Photo: twitter.com/ddsportschannel
2002 ജൂലായ് 13 എന്ന തീയതിയും ആ ദിവസം ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്‌സിലെ ഗാലറിയുടെ ചിത്രവും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാനാകുന്നതെങ്ങിനെ? 48 വര്‍ഷക്കാലത്തെ ഇന്ത്യയുടെ ഏകദിന ചരിത്രത്തില്‍ അന്ന് ലോര്‍ഡ്‌സിലെ ആ വിജയത്തെ കവച്ചുവെയ്ക്കാന്‍ പോന്ന ഒരു മത്സരം പിന്നീടുണ്ടായിട്ടുണ്ടോ എന്നത് പോലും സംശയം. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച ഏകദിന റണ്‍ചേസുകളിലൊന്ന് പിറന്നത് ഇന്നേക്ക് കൃത്യം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ജൂലായ് 13-നായിരുന്നു. അന്നത്തെ ആ ചരിത്ര വിജയത്തിനു പിന്നാലെ ലോര്‍ഡ്സിലെ ബാല്‍ക്കണിയില്‍ ജേഴ്സിയൂരി വീശുന്ന സൗരവ് ഗാംഗുലിയുടെ ചിത്രം ചെന്ന് പതിഞ്ഞത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിലായിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റിയ ടീം ഇന്ത്യയുടെ നാറ്റ്വെസ്റ്റ് ട്രോഫി ഫൈനല്‍ വിജയത്തിന് ഇന്ന് 20 വയസ് തികയുകയാണ്.
2002 ജൂലായ് 13-ന് ലോര്‍ഡ്സിലായിരുന്നു ഇന്ത്യയുടെ ഇംഗ്ലണ്ടും തമ്മിലുള്ള നാറ്റ്വെസ്റ്റ് ട്രോഫി ഫൈനല്‍. ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാര്‍ക്കസ് ട്രെസ്‌ക്കോത്തിക്കും നാസര്‍ ഹുസൈനും ക്രീസില്‍ ഒന്നിച്ചതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഈ സഖ്യം 37-ാം ഓവറില്‍ പിരിയുമ്പോഴേക്കും ഇംഗ്ലണ്ട് മത്സരത്തില്‍ പിടിമുറുക്കിയിരുന്നു.

സെഞ്ചുറി നേടിയ ഇരുവരും രണ്ടാം വിക്കറ്റില്‍ 185 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 100 പന്തുകള്‍ നേരിട്ട ട്രെസ്‌ക്കോത്തിക്ക് രണ്ടു സിക്സും ഏഴു ഫോറുമടക്കം 109 റണ്‍സെടുത്തു. 128 പന്തുകളില്‍ നിന്ന് 10 ഫോറുകളോട് ഹുസൈന്‍ 115 റണ്‍സും സ്വന്തമാക്കി. 50 ഓവര്‍ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡിലെത്തിയത് 325 റണ്‍സായിരുന്നു. 250-ന് അപ്പുറമുള്ള സ്‌കോര്‍ പോലും ജയസാധ്യത ഉറപ്പിക്കുന്ന ആ സാഹചര്യത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉണ്ടെങ്കില്‍ പോലും 326 റണ്‍സെന്ന ലക്ഷ്യം ഇന്ത്യ മറികടക്കാന്‍ പോകുന്നില്ലെന്ന് കടുത്ത ഇന്ത്യന്‍ ആരാധകര്‍ പോലും കരുതി.
എന്നാല്‍ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും വീരേന്ദര്‍ സെവാഗും ചേര്‍ന്ന് നല്‍കിയത്. 14.3 ഓവറില്‍ ഇരുവരും 106 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 43 പന്തില്‍ 60 റണ്‍സെടുത്ത ഗാംഗുലി പുറത്തായതോടെ മത്സരത്തിലെ ഇന്ത്യയുടെ പിടിവിട്ടു. സ്‌കോര്‍ 114-ല്‍ എത്തിയപ്പോള്‍ 45 റണ്‍സോടെ സെവാഗും മടങ്ങി. പിന്നീട് 18 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യയ്ക്ക് ദിനേശ് മോംഗിയ (9), രാഹുല്‍ ദ്രാവിഡ് (5) എന്നിവരെ കൂടി നഷ്ടമായി. 24-ാം ഓവറില്‍ സച്ചിനെ (14) ആഷ്‌ലി ജൈല്‍സും മടക്കിയതോടെ ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന ടിവികള്‍ ഓഫ് ചെയ്യപ്പെട്ടു.

ഇന്ത്യ അഞ്ചിന് 146 എന്ന മോശം നിലയില്‍. സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ആരാധകര്‍ പുറത്തേക്കുള്ള മടക്കം തുടങ്ങിയിരുന്നു. ഇന്ത്യന്‍ ക്യാമ്പ് നിശബ്ദമായി. വിജയമുറപ്പിച്ച പോലെ ഇംഗ്ലീഷ് ടീം ചിരിച്ചു. ഇനിയൊരു മടങ്ങിവരവ് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ ഇന്ത്യന്‍ ടീമിലെ രണ്ട് യുവതുര്‍ക്കികള്‍ ഒരുക്കമല്ലായിരുന്നു. പൊരുതാനുറച്ച് തന്നെ ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചു. ഇരുവരും ചേര്‍ന്ന് പിന്നീട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്നതാണ് കാണാനായത്. യുവ്രാജ് സിങ്ങും മുഹമ്മദ് കൈഫും കൈമെയ് മറന്ന് പൊരുതിയപ്പോള്‍ നഷ്ടപ്പെട്ടുപോയ ആവേശം ഇന്ത്യന്‍ ക്യാമ്പില്‍ മടങ്ങിയെത്തി.
24-ാം ഓവറില്‍ ഒന്നിച്ച ഈ സഖ്യം ഡാരന്‍ ഗഫിനെയും അലക്‌സ് ടഡോറിനെയും ഫ്‌ളിന്റോഫിനെയുമെല്ലാം കണക്കിന് ശിക്ഷിച്ച് മുന്നേറി. ആറാം വിക്കറ്റില്‍ 121 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഇതിനിടെ 63 പന്തില്‍ നിന്ന് 69 റണ്‍സെടുത്ത യുവിയെ 42-ാം ഓവറില്‍ കോളിങ്വുഡ് പുറത്താക്കിയതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. വിജയം അപ്പോഴും 59 റണ്‍സ് അകലെ.
എന്നാല്‍ കൈഫ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ഹര്‍ഭജനേയും സഹീര്‍ ഖാനെയും കൂട്ടുപിടിച്ച് അദ്ദേഹം പൊരുതി. ഇടയ്ക്ക് വെച്ച് ഭാജിയേയും കുംബ്ലെയേയും നഷ്ടപ്പെട്ടിട്ടും കൈഫ് തന്റെ ഏകാഗ്രത നഷ്ടപ്പെടാതെ കാത്തു. അങ്ങനെ 50-ാം ഓവറിലെ മൂന്നാം പന്തില്‍ ഇന്ത്യ വിജയറണ്‍ കുറിക്കുമ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ ആവേശം പാരമ്യത്തിലെത്തിയിരുന്നു. 75 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സും സഹിതം 87 റണ്‍സോടെ പുറത്താകാതെ നിന്ന കൈഫായിരുന്നു അന്ന് കളിയിലെ താരം.

ഇംഗ്ലണ്ട് ടീമും കാണികളും ഒന്നടങ്കം ഞെട്ടിത്തരിച്ചിരിക്കെ ലോര്‍ഡ്‌സിലെ ചരിത്രമുറങ്ങുന്ന ബാല്‍ക്കണിയില്‍ ഗാംഗുലി ജേഴ്സിയൂരി വീശി. ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ മറ്റൊരു ക്യാപ്റ്റനില്‍ നിന്നും കാണാത്ത ആഘോഷം. അത് ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ മായാതെ നില്‍പ്പുണ്ട്. യുവി ഓടിയെത്തി കൈഫിനെ കെട്ടിപ്പിടിച്ചു. ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ദാദ കൈഫിന്റെ ദേഹത്തേക്ക് ചാടിവീഴുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് ക്രിക്കറ്റിന്റെ മെക്കയില്‍ പിറന്നുകഴിഞ്ഞിരുന്നു.
Content Highlights: On this day in 2002 India scripted historic NatWest Series win
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..