ണ്ട് വഴികളാണ് നവോമി ഒസാക്കയുടെ മുമ്പിലുണ്ടായിരുന്നത്. ടൂര്‍ണമെന്റ് നിയമം അനുസരിച്ച് കളി തുടരുക. അല്ലെങ്കില്‍, മുന്‍ നിലപാടില്‍ ഉറച്ചുനിന്ന്, സ്വയം പുറത്താവുകയോ പുറത്താക്കപ്പെടുകയോ ചെയ്യുക. പറഞ്ഞത് വിഴുങ്ങാനും കീഴടങ്ങാനും ഒസാക്കയെ കിട്ടില്ല. പുറത്താക്കപ്പെടുംമുമ്പ് സ്വയം പുറത്തായി. ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍നിന്ന് പിന്‍മാറുന്നതായി വനിതാ ടെന്നീസിലെ മുന്‍നിര താരം തിങ്കളാഴ്ച പ്രഖ്യാപിച്ചത് ടൂര്‍ണമെന്റിന് കരിനിഴലാവുകയും ചെയ്തു. ഇത്രയും കടുത്ത തീരുമാനമെടുക്കാന്‍ മാത്രമുള്ള കാര്യങ്ങളുണ്ടോ എന്ന് ചോദിച്ചേക്കാം. പക്ഷേ, നവോമിയുടെ മനസ്സ് കലുഷിതമാണ്.

പിന്മാറ്റം അസമയത്തോ ?

നേരത്തേ, വംശീയവിദ്വഷങ്ങള്‍ക്കെതിരായ ഒസാക്കയുടെ പോരാട്ടങ്ങളെ ലോകം കൈയടിച്ച് പിന്തുണച്ചതാണ്. ഇക്കുറി അവരുടെ നിലപാടിനോട് വിയോജിക്കുന്നവരുണ്ട്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഒസാക്ക ഫ്രഞ്ച് ഓപ്പണ്‍ തുടങ്ങുന്നതിനുമുമ്പേ പ്രഖ്യാപിച്ചിരുന്നു. വീണുകിടക്കുമ്പോള്‍ ചവിട്ടുന്ന മാധ്യമങ്ങളുടെ സമീപനത്തോട് യോജിപ്പില്ലെന്നും അവര്‍ പറഞ്ഞു. അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ക്ക് കൃത്യമായ നിയമാവലിയുണ്ട്. ഗ്രാന്‍ഡ്സ്ലാം ടെന്നീസുകളുടെ നിയമമനുസരിച്ച്, താരങ്ങള്‍ മത്സരശേഷം മാധ്യമങ്ങളുമായി സംസാരിക്കണം. അല്ലെങ്കില്‍ 20000 ഡോളര്‍വരെ പിഴ ചുമത്തും. പിഴവ് ആവര്‍ത്തിച്ചാല്‍ പുറത്താക്കപ്പെടും. ഇത്രയും വ്യക്തത നിലനില്‍ക്കെയാണ് ഒസാക്ക അതിനെ വെല്ലുവിളിച്ചത്. ആദ്യമത്സരത്തിലെ ജയത്തിനുശേഷം ഒസാക്ക ചട്ടം ലംഘിച്ചപ്പോള്‍ സംഘാടകര്‍ പിഴ ചുമത്തി. അടുത്തത് പുറത്താക്കലായിരുന്നു. നിയമം നടപ്പാക്കുകയല്ലാതെ സംഘാടകരുടെ മുന്നില്‍ മറ്റ് വഴിയില്ല. കടുംപിടിത്തം ഉപേക്ഷിച്ച് ടൂര്‍ണമെന്റിനോട് സഹകരിക്കണം എന്നവര്‍ ഒസാക്കയ്ക്ക് കത്തെഴുതിയിരുന്നു.

കോവിഡ് മഹാമാരിയുടെ നടുക്കടലില്‍ കായികരംഗവും കൈകാലിട്ടടിക്കുകയാണ്. കായികതാരങ്ങള്‍ കടുത്ത ക്വാറന്റീന്‍ നിബന്ധനകളിലും ഒറ്റപ്പെടലുകളിലും കഴിയുന്നു. ടൂര്‍ണമെന്റുകളുടെ സംഘാടകരും സംഘടനകളും കോടാനുകോടിയുടെ നഷ്ടക്കണക്കുകള്‍ എണ്ണുന്നു. എണ്ണമറ്റ ടൂര്‍ണമെന്റുകള്‍ മാറ്റിവെക്കപ്പെട്ടു. വിനോദോപാധികളില്ലാതെ ആരാധകരും വിഷമിക്കുന്നു. ഈ പ്രതിസന്ധികള്‍ക്കിടെ ഒസാക്കയുടെ പിന്മാറ്റം കായികലോകത്തിന് മറ്റൊരു ആഘാതമായി. നാല് ഗ്രാന്‍ഡ്സ്ലാമുകള്‍ ജയിച്ച ഒസാക്ക ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന വനിതാ അത്ലറ്റാണ്.

വംശവെറിക്കെതിരേ

അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്തവംശജനെ പോലീസ് ശ്വാസം മുട്ടിച്ചുകൊന്ന സംഭവത്തില്‍ ഒസാക്ക ശക്തമായി പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ന്യൂയോര്‍ക്കില്‍ ഒരു ടെന്നീസ് ടൂര്‍ണമെന്റ് നടക്കുന്നതിനിടെയാണ് ജേക്കബ് ബ്ലേക്ക് എന്ന കറുത്തവംശജന്റെ പിന്നില്‍ പോലീസ് ഏഴുവട്ടം നിറയൊഴിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഒസാക്ക ടൂര്‍ണമെന്റില്‍നിന്ന് പിന്മാറി. അതോടെ മത്സരം നിര്‍ത്തിവെച്ചു. സംഘാടകരുടെ നിസ്സഹായവസ്ഥ കണ്ട് ഒസാക്ക മടങ്ങിയെത്തി.

'ഞാനൊരു കറുത്ത പെണ്‍കുട്ടിയാണ്. എനിക്കിതൊന്നും കണ്ടുനില്‍ക്കാനാവില്ല. എന്റെ ലക്ഷ്യം ടെന്നീസിലൂടെയുള്ള സാമൂഹിക മുന്നേറ്റമാണ്' - അന്ന് ഒസാക്ക പറഞ്ഞു. ജപ്പാനില്‍ ജനിച്ച നവോമിയുടെ പിതാവ് ഹെയ്ത്തിയന്‍ വംശജനാണ്. അമ്മ ജപ്പാന്‍കാരിയും. ഇപ്പോള്‍ താമസം അമേരിക്കയില്‍. മോശം വ്യവസ്ഥിതികളോടുള്ള കലഹമാണ് നവോമിയുടേത്. വരുംവരായ്കകള്‍ അവരെ പിന്നോട്ടുവലിക്കുന്നില്ല.

മാനസികാരോഗ്യം പ്രധാനം

കളിക്കാരുടെ മാനസികാരോഗ്യം പ്രധാനമാണെന്ന് ഫ്രഞ്ച് ഓപ്പണില്‍നിന്ന് പിന്മാറുന്നതായി അറിയിച്ച സന്ദേശത്തില്‍ നവോമി ഒസാക്ക പറഞ്ഞു. 'ടൂര്‍ണമെന്റിനെയും മറ്റ് കളിക്കാരെയും സംബന്ധിച്ച് എന്റെ പിന്മാറ്റമാണ് നല്ലത്. ഞാനൊരു തടസ്സമാകാന്‍ പാടില്ല. എല്ലാവര്‍ക്കും ഇനി ടൂര്‍ണമെന്റില്‍ ശ്രദ്ധിക്കാന്‍ കഴിയും. എന്നാല്‍ ഞാനുയര്‍ത്തിയ സന്ദേശം നിലനില്‍ക്കും. മാനസികാരോഗ്യത്തെ നിസ്സാരമായി കാണാന്‍ എനിക്ക് കഴിയില്ല. 2018-ലെ യു.എസ്. ഓപ്പണിനുശേഷം ഞാന്‍ വിഷാദം അനുഭവിക്കുന്നുണ്ട്. അതിനെ അതിജീവിക്കാനുള്ള ശ്രമത്തിലാണ്. മാധ്യമ ബഹിഷ്‌കരണം അസമയത്തായിപ്പോയി എന്നെനിക്കറിയാം' -ഒസാക്ക പറഞ്ഞു.

Content Highlights: Naomi Osaka steps out of French Open mental health is a different story