മുഹമ്മദ് നെമിൽ | Photo: Special Arrangement| Twitter|FC Goa
കോഴിക്കോട് ചേവായൂരിലെ ഒരു പന്ത്രണ്ടു വയസ്സുകാരനെ കുറിച്ച് ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിബിസി ഒരു ഡോക്യുമെന്ററി ചെയ്തു. അവന്റെ കാല്പന്ത് മായാജാലം കണ്ടറിഞ്ഞ് ബിബിസി ചെയ്ത ആ ഡോക്യുമെന്ററിയുടെ പേര് 'ജൂനിയര്‍ നെയ്മര്‍' എന്നായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ആ ജൂനിയര്‍ നെയ്മര്‍ ഡ്യൂറന്റ് കപ്പില്‍ മനോഹരമായൊരു ഗോളിലൂടെ ആരാധകരെ ത്രസിപ്പിച്ചു.
എഫ്സി ഗോവയുടെ ജഴ്സിയില്‍ കളത്തിലിറങ്ങിയ പത്തൊമ്പതുകാരന് പെനാല്‍റ്റി ബോക്സിന് പുറത്തുനിന്ന് പന്ത് സ്വീകരിച്ച് മനോഹരമായി ടേണ്‍ ചെയ്ത് ഒരു ലോങ് റേഞ്ചറിലൂടെ വല ചലിപ്പിച്ചു. ആ ഗോള്‍ കണ്ട് ഒരു ആരാധകന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു, 'ഇവന് ജാക്ക് ഗ്രീലിഷ് തന്നെ'. നെയ്മറേയും ഗ്രീലിഷിനേയും അനുസ്മരിപ്പിക്കുന്ന ഈ അറ്റാക്കിങ് മിഡ്ഫീല്ഡറുടെ പേര് മുഹമ്മദ് നെമില്‍ എന്നാണ്. എഫ്സി ഗോവയുടെ ജഴ്സിയില്‍ ആദ്യ ഗോള്‍ നേടിയ സന്തോഷത്തില്‍ നെമില്‍ കൊല്‍ക്കത്തയില്‍ നിന്ന് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.
'നെമില്‍ സൂപ്പറാ..'
ഒരുപാട് പേര് അഭിനന്ദനം അറിയിച്ചു. വാട്സ്ആപ്പില്‍ നിറയെ മെസ്സേജുകളായിരുന്നു. 'നെമില്‍ സൂപ്പറാ' എന്ന മെസ്സേജൊക്കെ കണ്ടപ്പോള്‍ കണ്ണുനിറഞ്ഞു. നാട്ടില്‍ നിന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം വിളിച്ചു. ഗോവയില്‍ മികച്ച തുടക്കം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഞാന്‍.
ഗോവ അടിപൊളിയാണ്
എഫ്സി ഗോവ അടിപൊളിയാണ്. താരങ്ങളെല്ലാം പരസ്പരം സഹായിക്കും. കളിക്കളത്തിലും ടീം ക്യാമ്പിലും നല്ല അന്തരീക്ഷമാണ്. പോസിറ്റീവ് എനര്‍ജിയാണുള്ളത്. കോച്ച് ജുവാന്‍ ഫെറാണ്ടോ സ്പാനിഷ് ആയതോണ്ട് ഒരു കണക്ഷന് ഉണ്ട്. തൃശൂരുകാരനായ ഒരു താരം കൂടി ടീമിലുണ്ട്. ക്രിസ്റ്റി ഡേവിസ്. അവനുമായി നല്ല സൗഹൃദമാണ്.
സ്പാനിഷ് അനുഭവം
കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ സ്പെയ്നിലാണ് കളിച്ചത്. മുംബൈ റിലയന്‍സ് അക്കാദമിയില്‍ നിന്നാണ് സ്പെയ്നിലെ മാര്‍സറ്റ് അക്കാദമിയിലെത്തുന്നത്. അവിടെ പരിശീലനം നടത്തുന്നതിനിടെയിലാണ് എഫ്സി ഗോവ നാല് വര്‍ഷത്തെ കരാറിലെത്തുന്നത്. സ്പെയ്നില്‍ പരിശീലനം തുടരാന്‍ ഗോവന്‍ മാനേജ്മെന്റ് സമ്മതിച്ചു. ഇതിനിടയില്‍ ട്രയല്‍സ് വഴി ബാഴ്സലോണയിലെ മൂന്നാം ഡിവിഷന് ക്ലബ്ബ് ഇഎഫ് ഗ്രാമയുടെ അണ്ടര്‍-19 ടീമിലെത്തി. സ്പാനിഷ് അണ്ടര്‍-18 സെക്കന്റ് ഡിവിഷനില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായി. ടൂര്‍ണമെന്റിലെ ടോപ് സ്കോററായി.
സ്പെയ്നിലെ പരിചയസമ്പത്ത് എഫ്സി ഗോവയിലെത്തിയപ്പോള്‍ ഒരുപാട് ഗുണം ചെയ്തു. അവിടുത്തെ പരിശീലനം ഗോവയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചു.

ഇക്കാക്കയുടെ വഴിയേ ഫുട്ബോളില്‍
വീടിന് അടുത്ത് ഒരുപാട് ഫുട്ബോള്‍ താരങ്ങളുണ്ടായിരുന്നു. കുട്ടിക്കാലത്ത് അവരുടെ കളി കണ്ടാണ് ഫുട്ബോളിനോട് ഇഷ്ടം തോന്നിയത്. പിന്നീട് നാട്ടിലെ ഒരു ഫുട്ബോള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഇക്കാക്ക (സഹോദരന്) കളിക്കുമായിരുന്നു. ഇക്കാക്കയ്ക്ക് ഒരു ക്ലബ്ബിലേക്ക് സെലക്ഷന് കിട്ടിയപ്പോള്‍ ഞാനും ആ ക്ലബ്ബിലെത്തി. അവിടെ നിന്നാണ് തുടക്കം.
പിന്നീട് റിലയന്‍സിലേക്ക്. റിലയന്‍സ് ഫൗണ്ടേഷന് കോഴിക്കോട് ട്രയല്‍സ് നടത്തിയപ്പോള്‍ അതില്‍ പങ്കെടുത്തു. അതിന്റെ ഫൈനല്‍ സെലക്ഷന് നടന്നത് തൃശ്ശൂരില്‍ വെച്ചാണ്. ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ട താരങ്ങളെ മുംബൈയില്‍ എത്തിച്ചു. അവിടെ വെച്ച് അഖിലേന്ത്യാ തലത്തില്‍ സെലക്ഷന് നടത്തി 24 താരങ്ങളെ അവര്‍ തിരഞ്ഞെടുത്തു. ഞാന്‍ അതിലൊരാളായിരുന്നു.
ഇഷ്ടതാരം മെസ്സി
എല്ലാ ഫുട്ബോള്‍ ലീഗുകളും കാണാറുണ്ട്. രാത്രി ഒരുപാട് വൈകിയുള്ള മത്സരങ്ങള്‍ സ്കിപ് ചെയ്യും. ലയണല്‍ മെസ്സിയാണ് ഇഷ്ടതാരം.
ഐഎസ്എല്ലിന്റെ ഒരുക്കങ്ങള്‍
ഐഎസ്എല്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. ഡ്യൂറന്റ് കപ്പ് കഴിഞ്ഞതിനുശേഷം പരിശീലനം തുടങ്ങും. സെപ്റ്റംബര്‍ 22-നാണ് ആദ്യ മത്സരം. ഗോവയില്‍ മത്സരങ്ങള്‍ നടക്കുന്നത് ഗുണകരമാകും.
ഡ്യൂറന്റ് കപ്പില്‍ നെമിലിന്റെ ഗോള്‍
Content Highlights: Muhammed Nemil FC Goa Player Interview
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..