14 വര്‍ഷം മുമ്പ് ഒരു ഡിംസബര്‍ 23-നാണ് എം.എസ് ധോനി ആദ്യമായി ഇന്ത്യയുടെ നീല ജഴ്സി അണിഞ്ഞത്. ബംഗ്ലാദേശിനെതിരെയായിരുന്നു ഈ അരങ്ങേറ്റം. പക്ഷേ ആദ്യ മത്സരത്തില്‍ തന്നെ അക്കൗണ്ട് തുറക്കും മുമ്പ് റണ്ഔട്ടാകാനായിരുന്നു ധോനിയുടെ വിധി. എന്നാല്‍ പിന്നീടങ്ങോട്ട് റാഞ്ചിയില്‍ നിന്നുള്ള ആ നീളന്‍ മുടിക്കാരന്റെ തേരോട്ടമായിരുന്നു. ട്രോഫി വാങ്ങുമ്പോള്‍ മുന്നില്‍ നില്‍ക്കാതെ ഏറ്റവും പിറകില്‍ പോയി നിന്ന് മറ്റു താരങ്ങള്‍ക്ക് അവസരം നല്കുന്ന, കൂള്‍ ക്യാപ്റ്റനായ ധോനിയുടെ ദിനങ്ങള്‍.
പാകിസ്താനെതിരെ നേടിയ 143 റണ്‍സ്, 2005-ല്‍ ജയ്പുരില്‍ ശ്രീലങ്കയ്ക്കെതിരെ അടിച്ചെടുത്ത 183 റണ്‍സ്, ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞതിന് തൊട്ടുപിന്നാലെ നേടിയ ട്വന്റി-20 ലോകകപ്പ് കിരീടം, 2011-ലെ ഏകദിന ലോകകപ്പ് കിരീടത്തിലേക്കുള്ള ആ സിക്സ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നിന്ന് ഒരിക്കലും മായ്ക്കപ്പെടാത്ത നേട്ടങ്ങള്‍.
പ്രതിസന്ധിയുടെ ഗര്‍ത്തത്തില്‍ ഇന്ത്യന്‍ ടീം വീണുകിടക്കുമ്പോഴാണ് ധോനിയെ തേടി ക്യാപ്റ്റന്റെ ക്യാപ്പ് എത്തുന്നത്. 2007-ലെ വിന്‍ഡീസ് ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി നാണക്കേടിന്റെ പടുകുഴിയിലായിരുന്നു ആ സമയത്ത് ഇന്ത്യന്‍ ടീം. ക്യാപ്റ്റനായുള്ള ശേഷമുള്ള ആദ്യ ദൗത്യമായ ട്വന്റി-20 ലോകകപ്പില്‍ പാകിസ്താനെ വീഴ്ത്തി ലോകകിരീടം ധോനി ഇന്ത്യയിലേക്ക് കൊണ്ടുവന്നു. അന്ന് മിസ്ബാഹുല്‍ ഹഖിനെ പുറത്താക്കാന്‍ മലയാളി താരം ശ്രീശാന്തെടുത്ത ക്യാച്ചും ആര്‍ക്കും മറക്കാനാകാത്തതാണ്.
പിന്നീടൊരിക്കല്‍ ഒരു സ്വകാര്യ ചടങ്ങില്‍ ധോനി ഈ ക്യാച്ചിനെ കുറിച്ച് സംസാരിച്ചു. ധോനി തന്റെ കരിയറില്‍ കണ്ട ഏറ്റവും പ്രയാസകരമായ ക്യാച്ചായിരുന്നു അത്. അതിനെക്കുറിച്ച് ധോനി പറഞ്ഞത് ഇങ്ങനെ.
'ഫൈനല്‍ കഴിഞ്ഞ ശേഷം ഞാന്‍ ടി.വിയില്‍ ഹൈലൈറ്റ് കണ്ടു. ആ സമയത്ത് എന്റെ ഹൃദയം ഇപ്പോള്‍ നിന്നുപോകുമെന്ന് എനിക്കുതോന്നി. കളിയെല്ലാം കഴിഞ്ഞ് കിരീടം കിട്ടിയ കാര്യം പോലും ഞാന്‍ മറന്നുപോയി. അത്ര ടെന്‍ഷനോടെയാണ് ഹൈലൈറ്റ്സ് കണ്ടത്. ശ്രീശാന്ത് ആ പന്തിലേക്ക് നോക്കുന്നത് കണ്ട് ഞാന്‍ മനസ്സിലുറപ്പിച്ചു. ഇതു ഉറപ്പായും വിട്ടുകളയുമെന്ന്. ഇത് ടിവിയില്‍ കണ്ടപ്പോഴുള്ള കാര്യമാണ്. ഗ്രൗണ്ടില്‍ നില്‍ക്കുമ്പോഴും ഞാന്‍ അങ്ങനെ തന്നെയാണ് ചിന്തിച്ചത്. പന്ത് അടുത്തെത്തും മുമ്പ് തന്നെ ശ്രീശാന്ത് ക്യാച്ച് ചെയ്യാനുള്ള ആക്ഷന്‍ തുടങ്ങിയിരുന്നു. അതു കണ്ട് ഞാന്‍ പറഞ്ഞു 'ആ ക്യാച്ച് എങ്ങാനും വിട്ടാല്‍ പിന്നീട് എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് പോലും പറയാന്‍ പറ്റില്ല'. അവസാനം ശ്രീശാന്ത് അത് പിടിച്ചു. ചിലപ്പോഴെക്കെ ഏറ്റവും എളുപ്പമെന്ന് തോന്നുന്ന ക്യാച്ചാകും ഏറ്റവും പ്രയാസകരം. ക്യാച്ച് ചെയ്യുന്ന സമയത്തുള്ള അവസ്ഥ പോലെയാകും അത്. ആ സമയത്ത് ശ്രീശാന്ത് ഏറ്റവും സമ്മര്‍ദ്ദത്തോടുകൂടി എടുത്തതാകും ആ ക്യാച്ച്. പന്ത് താഴോട്ട് വരുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാകും. ക്യാച്ച് ചെയ്താല്‍ ഇന്ത്യ ലോകകപ്പ് വിജയിക്കും, അതേസമയം അതെങ്ങാനും നഷ്ടപ്പെട്ടാല്‍....സമ്മര്‍ദ്ദം താങ്ങാനാകാത്ത സമയമാണത്. പക്ഷേ സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ ശ്രീശാന്ത് അത് കൈപ്പിടിയിലൊതുക്കി ഇന്ത്യക്ക് വിജയം സമ്മാനിച്ചു.
Content Highlights: MS Dhoni recalls that Sreesanth catch against Pakistan in 2007 World T20 final
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..