ഫോട്ടോ: സനിൽ പി. തോമസ്
പാരിസ്: കോവിഡ് മഹാമാരി വിനയായത് ടോക്കിയോ ഒളിമ്പിക്സിനല്ല മറിച്ച് പാരിസ് ഒളിമ്പിക്സിന്റെ ഒരുക്കങ്ങള്‍ക്കാണ്. സമയത്തിനു നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ പാരിസ് സംഘാടക സമിതിയും നഗരസഭയും അത്യധ്വാനം ചെയ്യുകയാണ്. പലയിടത്തും നിര്‍മാണങ്ങള്‍ ഒരേ സമയം നടക്കുമ്പോള്‍ പാരിസ് നഗരത്തില്‍ എവിടെയും ട്രാഫിക് കുരുക്ക്. പല ഭാഗങ്ങളിലും വാഹനങ്ങളുടെ നീണ്ടനിര കണ്ടു.
കോവിഡ് ഭീഷണിമുലം കാണികളെ ഒഴിവാക്കിയാണ് 2021-ല്‍ ടോക്കിയോ ഒളിമ്പിക്സ് നടന്നതെങ്കിലും ടോക്കിയോയില്‍ ഒരുക്കങ്ങളെല്ലാം നേരത്തെ പൂര്‍ത്തിയായിരുന്നു. ഒളിമ്പിക്സ് ഒരു വര്‍ഷം നീട്ടിവച്ചപ്പോള്‍ ടോക്കിയോ 2020 എന്ന ലേബല്‍ മാറ്റില്ലെന്ന് രാജ്യാന്തര ഒളിമ്പിക് സമിതിയുമായി സംഘാടക സമിതി കരാര്‍ എഴുതിയതും എല്ലാം ഒരുങ്ങിക്കഴിഞ്ഞതിനാലാണ്.
കോവിഡ് എത്തും മുമ്പ് ടോക്കിയോയില്‍ നിര്‍മാണങ്ങള്‍ പൂര്‍ത്തിയായിരുന്നു. ടോക്കിയോ നഗരവും ഒരുങ്ങിയിരുന്നു. പാരിസില്‍ സ്ഥിതിയതല്ല.
കോവിഡ് ഭീഷണി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ചു. നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യമാണ് പാരിസിനെ ഏറ്റവും വിഷമിപ്പിക്കുന്നത്. ലോക്ക്ഡൗണും മറ്റു നിയന്ത്രണങ്ങളും നിര്‍മാണ മേഖലയെ തളര്‍ത്തി. ഘട്ടങ്ങളായി പൂര്‍ത്തിയാക്കേണ്ട നിര്‍മാണങ്ങള്‍ ഇപ്പോള്‍ ഒരേ സമയം നടക്കുമ്പോള്‍ നഗരത്തിലെ ഗതാഗതം താറുമാറായി. കഴിഞ്ഞ ദിവസങ്ങളില്‍ ഇടയ്ക്കിടെയുണ്ടായ മഴയും പ്രശ്നമായി. ഇവിടെ ഒട്ടുമിക്ക റോഡുകളിലും വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. ഒരേ സമയം നഗരത്തിലെങ്ങും നിര്‍മാണം നടക്കുന്നത് നാട്ടുകാരെ മാത്രമല്ല, സന്ദര്‍ശകരെയും വലയ്ക്കുന്നു.
ഇതിനു മുമ്പ് രണ്ടു തവണ (1900-ത്തിലും 1924-ലും) ഒളിമ്പിക്സിന് ആതിഥേയതത്വം വഹിച്ച അനുഭവസമ്പത്ത് പാരിസിനുണ്ട്. 2024 ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് അടുത്ത ഒളിമ്പിക്സ്. 2017 ജൂലൈ 31-ന് പാരിസ് 24-ലെ ഒളിമ്പിക്സ് വേദിയായി തിരഞ്ഞെടുക്കപ്പെട്ടതാണ്. അതേ വര്‍ഷം സെപ്റ്റംബര്‍ 13-ന് നടന്ന രാജ്യാന്തര ഒളിമ്പിക് സമിതി സെഷന് ഇതിന് അംഗീകാരവും നല്കി. ടോക്കിയോ ഗെയിംസ് മാറ്റിവച്ചപ്പോഴും പാരിസ് ഗെയിംസ് മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗെയിംസിനായി നഗരം മോടിപിടിപ്പിക്കുന്ന പരിപാടികള്‍ പലഭാഗത്തും ഒരുപോലെ പുരോഗമിക്കുന്നു. ഇതാണു വിനയായത്. ഇപ്പോള്‍ നടക്കേണ്ടതിനൊപ്പം മുടങ്ങിക്കിടന്നതും നടക്കുന്നു.
10,500 കായികതാരങ്ങള്‍ പാരിസില്‍ എത്തും. പക്ഷേ, കാണികളുടെയും വിനോദ സഞ്ചാരികളുടെയും കാര്യത്തില്‍ നിശ്ചയമില്ല. വിദേശികള്‍ കാണാന്‍ താത്പര്യപ്പെടുന്ന സ്മാരകങ്ങളില്‍ പ്രധാനപ്പെട്ടത് ഐഫല്‍ ടവര്‍ തന്നെയാകും. അവിടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നു. വഴിയിറമ്പില്‍ ഗ്ലാസ് മതില് തീര്‍ത്തും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചുമൊക്കെ ടവറിനു സമീപം ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. ഫ്രാന്‍സിന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ അധ്യക്ഷ പദവി ലഭിച്ചതിന്റെ ആഘോഷങ്ങളും ഇതിനിടെ നടക്കുന്നു. പാരിസ്, ഒളിമ്പിക്സിനെ ഹൃദ്യമായി വരവേല്‍ക്കും. ട്രാഫിക് ബ്ലോക്ക് കുറച്ചു കാലം സഹിക്കേണ്ടി വരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..