ജ്ജാലുവായ ഒരു പെൺകുട്ടി. കളിക്കുമ്പോൾ എതിരാളിയെ പോലും മുഖമുയർത്തി നോക്കാത്ത കുട്ടി. അവളെ എങ്ങനെ ടെന്നീസ് പഠിപ്പിക്കുമെന്നോർത്ത് വിഷമിച്ച പരിശീലകൻ. നവോമി ഒസാക്കയെന്ന ജപ്പാനീസ് പെൺകുട്ടിയുടെ ഭൂതകാലം തിരഞ്ഞുപോയാൽ ലഭിക്കുന്ന ഉത്തരങ്ങളാണ് ഇതെല്ലാം. എന്നാൽ പ്രായം 23-ൽ എത്തിയപ്പോഴേക്കും ടെന്നീസിൽ കളിമികവിനൊപ്പം തന്റെ രാഷ്ട്രീയ നിലപാടുകളും വ്യക്തമാക്കുകയാണ് ആ പഴയ നാണംകുണുങ്ങിയായ പെൺകുട്ടി. പലപ്പോഴും നിറത്തിന്റെ പേരിൽ അപമാനം നേരിട്ട അവൾ ഇനി ഒരിക്കലും കുട്ടിക്കാലത്തേക്ക് റിട്ടേൺ അടിക്കില്ല എന്ന തീരുമാനത്തിലെത്തി. 2018 യു.എസ് ഓപ്പണിലെ സെറീന വില്ല്യംസിനെതിരായ വിവാദ ഫൈനൽ മുതൽ 2021 ഫ്രഞ്ച് ഓപ്പണിലെ പിന്മാറ്റം വരെ തന്റെ ഓരോ മത്സരങ്ങളിലും വാക്കുകളും നിലപാടുകളുമായി അവളുടെ എയ്സുകൾ.

മൂന്നു വർഷം മുമ്പ് സെറീന വില്ല്യംസിനെ തോൽപ്പിച്ച് യു.എസ് ഓപ്പൺ കിരീടം നേടി ടെന്നീസ് ലോകത്തെ പുതിയ രാജകുമാരിയായി ഒസാക്ക. എന്നാൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കിരീടവുമായി നിൽക്കുന്ന ഓരോ ചിത്രത്തിന് താഴേയും ഒസാക്കയെ അപമാനിക്കുന്ന കമന്റുകൾ നിറഞ്ഞു. സഹിക്കാവുന്നതിന് അപ്പുറമായതോടെ അവൾ പ്രതികരിക്കാൻ തുടങ്ങി. അതൊരു തുടക്കമായിരുന്നു. വലിയ മാറ്റത്തിനുള്ള തുടക്കം. അടുത്തത് ഒരു ടിവി ഷോ അവതാരകന്റെ വകയായിരുന്നു ഒസാക്കയ്ക്കെതിരായ വംശീയാധിക്ഷേപം. ഒസാക്ക പങ്കെടുത്ത ടിവി ഷോയ്ക്കിടെ അയാൾ പറഞ്ഞു 'നവോമി കരുവാളിച്ചുപോയി, വെളുപ്പിച്ചെടുക്കണം്. ബാക്ക്ഹാൻഡ് ഷോട്ട് പോലെ അയാളെ ഒസാക്ക അടിച്ചുപറത്തി.

2020-ലെ യു.എസ് ഓപ്പണിൽ റാക്കറ്റെടുക്കും മുമ്പ് ന്യൂയോർക്കിൽ നടന്ന വൈസ്റ്റേൺ ആന്റ് സതേൺ ടെന്നീസ ടൂർണമെന്റിന്റെ സെമി ഫൈനലിൽ നിന്ന് പിന്മാറി ഒസാക്ക കായികലോകത്തെ പിടിച്ചുകുലുക്കിയിരുന്നു. അമേരിക്കയിലെ കെനോഷയിൽ ജേക്കബ് ബ്ലെയ്ക്ക് എന്ന കറുത്ത വർഗക്കാരനായ യുവാവിനെ മൂന്നു മക്കളുടെ മുന്നിൽവച്ച് പോലീസ് വെടിവെച്ച് വീഴ്ത്തിയതായിരുന്നു ഒസാക്കയുടെ പ്രതിഷേധത്തിന് പിന്നിൽ. ഒസാക്ക പിന്മാറിയതോടെ ടൂർണമെന്റ് തത്‌ക്കാലം നിർത്തിവെച്ചു. എന്നാൽ സംഘാടകരുടെ നിസ്സഹായതകണ്ട് ഒസാക്ക തിരിച്ചുവന്നു. 'ഒരു കായികതാരം എന്നതിലുപരി ഞാനൊരു കറുത്ത വർഗക്കാരിയാണ്. ഞാൻ കളിക്കാതിരുന്നാൽ വലിയ മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല. എന്നാൽ വെളുത്ത വർഗക്കാർക്ക് ആധിപത്യമുള്ള സ്പോർട്സിൽ എന്റെ പിന്മാറ്റം ചർച്ചയായാൽ അത് ശരിയായ വഴിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.' അന്ന് ഒസാക്കയുടെ വാക്കുകൾ ലോകമെങ്ങും ചർച്ചയായി.

ഇതിന് പിന്നാലെ യു.എസ് ഓപ്പണിന്റെ വേദിയിലും ഒസാക്ക തന്റെ വേറിട്ട ശബ്ദം കേൾപ്പിച്ചു. ഫൈനൽ വരെ നീണ്ടുനിന്ന ഏഴു മത്സരങ്ങളിൽ ഓരോ ദിവസവും മാസ്കിൽ ഓരോ പേര് എഴുതിയാണ് ഒസാക്ക പ്രത്യക്ഷപ്പെട്ടത്. വംശീയ വിവേചനത്തിന് ഇരയായി കൊല്ലപ്പെട്ട ഏഴു പേരുടെ പേരുകളായിരുന്നു ആ മാസ്ക്കിൽ. മത്സരത്തിന് കോർട്ടിലേക്ക് എത്തുമ്പോഴും മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ആ മാസ്ക്ക് മുഖത്തുണ്ടാകും.

2014-ൽ യു.എസിലെ ഒഹായോയിൽ പോലീസിന്റെ വെടിയേറ്റുമരിച്ച 12 വയസ്സുകാരൻ തമിർ റൈസിന്റെ പേരെഴുതിയ മാസ്ക് അണിഞ്ഞാണ് അസരങ്കയ്ക്കെതിരായ ഫൈനലിന് ഒസാക്ക എത്തിയത്. ജോർജ് ഫ്ളോയിഡും ബ്രെയോണ ടൈലറും ഒസാക്കയുടെ മാസ്ക്കിലുണ്ടായിരുന്നു. സെമിഫൈനലിന് ശേഷം അവരുടെ അമ്മമാരിൽ ചിലർ ഒസാക്കയ്ക്ക് നന്ദി പറഞ്ഞു. അസരങ്കയെ തോൽപ്പിച്ച് കിരീടം നേടിയതിന് പിന്നാലെ 'നിങ്ങൾ ഇതുകൊണ്ട് എന്തു സന്ദേശമാണ് നൽകുന്നത്?' എന്ന ചോദ്യം ഒസാക്ക നേരിട്ടു. 'എന്ത് സന്ദേശമാണ് നിങ്ങൾക്ക് ലഭിച്ചത്?' എന്നായിരുന്നു ഇതിനുള്ള ഒസാക്കയുടെ മറുപടി.

സാമൂഹിക നീതിക്കുവേണ്ടി പൊരുതിയ ബാസ്ക്കറ്റ്ബോൾ താരങ്ങളായ ലെബ്രോൺ ജെയിംസും കോബി ബ്രയാന്റുമാണ് നവോമിയെ പ്രചോദിപ്പിക്കുന്നത്. കോബി ബ്രയാന്റിന്റെ ജഴ്സി അണിഞ്ഞാണ് യു.എസ് ഓപ്പൺ കിരീടനേട്ടത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിന് ഒസാക്ക എത്തിയത്. അവിടെയും താരം വേറിട്ടുനിന്നു.

2021-ൽ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറിയാണ് ജപ്പാനീസ് താരം ലോകത്തെ ഞെട്ടിച്ചത്. താരങ്ങളെ മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്ന മാധ്യമങ്ങളോട് സഹകരിക്കില്ലെന്ന് തുറന്നുപറഞ്ഞ ഒസാക്കയ്ക്കെതിരേ ഗ്രാൻസ്ലാം സംഘാടകർ ഒരുമിച്ച് പടയൊരുക്കം നടത്തി. തോൽവിക്കുശേഷമുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾ, വീണുകിടക്കുന്നയാളെ തൊഴിക്കുന്നതിന് തുല്യമാണെന്നു പറഞ്ഞ താരം മത്സരശേഷം മാധ്യമങ്ങളെ കാണില്ലെന്ന് പ്രഖ്യാപിച്ചു. എന്നാൽ സംഘാടകർക്ക് അത് ദഹിച്ചില്ല. ആദ്യ റൗണ്ട് ജയത്തിന് ശേഷം മാധ്യമങ്ങളെ കാണാതെ മടങ്ങിയ ഒസാക്കയ്ക്ക് 15000 ഡോളർ അവർ പിഴ ചുമത്തി. വരുംമത്സരങ്ങളിലും ബഹിഷ്കരണം തുടർന്നാൽ പിഴയും നടപടികളും കനത്തതാകുമെന്ന് ഒസാക്കയ്ക്ക് അയച്ച കത്തിൽ സംഘാടകർ മുന്നറിയിപ്പ് നൽകി. 'മാറ്റം ചിലരെ അസ്വസ്ഥരാക്കും' എന്നാണ് ഒസാക്ക ഇതിനോട് പ്രതികരിച്ചത്.

അതിനുപിന്നാലെ ടൂർണമെന്റിൽ നിന്ന് പിന്മാറുകയാണെന്ന പ്രഖ്യാപനവുമായി അവർ ടെന്നീസ് ലോകത്തെ ഞെട്ടിച്ചു. ലോക രണ്ടാം നമ്പർ താരമെന്ന പദവിയിൽ, മികച്ച ഫോമിലുള്ളപ്പോഴാണ് ഒസാക്ക ഇത്തരത്തിൽ ഒരു കടുത്ത തീരുമാനമെടുത്തത്. അതിനെല്ലാമപ്പുറം ടെന്നീസ് താരങ്ങളുടെ മാനസിക സമ്മർദ്ദത്തെ കുറിച്ചുള്ള ചർച്ചയ്ക്കാണ് താൻ മുൻതൂക്കം നൽകുന്നതെന്നും ഇനിയും ഒരു താരവും വിഷാദരോഗിയായി മാറരുത് എന്നുമാണ് തന്റെ ആഗ്രഹമെന്നും ഒസാക്ക തുറന്നടിച്ചു. പലപ്പോഴും കടുത്ത മത്സരങ്ങൾക്കുശേഷം തോൽക്കുന്ന താരങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരയുന്നു. ആ പതിവ് ഇനിയുണ്ടാകരുത്. എന്റെ തീരുമാനം വളരെ കൃത്യമാണ്. പിന്മാറ്റം പ്രഖ്യാപിച്ചുള്ള ട്വീറ്റിൽ ഒസാക്ക വിളിച്ചുപറഞ്ഞു. ഇതോടെ സെറീന വില്ല്യംസും മാർട്ടിന നവരത്തിലോവയും അടക്കമുള്ള ഇതിഹാസ താരങ്ങൾ ജപ്പാനീസ് താരത്തിന് പിന്തുണയുമായെത്തി.

ഈ പ്രതിഷേധം ഇനിയും ഇതുപോലെ മുന്നോട്ടുപോകുമെന്ന് തന്നെയാണ് താരം ഇതിലൂടെ വ്യക്തമാക്കുന്നത്. ഒരു വിവാദങ്ങളിലും ഉൾപ്പെടാതെ, വളരെ സുരക്ഷിതയായി അവർക്ക് ടെന്നീസിൽ രാജ്യങ്ങൾ വെട്ടിപ്പിടിക്കാമായിരുന്നു. എന്നാൽ അവർ തിരഞ്ഞെടുത്തത് മറ്റൊരു വഴിയാണ്. 'പ്രശസ്തി വന്നുചേർന്നതാണ്. ഞാനത് കാര്യമാക്കുന്നില്ല. എന്റെ ലക്ഷ്യം ടെന്നീസിലൂടെയുള്ള സാമൂഹികമുന്നേറ്റമാണ്.'

Content Highlights: Naomi Osakas protests in tennis world French Open 2021