ച്ചിന്‍ തെണ്ടുല്‍ക്കര്‍, ക്രിക്കറ്റ് എന്ന വാക്ക് കാണുമ്പോള്‍ ലോകത്തെ ഏതൊരാളുടെയും മനസിലേക്കെത്തുന്ന ആദ്യ മുഖം. മൈതാനത്തെ ആ 22 വാരയ്ക്കിടയില്‍ റെക്കോഡുകള്‍ തീര്‍ക്കാന്‍ മാത്രം പിറവിയെടുത്ത ഒരു ജന്മം. 24 വര്‍ഷത്തോളം നീണ്ടുനിന്ന ക്രിക്കറ്റ് തപസ് സച്ചിന്‍ അവസാനിപ്പിച്ചിട്ട് എട്ടു വര്‍ഷമാകുന്നു. ഇന്നും അദ്ദേഹം തീര്‍ത്ത റെക്കോഡുകള്‍ പലതും ആര്‍ക്കും എത്തിപ്പിടിക്കാനാകാത്ത അത്ര ഉയരത്തില്‍ തന്നെ നിലകൊള്ളുന്നു. 

സെപ്റ്റംബര്‍ ഒമ്പത് ലിറ്റില്‍ മാസ്റ്ററുടെ ക്രിക്കറ്റിങ് കരിയറിലെ മറക്കാനാകാത്ത ഒരു ദിവസമാണ്. 49 സെഞ്ചുറികളുടെ പെരുമയുള്ള സച്ചിന്റെ ഏകദിന കരിയറിലെ ആദ്യ സെഞ്ചുറി പിറന്നത് 27 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദിവസമായിരുന്നു. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് നീണ്ട നാലു വര്‍ഷങ്ങള്‍ക്കും 78 മത്സരങ്ങള്‍ക്കും ശേഷമാണ് ഇന്നത്തെ ഈ ക്രിക്കറ്റ് ഇതിഹാസത്തിന് തന്റെ ഏകദിന കരിയറിലെ ആദ്യ സെഞ്ചുറി നേടാനായത്. 

1994-ല്‍ ശ്രീലങ്കയില്‍ നടന്ന സിംഗര്‍ ലോക സീരീസ് ടൂര്‍ണമെന്റില്‍ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ കരുത്തരായ ഓസീസിനെതിരെയായിരുന്നു സച്ചിന്റെ കരിയറിലെ ആദ്യ ഏകദിന സെഞ്ചുറി. ഇന്ത്യ, ഓസ്‌ട്രേലിയ, ശ്രീലങ്ക ടീമുകള്‍ അണിനിരന്ന ടൂര്‍ണമെന്റായിരുന്നു ഇത്. 

ക്രെയ്ഗ് മക്‌ഡെര്‍മോട്ട്, ഗ്ലെന്‍ മഗ്രാത്ത്, ഷെയ്ന്‍ വോണ്‍, ടിം മെയ് എന്നിവരടങ്ങിയ ബൗളിങ് നിരയെ തെല്ലും കൂസാതെയാണ് 21-കാരനായ സച്ചിന്‍ അന്ന് ബാറ്റ് വീശിയത്. 

മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സച്ചിന്‍ 130 പന്തില്‍ നിന്നും എട്ട് ഫോറും രണ്ടു സിക്‌സുമടക്കം 110 റണ്‍സെടുത്താണ് അന്ന് മടങ്ങിയത്. എട്ടു വിക്കറ്റിന് 246 റണ്‍സെന്ന നിലയില്‍ ഫിനിഷ് ചെയ്ത ഇന്ത്യയ്‌ക്കെതിരേ അന്ന് മാര്‍ക്ക് ടെയ്‌ലര്‍ നയിച്ച ഓസീസ് 215 റണ്‍സിന് ഓള്‍ഔട്ടായി. സച്ചിന്‍ തന്നെയായിരുന്നു കളിയിലെ താരവും. 

പിന്നീട് 48 സെഞ്ചുറികള്‍ കൂടി ഏകദിനത്തില്‍ അടിച്ചുകൂട്ടിയാണ് സച്ചിന്‍ പാഡഴിച്ചത്.

Content Highlights: On This Day in 1994 Sachin Tendulkar scored his maiden ODI hundred