പേരാമ്പ്രക്കാരനായ വൈശാഖ് ഒരു ആത്മകഥയെഴുതുകയാണെങ്കില്‍ ആ കഥയുടെ പേര് ഇങ്ങനെയായിരിക്കും 'ഒരു തൂവല്‍ നഷ്ടത്താല്‍ ഇന്നേവരെ ഒരു പക്ഷിയും ആകാശം തൊടാതിരുന്നിട്ടില്ല'. 11 വര്‍ഷം മുമ്പ് എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ ബൈക്കപകടത്തില്‍ വലതു കാല്‍ നഷ്ടപ്പെട്ടപ്പോള്‍ വൈശാഖിന് മുന്നില്‍ ജീവിതവും പാതിവെച്ച് മുറിഞ്ഞുവീഴുകയായിരുന്നു. എന്നാല്‍ കൈ വിറക്കാതെ, കാല്‍ തളരാതെ തുന്നിക്കൂട്ടിയെടുത്ത ജീവിതവുമായി കുതിച്ച വൈശാഖ് എത്തിനില്‍ക്കുന്നത് ഐ.എസ്.എല്‍ ടീം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പടിവാതില്‍ക്കലാണ്. ഒരു ക്രച്ചസിന്റെ വേഗതായിരുന്നില്ല ആ യാത്രയ്ക്ക്, ഒരു റേസിങ് കാറിന്റെ കുതിപ്പ് തന്നെയുണ്ടായിരുന്നു. 

വൈശാഖിന്റെ ഇത്രയും വര്‍ഷത്തെ ജീവിതം കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍ ബാഗ്ദാദ് മെസ്സിയെന്ന ഹ്രസ്വചിത്രമാണ് ഓര്‍മ്മവരിക. മെസ്സിയുടെ കളി കാണാന്‍ ഉപ്പയുടെ ജീവന്‍ ബലിനല്‍കേണ്ടി വന്ന, ബോംബ് സ്‌ഫോടനത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട ഹമൗദി എന്ന പത്തു വയസ്സുകാരന്റെ കഥ. എന്നാല്‍ വൈശാഖിന്റേയും ഹമൗദിയുടേയും ജിവിതപശ്ചാത്തലവും കാല് നഷ്ടപ്പെടാനുണ്ടായ കാരണങ്ങളും തമ്മില്‍ ആനയും ഉറുമ്പും തമ്മിലുള്ള വ്യത്യാസമുണ്ട്. പക്ഷേ ഇരുവരുടേയും പ്രണയം ഫുട്‌ബോളിനോട് മാത്രമാണ്. 

കഴിഞ്ഞ ദിവസം പേരാമ്പ്രയ്ക്ക് തൊട്ടടുത്ത കല്ലനോടില്‍ നടന്ന ഇലവന്‍സ് മത്സരത്തില്‍ മലബാര്‍ യുണൈറ്റഡിനായി ഗ്രൗണ്ടിലിറങ്ങിയതോടെയാണ് ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ വൈശാഖ്  താരമായത്. ഒറ്റക്കാലുമായി ക്രച്ചസിന്റെ സഹായത്തോടെ വൈശാഖ് പന്തുകളിക്കുന്ന വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. പലരും കൈമാറിയ ഈ വീഡിയോ ഒടുവില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കോച്ച് എല്‍കോ ഷറ്റോരിയുടെ കണ്ണിലുടക്കി. വൈശാഖിന്റെ ഫുട്‌ബോളിനോടുള്ള അര്‍പ്പണബോധനത്തെ പ്രകീര്‍ത്തിച്ച ഷറ്റോരി താരത്തെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ക്ലബ്ബിലേക്ക് ക്ഷണിക്കുകയായിരുന്നു. 

vysakh sr
Photo Courtesy: Facebook

ആ ക്ഷണം വെറുതെയായില്ല, ജനുവരി 24ന് വൈശാഖ് ഗുവാഹത്തിയിലേക്ക് പറക്കും. 25ന് ഐ.എസ്.എല്ലിലെ താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്തിയ ശേഷം 26-ന് ചെന്നൈയിനെതിരായ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മുഖ്യാതിഥിയുമാകും. 

വൈശാഖ് ഇന്ത്യയുടെ ദേശീയ താരം കൂടിയാണ്. ആംപ്യൂട്ടി ഫുട്‌ബോളില്‍ ഇന്ത്യയുടെ ഏഷ്യന്‍ കപ്പ് ടീമിലെ താരമായിരുന്നു വൈശാഖ്. പാരാലിംപിക് ഇന്ത്യന്‍ വോളിബോള്‍ ടീമില്‍ അംഗമായി കൊളംബോയില്‍ നടന്ന ഇന്തോ-ശ്രീലങ്ക ഇന്‍വിറ്റേഷണല്‍ ഇന്റര്‍നാഷണല്‍ കപ്പ് മത്സരത്തില്‍ കളിച്ചു. കോയമ്പത്തൂരില്‍ നടന്ന ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള ദേശീയ സിറ്റിങ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളടീമിനെ നയിച്ചതും വൈശാഖായിരുന്നു.

കോഴിക്കോട് സെയ്ന്റ് ജോസഫ് കോളേജില്‍ നിന്നാണ് വൈശാഖ് ബി.എസ്.സി. സുവോളജി പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ താത്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്നു. 

 

Content Highlights: North East United Coach Eelco Schattorie invites Vysakh ISL 2019