മികച്ച അത്ലറ്റിനുള്ള ഓർഡനൻസ് കോർ ഡയറക്ടറുടെ ബ്ലേസർ അണിഞ്ഞു നിൽക്കുന്ന താരത്തെ അസൂയയോടെ നോക്കിയ യുവതാരം ചോദിച്ചു. ''ഈ ബ്ലേസർ എനിക്കു കടമായി തരുമോ?''. ''നിനക്കു നാണമില്ലേ?'' സീനിയർ താരം പ്രതികരിച്ചു. 1950-കളുടെ മധ്യേ ആർമി സ്റ്റേഷൻ ഹെഡ്ക്വാർട്ടേഴ്സ് മീറ്റിൽ ആണു സംഭവം. സീനിയർ താരം തൃശൂർ പാവറട്ടി ഒലക്കേങ്ങിൽ കുഞ്ഞിപ്പാവുവിന്റെയും ത്രേസ്യാമ്മയുടെയും പുത്രൻ ഒ.കെ. ആന്റണി. ജൂനിയർ താരം സാക്ഷാൽ മിൽഖാ സിങ്. സെക്കന്തരാബാദിലും പുണെയിലും നടന്ന ആർമി സ്റ്റേഷൻ മീറ്റുകളിൽ ആണ് ആന്റണി മിൽഖായെയും മസ്താൻ സിങ്ങിനെയും തോൽപിച്ചത്. 200, 400 മീറ്ററുകളിൽ .

ആന്റണി മാത്രമല്ല കുർഗിൽ നിന്നുള്ള അയെന്നയും അക്കാലത്ത് മിൽഖായെ തോൽപിച്ചിരുന്നു. 1956-ലെ മെൽബൻ ഒളിംപിക്സിനുള്ള ഇന്ത്യൻ ക്യാംപിലേക്കു നടന്ന സെലക്ഷൻ ട്രയൽസിലും മിൽഖാ പരാജയപ്പെട്ടിരുന്നു. പക്ഷേ, മിൽഖായിൽ ഒരു ഭാവി താരത്തെ ദർശിച്ച പട്യാല രാജാവ് ( രാജാ ഭലീന്ദർ സിങ് ആയിരിക്കണം ) മിൽഖായെ ക്യാംപിലേക്കു ശുപാർശ ചെയ്യുകയായിരുന്നു. ആ ക്യാംപിൽ ആണ് മിൽഖായെ ഭാവി എതിരാളിയായി കണ്ട ചിലർ ആക്രമിച്ചത്. മിൽഖാ സൂപ്പർ താരമായ ശേഷം 1960 ൽ നടന്ന സ്റ്റേഷൻ ഹെഡ്ക്വാർട്ടേഴ്സ് മീറ്റ്. 100, 200, 400 മീറ്ററുകളിൽ മിൽഖായ്ക്കു സ്വർണം. രണ്ടു റിലേയിലും സ്വർണം നേടിയ ടീമിനെ ആങ്കർ ചെയ്തതും മിൽഖാ .

400 മീറ്ററിൽ മിൽഖായ്ക്കു പിന്നിൽ ബി. ഗണേശൻ വെള്ളിയും ഒകെ. ആന്റണി വെങ്കലവും നേടി. 61-ൽ ഇതേ മീറ്റിൽ ആന്റണി 400 മീറ്ററിലും 400 മീ ഹർഡിൽസിലും സ്വർണം നേടി. ഈ മീറ്റിൽ മിൽഖ മത്സരിച്ചില്ല.

400 മീറ്റർ ഹർഡിൽസിൽ ആന്റണി മിൽഖായെ തോൽപിച്ചു എന്നു പറയാനാവില്ല. കാരണം മിൽഖാ ഹർഡിൽസിൽ മത്സരിക്കാറില്ലായിരുന്നു. സർവീസസ് മീറ്റിനിടെ കുഴഞ്ഞു വീണ ആന്റണി, ശ്വാസകോശത്തിന്റെ ദുർബലാവസ്ഥയാണു കാരണമെന്നറിഞ്ഞതോടെ മത്സര രംഗത്തു നിന്നു ക്രമേണ പിൻവാങ്ങുകയായിരുന്നു. തന്റെ പ്രതാപ കാലത്തും ആന്റണിക്ക് അന്തർ സംസ്ഥാന മീറ്റുകളിൽ മെഡൽ കിട്ടിയിട്ടില്ല എന്നത് അതിശയമാണ്.

1950 മുതൽ 1955 വരെ 100 മീറ്ററിലും 200 മീറ്ററിലും ലാവി പിന്റോയുടെ സർവാധിപത്യമായിരുന്നു. ഒവൻ പിന്റോ, വുഡ് കോക്ക്, ബൽവന്ത് സിങ്, ജെ. ക്രാസ് റ്റോ, ജി. ഗബ്രിയേൽ, റാം സ്വരുപ് റാവു, വി.കെ. റായ്, ദർശൻ സിങ് തുടങ്ങിയവരായിരുന്നു പിന്റോയുടെ പ്രധാന എതിരാളികൾ.1957ൽ 200 മീറ്ററിലും 400 മീറ്ററിലും ജയിച്ച മിൽഖായുടെ കാലമാണു പിന്നീട് കണ്ടത്.

ഒരു ലാപ്പിൽ ആകട്ടെ ഗോവിന്ദ് സിങ്, എ.എസ്. ബക്ഷി, ഐവാൻ ജേക്കബ് , ജോഗീന്ദർ സിങ്, അൽ സിൽ വേറ തുടങ്ങിയവരും 400 മീ. ഹർഡിസിൽ ഡി ക്ലാസ്, ജോഗീന്ദർ സിങ്, പ്രീത് റാംസിങ്, ജഗ്ദേവ് സിങ്, ജഗ് രാജ് സിങ് തുടങ്ങിയവരും മെഡൽ ജേതാക്കളായി. ഒരു പക്ഷേ ശ്വാസകോശ പ്രശ്നം മൂലമാകാം ഒ.കെ. ആന്റണി ദേശീയ മീറ്റുകളിൽ സജീവമാകാതിരുന്നത്.

ഓടിത്തുടങ്ങിയ കാലത്തെ മിൽഖായും ഓടിത്തെളിഞ്ഞ മിൽഖായും വ്യത്യസ്തമാണ്. അതു കൊണ്ടുതന്നെ. മിൽഖാ 1960ൽ സ്ഥാപിച്ച 400 മീറ്റർ ദേശീയ റെക്കോർഡ് 1998 ൽ തിരുത്തിയ പരംജീത് സിങ്ങും ആ റെക്കോർഡ് മെച്ചപ്പെടുത്തിയ കെ.എം ബിനുവും മുഹമ്മദ് അനസുമൊക്കെ എണ്ണപ്പെടണം. അപ്പോഴും ഓർക്കണം. മിൽഖായും ആന്റണിയുമൊക്കെ ഓടിയത് സിൻഡർ ട്രാക്കിലാണ്.

Content Highlights: OK Antony Keralite who beat Milkha Singh