'വാണ്ടറേഴ്‌സ് വണ്ടര്‍'; ധോനിയുടെയും സംഘത്തിന്റെയും കിരീടവിജയത്തിന് 15 വയസ്


അഭിനാഥ് തിരുവലത്ത്

2007 സെപ്റ്റംബര്‍ 24-ന് ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ചിരവൈരികളായ പാകിസ്താനില്‍ നിന്ന് ഇന്ത്യ കിരീടം പിടിച്ചെടുക്കുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോനി യുഗത്തിന്റെ തുടക്കവും ആ കിരീടവിജയത്തില്‍ നിന്നായിരുന്നു

Photo: Getty Images

ന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു സുപ്രധാന വര്‍ഷമാണ് 2007. ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു വലിയ നഷ്ടവും വലിയ നേട്ടവും കണ്ട വര്‍ഷമായിരുന്നു അത്. വെസ്റ്റിന്‍ഡീസില്‍ നടന്ന 2007-ലെ ഏകദിന ലോകകപ്പിലെ മോശം പ്രകടനമായിരുന്നു എല്ലാവരും മറക്കാനാഗ്രഹിക്കുന്ന ആ നഷ്ടം. എന്നാല്‍ അതേവര്‍ഷം തന്നെ പ്രഥമ ട്വന്റി 20 ലോകകപ്പ് കിരീടം നേടി എം.എസ്. ധോനിയെന്ന പുതുമുഖ ക്യാപ്റ്റനും സംഘവും ആ വര്‍ഷത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ അടയാളപ്പെടുത്തുകയും ചെയ്തു.

2007-ലെ ആ ഏകദിന ലോകകപ്പിലെ ടീമിന്റെ നിരാശാജനകമായ പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്നെ വലിയൊരു മാറ്റത്തിനാണ് വഴിമരുന്നിട്ടത്. തുടര്‍ന്ന് നടന്ന പ്രഥമ ട്വന്റി 20 ലോകകപ്പില്‍ പുതിയ മുഖങ്ങള്‍ നിറഞ്ഞ ടീമിനെ അയക്കാന്‍ അത് മാനേജ്മെന്റിനെ നിര്‍ബന്ധിതരാക്കി.സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി, കുംബ്ലെ തുടങ്ങിയ പ്രമുഖരെല്ലാം വിട്ടുനിന്നപ്പോള്‍ ആ ടീമില്‍ നിന്ന് ആരാധകര്‍ കാര്യമായൊന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നതായിരുന്നു യാഥാര്‍ഥ്യം. പ്രതീക്ഷകളുടെ ഭാരമൊന്നുമില്ലാതെ ദക്ഷിണാഫ്രിക്കയിലേക്ക് വിമാനം കയറിയ ധോനിക്കും സംഘത്തിനും അതുകൊണ്ടു തന്നെ സമ്മര്‍ദമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ധോനിയെന്ന നീളന്‍മുടിക്കാരന്റെ ടീം കിരീടവുമായാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയത്. ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ച പോരാട്ടവീര്യത്തിലൂടെ ഇന്ത്യന്‍ യുവനിര പ്രഥമ ട്വന്റി 20 ലോകകപ്പ് കിരീടമുയര്‍ത്തിയിട്ട് സെപ്റ്റംബര്‍ 24-ന് 15 വര്‍ഷം തികയുകയാണ്.

ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തിലെ യുവരാജ് സിങ്ങിന്റെ സിക്സര്‍ മഴയും ഓസീസിനെ സെമിയില്‍ കെട്ടുകെട്ടിച്ച പ്രകടനവുമെല്ലാം പിന്നിട്ട് 2007 സെപ്റ്റംബര്‍ 24-ന് ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ചിരവൈരികളായ പാകിസ്താനില്‍ നിന്ന് ഇന്ത്യ കിരീടം പിടിച്ചെടുക്കുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോനി യുഗത്തിന്റെ തുടക്കവും ആ കിരീടവിജയത്തില്‍ നിന്നായിരുന്നു.

ഫൈനലില്‍ ടോസ് നേടിയ ധോനി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിര്‍ണായക മത്സരത്തില്‍ പരിക്കിനെ തുടര്‍ന്ന് വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. യൂസഫ് പത്താനായിരുന്നു പകരം ഓപ്പണറായത്. ലോകകപ്പിലെ യൂസഫിന്റെ ആദ്യമത്സരം കൂടിയായിരുന്നു അത്. മൂന്നാം ഓവറില്‍ തന്നെ യൂസഫിനെ മുഹമ്മദ് ആസിഫ് വീഴ്ത്തി. തുടര്‍ന്നെത്തിയ റോബിന്‍ ഉത്തപ്പയ്ക്കും കാര്യമായൊന്നും ചെയ്യാനായിരുന്നില്ല. എന്നാല്‍ ഗൗതം ഗംഭീര്‍ ഒരറ്റത്ത് പിടിച്ചുനിന്നു. യുവിയെ കൂട്ടുപിടിച്ച് ഗംഭീര്‍ ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തി. 14-ാം ഓവറില്‍ യുവിയേയും 16-ാം ഓവറില്‍ ധോനിയേയും പുറത്താക്കി ഉമര്‍ ഗുല്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ തുടര്‍ന്നെത്തിയ രോഹിത്തിനെ കൂട്ടുപിടിച്ച് ഗംഭീര്‍ ഇന്ത്യയെ മുന്നോട്ടുനയിച്ചു. 54 പന്തില്‍ രണ്ട് സിക്‌സും എട്ട് ഫോറുമടക്കം 75 റണ്‍സെടുത്ത ഗംഭീര്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ അഞ്ചിന് 130. വെറും 16 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത രോഹിത്തിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ അഞ്ചിന് 157 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ ആര്‍.പി. സിങ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ ചേര്‍ന്ന്‌ വിറപ്പിച്ചു. മുഹമ്മദ് ഹഫീസ്, കമ്രാന്‍ അക്മല്‍, ഷുഐബ് മാലിക്ക്, ഷാഹിദ് അഫ്രീദി എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ ഒരു ഘട്ടത്തില്‍ പാകിസ്താന്‍ ആറിന് 77 റണ്‍സെന്ന നിലയിലേക്ക് വീണിരുന്നു. തകര്‍ത്തടിച്ച ഇമ്രാന്‍ നസീറിനെ റണ്ണൗട്ടാക്കിയ ഉത്തപ്പയുടെ ത്രോ മത്സരത്തിലെ മറക്കാനാകാത്ത മുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ അവിടെ നിന്നും തോറ്റുകൊടുക്കാന്‍ തയ്യാറല്ലാതിരുന്ന മിസ്ബാഹ് ഉള്‍ ഹഖ് അവിശ്വസനീയമായി പാകിസ്താനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഹര്‍ഭജന്റെ ഒരു ഓവറില്‍ മിസ്ബായുടെ വക മൂന്നു സിക്സറുകള്‍. വാലറ്റക്കാരന്‍ സൊഹൈല്‍ തന്‍വീര്‍ അടുത്ത ഓവറില്‍ ശ്രീശാന്തിനെ രണ്ടു തവണയും അതിര്‍ത്തി കടത്തി.

അവസാന ഓവറില്‍ ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ 13 റണ്‍സായിരുന്നു പാകിസ്താന് വേണ്ടിയിരുന്നത്. ഭാജിക്ക് വീണ്ടുമൊരു ഓവര്‍ കൂടി നല്‍കാന്‍ മടിച്ച ധോനി ജൊഗീന്ദര്‍ ശര്‍മയെ പന്തേല്‍പ്പിച്ചു. രണ്ടാം പന്ത് മിസ്ബാഹ് സിക്സറിന് പറത്തിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ മങ്ങി. അവസാന ഓവറിലെ ആദ്യ രണ്ടുപന്തുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ മിസ്ബാഹ് ഉള്‍ ഹഖ് വിജയലക്ഷ്യം നാലുപന്തില്‍ നിന്ന് വെറും ആറ് റണ്‍സാക്കി കുറച്ചു. ലോകകപ്പിനും പാകിസ്താനും ഇടയില്‍ വെറും ആറ് റണ്‍സിന്റെ ദൂരം മാത്രം. ജൊഗീന്ദറിന്റെ മൂന്നാം പന്തില്‍ മിസ്ബാഹ് ഒരു സ്‌കൂപ്പിന് ശ്രമിക്കുന്നു. ജൊഗീന്ദറിന്റെ പന്തിന്റെ വേഗത മനസിലാക്കുന്നതില്‍ പിഴച്ച മിസ്ബാഹിന്റെ ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് നേരെ പോയത് ഷോര്‍ട്ട് ഫൈന്‍ ലെഗിലേക്കായിരുന്നു. 100 കോടിയിലേറെ വരുന്ന ഇന്ത്യക്കാര്‍ ഒന്നടങ്കം തരിച്ചുനിന്ന് പോയ നിമിഷം!

ആ സമയം അവിടെയുണ്ടായിരുന്നത് മലയാളി താരം ശ്രീശാന്തായിരുന്നു. ഇതേ മത്സരത്തിലെ 18-ാം ഓവറില്‍ റണ്ണൊഴുക്ക് തടയാന്‍ സാധിക്കാത്തതിന്റെ കേട് ശ്രീശാന്തിന് തീര്‍ക്കണമായിരുന്നു. മിസ്ബാഹിന്റെ ക്യാച്ച് ശ്രീ കൈയിലൊതുക്കുമ്പോള്‍ വാണ്ടറേഴ്സ് ഒന്നടങ്കം പൊട്ടിത്തെറിക്കുകയായിരുന്നു. ലെഗ് സൈഡില്‍ ഫീല്‍ഡര്‍ സര്‍ക്കിളിനുള്ളിലായത് മുതലെടുത്ത് ഷോട്ട് കളിക്കാന്‍ ശ്രമിച്ച മിസ്ബാഹ് ഓര്‍ത്തുകാണില്ല, ലോകത്തിന്റെ ഏത് കോണില്‍ പോയാലും അവിടെ ഒരു മലയാളി ഉണ്ടാകുമെന്ന്. ഉയര്‍ന്നു പൊങ്ങിയ പന്ത് ശ്രീയുടെ കൈകളില്‍ ഭദ്രം. ധോനിയുടെ കൈകളില്‍ കിരീടവും.

Content Highlights: On This Day in 2007 MS Dhoni and his Young Turks clinched inaugural ICC T20 World Cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented