1983 ലോകകപ്പിലെ ഇന്ത്യൻ സംഘം | Photo: Getty Images
130 കോടിയിലേറെ ജനസഖ്യ വരുന്ന, ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ കായിക ചരിത്രത്തിലെ സുപ്രധാന ഏടാണ് 1983-ലെ കപില്‍ദേവിന്റെയും സംഘത്തിന്റെയും ലോകകപ്പ് ജയം. ക്രിക്കറ്റ് എന്ന കളി ഇന്ത്യയില്‍ വേരുറപ്പിക്കുന്നത് ആ വിശ്വവിജയത്തോടെയാണ്.
അതിന് മുമ്പ് നടന്ന രണ്ട് ലോകകപ്പുകളിലായി ഒരു ജയവും ആകെ മൊത്തം 40 ഏകദിനങ്ങളുടെ പരിചയവും മാത്രമുള്ള ഒരു ടീം, ഇംഗ്ലണ്ട് പോലൊരു സ്ഥലത്ത് ഓസ്ട്രേലിയ, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട് തുടങ്ങിയ കരുത്തരെ മറികടന്ന് കിരീടവുമായി മടങ്ങിയെത്തുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. അതിനാല്‍ തന്നെ 'ഈ ടീം ലോകകപ്പിലെ കറുത്ത കുതിരകളാകും' എന്ന മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ കിം ഹ്യൂഗ്സ് പറഞ്ഞ ഈ വാക്കുകളെ അന്നത്തെ കടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ പോലും ചിരിച്ചുതള്ളിയിരുന്നു.
എന്നാല്‍ ആ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തോടെ ഇന്ത്യ ഞെട്ടിച്ചത് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കമായിരുന്നു. അക്കാലത്തെ ക്രിക്കറ്റിലെ പകരംവെയ്ക്കാനില്ലാത്ത വെസ്റ്റിന്‍ഡീസിനെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ 34 റണ്‍സിന് തകര്‍ത്തായിരുന്നു കപിലിന്റെയും സംഘത്തിന്റെയും തുടക്കം. 1983 ജൂണ്‍ 10-ന് മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫഡ് ക്രിക്കറ്റ് മൈതാനത്തെ ആ ഇന്ത്യന്‍ അട്ടിമറിക്ക് ഇന്ന് 39 വയസ് തികയുകയാണ്.
അന്ന് ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡിന് ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. മൈക്കള്‍ ഹോള്‍ഡിങ്, ആന്‍ഡി റോബര്‍ട്ട്‌സ്, ജോയല്‍ ഗാര്‍നര്‍, മാല്‍ക്കം മാര്‍ഷല്‍ എന്നിവരടങ്ങിയ കരുത്തുറ്റ വിന്‍ഡീസ് പേസ് നിരയ്‌ക്കെതിരേ മാഞ്ചെസ്റ്റര്‍ പോലുള്ള ഒരു മൈതാനത്ത് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കുക അസാധ്യമായിരിക്കുമെന്ന് ലോയ്ഡ് കരുതി. തുടക്കത്തില്‍ പതറിയെങ്കില്‍ അഞ്ചാമനായെത്തിയ യശ്പാല്‍ ശര്‍മ പിടിച്ചുനിന്നതോടെ ഇന്ത്യ 60 ഓവറില്‍ എട്ടിന് 262 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലെത്തി. മൊഹീന്ദര്‍ അമര്‍നാഥ് (21), സന്ദീപ് പാട്ടീല്‍ (36), റോജര്‍ ബിന്നി (27), മദന്‍ ലാല്‍ (21) എന്നിവരുടെ ചെറിയ സംഭാവനകളും ഇന്ത്യയ്ക്ക് തുണയായി.

263 റണ്‍സെന്ന വിജയലക്ഷ്യം ഗോര്‍ഡന്‍ ഗ്രീനിഡ്ജും ഡെസ്മണ്ട് ഹെയ്ന്‍സും സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്‌സുമടങ്ങുന്ന ബാറ്റിങ് നിര അനായാസം മറികടക്കുമെന്ന തന്നെ ക്രിക്കറ്റ് ലോകം കരുതി. മിക്ക പത്രങ്ങളും വിന്‍ഡീസ് ജയം മുന്‍നിര്‍ത്തി അച്ച് നിരത്തിത്തുടങ്ങുക വരെ ചെയ്തു. ഗ്രീനിഡ്ജും ഹെയ്ന്‍സും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 49 റണ്‍സ് ചേര്‍ത്തപ്പോള്‍ തന്നെ ഗാലറിയില്‍ ഇന്ത്യന്‍ ആരാധകരുടെ മുഖം വാടിത്തുടങ്ങിയിരുന്നു. എന്നാല്‍ ഹെയ്ന്‍സിന്റെ റണ്ണൗട്ടോടെ കളിയുടെ ഗതി മാറിത്തുടങ്ങി. പിന്നീട് ഏഴു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഗ്രീനിഡ്ജിനെ ബല്‍വിന്ദര്‍ സന്ധു മടക്കി. ഇതോടെ റിച്ചാര്‍ഡ്‌സിനെ തന്റെ പതിവ് ആക്രമണ സ്വഭാവം വിട്ട് പ്രതിരോധിച്ച് കളിക്കാന്‍ പ്രേരിപ്പിക്കാനും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. 36 പന്തില്‍ നിന്നും 17 റണ്‍സ് മാത്രമെടുത്ത റിച്ചാര്‍ഡ്‌സിനെ മടക്കി റോജര്‍ ബിന്നി ടീമിന് ആത്മവിശ്വാസമേകി. പിന്നാലെ ബിന്നിയും രവി ശാസ്ത്രിയും നന്നായി പന്തെറിഞ്ഞതോടെ വിന്‍ഡീസിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമാകാന്‍ തുടങ്ങി.
157 റണ്‍സില്‍ വിന്‍ഡീസിന്റെ ഒമ്പതാം വിക്കറ്റും വീണതോടെ ഗാലറിയില്‍ ഇന്ത്യന്‍ ആരാധകരും ഡ്രസ്സിങ് റൂമില്‍ മറ്റ് താരങ്ങളും ആഘോഷം തുടങ്ങിയിരുന്നു. മത്സരം അങ്ങനെ വിട്ടുകൊടുക്കാന്‍ വിന്‍ഡീസിന്റെ അവസാന വിക്കറ്റ് കൂട്ടുകെട്ട് ഒരുക്കമായിരുന്നില്ല. പതിനൊന്നാമന്‍ ജോയല്‍ ഗാര്‍നറെ കൂട്ടുപിടിച്ച് ആന്‍ഡി റോബര്‍ട്ട്‌സ് ഇന്ത്യന്‍ ആരാധകരുടെ മുഖത്ത് അത്ര നേരം നിറഞ്ഞുനിന്നിരുന്ന പുഞ്ചിരി മായ്ച്ചുതുടങ്ങി. 200 റണ്‍സും പിന്നിട്ട് വിന്‍ഡീസ് സ്‌കോര്‍ കുതിച്ചതോടെ ഇന്ത്യ പ്രതിരോധത്തിലായി. കപിലും സന്ധുവും മദന്‍ ലാലും ബിന്നിയും എന്തിന് സന്ദീപ് പാട്ടീലടക്കം മാറിമാറി പന്തെറിഞ്ഞിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂട്ടിയ ഈ കൂട്ടുകെട്ട് 55-ാം ഓവറിലെ ആദ്യ പന്തില്‍ രവി ശാസ്ത്രി പൊളിച്ചു. 37 റണ്‍സെടുത്ത ഗാര്‍നറെ ശാസ്ത്രിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാനി സ്റ്റമ്പ് ചെയ്തതോടെ ഇന്ത്യ അപ്രാപ്യമെന്ന് കരുതിയ ആ വിജയം സ്വന്തമാക്കി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ബിന്നിയും ശാസ്ത്രിയും തിളങ്ങി. ഇന്ത്യ വിജയാഘോഷങ്ങള്‍ തുടങ്ങിയപ്പോള്‍ ക്രീസില്‍ അപ്പോഴും പരാജയം സമ്മതിക്കാന്‍ വിസമ്മതിച്ചെന്ന പോലെ ആന്‍ഡി റോബര്‍ട്‌സ് (37*) നിലകൊണ്ടു.
ഈ അട്ടിമറി വിജയം ഇന്ത്യയ്ക്ക് സമ്മാനിച്ച ആത്മവിശ്വാസം ചെറുതൊന്നുമായിരുന്നില്ല. ഒടുവില്‍ 1983 ജൂണ്‍ 25-ന് ലോര്‍ഡ്സില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഇതേ വിന്‍ഡീസിനെ വീണ്ടും മുട്ടുകുത്തിച്ച് കിരീടവുമായാണ് കപിലും അദ്ദേഹത്തിന്റെ ചെകുത്താന്‍ സംഘവും ഇംഗ്ലണ്ട് മണ്ണില്‍ നിന്ന് മടങ്ങിയത്.
Content Highlights: On This Day in 1983 India s World Cup Journey Begins with Defeating mighty West Indies
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..