യൗവനത്തിന്റെ മണിമുഴക്കത്തോടെ ലോകചെസ്സ് 2021 നെ യാത്രയാക്കി പുതുവര്‍ഷത്തെ സ്വീകരിക്കുന്നു. ശൈത്യകാലത്തേയും ഹിമപാതത്തേയും വരവേല്‍ക്കുന്ന പോളണ്ടിന്റെ തലസ്ഥാനനഗരിയായ വാഴ്‌സോയിലെ പി ജി ഈ നരോദോവി സ്റ്റേഡിയത്തില്‍  ഡിസംബര്‍ 26 മുതല്‍ 28 വരെ ലോക റാപ്പിഡ് ചെസ്സ് മത്സരങ്ങള്‍ അരങ്ങേറി. 

ഓപ്പണ്‍, വനിതാ വിഭാഗങ്ങളിലായിരുന്നു ലോകകിരീടപോരാട്ടങ്ങള്‍. 176 കരുത്തര്‍ പങ്കെടുത്ത ഓപ്പണ്‍ വിഭാഗമായിരുന്നു ഇതില്‍ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത്. 2550 മുകളില്‍ ഫിഡെ റേറ്റിങ്ങിന്റെ ഉടമകളായ ചെസ്സ് താരങ്ങള്‍, വിവിധരാഷ്ട്രങ്ങളില്‍ നിന്നുള്ള ദേശീയചാമ്പ്യന്മാര്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരായിരുന്നു മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയെത്തിയവര്‍. ലോകചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണ്‍, ക്ലാസ്സിക്കല്‍ ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കാള്‍സനോട് ഏറ്റുമുട്ടി പരാജയമടഞ്ഞ യാന്‍ നെപ്പോമ്‌നിഷി, ലോകനമ്പര്‍ രണ്ടാം താരവും കാള്‍സണ് വെല്ലുവിളി എന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്ന ഇറാനിയന്‍-ഫ്രഞ്ച് താരം 17 കാരന്‍ ഫിറൂസജാ ആലിറേസ, ലോകകപ്പ് ജേതാവ് ഡൂഡ യാന്‍ ക്രിസ്റ്റോഫ്, ലോകചെസ്സിലെ അതിശക്തരായ ഗ്രാന്‍ഡ് മാസ്റ്റര്‍മാര്‍ നകാമുറ ഹിക്കാരു, ഫാബിയോ കരുവാന, മാക്‌സിം വഷ്യ ലഗ്രേവ്, അനീഷ് ഗിരി, സെര്‍ജി കാര്യാക്കിന്‍ - അങ്ങനെ പോകുന്നു അതിഗംഭീരമായ താരനിര. 

മലയാളിതാരങ്ങളായ നിഹാല്‍ സരിന്‍, എസ് എല്‍ നാരായണന്‍ എന്നിവരടക്കം 12 പേരടങ്ങുന്ന ഇന്ത്യന്‍ കരുത്തും മത്സരരംഗത്തുണ്ടായിരുന്നു. ഒന്നാം ദിനം 5 കളികള്‍ പൂര്‍ത്തിയായപ്പോള്‍ നിലവിലെ ചാമ്പ്യന്‍ 4 .5 പോയിന്റുകളോടെ ഡൂഡ യാന്‍ ക്രിസ്റ്റോഫ്, ബാദര്‍ ജബോവ എന്നിവരോടൊപ്പം ലീഡ് പങ്കിട്ടു. രണ്ടാമത്തെ ദിവസം 9 റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ കാള്‍സണ്‍  ശക്തരായ ഫിറൂസജായേയും ഡൂഡയേയും പരാജയപ്പെടുത്തി 7 .5 എന്ന സ്‌കോറോടെ ഒറ്റക്ക് മുന്നിലെത്തി. ക്ലാസിക്കല്‍, റാപ്പിഡ്, ബ്ലിറ്റ്‌സ് എന്നീ മൂന്ന് വിഭാഗങ്ങളിലും നിലവില്‍ കിരീടധാരിയായ കാള്‍സണ്‍ ചരിത്രം ആവര്‍ത്തിക്കുവാനുള്ള സാധ്യത തെളിയുകയായിരുന്നു. 

മൂന്നാം ദിനം അട്ടിമറികളുടേയും അപ്രതീക്ഷിതങ്ങളുടേയും ദിനമായി മാറി. ഫാബിയോ കരുവാനയേയും ലെവന്‍ ആറോണിയനേയും ബോറിസ് ഗെല്‍ഫാന്‍ഡിനേയും വീഴ്ത്തിയ കൗമാരപ്രതിഭ നോദിര്‍ബെക്ക് അബ്ദുസത്തറോവ് പത്താം റൗണ്ടില്‍ സാക്ഷാല്‍ മാഗ്‌നസ് കാള്‍സനെ അട്ടിമറിച്ചു. സമനില നേടാവുന്ന കളി കാള്‍സന്റെ പിഴവുമൂലം ഉസ്‌ബെക്കിസ്ഥാന്റെ 17 കാരന്‍ അത്ഭുതബാലന്റെ വിജയത്തില്‍ കലാശിച്ചു. അതോടെ 8 പൊയിന്റുകളോടെ അബ്ദുസത്തറോവും നെപ്പോമ്‌നിഷിയും  മുന്നിലായി. കാള്‍സണ്‍ പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി. 13 കളികളും പൂര്‍ത്തിയായപ്പോള്‍ 9.5 പോയിന്റുകളോടെ 4 പേര്‍ ഒന്നാം സ്ഥാനത്ത് നിലകൊണ്ടു - അബ്ദുസത്തറോവ്, നെപ്പോമ്‌നിഷി, കാള്‍സണ്‍, കരുവാന. 

ലോകചാമ്പ്യന്‍ നിര്‍ണയിക്കുവാനുള്ള പ്ലേ ഓഫ് പോരാട്ടം നടന്നത് അബ്ദുസത്തറോവും നെപ്പോമ്‌നിഷിയും തമ്മിലായിരുന്നു. ( 4 പേര്‍ക്ക് ഒരേ പോയിന്റുകള്‍ ഉണ്ടായിട്ടും അതില്‍ 2 പേര്‍ മാത്രം ജേതാവിനെ നിശ്ചയിക്കാനുള്ള അന്തിമപോരാട്ടത്തിനായി തെരഞ്ഞെടുക്കപ്പെടുന്നു എന്ന നിയമം വിമര്‍ശിക്കപ്പെടുകയുണ്ടായി) പ്ലേ ഓഫില്‍ അബ്ദുസത്താറാറോവ് യാന്‍ നെപ്പോമ്‌നിഷിയെ 1 .5 - 0 .5 എന്ന സ്‌കോറിന് പരാജയപ്പെടുത്തി ചരിതത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക റാപ്പിഡ് ചെസ്സ് ചാമ്പ്യനായിമാറി. 13 വയസ്സില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പട്ടം നേടിയ അബ്ദുസത്താറാവ് 11 വയസ്സിലേ തന്നെ ലോകത്തെ മികച്ച 100 ജൂനിയര്‍ താരങ്ങളില്‍ ഒരാളായി ഇടം പിടിച്ചിരുന്നു. പക്ഷെ ഈ കൗമാരപ്രതിഭയുടെ ലോകകിരീടജയം എല്ലാ പ്രവചനങ്ങള്‍ക്കും അതീതമായിരുന്നു. പ്രസ്സ് കോണ്‍ഫറന്‍സിലും അഭിമുഖങ്ങളിലുമെല്ലാം വളരെ സംയമനത്തോടെയും പക്വതയോടെയുമാണ് അബ്ദുസത്തറോവ് ചോദ്യങ്ങളെ നേരിട്ടത്. അടുത്ത ലോക ബ്ലിറ്റ്‌സ് ചാംപ്യന്‍ഷിപ്പിലാണ് താന്‍ മനസ്സ് കേന്ദ്രീകരിക്കുന്നത് എന്ന് ഈ ബാലന്‍ പറഞ്ഞത് വളരെ ശ്രദ്ധേയമാണ്.

ഭാരതത്തിന്റെ യുവനിര വളരെ മികച്ച പ്രകടനമാണ് ലോക റാപ്പിഡ് ചാമ്പ്യന്‍ഷിപ്പില്‍ കാഴ്ചവെച്ചത്. ചെന്നൈയില്‍ നിന്നുള്ള ഡി ഗുകേഷ് എന്ന ബാലതാരം കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തോടെ 9 പോയിന്റുകള്‍ നേടുകയും ഒമ്പതാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ഫാബിയോ കരുവാന, ഡൂഡ ക്രിസ്റ്റോഫ്, ലെവന്‍ ആറോണിയന്‍, മാമദറോവ് എന്നീ ലോക മുന്‍ നിര താരങ്ങള്‍ നേടിയ അതെ പോയിന്റ് തന്നെയാണ് ഗുകേഷും നേടിയത്. ഗുകേഷ് ബോറിസ് ഗെല്‍ഫാന്‍ഡ്, ബാദര്‍ ജെബോവ എന്നിവരെ തോല്‍പ്പിക്കുകയും അലക്സാണ്ടര്‍ ഗ്രിഷ്ചുക്ക്, ചാമ്പ്യന്‍ അബ്ദുസത്തറോവ് എന്നിവരെ സമനിലയില്‍ തളയ്ക്കുകയും ചെയ്തു. 8.5  പോയിന്റുകള്‍ കരസ്ഥമാക്കി പതിനഞ്ചാം സ്ഥാനത്തെത്തിയ കൊല്‍ക്കത്തയിലെ 20 കാരന്‍ മിത്രബ ഗുഹയുടെ പ്രകടനവും അതിശയിപ്പിക്കുന്ന ഒന്നായിരുന്നു. 

7 പോയിന്റുകള്‍ വീതം നേടി കേരളത്തിന്റെ എസ് എല്‍ നാരായണനും നിഹാല്‍ സരിനും മാന്യമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചു. നാരായണന്‍ 63 ഉം നിഹാല്‍ 60 ഉം ഫിഡെ റേറ്റിംഗ് പോയിന്റുകള്‍ അവരുടെ പ്രകടനങ്ങളിലൂടെ ഉയര്‍ത്തി എന്നതും ആഹ്ലാദകരം തന്നെ. ജനുവരി 29 ന് ആരംഭിക്കുന്ന ലോക ബ്ലിറ്റ്‌സ് ടൂര്‍ണമെന്റില്‍ ഇവരില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം. നിഹാല്‍ പ്രത്യേകിച്ചും ബ്ലിറ്റ്‌സ് ചെസ്സില്‍ ലോകത്തെ മികച്ച കളിക്കാരില്‍ ഒരാളും കരുത്തന്മാരുടെ പേടിസ്വപ്നവുമാണ്. റാപ്പിഡ് ചെസ്സില്‍ ഓരോ കളിക്കാരനും മൊത്തം 15 മിനിറ്റ് വീതം നല്‍കപ്പെടുന്നു, ഇതിനു പുറമെ ഓരോ നീക്കത്തിനും 10 സെക്കന്‍ഡ് ഇന്‍ക്രിമെന്റും ലഭിക്കുന്നു. എന്നാല്‍ ബ്ലിറ്റ്‌സ് (മിന്നല്‍) ചെസ്സിലാകട്ടെ ഒരു കളിക്കാരന് ഒരു കളി പൂര്‍ത്തിയാക്കാന്‍ ആകെ ലഭിക്കുന്ന സമയം വെറും 3 മിനിറ്റുകള്‍ മാത്രമാണ്, അതിനു പുറമെ ഓരോ നീക്കം നടത്തുമ്പോഴും തന്റെ സമയത്തിനോട് 2 സെക്കന്‍ഡ് വീതം ചേര്‍ക്കപ്പെടും. അതിനാല്‍ തന്നെ അത്യന്തം ആവേശകരവും ഉദ്വേഗജനകവും കാണികള്‍ക്ക് ഹരം പകരുകയും ചെയ്യുന്ന ചെസ്സ് രൂപമാണ് ബ്ലിറ്റ്‌സ്.

Content Highlights: Nodirbek Abdusattorov dethrons Carlsen and win Rapid World Chess Championship