ച്ഛനാരെന്ന് അറിയാത്ത കുട്ടി. അവന്റെ മൂന്നാം വയസ്സില്‍ അമ്മയും മരിച്ചു. പിന്നീട് വളര്‍ത്തിയത് സഹോദരി. കൗമാരമെത്തുംമുമ്പേ സഹോദരിയും മറഞ്ഞു. പിന്നെ എങ്ങനെയൊക്കെയോ വളര്‍ന്നു. കാര്യമായ വിദ്യാഭ്യാസം ലഭിച്ചില്ല. വിശന്നുപൊരിഞ്ഞു നടന്നു. കറുത്തവനും ദരിദ്രനുമായ അവന്‍ എവിടെയെത്താന്‍? പക്ഷേ, എത്തി, വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമില്‍. അന്താരാഷ്ട്ര ക്രിക്കറ്റ് താരമായി. അവന്റെ പേര് ലെസ്ലി ഹില്‍ട്ടണ്‍, ജമൈക്കയിലെ കിങ്സ്റ്റണ്‍ സ്വദേശി.

പില്‍ക്കാലത്ത്, ഭാര്യയെ കൊന്ന കേസില്‍ ലെസ്ലി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ആ ശിക്ഷ നടപ്പാക്കിയിട്ട് ഇന്ന് 65 വര്‍ഷം തികയുന്നു.

തയ്യല്‍ക്കടയില്‍ നിന്ന് ക്രിക്കറ്റ് ടീമിലേക്ക്

ഒരു തയ്യല്‍ക്കടയില്‍ സഹായിയായാണ് ഹില്‍ട്ടന്റെ തുടക്കം. പക്ഷേ, അവിടെ പച്ചപിടിച്ചില്ല. ക്രിക്കറ്റിലേക്ക് ശ്രദ്ധതിരിഞ്ഞു. കറുത്തവന്റെ ജീവിതം ജമൈക്കയില്‍ ദുരിതമായിരുന്നു. എവിടെയും ഉയര്‍ന്നുവരാനാവാത്ത അവസ്ഥ. ഇത് ഹില്‍ട്ടന്റെ ആഗ്രഹത്തെയും പിന്നോട്ടടിപ്പിച്ചു. പരിശീലകന്റെ സഹായം ലഭിക്കാത്തവര്‍ ബൗളിങ്ങിലേക്ക് തിരിയുകയാണ് പതിവ്, ഹില്‍ട്ടനും അങ്ങനെതന്നെ. ആ ബൗളിങ് മാരകമാണെന്ന്, വേണ്ടപ്പെട്ടവര്‍ വൈകിയെങ്കിലും തിരിച്ചറിഞ്ഞു. ജമൈക്കന്‍ ടീമിലെത്തി. 30-ാം ജന്മദിനത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് വിന്‍ഡീസ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

1935 ജനുവരി എട്ടിന് ബാര്‍ബഡോസില്‍ ഇംഗ്ലണ്ടിനെതിരേ അരങ്ങേറ്റം. മഴകാരണം കളി ഭൂരിഭാഗവും തടസ്സപ്പെട്ടു. ആദ്യ ഇന്നിങ്സില്‍ വാലി ഹാമണ്ടിന്റേതടക്കം മൂന്ന് വിക്കറ്റുകള്‍ വെറും എട്ട് റണ്‍സ് മാത്രം നല്‍കി ഹില്‍ട്ടണ്‍ വീഴ്ത്തി. വിന്‍ഡീസിന്റെ രണ്ടാം ഇന്നിങ്സില്‍ ടോപ് സ്‌കോററുമായി. ഇംഗ്ലണ്ട് നാല് വിക്കറ്റിന് മത്സരം ജയിച്ചെങ്കിലും ഹില്‍ട്ടന്റെ പ്രകടനം വേറിട്ടുനിന്നു.

ആകെ ആറ് ടെസ്റ്റുകളാണ് ഹില്‍ട്ടണ്‍ കളിച്ചത്. 16 വിക്കറ്റുകള്‍ വീഴ്ത്തി, 70 റണ്‍സുമെടുത്തു. പിന്നാലെ ഫോം നഷ്ടപ്പെട്ട് അദ്ദേഹം ടീമിന് പുറത്തായി, വിരമിക്കുകയും ചെയ്തു. ചൂടന്‍ സ്വഭാവവും ഹില്‍ട്ടന് വിനയായിരുന്നു.

ദുരന്തമായ വിവാഹം

ക്രിക്കറ്റ് താരമായതോടെ ഹില്‍ട്ടന്റെ നിലയും വിലയും ഉയര്‍ന്നിരുന്നു. ജമൈക്കന്‍ സിവില്‍ സര്‍വീസില്‍ ജോലി ലഭിച്ചു. ഒരു പോലീസ് ഇന്‍സ്‌പെക്ടറുടെ മകളായ ലര്‍ളിന്‍ റോസിനെയാണ് ഹില്‍ട്ടന്‍ വിവാഹം കഴിച്ചത്. ഈ വിവാഹത്തിന് റോസിന്റെ വീട്ടുകാര്‍ എതിരായിരുന്നു. ഹില്‍ട്ടന്റെ പഴയ പശ്ചാത്തലംതന്നെ കാരണം. 1942ല്‍ വിവാഹം. അഞ്ച് വര്‍ഷത്തിനുശേഷം അവര്‍ക്കൊരു മകന്‍ പിറന്നു. റോസ് ഒരു ഫാഷന്‍ ഡിസൈനറായി. ന്യൂയോര്‍ക്കില്‍ പരിശീലനത്തിന് പോയി. അവിടെ ദീര്‍ഘനാള്‍ തുടര്‍ന്നു. ഹില്‍ട്ടനും മകനും റോസിന്റെ വീട്ടിലും.

1954 ഏപ്രിലില്‍ ഹില്‍ട്ടന് ന്യൂയോര്‍ക്കില്‍നിന്ന് ഒരു ഊമക്കത്ത് കിട്ടി. റോസ് അവിടെ റോയ് ഫ്രാന്‍സിസ് എന്നൊരാളുമായി ബന്ധത്തിലാണെന്നും അവര്‍ ഒരുമിച്ച് താമസിക്കുകയാണെന്നും ആയിരുന്നു ഉള്ളടക്കം. ക്ഷുഭിതനായ ഹില്‍ട്ടന്‍ റോസിന് ടെലിഗ്രാം അടിച്ചു, 'ഉടന്‍ നാട്ടിലെത്തുക'.

കൊലപാതകം

റോസ് നാട്ടിലെത്തുന്നതിന്റെ തലേന്ന് ഹില്‍ട്ടന്‍ ഒരു റിവോള്‍വര്‍ വാങ്ങി. കിങ്സ്റ്റണില്‍ കുറ്റവാളികളുടെ ശല്യമുണ്ടെന്നും സ്വയരക്ഷയ്ക്കാണെന്നും വീട്ടുകാരോട് പറഞ്ഞു. റോസ് ഭാവഭദേമൊന്നും ഇല്ലാതെയാണ് എത്തിയത്. തുടക്കത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ഹില്‍ട്ടന്‍ സംശയാലുവായി തുടര്‍ന്നു. ഒരു ദിവസം റോസ് നല്‍കിയ കത്തുമായി അവരുടെ സഹായി പോകുന്നത് ഹില്‍ട്ടന്റെ ശ്രദ്ധയില്‍പ്പെട്ടു. അത് റോയ് ഫ്രാന്‍സിസിന് ന്യൂയോര്‍ക്കിലേക്ക് അയച്ച കത്താണെന്ന് ഹില്‍ട്ടന്‍ സംശയിച്ചു. അയാള്‍ പോസ്റ്റ് ഓഫീസില്‍ ചെന്ന് കത്ത് കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവാദം കിട്ടിയില്ല. കത്തിനെച്ചൊല്ലി ഹില്‍ട്ടനും റോസും വാഗ്വാദത്തിലായി. കത്ത് താന്‍ വായിച്ചെന്ന് ഹില്‍ട്ടന്‍ കള്ളം പറഞ്ഞു. ഒടുവില്‍, റോയ് ഫ്രാന്‍സിസുമായുള്ള ബന്ധം റോസ് തുറന്നുപറഞ്ഞു. തന്റെ നിലയ്‌ക്കൊത്ത ആളല്ലെന്ന് റോസ് പറഞ്ഞെന്നാണ് ഹില്‍ട്ടന്‍ പിന്നീട് മൊഴി നല്‍കിയത്. ''തര്‍ക്കത്തിനിടെ ബെഡ്റൂമിലുണ്ടായിരുന്ന തോക്ക് എടുത്തുകൊണ്ടുവന്ന് റോസ് എനിക്കുനേരേ വെടിയുതിര്‍ത്തു, ഭാഗ്യത്തിന് കൊണ്ടില്ല. തോക്ക് ഞാന്‍ പിടിച്ചുവാങ്ങി. എനിക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല. പിന്നെ എന്തൊക്കെയോ സംഭവിച്ചു. റോസ് ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ടു. അവള്‍ക്കുനേരേ ഞാന്‍ വെടിവെച്ചെന്ന് മനസ്സിലായി''. - ഹില്‍ട്ടന്‍ പിന്നീട് കോടതിയില്‍ പറഞ്ഞത് ഇങ്ങനെയാണ്.

വധശിക്ഷ

അക്കാലത്ത് ജമൈക്കയിലെ നിയമം കര്‍ശനമായിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് ഹില്‍ട്ടന്റെ വക്കീല്‍ വാദിച്ചെങ്കിലും ഫലിച്ചില്ല. ആറ് തവണ വെടിയുതിര്‍ക്കാവുന്ന റിവോള്‍വറായിരുന്നു അത്. റോസിന്റെ ശരീരത്തില്‍ ഏഴ് വെടിയുണ്ടകളേറ്റിരുന്നു. അതിനര്‍ഥം ഹില്‍ട്ടന്‍ റീലോഡ് ചെയ്ത് വീണ്ടും വെടിയുതിര്‍ത്തു എന്നാണെന്ന് വാദംവന്നു. ആത്മഹത്യ ചെയ്യാനാണ് താന്‍ റീലോഡ് ചെയ്തത് എന്ന് ഹില്‍ട്ടന്‍ പറഞ്ഞെങ്കിലും കോടതി കണക്കിലെടുത്തില്ല. ഹില്‍ട്ടനെ തൂക്കിക്കൊല്ലാന്‍ 1954 ഒക്ടോബര്‍ 20-ന് വിധിവന്നു. അപ്പീലുകള്‍ തള്ളപ്പെട്ടു.

വിന്‍ഡീസ് ടീമില്‍ ഒപ്പം കളിച്ച ചിലര്‍ ഹില്‍ട്ടനെ ജയിലില്‍ സന്ദര്‍ശിച്ചു. തൂക്കുകയറൊരുങ്ങി. പരമ്പരാഗതമായ അവസാനത്തെ പ്രഭാതഭക്ഷണം ഹില്‍ട്ടന്‍ നിരസിച്ചു. 1955 മേയ് 17-ന് ജില്ലാ ജയിലില്‍ അമ്പതുകാരനായ ഹില്‍ട്ടനെ തൂക്കിലേറ്റി. ജയില്‍വളപ്പിലായിരുന്നു സംസ്‌കാരം.

വധശിക്ഷയ്ക്ക് തൊട്ടുമുമ്പുള്ള ദിവസം ബാര്‍ബഡോസില്‍ വെസ്റ്റിന്‍ഡീസ് - ഓസ്ട്രേലിയ ടെസ്റ്റ് നടക്കുകയായിരുന്നു. വിന്‍ഡീസ് ടീമിലെ ജമൈക്കന്‍ താരവും ഹില്‍ട്ടന്റെ സുഹൃത്തുമായ ജെ.കെ. ഹോള്‍ട്ട് തീര്‍ത്തും അസ്വസ്ഥനായിരുന്നു. ഹോള്‍ട്ട് നിരവധി ക്യാച്ചുകള്‍ നിലത്തിട്ടു, ഫീല്‍ഡിങ് പിഴവുകള്‍ വരുത്തി. അന്ന് കാണികള്‍ ഗാലറിയില്‍ ഒരു ബാനര്‍ ഉയര്‍ത്തി - 'ഹോള്‍ട്ടിനെ തൂക്കിലേറ്റുക, ഹില്‍ട്ടനെ വെറുതെവിടുക'.

Content Highlights: On This Day Former West Indies cricketer Leslie Hylton is hanged to death