Photo: Getty Images
2021 ഓഗസ്റ്റ് ഏഴിന് ഒളിമ്പിക് ജാവലിന്‍ ഫൈനലിന്റെ രണ്ടാം റൗണ്ടില്‍ നീരജ് ചോപ്രയുടെ കൈയില്‍ നിന്ന് പുറപ്പെട്ട ജാവലിന്‍ 87.58 മീറ്റര്‍ ദൂരം കടന്ന് ടോക്യയുടെ മണ്ണില്‍ കുത്തിനിന്നപ്പോള് പിറന്നത് ചരിത്രമായിരുന്നു. മാസങ്ങള്‍ക്കിപ്പുറം മറ്റൊരു ജാവലിന്‍ 88.13 മീറ്റര്‍ പിന്നിട്ട് അമേരിക്കയിലെ യൂജിനിലെ മണ്ണില്‍ കുത്തിനിന്നപ്പോഴും ചരിത്രം പിറന്നു. ടോക്യോയില്‍ ഇന്ത്യയുടെ പൊന്‍തിളക്കമായ നീരജ് യൂജിനില്‍ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വെള്ളിത്തിളക്കമായി.
ഒളിമ്പിക് സ്വര്‍ണം നേടിയ ദൂരത്തേക്കാള്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നീരജിന്റെ ജാവലിന്‍ കുതിച്ചിരുന്നു. എന്നാല്‍ നീരജിന് കടുത്ത മത്സരം സമ്മാനിച്ച് ഗ്രാനഡയുടെ ആന്ഡേഴ്സന് പീറ്റേഴ്സും ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്ലെച്ചും ജര്‍മനിയുടെ ജൂലിയന്‍ വെബ്ബറുമുണ്ടായിരുന്നു. ഞായറാഴ്ച യൂജിനില്‍ നീരജിന്റെ ആദ്യ ശ്രമം തന്നെ ഫൗളായി. ഇതിനിടെ 90.21 എറിഞ്ഞ ആന്ഡേഴ്സന് ബഹുദൂരം മുന്നിലെത്തി. 85.52 മീറ്റര്‍ കടന്ന് വാദ്ലെച്ചും 86.86 മീറ്റര്‍ പിന്നിട്ട് വെബ്ബറും നീരജിനെ മറികടന്നു. രണ്ടാം ശ്രമത്തില്‍ 90.46 മീറ്റര്‍ എറിഞ്ഞ ആന്ഡേഴ്സന് സ്വര്‍ണം ഉറപ്പാക്കിയിരുന്നു. രണ്ടാം ശ്രമത്തില്‍ നീരജിന് പിന്നിടാനായത് 82.39 മീറ്റര്‍ മാത്രം. താരം നാലാം സ്ഥാനത്തേക്ക്. പിന്നാലെ 87.23 എറിഞ്ഞ് വാദ്ലെച്ച് രണ്ടാമതെത്തി. വെബ്ബര്‍ പക്ഷേ 71.88-ല്‍ ഒതുങ്ങി. മൂന്നാം ശ്രമത്തില്‍ പക്ഷേ ആന്ഡേഴ്സന് 87.21-ല്‍ ഒതുങ്ങി. 88.09 മീറ്ററെറിഞ്ഞ് വാദ്ലെച്ച് വെള്ളി മെഡലിനായുള്ള മത്സരം കടുപ്പിച്ചു. വെബ്ബര്‍ മൂന്നാം ശ്രമത്തില്‍ വീണ്ടും നിരാശപ്പെടുത്തി (73.00). പിന്നാലെ മൂന്നാം ശ്രമത്തില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ്, വാദ്ലെച്ചിനെ മറികടന്ന് രണ്ടാം സ്ഥാത്തേക്ക്. നീരജിന്റെ അഞ്ചും ആറും ശ്രമങ്ങള്‍ ഫൗളായി. വാദ്ലെച്ചിന് പിന്നീടുള്ള മൂന്ന് ശ്രമങ്ങളിലും ഈ ദൂരം മറികടക്കാനായില്ല. 83.48, 81.31, 82.88 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പിന്നീടുള്ള പ്രകടനങ്ങള്‍. വെബ്ബറിനും ഈ ദൂരം പിന്നിടാന്‍ സാധിക്കാതിരുന്നതോടെ നീരജ് വെള്ളിത്തിളക്കത്തിലേക്കെത്തി.
ടോക്യോയിലെ ഫൈനലില്‍ ആദ്യശ്രമത്തില്‍ 87.03 മീറ്റര്‍ എറിഞ്ഞ നീരജ് ആ റൗണ്ടില്‍ ഒന്നാമനായിരുന്നു. രണ്ടാം ശ്രമത്തിലെ 87.58 മീറ്റര്‍ ദൂരമാണ് സ്വര്‍ണ മെഡലിലേക്കെത്തിയത്. മൂന്നാം ശ്രമത്തില്‍ 76.79 മീറ്റര്‍, തുടര്‍ന്നുള്ള രണ്ട് ശ്രമങ്ങള്‍ ഫൗളായി. അന്ന് 86.67 മീറ്റര്‍ എറിഞ്ഞ വാദ്ലെച്ചിനായിരുന്നു വെള്ളി. ചെക്ക് റിപ്പബ്ലിക്കിന്റെ തന്നെ വിതേസ്ലാവ് വെസലി 85.44 മീറ്റര്‍ എറിഞ്ഞ് വെങ്കലുമായി മടങ്ങി.
ടോക്യോയിലെ സ്വര്‍ണ നേട്ടത്തിനു ശേഷം കുറച്ചുകാലം മത്സരരംഗത്തുനിന്ന് വിട്ടുനിന്ന നീരജ് കഴിഞ്ഞമാസം ഫിന്‍ലന്‍ഡില്‍ നടന്ന പാവോ നൂര്‍മി ഗെയിംസില്‍ 89.30 മീറ്റര്‍ എറിഞ്ഞ് മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു. പിന്നാലെ സ്വീഡനില്‍ നടന്ന ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ എറിഞ്ഞ് ഒരിക്കല്‍ക്കൂടി റെക്കോഡ് മെച്ചപ്പെടുത്തി ഉജ്ജ്വല ഫോമിലാണെന്ന് തെളിയിച്ചു.
2012-ല്‍ ലഖ്നൗവില്‍ ആദ്യ ദേശീയ ജൂനിയര്‍ സ്വര്‍ണം നേടുമ്പോള്‍ 68.46 മീറ്ററാണ് നീരജ് കണ്ടെത്തിയത്. ദേശീയ റെക്കോഡും തിരുത്തി. 2016-ന് ശേഷം നീരജിന്റെ ജൈത്രയാത്രയാണ് കണ്ടത്. ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി. 86.48 മീറ്റര്‍ എറിഞ്ഞായിരുന്നു അന്ന് ലോക ജൂനിയര്‍ റെക്കോഡും നീരജ് സ്വന്തമാക്കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..