കോവിഡ് മഹാമാരിയുടെ വിളയാട്ടത്തിനിടയിലും കായിക പ്രേമികളെ മാത്രമല്ല ലോകത്തെ മുഴുവന്‍  മുന്നോട്ടു നടക്കാന്‍ പ്രേരിപ്പിച്ച വര്‍ഷമാണ് 2021. മാറ്റി വച്ച യൂറോ കപ്പും കോപ്പാ അമേരിക്കാ ചാമ്പ്യന്‍ഷിപ്പും ഒളിമ്പിക്സുമെല്ലാം തിരിച്ചെത്തി അവര്‍ക്ക് ആശ്വാസവും പ്രതീക്ഷയുമെല്ലാം നല്‍കിയ വര്‍ഷം. യൂറോയില്‍ ഇറ്റലിയും കോപ്പയില്‍ അര്‍ജന്റീനയും കിരീടവുമായി ആരാധകര്‍ക്ക് വിരുന്നൂട്ടി. അതിന്റെ ക്ലൈമാക്സായിരുന്നു ടോക്യോ ഒളിമ്പിക്സ്. 

ലോകം മതിമറന്നാഹ്ലാദിച്ച രണ്ടാഴ്ച. ഇക്കുറി ഒളിമ്പിക്സിലെ വണ്‍മില്യന്‍ ഡോളര്‍ ചോദ്യങ്ങളിലൊന്ന് ഒളിമ്പിക് സ്വര്‍ണം നേടി നൊവാക് ജോക്കോവിച്ച് ഗോള്‍ഡന്‍ സ്ലാമെന്ന (നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും ഒളിമ്പിക് സ്വര്‍ണവും ഒരേ വര്‍ഷം നേടുക) അപൂര്‍വ നേട്ടത്തിലേക്ക് ഒരു ചുവടുകൂടി വയ്ക്കുമോ എന്നുള്ളതായിരുന്നു. അത് തകര്‍ന്നതോടെ യു.എസ് ഓപ്പണ്‍ നേടി കലണ്ടര്‍ സ്ലാം തികയ്ക്കുമോ എന്നതായി അടുത്ത ചോദ്യം. ഞായറാഴ്ച രാത്രി നടന്ന ഫൈനലില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിന് മുന്നില്‍ കീഴടങ്ങിയതോടെ ജോക്കോ മാത്രമല്ല ഒരത്യപൂര്‍വ നേട്ടം കാണാനിരുന്ന കായിക പ്രേമികളും തോറ്റുപോയി.

കായിക താരങ്ങളുടെ അത്യപൂര്‍വമായ  നേട്ടങ്ങള്‍  ജീവിതകാലത്ത് കാണുവാന്‍ കഴിയുകയെന്നത് ഓരോ കായിക പ്രേമിയുടെയും പുണ്യമാണ്. 1988-ലെ സോള്‍ ഒളിമ്പിക്സില്‍ അത്തരമൊരു നേട്ടത്തിന് കായിക ലോകം സാക്ഷ്യം വഹിച്ചു. ടെന്നീസ് ലോകം അടക്കിവാണ സ്റ്റെഫി ഗ്രാഫെന്ന ജര്‍മന്‍ സുന്ദരി ആദ്യം കലണ്ടര്‍ സ്ലാം (നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും ഒരേ വര്‍ഷം നേടുക) തികച്ചു. അവസാന ഗ്രാന്‍ഡ് സ്ലാമായ യു.എസ്.ഓപ്പണ് പിന്നാലെ സോള്‍ ഒളിമ്പിക്സ് എത്തി. അവിടെ സ്വര്‍ണം നേടിയതോടെ  അന്നത്തെ പത്രലേഖകരാണ് ഈ നേട്ടത്തിന് 'ഗോള്‍ഡന്‍ സ്ലാം' എന്ന വിശേഷണം നല്‍കിയത്.

അതിനു ശേഷം പുരുഷ, വനിതാ ടെന്നീസില്‍ ഗോള്‍ഡന്‍ സ്ലാം നേട്ടങ്ങളും, കലണ്ടര്‍ സ്ലാം നേട്ടങ്ങളും  അരങ്ങേറിയില്ല (1969-ല്‍ റോഡ് ലേവറാണ് അവസാനമായി പുരുഷ ടെന്നീസില്‍ കരിയര്‍ സ്ലാം തികച്ചത്. ഓപ്പണ്‍ കാലഘട്ടത്തിലെ ആദ്യ കലണ്ടര്‍ സ്ലാമും ഇതു തന്നെയായിരുന്നു).
കോവിഡ് പ്രതിസന്ധിയില്‍ ഒളിമ്പിക്സ് 2021-ലേക്ക് നീട്ടുകയും ഇക്കുറി ആദ്യ മൂന്ന് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും നൊവാക് ജോക്കോവിച്ച് നേടുകയും ചെയ്തതോടെയാണ് വീണ്ടും ഗോള്‍ഡന്‍ സ്ലാമെന്ന പദം ചര്‍ച്ചയായത്.

പ്രശസ്തിയുടെ എല്ലാ ആനുകൂല്യങ്ങളുടെ ഭാരവുമേറിയാണ് ജോക്കോ ടോക്യോയിലെത്തിയത്. ആദ്യ ഒരാഴ്ചകൊണ്ടു തന്നെ ഗെയിംസ് വില്ലേജിലെ ഏറ്റവും ജനകീയനായ താരമായി അദ്ദേഹം മാറി. ഏതാണ്ട് 500-ലധികം താരങ്ങള്‍ ജോക്കോയ്ക്കൊപ്പം ചിത്രമെടുത്തുവെന്നായിരുന്നു റിപ്പോര്‍ട്ട്.

ആദ്യ റൗണ്ടുകളില്‍ അനായാസം ജയിച്ചെത്തി സെര്‍ബിയന്‍ താരം കരിയറില്‍ ആദ്യമായി ഒളിമ്പിക് സ്വര്‍ണം നേടുമെന്ന പ്രതീക്ഷ ശരിവച്ച പ്രകടനമാണ് നടത്തിയത്. സെമി ഫൈനലില്‍ പക്ഷേ ജര്‍മന്‍ യുവതാരം അലക്സാണ്ടര്‍ സവരേവിന് മുന്നില്‍ ജോക്കോ കീഴടങ്ങിയത് അവിശ്വസനീയതയോടെയാണ് ലോകം കണ്ടുനിന്നത്. വെങ്കല മെഡല്‍ പോരാട്ടത്തിലും തോറ്റതോടെ ലോക ഒന്നാം നമ്പര്‍ താരത്തിന്റെ ഒളിമ്പിക് ദുരന്തം പൂര്‍ത്തിയായി. കായിക പ്രേമികളുടെ ഗോള്‍ഡന്‍ സ്ലാമെന്ന സ്വപ്നവും തകര്‍ന്നു.

അടുത്ത പ്രതീക്ഷയായിരുന്നു യു.എസ്.ഓപ്പണും കലണ്ടര്‍ സ്ലാമും. ഒളിമ്പിക്സിനിടെ പരിക്കേറ്റ ജോക്കോയ്ക്ക് യു.എസ്.ഓപ്പണില്‍ പങ്കെടുക്കാനാകുമോയെന്ന്  ആദ്യം ആശങ്കകളുണ്ടായിരുന്നു. അതിനെയെല്ലാം മറികടന്ന് കിരീടം മാത്രം ലക്ഷ്യമിട്ടാണ് അദ്ദേഹം ന്യൂയോര്‍ക്കിലെത്തിയത്.

ആദ്യ സെറ്റുകള്‍ നഷ്ടമായിട്ടും എതിരാളികളെ ദയാവധം ചെയ്തുകൊണ്ടുള്ള മുന്നേറ്റങ്ങളിലൂടെ സെമി ഫൈനല്‍ വരെ. അവിടെ സവരേവിനെ അഞ്ചാം സെറ്റില്‍ നിഷ്പ്രഭനാക്കി ഫൈനലിലേക്ക് (ഒളിമ്പിക്സിലെ തോല്‍വിക്ക് പ്രതികാരവും). കലാശക്കളിയില്‍ എതിര്‍ വശത്ത് റഷ്യന്‍ താരം ഡാനില്‍ മെദ് വദേവും.

ഇതോടെ കായിക ലോകം ആവേശത്തിന്റെ കൊടുമുടിയിലായി. 1969-ല്‍ റോഡ് ലേവര്‍ രണ്ടാം വട്ടം സ്വന്തമാക്കിയ നേട്ടം ആവര്‍ത്തിക്കാനുള്ള സമയമായെന്ന് എല്ലാവരും കരുതി. കരിയറിലെ തന്റെ അവസാന മത്സരം പോലെയായിരിക്കും ഫൈനലിനെ കാണുകയെന്ന് മത്സരത്തിന് മുമ്പ് ജോക്കോവിച്ച് വ്യക്തമാക്കുകയും ചെയ്തു. 'എന്റെ രക്തവും വിയര്‍പ്പും മാംസവുമെല്ലാം അര്‍പ്പിച്ച് ഞാന്‍ വിജയത്തിനായി പോരാടും'- ഇതായിരുന്നു ജോക്കോവിച്ചിന്റെ വാഗ്ദാനം.

തന്റെ റെക്കോഡ് ആവര്‍ത്തിക്കപ്പെടുന്നതു കാണാന്‍ സാക്ഷാല്‍ റോഡ് ലേവര്‍ കലാശക്കളിക്കെത്തിയിരുന്നു. പക്ഷേ അവിടെ ചരിത്രം ജോക്കോവിച്ചിനെതിരായി. നേരിട്ടുള്ള സെറ്റുകളില്‍ റഷ്യന്‍ താരത്തിനു മുന്നില്‍ കീഴടങ്ങിയതോടെ (4-6,4-6,4-6) കലണ്ടര്‍ സ്ലാമെന്ന സ്വപ്നം കപ്പിനും ചുണ്ടിനുമിടയില്‍ വച്ച് നോളിന് ( ജോക്കോവിച്ചിന്റെ വിളിപ്പേര്) നഷ്ടമായി.

അവസാന സെറ്റിന്റെ അവസാന ഭാഗത്ത് ചേഞ്ച് ഓവറിന്റെ സമയത്ത് ടവ്വലില്‍ മുഖം അമര്‍ത്തിക്കരയുന്നുണ്ട് ജോക്കോവിച്ച്. രാജ്യം നഷ്ടമാകാന്‍ പോകുന്ന ചക്രവര്‍ത്തിയുടെ ദു:ഖം. നോള്‍..അത്  ഞങ്ങള്‍ കായിക  പ്രേമികളുടെകൂടി ദു:ഖമായിരുന്നു. കലണ്ടര്‍ സ്ലാമെന്ന വലിയൊരു നേട്ടം കാണാന്‍ ഞങ്ങള്‍ക്കുമായില്ലല്ലോ.

Content Highlights: Novak Djokovic Tokyo Olympics US Open Tennis