നമ്മൾ ഇന്ത്യക്കാർ കാണാതെപോയ, നമ്മളെ മാറ്റിമറിച്ച ടേൺബ്രിഡ്ജ്​വെൽസിലെ അത്ഭുതത്തിന് മുപ്പത്തിയൊൻപത്


അഭിനാഥ് തിരുവലത്ത്

5 min read
Read later
Print
Share

അതുവരെ സിംബാബ്‌വെ ബൗളര്‍മാരെ ബഹുമാനത്തോടെ നേരിട്ട കപിലിന്റെ ബാറ്റില്‍ നിന്ന് പന്തുകള്‍ ടേണ്‍ബ്രിഡ്ജ് വെല്‍സിലെ എല്ലാ ദിക്കുകളിലേക്കും പറന്നു. കാണികള്‍ കപിലിന്റെ ബാറ്റില്‍ നിന്ന് വരുന്ന പന്തുകള്‍ ദേഹത്ത് തട്ടാതിരിക്കാനുള്ള പ്രതിരോധമെല്ലാം സ്വീകരിച്ചു

Photo: Getty Images

കദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സുന്ദരമായ ഒട്ടേറെ ഇന്നിങ്‌സുകള്‍ക്ക് നമ്മള്‍ സാക്ഷികളായിട്ടുണ്ട്. ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ഇടംനേടിയവയില്‍ അങ്ങ് ഗാവസ്‌ക്കര്‍ മുതല്‍ ഇങ്ങ് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ വരെ മികച്ച ഏകദിന ഇന്നിങ്‌സുകള്‍ ഉള്‍പ്പെടും. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ, ക്രിസ് ഗെയ്ല്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എന്നിവരുടെ ഇരട്ട സെഞ്ചുറി പ്രകടനങ്ങളും നമ്മുടെ ഓര്‍മകളിലുണ്ട്. എന്നാല്‍ ഇതിഹാസ താരം ഗാവസ്‌ക്കര്‍ അടക്കം പലരും ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ഇന്നിങ്‌സ് ഏതെന്ന ചോദ്യത്തിന് നല്‍കുന്ന ഒരു ഉത്തരമുണ്ട്. 130 കോടിയിലേറെ ജനസഖ്യ വരുന്ന, ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ കായിക ചരിത്രത്തിലെ തന്നെ ആ സുപ്രധാന ഇന്നിങ്‌സ് നമ്മളാരും ടിവിയിലെന്നല്ല എവിടേയും കണ്ടിട്ടില്ല. ആ കാഴ്ച പിന്നീട് ബിഗ് സ്‌ക്രീനിലൂടെ അടുത്തിടയ്ക്ക് കബീര്‍ ഖാനും രണ്‍വീര്‍ സിങ്ങും കൂടി നമ്മളിലേക്കെത്തിച്ചു. അതെ പറഞ്ഞുവരുന്നത് കപില്‍ ദേവ് എന്ന ഇതിഹാസ നായകന്‍ 1983 ജൂണ്‍ 18-ന് ടേണ്‍ബ്രിഡ്ജ് വെല്‍സില്‍ കാഴ്ചവെച്ച ആ അദ്ഭുത ബാറ്റിങ് വിരുന്നിനെ കുറിച്ചു തന്നെ. നേടിയ റണ്‍സിനേക്കാളും മറ്റെന്തിനേക്കാളുമുപരി ആ ഇന്നിങ്‌സ് കപില്‍ പടുത്തുയര്‍ത്തേണ്ടി വന്ന സാഹചര്യമാണ് ആ ഇന്നിങ്‌സ് ഇന്നും വാഴ്ത്തപ്പെടാന്‍ കാരണം.

1983-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ക്രിക്കറ്റ് ചരിത്രത്തിലെ മൂന്നാമത്തെ ലോകകപ്പായിരുന്നു. മുമ്പ് നടന്ന രണ്ട് ലോകകപ്പുകളിലായി ഒരു ജയവും ആകെ മൊത്തം 40 ഏകദിനങ്ങളുടെ മത്സര പരിചയവും മാത്രം വെച്ചാണ് കപിലിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയത്. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടില്‍ ഓസ്‌ട്രേലിയ, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട് തുടങ്ങിയ കരുത്തരെ മറികടന്ന് ഇന്ത്യന്‍ സംഘം കിരീടവുമായി മടങ്ങിയെത്തുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. അതിനാല്‍ തന്നെ 'ഈ ടീം ലോകകപ്പിലെ കറുത്ത കുതിരകളാകും' എന്ന മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ കിം ഹ്യൂഗ്‌സ് പറഞ്ഞ ഈ വാക്കുകളെ അന്നത്തെ കടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ പോലും ചിരിച്ചുതള്ളിയിരുന്നു.

എന്നാല്‍ ആ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തോടെ ഇന്ത്യ ഞെട്ടിച്ചത് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കമായിരുന്നു. അക്കാലത്തെ ക്രിക്കറ്റിലെ പകരംവെയ്ക്കാനില്ലാത്ത വെസ്റ്റിന്‍ഡീസിനെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ 34 റണ്‍സിന് തകര്‍ത്തായിരുന്നു കപിലിന്റെയും സംഘത്തിന്റെയും തുടക്കം.

രണ്ടാം മത്സരത്തില്‍ സിംബാബ്‌വെയെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ആത്മവിശ്വാസമുയര്‍ത്തി. എന്നാല്‍ പിന്നീട് ഓസ്‌ട്രേലിയയോടും രണ്ടാം റൗണ്ട് മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോടും തോറ്റു. ഓസീസിനോട് 162 റണ്‍സിന്റെ വമ്പന്‍ തോല്‍വി ഇന്ത്യയുടെ ആത്മവിശ്വാസം തകര്‍ത്തു. പിന്നീലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് വിന്‍ഡീസ് പകരം വീട്ടിയതോടെ അവിടെ ഇന്ത്യ തോറ്റത് 66 റണ്‍സിന്. തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ ഇന്ത്യയുടെ നോക്കൗണ്ട് സാധ്യതകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി. അതിനാല്‍ തന്നെ ടൂര്‍ണമെന്റിലെ തങ്ങളുടെ അഞ്ചാം മത്സരത്തില്‍ ജയിക്കണമെന്നുറച്ചു തന്നെയാണ് ഇന്ത്യ സിംബാബ്‌വെയ്‌ക്കെതിരേ കളത്തിലിറങ്ങിയത്. സിംബാബ്‌വെയ്ക്കും മത്സരം നിര്‍ണായകമായിരുന്നു.

ടോസ് നേടിയപ്പോള്‍ ബാറ്റിങ് തിരഞ്ഞെടുക്കാന്‍ കപിലിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

ഗാവസ്‌ക്കറും കൃഷ്ണമാചാരി ശ്രീകാന്തും ക്രീസിലേക്ക്. ഇതിനിടെ ചൂടുവെള്ളത്തില്‍ ഒരു കുളി പാസാക്കാന്‍ കപില്‍ കുളിമുറിയില്‍ കയറിയിരുന്നു. ഇന്ത്യന്‍ സംഘത്തില്‍ ആരും തന്നെ അപകടകരമായ സാഹചര്യമൊന്നും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ പീറ്റര്‍ റോസന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഗാവസ്‌ക്കര്‍ പുറത്ത്. പിന്നാലെ സംപൂജ്യനായി ശ്രീകാന്തും ഡ്രസ്സിങ് റൂമിലേക്ക്. 20 പന്തുകള്‍ പ്രതിരോധിച്ച് മൊഹീന്ദര്‍ അമര്‍നാഥും (5) 10 പന്തുകളുടെ മാത്രം ആയുസുണ്ടായിരുന്ന സന്ദീപ് പാട്ടീലും (1) മടങ്ങിയതോടെ, ആസ്വദിച്ച് കുളിച്ചിരുന്ന കപില്‍ അതവസാനിപ്പിച്ച് ക്രീസിലേക്ക്. ഇന്ത്യ അപ്പോള്‍ ഒമ്പത് റണ്‍സിന് നാലു വിക്കറ്റെന്ന നിലയില്‍. എട്ടു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 28 പന്തുകള്‍ നീണ്ട ഇന്നിങ്‌സ് അവസാനിപ്പിച്ച് യശ്പാല്‍ ശര്‍മയും (9) മടങ്ങി. പകുതിപ്പേര്‍ ഡ്രസ്സിങ് റൂമില്‍ തിരിച്ചെത്തിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത് വെറും 17 റണ്‍സ് മാത്രം.

എല്ലാം അവസാനിച്ചുവെന്ന് ഇന്ത്യന്‍ ടീമും ആരാധകരും ഒന്നടങ്കം ഉറപ്പിച്ചിരുന്നു. ഏഴാമനായി റോജര്‍ ബിന്നി ക്രീസിലേക്ക്. കളിക്കാന്‍ ഇനിയും ധാരാളം പന്തുകളുണ്ട്, ധൃതി വേണ്ടെന്ന ഉപദേശം മാത്രമാണ് ബിന്നിക്ക് കപില്‍ നല്‍കിയത്. മോശം പന്തുകള്‍ മാത്രം കളിച്ച് റിസ്‌ക്കുകള്‍ ഒഴിവാക്കി ആ കൂട്ടുകെട്ട് പതിയെ മുന്നേറി. എന്നാല്‍ സ്‌കോര്‍ 77-ല്‍ എത്തിയപ്പോള്‍ ബിന്നിയെ ട്രൈകോസ് വിക്കറ്റിന് മുന്നില്‍ കുടുക്കി. 48 പന്തുകള്‍ നേരിട്ട് 22 റണ്‍സെടുത്ത ബിന്നിയുടെ ഇന്നിങ്‌സില്‍ രണ്ടു ബൗണ്ടറികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കപിലാകട്ടെ അതുവരെ ഒറ്റ ബൗണ്ടറി പോലും നേടിയില്ല. ഒരു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രവി ശാസ്ത്രി കൂടി മടങ്ങിയതോടെ ഇന്ത്യ ഏഴിന് 78 എന്ന പരിതാപ സ്ഥിതിയിലായി.

പിന്നീടാണ് ലോകകപ്പുകളുടെ ചരിത്രത്തിലെ തന്നെ മഹത്തായ ഒരു ഇന്നിങ്‌സിന് അവിടെ തിരശ്ശീല ഉയരുന്നത്. മദന്‍ ലാലിനെ കൂട്ടുപിടിച്ച് സ്‌കോര്‍ 140 വരെയെത്തിച്ചു കപില്‍. തുടര്‍ന്നെത്തിയ സയ്യിദ് കിര്‍മാനി ക്യാപ്റ്റന്റെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിച്ച് ബാറ്റ് വീശി. 25 ഓവറുകള്‍ക്ക് ശേഷമാണ് കപിലിന്റെ വ്യക്തിഗത സ്‌കോര്‍ 50 കടക്കുന്നത്. അവിടെ നിന്നും അങ്ങോട്ട് 'ഹരിയാണ ഹരിക്കെയ്ന്‍' എന്ന് വിളിപ്പേരുവീണ കപിലിന്റെ ചുഴലിക്കാറ്റ് ആഞ്ഞുവീശാന്‍ തുടങ്ങി. അതുവരെ സിംബാബ്‌വെ ബൗളര്‍മാരെ ബഹുമാനത്തോടെ നേരിട്ട കപിലിന്റെ ബാറ്റില്‍ നിന്ന് പന്തുകള്‍ ടേണ്‍ബ്രിഡ്ജ് വെല്‍സിലെ എല്ലാ ദിക്കുകളിലേക്കും പറന്നു. കാണികള്‍ കപിലിന്റെ ബാറ്റില്‍ നിന്ന് വരുന്ന പന്തുകള്‍ ദേഹത്ത് തട്ടാതിരിക്കാനുള്ള പ്രതിരോധമെല്ലാം സ്വീകരിച്ചു. ചില പന്തുകള്‍ പവലിയന്റെ ഗ്ലാസുകളും തകര്‍ത്തു. ഇതെല്ലാം കണ്ട് ക്യാപ്റ്റന് ഉറച്ച പിന്തുണയുമായി ക്ഷമയുടെ ആള്‍രൂപമായി കിര്‍മാനി ക്രീസിലുണ്ടായിരുന്നു.

ഒരു ക്യാപ്റ്റന്റെ ഇന്നിങ്‌സ് എന്താണെന്ന് കപില്‍ ലോകത്തിന് കാണിച്ചുകൊടുത്തു. ഒരു ഘട്ടത്തില്‍ അഞ്ചിന് 17 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ 138 പന്തില്‍ നിന്ന് ആറു സിക്‌സറുകളുടെയും 16 ബൗണ്ടറികളുടെയും അകമ്പടിയോടെ 175 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കപില്‍ 266 റണ്‍സെന്ന മാന്യമായ സ്‌കോറിലെത്തിച്ചു. ബാക്കി എല്ലാവരും കൂടി 162 പന്തുകളില്‍ നിന്ന് നേടിയത് 91 റണ്‍സ് മാത്രമാണ് എന്ന കണക്കില്‍ തന്നെയുണ്ട് ആ ഇന്നിങ്‌സിന്റെ വില. ഒമ്പതാം വിക്കറ്റില്‍ 126 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ടില്‍ 75 ശതമാനത്തിലേറെ പന്തുകള്‍ നേരിട്ടത് കപിലായിരുന്നു.

ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോറായി ചരിത്രത്തില്‍ ഇടംപിടിക്കുമായിരുന്ന ഇന്നിങ്‌സാണ് കപില്‍ദേവിന്റെ 175 റണ്‍സ് എന്ന ലോകറെക്കോഡ് പ്രകടനത്തോടെ അന്ന് വിജയമായി പരിണമിച്ചത്. ആറാംവിക്കറ്റില്‍ റോജര്‍ ബിന്നിയുമൊത്ത് 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ കപില്‍ എട്ടാം വിക്കറ്റില്‍ മദന്‍ലാലിനൊപ്പം 62 റണ്‍സും കൂട്ടിച്ചേര്‍ത്തു. ഒമ്പതാം വിക്കറ്റില്‍ സയ്യിദ് കിര്‍മാനിയോടൊപ്പം 126 റണ്‍സ് ചേര്‍ത്തു. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ സിംബാബ്‌വെയ്ക്ക് കഴിഞ്ഞതുമില്ല. ഒമ്പതാം വിക്കറ്റില്‍ കപിലും കിര്‍മാനിയും ചേര്‍ന്ന് സൃഷ്ടിച്ച റെക്കോഡ് 27 വര്‍ഷങ്ങള്‍ നീണ്ടുനിന്നു. സ്‌കോര്‍ 172-ല്‍ എത്തിയപ്പോള്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോഡും കപില്‍ സ്വന്തമാക്കി. ന്യൂസീലന്‍ഡിന്റെ ഗ്ലെന്‍ ടര്‍ണറുടെ 171 റണ്‍സ് എന്ന റെക്കോഡാണ് കപില്‍ തിരുത്തിയത്.

ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അത് ധാരാളമായിരുന്നു. സിംബാബ്വെയെ അവര്‍ 235 റണ്‍സിന് എറിഞ്ഞിട്ടു. 31 റണ്‍സ് ജയത്തോടെ ടീം പ്രതീക്ഷ നിലനിര്‍ത്തി. ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഒറ്റയാള്‍പ്രകടനം പക്ഷേ ഇന്ത്യക്കാര്‍ക്ക് ആസ്വദിക്കാനായില്ല. അന്ന് ബി.ബി.സിയുടെ ക്യാമറാമാന്‍മാര്‍ പണിമുടക്കിലായിരുന്നു എന്നതായിരുന്നു ഔദ്യോഗിക വിശദീകരണം. പൊതുവേ പ്രചരിച്ച കഥയും ഇതു തന്നെ. എന്നാല്‍ ഇന്ത്യ സിംബാബ്വെയെ നേരിട്ട ജൂണ്‍ പതിനെട്ടിന് മറ്റ് മൂന്ന് കളികള്‍ കൂടിയുണ്ടായിരുന്നു. ഗ്രൂപ്പ് എയില്‍ മാഞ്ചെസ്റ്ററില്‍ പാകിസ്താനും ഇംഗ്ലണ്ടും തമ്മിലും ഡെര്‍ബിയില്‍ ശ്രീലങ്കയും ന്യൂസീലന്‍ഡും തമ്മിലും ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയില്‍ ലോര്‍ഡ്സില്‍ ഓസ്ട്രേലിയയും വെസ്റ്റിന്‍ഡീസും തമ്മിലും. ബിബിസി സ്വാഭാവികമായും പാകിസ്താന്‍-ഇംഗ്ലണ്ട്, ഓസ്ട്രേലിയ-വിന്‍ഡീസ് മത്സരത്തിന് താത്പര്യം കാണിച്ചു അവ രണ്ടും സംപ്രേഷണം ചെയ്തു. ഇന്ത്യ - സിംബാബ്‌വെ മത്സരം ആര് കാണാന്‍ എന്നതായിരുന്നു ബിബിസിയുടെ നിലപാട്. അന്ന് ഇന്ത്യന്‍ സംഘത്തിന്റെ മാനേജറായിരുന്ന മാന്‍സിങ്ങാണ് പില്‍ക്കാലത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍ അതോടെ ക്രിക്കറ്റ് ലോകത്തിനും ഇന്ത്യന്‍ ക്രിക്കറ്റിനും നഷ്ടമായത് മഹത്തായ ഒരു ഇന്നിങ്‌സിന്റെ കാഴ്ചകളാണ്. ജൂണ്‍ 18-ലെ ആ ചരിത്ര വിജയം ഇന്ത്യന്‍ ടീമിന് സമ്മാനിച്ച ആത്മവിശ്വാസം ചെറുതൊന്നുമായിരുന്നില്ല. ആ തേരോട്ടം ഒടുവില്‍ അവസാനിച്ചത് ഇന്ത്യയുടെ ആദ്യ വിശ്വവിജയത്തിലും.

Content Highlights: On this day in 1983 Kapil Dev s historic 175 innings at Tunbridge Wells

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
India failed to find a reliable No 4 batter which haunted them at the 2019 World Cup
Premium

7 min

അയ്യരുടെ തിരിച്ചുവരവില്‍ ടെന്‍ഷനൊഴിഞ്ഞു; രണ്ടിലൊന്നല്ല ഇന്ത്യയ്ക്ക് അറിയേണ്ടത് നാലിലൊന്ന്

Oct 3, 2023


world chess sensation praggnanandhaas mother nagalakshmis lifestory
Premium

5 min

രസവും ചോറുമുണ്ടാക്കാന്‍ റൈസ് കുക്കറുമായി കൂടെപ്പോകുന്ന അമ്മ;പ്രഗ്നാനന്ദയുടെ നിഴല്‍പോലെ നാഗലക്ഷ്മി

Aug 24, 2023


team india s u turn on Ravichandran Ashwin reasons behind his return for the Australia odis

5 min

'ആഷ്' ഉണ്ടാകുമോ ലോകകപ്പില്‍? അശ്വിന്റെ കാര്യത്തില്‍ ടീം ഇന്ത്യയുടെ യു ടേണിന് പിന്നില്‍

Sep 20, 2023


Most Commented