ന്ത്യന്‍ ക്രിക്കറ്റില്‍ രോഹിത് ഗുരുനാഥ് ശര്‍മയെന്ന ബാറ്റ്‌സ്മാനെ എങ്ങനെ അടയാളപ്പെടുത്തും. ഒരേസമയം സച്ചിനെ പോലെ ശാന്തനും ബാറ്റെടുത്താല്‍ സെവാഗിനെ പോലെ പൊട്ടിത്തെറിക്കുന്നവനുമാണ് രോഹിത്. ക്രീസിലും ഫീല്‍ഡിലും എന്നും സൗമ്യനായി ഇടപെടുന്ന താരം. പക്ഷേ ആ സൗമ്യത പലപ്പോഴും രോഹിത്തിന്റെ ബാറ്റില്‍ നിന്നുണ്ടാകാറില്ല. ഏകദിനത്തില്‍ രോഹിത്തിന്റെ പേരില്‍ ഉയര്‍ന്നുനില്‍ക്കുന്ന മൂന്ന് ഇരട്ട സെഞ്ചുറികള്‍ തന്നെ അതിന് തെളിവാണല്ലോ. ആ കൂട്ടത്തില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ശ്രീലങ്കയെ ദഹിപ്പിച്ചു കളഞ്ഞ ഇരട്ട സെഞ്ചുറിയിലൂടെ 264 എന്ന ഏകദിന ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍ രോഹിത് സ്വന്തം പേരിലാക്കിയിട്ട് ഇന്ന് ആറു വര്‍ഷം തികയുകയാണ്. 

2014 നവംബര്‍ 13-ന് ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ഏകദിന മത്സരത്തില്‍ രോഹിത് ക്രീസിലേക്ക് നടന്നെത്തിയപ്പോള്‍ ആരും അത്തരമൊരു അദ്ഭുതം അയാളില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നുവേണം പറയാന്‍. കാരണം അന്ന് ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ബാറ്റെടുത്ത രോഹിത് പതിയെയാണ് തന്റെ ഇന്നിങ്‌സ് ആരംഭിച്ചത്. അര്‍ധ സെഞ്ചുറി തികയ്ക്കാനെടുത്തത് 72 പന്തുകള്‍. ദ്രാവിഡിനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ കത്തിക്കയറലുകളൊന്നുമില്ലാത്ത ഒരു സാധാരണ ഇന്നിങ്‌സ്.

എന്നാല്‍ നിലയുറപ്പിച്ചശേഷം കത്തിക്കയറുന്ന രോഹിത് സ്‌റ്റൈലിന് അവിടെയും മാറ്റമൊന്നും വന്നില്ല. 72 പന്തുകളില്‍ നിന്ന് 50 തികച്ച താരത്തിന് പിന്നീട് സെഞ്ചുറിയിലേക്ക് വേണ്ടിവന്നത് വെറും 28 പന്തുകള്‍. 100-ാം പന്തില്‍ തന്നെ സെഞ്ചുറി തികച്ച ഹിറ്റ്മാന്‍ പിന്നീട് അവിടെനിന്നങ്ങോട്ട് ടോപ്പ് ഗിയറില്‍ കുതിച്ചു.

അലസനെന്ന് പലപ്പോഴും പഴി കേട്ടിട്ടുള്ള താരമാണ് രോഹിത്. തന്റെ പ്രതിഭയുടെ 75 ശതമാനം പോലും കളിക്കളത്തില്‍ പുറത്തെടുക്കാറില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നൊരാള്‍. അന്നും ആ അലസത അയാളുടെ ബാറ്റിങ്ങിലുണ്ടായിരുന്നു. എന്നിട്ടും ആ ഇന്നിങ്‌സ് 50-ാം ഓവറിലെ അവസാന പന്തുവരെ നീണ്ടു.

യാതൊരു പ്രത്യേകതകളുമില്ലാതെ തുടങ്ങിയ ഒരു സാധാരണ ഇന്നിങ്സ് അതിന്റെ അസാധാരണ രൂപം കൈവരിക്കുന്നതിനാണ് ഈഡനില്‍ കൂടിയ കാണികള്‍ സാക്ഷിയായത്. അന്ന് അഞ്ചാം ഓവര്‍ എറിയാനെത്തിയ ഷാമിന്ദ ഇറംഗയുടെ പന്തില്‍ വ്യക്തിഗത സ്‌കോര്‍ നാലില്‍ നില്‍ക്കെ രോഹിത് നല്‍കിയ ഒരു അനായാസ ക്യാച്ച് തിസാര പെരേര നിലത്തിടുകയും ചെയ്തിരുന്നു. അപ്പോള്‍ അതിനെ ക്രിക്കറ്റില്‍ സാധാരണമായ ഒരു സംഭവമായേ ലങ്കന്‍ താരങ്ങള്‍ പോലും കണ്ടിരുന്നുള്ളൂ. എന്നാല്‍ മത്സര ശേഷം ലങ്കന്‍ ടീം ഏറ്റവും കൂടുതല്‍ ശപിച്ചത് ആ ഒരു നിമിഷത്തെയായിരുന്നു.

ജീവന്‍ തിരിച്ചുകിട്ടിയ രോഹിത് ഗുരുനാഥ് ശര്‍മയെന്ന വെടിക്കെട്ടുവീരന്‍ ക്രീസിലെ തന്റെ സംഹാരതാണ്ഡവം അവസാനിപ്പിച്ചത് ഇന്നിങ്സിന്റെ അവസാന പന്തിലായിരുന്നു. അപ്പോഴേക്കും ഒമ്പത് കൂറ്റന്‍ സിക്സറുകളും 33 ബൗണ്ടറികളും ആ ബാറ്റില്‍ നിന്ന് പിറന്നു കഴിഞ്ഞിരുന്നു.

On this day 6 years before Rohit Sharma blasted a colossal 264 against Sri Lanka at the Eden Gardens

ബാറ്റെടുത്താല്‍ എന്നും വമ്പന്‍ സ്‌കോറുകള്‍ക്ക് പിന്നാലെ പോകാന്‍ ഇഷ്ടപ്പെടുന്ന രോഹിത്തിന്റെ കരിയറിലെ രണ്ടാം ഇരട്ടസെഞ്ചുറിയായിരുന്നു 2014 നവംബര്‍ 13-ന് ഈഡനില്‍ ലങ്കയ്ക്കെതിരേ പിറന്നത്. 2013 നവംബര്‍ രണ്ടിന് ബെംഗളൂരുവില്‍ ഓസ്ട്രേലിയക്കെതിരെയായിരുന്നു രോഹിത്തിന്റെ കരിയറിലെ ആദ്യ ഏകദിന ഇരട്ടസെഞ്ചുറി (209). 2017 ഡിസംബര്‍ 13-ന് മെഹാലിയില്‍ വീണ്ടും ലങ്കയ്ക്കെതിരേ രോഹിത് ഇതേ പ്രകടനം ആവര്‍ത്തിച്ചു (208*). ഏകദിന ചരിത്രത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടിയ ഒരേയൊരു താരമെന്ന നേട്ടവും രോഹിത്തിനു തന്നെ.

ഒരു ടീം ഒന്നിച്ച് നേടാന്‍ പോലും ബുദ്ധിമുട്ടുന്ന സ്‌കോറാണ് രോഹിത് അന്ന് ഒറ്റയ്ക്ക് അടിച്ചെടുത്തത്. 173 പന്തുകള്‍ നേരിട്ട് 264 റണ്‍സുമായി ഇന്നിങ്സിന്റെ അവസാന പന്തില്‍ രോഹിത് മടങ്ങിയപ്പോഴേക്കും അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 404 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഇന്ത്യ അടിച്ചുകൂട്ടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്കാകട്ടെ രോഹിത് ഒറ്റയ്‌ക്കെടുത്ത സ്‌കോര്‍ പോലും സ്വന്തമാക്കാന്‍ സാധിച്ചില്ല. രോഹിത് ഇന്നിങ്സില്‍ ക്ഷീണിച്ച് മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക അന്ന് 43.1 ഓവറില്‍ 251 റണ്‍സിന് കൂടാരം കയറുകയായിരുന്നു.

അവസാന 10 ഓവറിലാണ് രോഹിത് ലങ്കയെ ശരിക്കും വെള്ളം കുടിപ്പിച്ചത്. ശ്രദ്ധയോടെ മെല്ലെ തുടങ്ങിയ രോഹിത്തിന്റെ ഇന്നിങ്സ്, അവസാന 10 ഓവറിലാണ് സംഹാരത്തിന്റെ ഉച്ചസ്ഥായിലെത്തിയത്. 40 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നിന് 275 എന്ന നിലയിലായിരുന്ന ഇന്ത്യന്‍ സ്‌കോര്‍ ചെന്നവസാനിച്ചത് 404-ലായിരുന്നു. 129 റണ്‍സാണ് ഇന്ത്യ അവസാന 10 ഓവറില്‍ അടിച്ചുകൂട്ടിയത്. ഇതില്‍ 110 റണ്‍സും നേടിയത് രോഹിത്തായിരുന്നു. 100 പന്തില്‍ സെഞ്ചുറിയിലെത്തിയ താരത്തിന് 150-ലെത്താന്‍ വേണ്ടിവന്നത് വെറും 25 പന്തുകള്‍. അടുത്ത 26 പന്തുകള്‍ക്കുള്ളില്‍ ഇരട്ട സെഞ്ചുറിയും പിറന്നു. 200-ല്‍ നിന്ന് 250-ലേക്കെത്താന്‍ വേണ്ടിവന്നതോ വെറും 15 പന്തുകള്‍ മാത്രവും.

പരിക്കിനെ തുടര്‍ന്ന് രണ്ടരമാസത്തോളം പുറത്തിരുന്ന രോഹിത് തിരിച്ചുവന്ന ഇന്നിങ്‌സായിരുന്നു അത്. അന്ന് ക്രിക്കറ്റിന്റെ റെക്കോഡ് ബുക്കില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്ത് ആ തിരിച്ചുവരവ് രോഹിത് ആഘോഷമാക്കുകയും ചെയ്തു.

Content Highlights: On this day 6 years before Rohit Sharma blasted a colossal 264 against Sri Lanka at the Eden Gardens