ന്ത്യയിലെ പ്രഥമ ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റ് വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടങ്ങുമ്പോള്‍ ഓര്‍മകള്‍ ഓസ്‌ട്രേലിയന്‍ മാധ്യമ സാമ്രാട്ട് കെരി ഫ്രാന്‍സിസ് ബുള്‍മുര്‍ പാക്കറുടെ വേള്‍ഡ് സീരീസ് ക്രിക്കറ്റിലെത്തും. പാക്കര്‍ പരീക്ഷിച്ച മഞ്ഞപ്പന്തും വര്‍ണ വസ്ത്രങ്ങളും 1977-ല്‍ ക്രിക്കറ്റില്‍ വിപ്ലവം സൃഷ്ടിച്ചു എന്ന് ഓര്‍ത്തെടുക്കാം. പക്ഷേ, ആറു വര്‍ഷത്തിനപ്പുറം ഇന്ത്യയില്‍ ഒരു നിശാ ക്രിക്കറ്റ് മത്സരം നടന്നു എന്നത് മറക്കാനാവില്ല.

ന്യൂ ഡല്‍ഹിയില്‍ നടന്ന ഇന്ത്യാ-പാകിസ്താന്‍ സൗഹൃദ മത്സരമായിരുന്നു അത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണത്തിന് സംഘടിപ്പിച്ച മത്സരമെന്നാണ് ഓര്‍മ. 1983 സെപ്റ്റംബര്‍ 21-നു നടന്ന മത്സരത്തില്‍ ഇന്ത്യ നാലു വിക്കറ്റിനു ജയിച്ചു.

Night cricket, which started with the yellow ball and reached the pink ball
കെരി ഫ്രാന്‍സിസ് ബുള്‍മുര്‍ പാക്കര്‍ (വലത്) Image Courtesy: Getty Images

നീലയും മഞ്ഞയും വസ്ത്രം ധരിച്ചായിരുന്നു ഇന്ത്യന്‍ ടീം കളിച്ചത്. വെള്ള പന്ത് ഉപയോഗിച്ച മത്സരത്തില്‍ പാകിസ്താന്‍ 197 റണ്‍സ് എടുത്തു. ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 198 റണ്‍സ് നേടി. ഇന്ത്യയുടെ വിജയ ശില്‍പി കീര്‍ത്തി ആസാദായിരുന്നു. മൂന്നു വിക്കറ്റും 71 റണ്‍സുമായിരുന്നു കീര്‍ത്തിയുടെ സംഭാവന. മൂന്നു പടുകുറ്റന്‍ സിക്‌സര്‍ പറത്തി കീര്‍ത്തി കാണികളെയും റേഡിയോ ശ്രോതാക്കളെയും ആവേശത്തില്‍ ആറാടിച്ചപ്പോള്‍ പിറ്റേന്ന് മാധ്യമങ്ങള്‍ക്ക് അത് കീര്‍ത്തിയുടെ രാത്രിയായി. പക്ഷേ, അന്നു പത്രങ്ങളില്‍ കളര്‍ ചിത്രങ്ങള്‍ ഇല്ലാത്തതിനാല്‍ ആ വര്‍ണ വേഷങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല.

1977-ലേക്കു മടങ്ങുമ്പോള്‍ പാക്കറുടെ ഭാവനയ്ക്കു മുന്നില്‍ തലകുനിക്കണം. പാക്കറുടെ ചാനല്‍ നയനിന് 1976-ല്‍ ഓസ്‌ടേലിയയുടെ ടെസ്റ്റ് മത്സരങ്ങളുടെ സംപ്രേഷണ അവകാശം നിഷേധിച്ചതോടെ ശതകോടീശ്വരനായ പാക്കര്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് മേധാവികളെ വെല്ലുവിളിച്ചു. 1977-ലും 1979-ലും അദ്ദേഹം ലോക സീരീസ് ക്രിക്കറ്റ് സംഘടിപ്പിച്ചു. 

Night cricket, which started with the yellow ball and reached the pink ball
Image Courtesy: BCCI

ടോണി ഗ്രെയ്ഗ്, ക്ലൈവ് ലോയിഡ്, ഇമ്രാന്‍ ഖാന്‍, ചാപ്പല്‍ സഹോദരങ്ങള്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളും അന്നു ടെസ്റ്റില്‍ നിന്നു പുറത്തായിരുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളും പാക്കറുടെ സര്‍ക്കസ് കൂടാരത്തില്‍ എത്തി. വര്‍ണങ്ങള്‍ക്കു പുറമെ ഗ്രൗണ്ടിന് ഇരുവശത്തും ടിവി ക്യാമറ, പിച്ചില്‍ മൈക്രോഫോണ്‍, എടുത്തു മാറ്റാവുന്ന ഹോട്ട് ബെഡ് പിച്ചുകള്‍. പാക്കര്‍ സൃഷ്ടിച്ച വിപ്ലവത്തില്‍ താരങ്ങളുടെ പോക്കറ്റും നിറഞ്ഞു. ലോക ക്രിക്കറ്റില്‍ പ്രഫഷണലിസം തുടങ്ങുകയായിരുന്നു.

പാക്കര്‍ 2005-ല്‍ അന്തരിച്ചു. തന്റെ ക്രിക്കറ്റിന്റെ പ്രചാരണാര്‍ഥം മാറു മറയ്ക്കാത്ത സ്ത്രീകളെ ഗ്രൗണ്ടില്‍ ഇറക്കിയ പാക്കറുടെ മരണശേഷം അദ്ദേഹം രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥ പ്രമുഖര്‍ക്കുമൊക്കെയായി ഒട്ടേറെ നക്ഷത്ര വേശ്യാലയങ്ങള്‍ നടത്തിയിരുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നു. സത്യമെന്തായാലും ക്രിക്കറ്റില്‍ താരമൂല്യവും പണക്കൊഴുപ്പും എത്തിയത് പാക്കറുടെ നിശാ ക്രിക്കറ്റിലൂടെയാണ്. പാക്കര്‍ ശൈലിയുടെ ആധുനിക രൂപമല്ലേ ഐ.പി.എല്ലിഎലിലെ ചിയര്‍ ഗേള്‍സ്.

Content Highlights: Night cricket, which started with the yellow ball and reached the pink ball