രുന്ന മാര്‍ച്ച് 15-ന് ഇന്ത്യന്‍ ഫുട്ബോളിലെ ചരിത്രപരവും വികാരനിര്‍ഭരവുമായ ഒരു മത്സരം നടക്കും. അന്ന് ഐ ലീഗ് ഫുട്ബോളില്‍ അവസാന നാട്ടങ്കത്തിനായി കൊല്‍ക്കത്ത ക്ലബ്ബുകളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും നേര്‍ക്കുനേര്‍വരും. അതുകഴിഞ്ഞാല്‍ ലീഗില്‍ അത്തരമൊരു മത്സരമുണ്ടാകില്ല. ബഗാന്‍ ഐ.എസ്.എല്‍. ടീം എ.ടി.കെ.യുമായി കൂട്ടുകൂടി മറ്റൊരു ക്ലബ്ബാകും.

ഇന്ത്യന്‍ ഫുട്ബോളിന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവും മാറ്റിവരയ്ക്കുന്നതാണ് ബഗാന്റെ ലയനതീരുമാനം. ഇത്രയും സമ്പന്നമായ ഭൂതകാലവും കിരീടനേട്ടങ്ങളുമുള്ള ടീമാണ് പുതുതായി സൃഷ്ടിക്കപ്പെട്ട ക്ലബ്ബിലേക്ക് ലയിക്കുന്നത്. പേരില്‍ എ.ടി.കെ.യ്‌ക്കൊപ്പം ബഗാനും നിലനിന്നേക്കും. എന്നാല്‍, അവരുണ്ടാക്കിയ ചരിത്രവും ആവേശവും വിജയങ്ങളും ചിലപ്പോള്‍ ഫുട്ബോളിന്റെ പുറമ്പോക്കില്‍ ഉപേക്ഷിക്കപ്പെട്ടേക്കാം. ഒപ്പം അവര്‍ പരസ്യമായ അഹങ്കാരമായി കൊണ്ടുനടന്ന ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള ക്ലബ്ബെന്ന പട്ടവും വരുന്ന ജൂണ്‍മാസത്തോടെ നഷ്ടമാകും.

മോഹന്‍ ബഗാന്‍
സ്ഥാപിതം: 1889 ഓഗസ്റ്റ് 15 
ഗ്രൗണ്ട്: ബഗാന്‍ ഗ്രൗണ്ട്, കല്യാണി 
ലീഗ്: ഐ ലീഗ് 
നേട്ടം: ഐലീഗ് (1) ദേശീയ ലീഗ് (30) കൊല്‍ക്കത്ത ലീഗ് (30) ഡ്യൂറന്‍ഡ് കപ്പ് (16) റോവേഴ്സ് കപ്പ് (14) ഫെഡറേഷന്‍ കപ്പ് (14) ഐ.എഫ്.എ. ഷീല്‍ഡ് (22) ഇന്ത്യന്‍ സൂപ്പര്‍ കപ്പ് (2)

ഐ ലീഗിന് പ്രസക്തി നഷ്ടപ്പെടുന്നതും ക്ലബ്ബ് നടത്തിക്കൊണ്ടുപോകുന്നതിനുള്ള വന്‍ചെലവുമൊക്കെയാണ് ബഗാനെ പുതിയ തീരുമാനത്തിലെത്തിച്ചത്. ഒരോ വര്‍ഷവും 20 കോടിക്ക് മുകളിലാണ് ക്ലബ്ബിന്റെ ബജറ്റ്. വരുമാനമാകട്ടെ കുറവും.

അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ഐ ലീഗിന് മുകളില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് വരുന്നതോടെ നിലനില്‍പ്പുതന്നെ അപകടത്തിലാകുമെന്ന തിരിച്ചറിവാണ് പുതിയ ചുവടുമാറ്റം. സൂപ്പര്‍ ലീഗിലേക്ക് മാറാന്‍ പരമ്പരാഗതവൈരികളായ ഈസ്റ്റ് ബംഗാള്‍ നടത്തുന്ന നീക്കങ്ങളും ലയനത്തിന് കാരണമായിട്ടുണ്ട്. ഒരു നഗരത്തില്‍നിന്ന് രണ്ടില്‍ക്കൂടുതല്‍ ക്ലബ്ബുകള്‍ക്ക് ഐ.എസ്.എല്ലിലേക്ക് പെട്ടെന്ന് അനുമതിലഭിക്കില്ല.

എ.ടി.കെ.
സ്ഥാപിതം: 2014 മേയ് 7 
ഗ്രൗണ്ട്: സാള്‍ട്ട് ലേക്ക് സ്റ്റേഡിയം
ലീഗ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 
നേട്ടം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് എ.ടി.കെ. പണംകൊണ്ട് സമ്പന്നമാണ്. എന്നാല്‍, ആരാധകരുടെ എണ്ണത്തില്‍ മറ്റ് കൊല്‍ക്കത്ത ടീമുകളെ അപേക്ഷിച്ച് ദരിദ്രരും. ബഗാന്‍ വരുന്നതോടെ ആരാധകസമ്പത്ത് കൂടുമെന്നാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍. സാമ്പത്തികനേട്ടത്തിനും ഇത് കാരണമായേക്കും.

1925 മേയ് 28-നാണ് ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും ആദ്യമായി നേര്‍ക്കുനേര്‍വരുന്നത്. അന്ന് നേപാള്‍ ചക്രവര്‍ത്തിയുടെ ഏക ഗോളില്‍ ഈസ്റ്റ് ബംഗാള്‍ ജയിച്ചു. ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടാന്‍ തുടങ്ങിയിട്ട് 95 വര്‍ഷമായി. ഫിഫവരെ ഫുട്ബോള്‍ വൈരങ്ങളുടെ ക്ലാസിക് പട്ടികയില്‍ ഉള്‍പ്പെടുത്തിയ മത്സരം. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ ഒരു ലക്ഷം പേര്‍ കളികാണാനെത്തിയ ചരിത്രം. എല്ലാം ലയിച്ചില്ലാതാകുന്നു.

Content Highlights: Mohun Bagan ATK Merger East Bengal is alone now