. വെല്ലുവിളിയുയര്ത്തില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ആരാധകര്‍. രണ്ടാം സ്ഥാനത്തുളള ചെല്‍സിക്കെതിരേ സമനില നേടിയാല്‍ പോലും ചെമ്പടക്ക് ആശ്വാസമാണ്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അപരാജിതരായ 16 മത്സരങ്ങള്‍ക്ക് ശേഷമാണ് ലിവര്‍പൂള്‍ ചെല്‍സിയുമായി ഏറ്റുമുട്ടുന്നത്. ചെല്‍സിക്കെതിരേ മികച്ച ഇലവനെയാണ് പരിശീലകന് ബ്രണ്ടന്‍ റോജേഴ്സ് കളത്തിലിറക്കിയത്. റഹീം സ്റ്റെര്‍ലിംഗ്, ഫിലിപ്പെ കുട്ടീഞ്ഞോ, ലൂയിസ് സുവാരസ് എന്നിവരടങ്ങുന്ന മുന്നേറ്റനിരയും ഒപ്പം ക്യപ്റ്റന്റെ ആം ബാന്‍ഡണിഞ്ഞ് സ്റ്റീവന്‍ ജെറാര്‍ഡും. മറുവശത്ത് മൗറിഞ്ഞോയുടെ നീലപ്പട ലീഗില്‍ സണ്ടര്ലാന്ഡിനോടേറ്റ അപ്രതീക്ഷിത തോല്‍വിക്കു ശേഷമാണ് ആന്‍ഫീല്‍ഡില്‍ കളിക്കാനിറങ്ങുന്നത്. എങ്കിലും പട്ടികയില്‍ ഒന്നാം സ്ഥാനത്തുളള ലിവര്‍പൂളുമായി ജയിക്കാനായാല്‍ കിരീടപ്രതീക്ഷ സജീവമാക്കാം.

ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞുനിന്ന മത്സരം തുടക്കം മുതല്‍ തന്നെ ആവേശഭരിതമായിരുന്നു. അതിവേഗ ഫുട്ബോളിന്റെ എല്ലാ സൗന്ദര്യവും മൈതാനത്ത് പ്രകടമായിരുന്നെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞുനിന്നു. ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിക്കാന്‍ പോകുകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈം അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രമാണ് ബാക്കി. ലിവര്‍പൂള്‍ താരങ്ങള്‍ ആക്രമിക്കാനായി മുന്നോട്ടേക്ക് കുതിച്ചു. അതിനിടയിലാണ് ഫുട്ബോള്‍ലോകം ആ കാഴ്ച കാണുന്നത്. മധ്യവരയ്ക്കടുത്ത് വച്ച് ലിവര്‍പൂള്‍ പ്രതിരോധനിരക്കാരന്‍ സാക്കൊ മൈതാനമധ്യത്ത് നില്ക്കുന്ന ജെറാര്‍ഡിന് പന്ത് നല്കുന്നു. വളരെ ദുര്‍ബലമായ പാസ്. പക്ഷേ ജെറാര്‍ഡിന് പന്ത് നിയന്തിക്കാനായില്ല. ഓടിയെത്തിയ ചെല്‍സി മുന്നേറ്റനിരക്കാരന് ഡെമ്പ ബാ പന്ത് കൈക്കലാക്കുന്നതും പിറകില്‍ ജെറാര്‍ഡ് സ്ലിപ്പായി വീഴുന്നതും സെക്കന്റുകള്‍ക്കുളളിലാണ് സംഭവിച്ചത്. മുന്നോട്ടേക്ക് കുതിച്ച താരം അനായാസം പന്ത് വലയിലാക്കി. മുട്ടുകുത്തി മൈതാനത്തെ ചുംബിച്ചുകൊണ്ട് ഡെമ്പ ബാ ഗോള്‍ നേട്ടം ആഘോഷിച്ചു. സഹതാരങ്ങള്‍ അദ്ദേഹത്തെ വാരിപ്പുണര്‍ന്നു. പന്ത് കയ്യിലെടുത്ത് ജെറാര്‍ഡ് മൈതാനമധ്യത്തേക്ക് നടക്കുമ്പോള്‍ ആന്‍ഫീല്‍ഡ് നിശബ്ദമായിരുന്നു.

രണ്ടാം പകുതിയില്‍ സമനില പിടിക്കാന്‍ ശക്തമായ ആക്രമണമാണ് ലിവര്‍പൂള്‍ നടത്തിയത്. ഡാനിയല്‍ സ്റ്റുറിഡ്ജിനെ കളത്തിലിറക്കി ലിവര്‍പൂള്‍ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. പക്ഷേ മൗറിഞ്ഞോ ഒരുക്കിനിര്‍ത്തിയ പ്രതിരോധകോട്ട ശക്തമായിരുന്നു. അവിടെ ലിവര്‍പൂളിന്റെ കിരീടമോഹങ്ങള്‍ക്ക് കൂടിയാണ് തിരിച്ചടിയേറ്റ് തുടങ്ങിയത്. പകരക്കാരനായിറങ്ങിയ വില്ല്യന് ഇഞ്ച്വറി ടൈമിന്റെ അവസാന മിനിറ്റില്‍ ചെല്‍സിയുടെ രണ്ടാം ഗോള്‍ കൂടി നേടിയതോടെ ചെമ്പടയുടെ പതനം സമ്പൂര്‍ണമായി.
കളിയവസാനിച്ചതായി പ്രഖ്യാപിച്ച് റഫറി വിസില്‍ മുഴക്കുമ്പോള്‍ ദുരന്തനായകന്റെ പരിവേഷത്തോടെ ജെറാര്‍ഡ് തലതാഴ്ത്തി നിന്നു. ചെറുപുഞ്ചിരിയോടെ ഡെമ്പ ബാ ക്യാമറക്കുനേരെ കൈവീശിക്കാണിച്ചു. കമന്ററി ബോക്സില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെന്ന പേര് പല തവണ മുഴങ്ങി. തങ്ങളുടെ പ്രീമിയര്‍ ലീഗ് സ്വപ്നങ്ങള്‍ക്ക് മങ്ങലേറ്റു തുടങ്ങിയെന്ന യാഥാര്‍ഥ്യത്തെ ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനാവുമായിരുന്നില്ല. എങ്കിലും ആന്‍ഫീല്‍ഡിലെ ആന്റിക്ലൈമാക്സിനൊടുക്കം നിരാശനായി ജെറാര്‍ഡ് തിരിഞ്ഞുനടക്കുമ്പോള്‍ അവര്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു, 'യു വില്‍ നെവര്‍ വാക്ക് എലോണ്‍'.

സ്വപ്നങ്ങള്‍ തകര്‍ത്ത 'ക്രിസ്റ്റാന്ബുള്' ക്ലാസിക്
ലിവര്‍പൂള്‍ ചെല്‍സിയോട് തോറ്റപ്പോള്‍ ക്രിസ്റ്റല്‍ പാലസിനെ കീഴടക്കി മാഞ്ചസ്റ്റര്‍ സിറ്റി കിരീടത്തിലേക്കുളള പോരാട്ടം ശക്തമാക്കി. 35 മത്സരങ്ങളില്‍ നിന്നായി 77 പോയന്റാണ് സിറ്റിക്കുളളത്. 36 മത്സരങ്ങളില്‍ നിന്ന് 80 പോയന്റുമായി ജെറാര്‍ഡും സംഘവും പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടര്‍ന്നു.
അടുത്ത മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസായിരുന്നു ലിവര്‍പൂളിന്റെ എതിരാളികള്‍. സെല്‍ഹസ്റ്റ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 78-ാം മിനിറ്റ് വരെ മൂന്ന് ഗോളുകള്‍ക്ക് മുന്നിലായിരുന്നു ചെമ്പട. പക്ഷേ ക്രിസ്റ്റല്‍ പാലസിന്റെ അവിശ്വസനീയമായ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. പകരക്കാരനായി വന്ന ഡൈ്വറ്റ് ഗെയിലിന്റെ ഇരട്ടഗോളുള്പ്പെടെ മൂന്ന് ഗോളുകള്‍ അടിച്ചുകയറ്റി പാലസ് കളി സമനിലയിലാക്കി. സെല്‍ഹസ്റ്റ് പാര്‍ക്ക് സ്റ്റേഡിയം ആവേശത്തിലാറാടി. ജെറാര്‍ഡും സംഘവും കണ്ണീരോടെ മടങ്ങി.
മൂന്ന് ഗോളിന് പിന്നിലായതിന് ശേഷം ശക്തമായി തിരിച്ചുവന്ന 2005-ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ലിവര്‍പൂള്‍ ആരാധകര്‍ ഒരു തവണയെങ്കിലും ഓര്‍ത്തിട്ടുണ്ടാകണം. അത് അവര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഇസ്താന്ബുളളിലെ അത്ഭുത രാത്രിയായിരുന്നെങ്കില്‍ ഇവിടെ അവരുടെ സ്വപ്നങ്ങള്‍ ചിന്നിച്ചിതറിയ ''ക്രിസ്റ്റാന്ബുള്' ക്ലാസിക്കാണ് പിറന്നത്.

എവര്ട്ടണ്, ആസ്റ്റണ്‍ വില്ല ടീമുകള്‍ക്കെതിരേ ജയം സ്വന്തമാക്കിക്കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി പോയന്റ് പട്ടികയില്‍ തലപ്പത്തെത്തി. നോര്‍വിച്ച് സിറ്റിക്കെതിരേ ഗോള്‍രഹിത സമനില വഴങ്ങിയ ചെല്‍സി മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. 37 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ സിറ്റിക്ക് 83 പോയന്റും ലിവര്‍പൂളിന് 81 പോയന്റുമാണ് ഉണ്ടായിരുന്നത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വെസ്റ്റ് ഹാം യുണൈറ്റഡും ലിവര്‍പൂളിന് ന്യൂകാസില്‍ യുണൈറ്റഡുമായിരുന്നു എതിരാളികള്‍. സമനിലയെങ്കിലും നേടിയാല്‍ സിറ്റിക്ക് കിരീടമുയര്‍ത്താം. ലിവര്‍പൂളിനാകട്ടെ ജയിച്ചാല്‍ മാത്രം പോര, സിറ്റി തോല്‍ക്കുകയും വേണം.
ഇരു മത്സരങ്ങളും ഒരേ സമയമാണ് നടന്നത്. എത്തിഹാദില്‍ വച്ച് നടന്ന മത്സരത്തില്‍ വെസ്റ്റ് ഹാമിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടു. എത്തിഹാദ് നീലക്കടലായി മാറി. ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചെങ്കിലും ജെറാര്‍ഡിനും സംഘത്തിനും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിനായുളള ലിവര്‍പൂള്‍ ആരാധകരുടെ കാത്തിരിപ്പിന് വീണ്ടും ദൈര്‍ഘ്യമേറി.
'ഇത്തവണ ഇത് സ്ലിപ്പാകില്ല'' - ജെറാര്‍ഡിന്റെ തിരിഞ്ഞുകുത്തിയ വാക്കുകള്‍
ജെറാര്‍ഡിന്റെ സ്ലിപ്പും ലിവര്‍പൂളിന്റെ പരാജയവും കണ്ട ചെല്സിയുമായുളള മത്സരത്തിന് രണ്ടാഴ്ച മുമ്പ് നടന്ന പ്രീമിയര്‍ ലീഗ് മത്സരം. ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായി ഏറ്റുമുട്ടുന്നു. കിരീടപ്പോരാട്ടത്തില്‍ അതിനിര്‍ണായകമായ മത്സരം.
ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ നേടി ലിവര്‍പൂള്‍ കത്തിക്കയറി. പക്ഷേ സിറ്റി കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. അവര്‍ തിരിച്ചടിച്ചു. സ്കോര്‍ബോര്‍ഡില്‍ 2-2. 78-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റി ക്യാപ്റ്റന്‍ വിന്‍സന്റ് കോംപനിയുടെ ക്ലിയറന്‍സ് പിഴവ് മുതലെടുത്ത് കുട്ടിഞ്ഞോ ലിവര്‍പൂളിനായി ലക്ഷ്യം കണ്ടു. ആന്‍ഫീല്‍ഡ് പൊട്ടിത്തെറിച്ചു. ജയത്തോടെ ലിവര്‍പൂള്‍ കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തു.

കളിക്കുശേഷം ലിവര്‍പൂള്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡിനെ സഹതാരങ്ങള്‍ വാരിപ്പുണര്‍ന്നു. ആനന്ദാശ്രു തുളുമ്പി നിന്ന കണ്ണുകളുമായി അവരെ ചേര്‍ത്തുപിടിച്ച് കൊണ്ട് അയാള്‍ ആവേശത്തോടെ പറഞ്ഞു- 'ഇത്തവണ ഇത് (കിരീടം) സ്ലിപ്പാകില്ല. ഇത്തവണ ഇത് സ്ലിപ്പാകില്ല. ഞങ്ങള്‍ ഇങ്ങനെ തന്നെ മുന്നോട്ട് പോകും.' വാക്കുകള്‍ പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുന്നേ ചുറ്റും കൂടിയവര്‍ അലറിവിളിച്ചു. ആഹ്ലാദാരവങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.
ഇത്തവണ കിരീടം നേടുമെന്ന് ആരാധകര്‍ ഉറച്ചു വിശ്വസിച്ചു. അടുത്ത മത്സരത്തില്‍ നോര്‍വിച്ച് സിറ്റിയേയും ലിവര്‍പൂള്‍ തോല്‍പ്പിച്ചു. ശേഷമാണ് ചെല്‍സിയുമായി ഏറ്റുമുട്ടുന്നത്. ഇത്തവണ സ്ലിപ്പാകില്ലെന്ന് പറഞ്ഞ അതേ ജെറാര്‍ഡ് തന്നെ മൈതാനത്ത് സ്ലിപ്പായി വീണു. പിന്നാലെ പ്രീമിയര്‍ ലീഗ് കിരീടവും സ്ലിപ്പായി. മാഞ്ചസ്റ്റര്‍ സിറ്റി കിരീടത്തില്‍ മുത്തമിട്ടു.

മൈതാനത്തെ ആ സ്ലിപ്പിന് ഇന്ന് 8 വര്‍ഷം തികയുകയാണ്. ഇന്നും വേദനയോടെയല്ലാതെ ആ രാത്രിയെ ഓര്‍ക്കാന്‍ ജെറാര്ഡിനാകില്ല. അന്ന് സ്ലിപ്പായിരുന്നില്ലെങ്കില് ആ മത്സരത്തിന്റെ ഫലം എന്തായിരിക്കുമെന്നതിനെക്കുറിച്ചും ജെറാര്‍ഡ് ചിന്തിച്ച് കാണണം. ആ സ്ലിപ്പിലാണ് ലിവര്‍പൂളിന് കിരീടം നഷ്ടമായതെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടമില്ലാതെ അയാള്‍ക്ക് കരിയര്‍ അവസാനിപ്പിക്കേണ്ടിയും വന്നു. ജെറാര്‍ഡിന്റെ പിഴവ് മുതലാക്കി ഗോള്‍ നേടിയ ഡെമ്പ ബാ അന്ന് പറഞ്ഞതു പോലെ- 'ജെറാര്‍ഡ് ഫുട്ബോള്‍ ലോകത്തിന് നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. പക്ഷേ ഇത് ജീവിതമാണ്. എല്ലാ കഥകളും ശുഭമായി പര്യവസാനിക്കില്ലല്ലോ.'
Content Highlights: On this day in 2014, Steven Gerrard slipped against Chelsea
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..