വീണ്ടുമൊരു ഭാഗ്യക്കേടിന്റെ ജൂണ്‍ 13, ഗിബ്‌സിന്റെ കൈയില്‍ നിന്ന് വോ വഴുതിപ്പോയ ദിവസം, ലോകകപ്പും


By അഭിനാഥ് തിരുവലത്ത്

3 min read
Read later
Print
Share

ഗിബ്സിനു നേരെ പന്ത് പോകുന്നതു കണ്ട ദക്ഷിണാഫ്രിക്കന്‍ ടീമും ആരാധകരും ആഘോഷം തുടങ്ങിയിരുന്നു. കാരണം മികച്ച ഫീല്‍ഡറായ അദ്ദേഹത്തിന്റെ കൈകളെ അവര്‍ക്ക് അത്ര വിശ്വാസമായിരുന്നു

Image Courtesy: Getty Images

പ്രതിഭാധനരായ ഒട്ടേറെ കളിക്കാര്‍, പക്ഷേ ഭാഗ്യമില്ലാത്ത ടീം. ഒരു പക്ഷേ ക്രിക്കറ്റ് ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയെ ഇങ്ങനെ ആരെങ്കിലും വിശേഷിപ്പിച്ചാല്‍ അവരെ കുറ്റം പറയാനൊക്കുമോ? ക്രിക്കറ്റ് ലോകകപ്പുകളുടെ ചരിത്രത്തില്‍ തന്നെ ഇത്രയേറെ നിര്‍ഭാഗ്യം പിന്തുടര്‍ന്ന മറ്റൊരു ടീം ഉണ്ടാകുമോ. 1992-ലാണ് ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുന്നത്. അന്നുതൊട്ട് അങ്ങോട്ട് ദക്ഷിണാഫ്രിക്ക ലോകകപ്പിനെത്തിയിരുന്നത് മികച്ച നിരയുമായിട്ടാണ്. കിരീടസാധ്യതയിലും അവര്‍ മുന്‍പന്തിയിലുണ്ടാകും. അവസാനും നിര്‍ഭാഗ്യം കൊണ്ട് പുറത്താകുകയും ചെയ്യും.

1992-ലെ ലോകകപ്പില്‍ മഴ വില്ലനായപ്പോള്‍ ഒരു പന്തില്‍ നിന്ന് 22 റണ്‍സെന്ന ക്രൂരമായ വിധിയാണ് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമത്തിലൂടെ അവരെ കാത്തിരുന്നത്. 1996-ല്‍ ബ്രയന്‍ ലാറയിലൂടെ വിന്‍ഡീസ് അവര്‍ക്ക് വിലങ്ങിട്ടു. 2003-ല്‍ വീണ്ടും മഴ പ്രോട്ടീസിന്റെ കണ്ണീരിന് കാരണക്കാരനായി. ഈ നിര്‍ഭാഗ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധമായത് അവരുടെ 1999 ലോകകപ്പാകും.

ഓസ്ട്രേലിയക്കെതിരേ ജയിക്കാമായിരുന്ന മത്സരം നിര്‍ഭാഗ്യം കൊണ്ട് കൈവിട്ടുപോകുന്നത് കണ്ടുനില്‍ക്കാനേ പ്രോട്ടീസിനായുള്ളൂ. 1999 ലോകകപ്പ് സെമിയില്‍ അവസാന വിക്കറ്റ് കൈയില്‍ നില്‍ക്കെ വിജയത്തിലേക്ക് ലാന്‍സ് ക്ലൂസ്നര്‍ അടിച്ച പന്ത് കാണാതിരുന്ന അലന്‍ ഡൊണാള്‍ഡ്, ഒരു പക്ഷേ അന്ന് നഷ്ടപ്പെടുത്തിയത് ലോകകപ്പ് തന്നെയായിരുന്നിരിക്കണം. ഡൊണാള്‍ഡ് റണ്ണൗട്ടാകുന്നത് ഒന്ന് നോക്കാന്‍പോലും നില്‍ക്കാതെ പവലിയനിലേക്ക് നടന്ന ക്ലൂസ്നര്‍ എന്ന ഒറ്റയാള്‍ പോരാളി അന്ന് ക്രിക്കറ്റ് ലോകത്തെ ഒന്നാകെയാണ് കണ്ണീരിലാഴ്ത്തിയത്.

എന്നാല്‍ അന്നായിരുന്നില്ല ദക്ഷിണാഫ്രിക്ക യഥാര്‍ഥത്തില്‍ തോറ്റത്. ആ ലോകകപ്പിലെ തന്നെ സൂപ്പര്‍ സിക്സ് മത്സരത്തില്‍ ഓസീസിനോടേറ്റ തോല്‍വിയാണ് ദക്ഷിണാഫ്രിക്കയുടെ വിധി നിര്‍ണയിച്ചത്. സൂപ്പര്‍ സിക്സ് മത്സരത്തില്‍ നേടിയ ആ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ഓസീസ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.

അന്ന് സ്റ്റീവ് വോ എന്ന ഓസീസ് നാവികന്റെ ക്യാച്ച് അമിതാവേശത്തില്‍ നിലത്തിട്ട ഹെര്‍ഷല്‍ ഗിബ്സെന്ന 25-കാരന്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഹീറോയില്‍ നിന്ന് വില്ലന്റെ മേലങ്കിയണിഞ്ഞു. 21 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ജൂണ്‍ 13-ന് ലീഡ്‌സില്‍ നടന്ന മത്സരത്തിലാണ് ഗിബ്‌സിന്റെ 'ക്യാച്ചല്ലാതെ മാറിയ ആ ക്യാച്ച്' പിറന്നത്.

On this Day 21 years ago Herschelle Gibbs and South Africa’s costliest dropped catch was born

സെമിയിലെത്താന്‍ ഓസീസിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വിജയം അനിവാര്യമായിരുന്നു. ടോസ് നേടിയ ഹാന്‍സി ക്രോണ്യ ബാറ്റിങ് തിരഞ്ഞെടുത്തു. മഗ്രാത്തിനും ഫ്ളെമിങ്ങിനും വോണിനും മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്നിര പതറിയപ്പോള്‍ പിടിച്ചുനിന്നത് ഗിബ്സായിരുന്നു. 134 പന്തുകളില്‍ നിന്ന് 101 റണ്‍സെടുത്ത ഗിബ്സിന്റെ മികവില്‍ അവര്‍ 271 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് മൂന്നു വിക്കറ്റിന് 48 റണ്‍സെന്ന നിലയില്‍ പ്രതിസന്ധിയിലായിരുന്നു. പക്ഷേ റിക്കി പോണ്ടിങ്ങിനെ കൂട്ടുപിടിച്ച ക്യാപ്റ്റന്‍ സ്റ്റീവ് വോ ഓസീസിനെ മുന്നോട്ടു നയിച്ചു. ബൗണ്ടറികളിലൂടെ വോ ആവശ്യമായ റണ്‍റേറ്റ് കുറച്ചുകൊണ്ടിരുന്നു. തങ്ങള്‍ക്കും വിജയത്തിനുമിടയ്ക്ക് വിലങ്ങുതടിയായിരിക്കുന്നത് വോ ആണെന്ന് മനസിലാക്കിയ പ്രോട്ടീസ് എങ്ങനെയും അദ്ദേഹത്തെ പുറത്താക്കാനുള്ള ശ്രമത്തിലായിരുന്നു.

അതിനിടയിലാണ് ക്രിക്കറ്റ് ലോകം ഇന്നും മറക്കാത്ത ആ ക്യാച്ചല്ലാത്ത ക്യാച്ചിന്റെ പിറവി. ക്ലൂസ്നര്‍ എറിഞ്ഞ 31-ാം ഓവറിന്റെ അവസാന പന്തില്‍ വോയുടെ ടൈമിങ് പിഴയ്ക്കുന്നു. ഫ്ളിക്ക് ചെയ്ത പന്ത് മിഡ് വിക്കറ്റ് ഏരിയയിലേക്ക്. ജോണ്‍ഡി റോഡ്സിനു ശേഷം ദക്ഷിണാഫ്രിക്ക കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ ഗിബ്സായിരുന്നു ആ ഭാഗത്തുണ്ടായിരുന്നത്.

On this Day 21 years ago Herschelle Gibbs and South Africa’s costliest dropped catch was born

ഗിബ്സിനു നേരെ പന്ത് പോകുന്നതു കണ്ട ദക്ഷിണാഫ്രിക്കന്‍ ടീമും ആരാധകരും ആഘോഷം തുടങ്ങിയിരുന്നു. കാരണം മികച്ച ഫീല്‍ഡറായ അദ്ദേഹത്തിന്റെ കൈകളെ അവര്‍ക്ക് അത്ര വിശ്വാസമായിരുന്നു. അതേ ആവേശവും വിശ്വാസവും ഗിബ്സിനുമുണ്ടായിരുന്നു. എന്നാല്‍ അതല്‍പ്പം കടന്നുപോയി. പന്ത് കൈപ്പിടിയിലായ ഉടന്‍ ഗിബ്സ് ആ പന്ത് വായുവിലേക്ക് എറിയാന്‍ ശ്രമിച്ചു. അവിടെയായിരുന്നു സെക്കന്‍ഡില്‍ ഒരംശത്തിന്റെ വില ഗിബ്സും ദക്ഷിണാഫ്രിക്കന്‍ ടീമും അറിഞ്ഞത്. 1984 ലോസാഞ്ചലസ് ഒളിമ്പിക്സില്‍ മലയാളി താരം പി.ടി ഉഷയ്ക്ക് മെഡല്‍ നഷ്ടമായ അതേ സെക്കന്‍ഡിന്റെ ഒരംശം. പന്ത് ഗിബ്സിന്റെ കൈയില്‍ നിന്ന് വഴുതി നിലത്തുവീണു. തിരിഞ്ഞു നടക്കാനൊരുങ്ങിയ വോ പോലും ഞെട്ടി. ക്രോണ്യെ അടക്കം ടീം അംഗങ്ങള്‍ അമ്പയറോട് വിക്കറ്റിനായി വാദിച്ചു നോക്കിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല.

ആകെ പതറിപ്പോയ ആ 25-കാരന്‍ കൂളിങ് ഗ്ലാസ് കൊണ്ട് ജാള്യത മറച്ചുപിടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 'നിങ്ങള്‍ നിലത്തിട്ടത് ലോകകപ്പാണ്', ആ ക്യാച്ച് നഷ്ടമായ ശേഷം വോ, ഗിബ്സിന്റെ അടുത്ത് വന്ന് പറഞ്ഞുവെന്ന് ക്രിക്കറ്റ് ലോകം പാടിനടന്ന കാര്യം. പില്‍ക്കാലത്ത് വോ തന്നെ അക്കാര്യം നിഷേധിച്ചിട്ടും ഇന്നും ആളുകള്‍ അത് വിശ്വസിക്കുന്നു.

On this Day 21 years ago Herschelle Gibbs and South Africa’s costliest dropped catch was born

ഗിബ്സ് കൈവിട്ട വോ 110 പന്തുകളില്‍ നിന്ന് 120 റണ്‍സെടുത്ത് ഓസീസിനെ വിജയത്തിലെത്തിച്ചു. ഗിബ്സ് ആ ക്യാച്ച് നഷ്ടമാക്കുന്ന സമയത്ത് ജയിക്കാന്‍ 114 പന്തില്‍ നിന്ന് 120 റണ്‍സ് വേണമെന്ന അവസ്ഥയിലായിരുന്നു ഓസീസ് എന്നറിയുമ്പോഴാണ് ആ ക്യാച്ച് എത്ര വിലപ്പെട്ടതായിരുന്നുവെന്ന് മനസിലാകുന്നത്.

പിന്നീട് സെമിയില്‍ ദക്ഷിണാഫ്രിക്ക - ഓസ്ട്രേലിയ മത്സരം ടൈ ആയതോടെ സൂപ്പര്‍ സിക്സില്‍ നേടിയ വിജയത്തിന്റെ ആനുകൂല്യത്തില്‍ ഓസീസ് ഫൈനലിലേക്ക് മുന്നേറി. പാകിസ്താനെ തോല്‍പ്പിച്ച് കിരീടവുമണിഞ്ഞു.

Content Highlights: On this Day 21 years ago Herschelle Gibbs and South Africa’s costliest dropped catch was born

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented