ഹാംബര്‍ഗില്‍ നടക്കുന്ന എ.ടി.പി. ടൂര്‍ണമെന്റിനിടെയാണ് അഞ്ചു വയസ്സുകാരനായ അലക്‌സാണ്ടര്‍ തന്റെ ആരാധനാപാത്രമായ റോജര്‍ ഫെഡററെ നേരിട്ടുകാണുന്നത്. ഫോട്ടോയെടുത്തതിന്റെ നിര്‍വൃതിയിലായിരുന്ന പയ്യനോട് ഫെഡറര്‍ പറഞ്ഞു 'നന്നായി പരിശ്രമിച്ചാല്‍ ഒരുകാലത്ത് നമ്മള്‍ക്ക് പരസ്പരം കളിക്കാന്‍ പറ്റും'.

ആ പ്രവചനം സത്യമായി. വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും മുഖാമുഖം വന്നു. തന്റെ ആരാധനാപാത്രത്തെ തോല്‍പ്പിച്ച് ആ കൗമാരക്കാരന്‍ കിരീടവും നേടി. ഇന്ന് ലോക ടെന്നീസിലെ മുന്‍നിരക്കാരനാണ് അലക്‌സാണ്ടര്‍ സ്വവരേവെന്ന ജര്‍മന്‍ താരം. പുരുഷ ടെന്നീസിലെ ബിഗ് ത്രീയിലൊരാളെ പിന്തള്ളി ആദ്യമായി മൂന്നാം റാങ്കിലെത്തിയ ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനാണ് സ്വവരേവ്. മാതാപിതാക്കളും ചേട്ടനും ടെന്നീസ് താരങ്ങള്‍. അഞ്ചാം വയസ്സില്‍ റാക്കറ്റ് കൈയിലെടുത്ത സാഷ (സ്വവരേവിന്റെ ഓമനപ്പേര്, റഷ്യയില്‍ അലക്‌സാണ്ടര്‍മാരുടെ വിളിപ്പേരാണ് സാഷ) പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല.

അച്ഛന്‍ അലക്‌സാണ്ടര്‍ സ്വവരേവ് സീനിയര്‍ സോവിയറ്റ് യൂണിയനിലെ ഒന്നാം നമ്പര്‍ താരമായിരുന്നു. അമ്മ ഐറീന രാജ്യത്തെ നാലാം നമ്പറും. ഒരിക്കല്‍ ഐറീന ജര്‍മനിയില്‍ ടൂര്‍ണമെന്റ് കളിക്കാന്‍ പോയപ്പോള്‍ കോച്ചായി ഭര്‍ത്താവും കൂടെപ്പോയി. ടെന്നീസ് പരിശീലകരായി ജര്‍മനയിലെ ഹാംബര്‍ഗില്‍ അവര്‍ സ്ഥിരതാമസമാക്കി.

Alexander Zverev
അലക്‌സാണ്ടര്‍ സ്വവരേവും അമ്മ ഐറീനയും

സാഷയെക്കാള്‍ പത്തു വയസ്സിനു മൂത്ത മിക്കയെ അച്ഛന്‍ പരിശീലിപ്പിച്ചപ്പോള്‍ അനുജന്‍ അമ്മയില്‍നിന്നാണ് ബാലപാഠങ്ങള്‍ പഠിച്ചത്. ടെന്നീസിലെ ബിഗ് ത്രീയില്‍ മൂവരെയും കീഴടക്കിയ സാഷ തന്റെ കരുത്തായി പറയുന്നത് അമ്മയുടെ ശിക്ഷണമാണ്. ഇപ്പോഴത്തെ യുവതാരങ്ങളില്‍ സാഷയ്ക്ക് തിളക്കമാര്‍ന്ന റെക്കോഡുണ്ട്. മുന്‍ ലോക ജൂനിയര്‍ ഒന്നാം നമ്പര്‍ താരം. ടീനേജില്‍ തന്നെ രണ്ട് എ.ടി.പി. കിരീടങ്ങള്‍. റോജര്‍ ഫെഡററെ അദ്ദേഹത്തിന്റെ ഇഷ്ട പ്രതലമായ പുല്‍ക്കോര്‍ട്ടില്‍ അട്ടിമറിച്ചു. കനേഡിയന്‍ എ.ടി.പി. മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ ഹാര്‍ഡ് കോര്‍ട്ടില്‍ ഫെഡററെ തോല്‍പ്പിച്ച് കിരീടം നേടി. ഫെഡററുമായി ഏഴുതവണ ഏറ്റുമുട്ടിയപ്പോള്‍ നാല് ജയങ്ങളുമായി സാഷ മുന്നിലാണ്.

സ്വവരേവ് അടുത്ത തലമുറയിലെ ഒന്നാം നമ്പര്‍ താരമാകുമെന്ന് കരുതുന്നവരേറെ. ഏതു പ്രതലത്തിലും ഒരുപോലെ കളിക്കും. എന്നാല്‍ ഹാര്‍ഡ് കോര്‍ട്ടിലും ക്ലേ കോര്‍ട്ടിലുമാണ് കിരീടങ്ങള്‍. ഗ്രാസ് കോര്‍ട്ട് ടൂര്‍ണമെന്റുകളില്‍ രണ്ടുവട്ടം ഫൈനലിലെത്തി. ഇതില്‍ 2016 ഹാലി ഓപ്പണ്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ സാക്ഷാല്‍ ഫെഡററെ തോല്‍പ്പിച്ചു. 2017-ല്‍ കാനഡയില്‍ എ.ടി.പി. മാസ്റ്റേഴ്സ് ഫൈനലില്‍ ഫെഡററെ തോല്‍പ്പിച്ച് ചാമ്പ്യനുമായി.

Alexander Zverev

22 വയസ്സിനകം 11 കിരീടങ്ങള്‍ സ്വന്തമാക്കി. 2018-ലെ എ.ടി.പി. ഫൈനല്‍സ് വിജയമാണ് ഏറ്റവും പ്രധാനം. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോകോവിച്ചിനോട് തോറ്റിരുന്നു. ഫൈനലില്‍ മുഖാമുഖം വന്നപ്പോള്‍ നേരിട്ടുള്ള സെറ്റുകളില്‍ സാഷ ജോക്കോയെ തോല്‍പ്പിച്ചു. ബേസ് ലൈനില്‍നിന്നുള്ള ആക്രമണകാരിയായ താരമാണ് സാഷ. ഗ്രൗണ്ട് സ്ട്രോക്കുകളിലും നീണ്ട റാലികളിലും വിദഗ്ധന്‍.

എ.ടി.പി. ടൂര്‍ണമെന്റുകളില്‍ തിളങ്ങുമ്പോഴും ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ അത്ര നേട്ടമില്ല. അമിത പ്രതീക്ഷയും സമ്മര്‍ദവുമാണ് ഇതിനു കാരണമായി പറയുന്നത്. ഇക്കുറി ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമി ഫൈനലിലെത്തി. കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം സെമിയാണിത്. ജര്‍മന്‍ മോഡല്‍ ബ്രിന്ദ പെയ്റ്റാണ് സാഷയുടെ കാമുകി. ടെന്നീസിനെക്കൂടാതെ ബാസ്‌കറ്റ്ബോളും ഗോള്‍ഫുമാണ് ഇഷ്ട വിനോദങ്ങള്‍. 2017ല്‍ ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തിയ സാഷ ഇപ്പോള്‍ ഏഴാമതാണ്.

Content Highlights: mother as his biggest inspiration Sascha The Alexander Zverev Story