'പോയി ഓട്ടോ ഓടിച്ചൂടേ', പരിഹസിച്ചവര്‍ കാണുന്നുണ്ടോ ഈ സ്വിങ്ങിങ് സിറാജിനെ


ഉമ്മര്‍ വിളയില്‍

4 min read
Read later
Print
Share

മുഹമ്മദ് സിറാജ് | AFP

ക്രിക്കറ്റ് നിര്‍ത്തി പിതാവിനൊപ്പം ഓട്ടോ ഓടിക്കാന്‍ ഇറങ്ങിക്കൂടേ എന്ന് പരിഹസിച്ചവരുണ്ടായിരുന്നു, ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിനെ. റോഡില്‍ ഓട്ടോ തിരിക്കുന്ന ലാഘവത്തോടെ ഏഷ്യാ കപ്പിന്റെ ഫൈനല്‍ ഇന്ത്യക്കനുകൂലമായി തിരിച്ചാണ് സിറാജ് അതിന് വീണ്ടും മറുപടി നല്‍കിയത്. പത്തു ബോളുകള്‍ക്കിടെ ശ്രീലങ്കയുടെ അഞ്ച് മുന്‍നിരക്കാരെ മടക്കിയയച്ച സിറാജിനെക്കണ്ട് പണ്ട് കളിയാക്കിയിരുന്നവരൊക്കെ ഇന്നലെ കൈയടിച്ചിരിക്കണം. 21 റണ്‍സ് വിട്ടുകൊടുത്ത് ആറ് ശ്രീലങ്കന്‍ താരങ്ങളെ മടക്കിയയച്ച താരംതന്നെയായിരുന്നു കളിയിലെ ഹീറോ.

ദാരിദ്ര്യത്തിന്റെ തീച്ചൂളയില്‍ത്തന്നെയാണ് സിറാജ്‌ വളര്‍ന്നത്; ക്രിക്കറ്റ് പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലവുമായിരുന്നില്ല. അവിടെനിന്ന് കയ്പും കടുത്ത അനുഭവങ്ങളും നേരിട്ടാണ് താരം ടീം ഇന്ത്യയുടെ ജഴ്സിയണിയാന്‍ തക്കവണ്ണമുള്ള ക്രിക്കറ്റുകളിയുടെ പ്രാപ്തിയിലെത്തിയത്. കരിയര്‍ പച്ചപിടിച്ചതിനെപ്പറ്റി പറയുമ്പോഴൊക്കെ, അതിനായി പിതാവ് ചിന്തിയ വിയര്‍പ്പിന്റെ കണക്കുകൂടി ഉള്‍ച്ചേര്‍ക്കാറുണ്ട് സിറാജ്.

മകന്റെ ഉയര്‍ച്ച കണ്ട് കൊതിതീരുംമുന്‍പേ...

ഹൈദരാബാദില്‍ ഓട്ടോറിക്ഷ ഓടിച്ചു നടന്ന മുഹമ്മദ് ഖൗസിന്റെ ഏറ്റവും വലിയ മോഹമായിരുന്നു മകന്‍ വലിയ ക്രിക്കറ്ററായിത്തീരുക എന്നത്. തന്റെ തുച്ഛമായ വരുമാനത്തില്‍നിന്നുപോലും മകന്റെ ആഗ്രഹങ്ങള്‍ക്കായി ഖൗസ് പ്രയത്നിച്ചു. നിര്‍ധന കുടുംബത്തിന്റെ പട്ടിണി മാറ്റുന്നതിനും മക്കളുടെ മോഹങ്ങള്‍ക്ക് ചിറകുപകരുന്നതിനും രാപ്പകലെന്നില്ലാതെ അദ്ദേഹം ഓട്ടോയോടിച്ച് പണം സമ്പാദിച്ചു. ആ നിലയില്‍ സാധ്യമായതൊക്കെ ചെയ്തുനല്‍കി. പക്ഷേ, പിതാവിന് വിധിയൊരുക്കിയത് മറ്റൊന്നായിരുന്നു. മകന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉയരങ്ങളില്‍ ഇരിപ്പുറപ്പിച്ചപ്പോഴേക്കും ഖൗസ് ജീവിതത്തില്‍നിന്ന് വിടവാങ്ങി.

ഹൈദരാബാദിന്റെ മുക്കുമൂലകളില്‍ വളച്ചും തിരിച്ചും എത്രയോ തവണ ഓട്ടോ ഓടിച്ചിരിക്കണം ജീവിച്ചിരുന്ന കാലത്ത് ആ മനുഷ്യന്‍. അതേയാളുടെ മകന്‍ ഇന്ന്, മൂന്നു വീലില്‍ ഓടുന്ന ഓട്ടോ തിരിക്കുന്ന ലാഘവത്തോടെ, ഏഷ്യാകപ്പിന്റെ കിരീടപ്പോരാട്ടത്തെ ഇന്ത്യന്‍ വരുതിയിലേക്ക് വഴിതിരിച്ചുവിട്ടതു കാണാന്‍ ഖൗസുണ്ടായില്ല. 2020 നവംബറിലാണ് അദ്ദേഹം മരിക്കുന്നത്. ആ സമയത്ത് ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയയിലായിരുന്നു സിറാജ്. കോവിഡ് ബയോ ബബിളില്‍ ഉള്‍പ്പൈട്ടതിനാല്‍ നാട്ടിലെത്തി പിതാവിനെ ഒരു നോക്കു കാണാനായില്ല. അതിനാല്‍ ഓസ്ട്രേലിയയില്‍ത്തന്നെ കഴിഞ്ഞു. അന്നു നടന്ന ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ അഞ്ചുവിക്കറ്റ് നേട്ടമടക്കം 13 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട് താരം. ഷമി, ബുംറ, ഉമേഷ് യാദവ്, ഇഷാന്ത് എന്നിവരില്ലാതെ ഇറങ്ങിയ ഇന്ത്യന്‍ ബൗളിങ് നിരയെ നയിച്ചത് സിറാജ് ആയിരുന്നു. അന്ന് ആ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ സിറാജ്, പിതാവിന്റെ ഖബറിനരികെയെത്തി പ്രാര്‍ഥിക്കുന്ന ചിത്രം ആരാധകരിലും കണ്ണീര്‍ വീഴ്ത്തി.

സിറാജ് വെട്ടിയ വഴി

ഹൈദരാബാദില്‍ മുഹമ്മദ് ഖൗസിന്റെയും ഷാബാന ബീഗത്തിന്റെയും മകനായി 1994-ലാണ് ജനനം. നമ്പള്ളി സഫ ജൂനിയര്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കി. ഏഴാംക്ലാസ് മുതല്‍ത്തന്നെ ക്രിക്കറ്റ് കളിച്ചുതുടങ്ങി. ബാറ്റ്സ്മാനായാണ് തുടക്കം. ഒരുദിവസം ക്രിക്കറ്റ് കളിക്കുന്നതിനിടെ കൂട്ടുകാരനാണ് പറഞ്ഞത്, ബാറ്റിങ്ങിനെക്കാള്‍ മികച്ചതാണ് ബൗളിങ്ങെന്ന്. പിന്നീട് ബൗളിങ്ങിലായി സിറാജിന്റെ കൂടുതല്‍ ശ്രദ്ധ. അതുകൊണ്ടുതന്നെ ഇന്നത്തെ സിറാജിന്റെ എല്ലാ നേട്ടങ്ങള്‍ക്കു പിന്നിലും ഈ കൂട്ടുകാരന്റെ കൂടി കയ്യൊപ്പുണ്ടെന്നു പറയാം.

മൂത്ത സഹോദരന്‍ മുഹമ്മദ് ഇസ്മായിലാണ് പ്രൊഫഷണല്‍ ക്രിക്കറ്റിലേക്കുള്ള സിറാജിന്റെ വഴികാട്ടി. അങ്ങനെ കഠിനാധ്വാനം ചെയ്ത് കളിച്ച് ഹൈദരാബാദിലെ ചാര്‍മിനാര്‍ ക്രിക്കറ്റ് ക്ലബ്ബില്‍ അംഗമായി. 2015-16 സീസണില്‍ രഞ്ജി ക്രിക്കറ്റില്‍ വെറും ഒന്‍പത് കളികളില്‍നിന്ന് 41 വിക്കറ്റുകള്‍ പിഴുതതോടെ സിറാജ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റിലെ സിറാജിന്റെ രണ്ടാം സീസണിലായിരുന്നു ഇത്. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടൂര്‍ണമെന്റായ ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ്‌ ഇന്ത്യന്‍ ടീമിലും വൈകാതെ ഇന്ത്യ എ ടീമിലും അംഗമാവാനും കഴിഞ്ഞു.

തുടര്‍ച്ചയായി രണ്ടുവര്‍ഷ സീസണുകളില്‍ ഹൈദരാബാദ് രഞ്ജി ടീം അംഗമായതില്‍നിന്നു ലഭിച്ച 10 ലക്ഷം രൂപകൊണ്ട് അച്ഛനും അമ്മയ്ക്കുമായി മെച്ചപ്പെട്ട ഒരു വീട് വാങ്ങിനല്‍കി. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 2017-ല്‍ സിറാജിന് ഐ.പി.എല്‍. ടീമായ സണ്‍ റൈസേഴ്സ് ഹൈദരാബാദില്‍നിന്ന് ക്ഷണമെത്തി. 2.6 കോടി രൂപയ്ക്കാണ് താരത്തെ ഹൈദരാബാദ് സ്വന്തമാക്കിയത്. 20 ലക്ഷമായിരുന്നു അന്ന് അടിസ്ഥാന വില.

ആ സീസണില്‍ ഹൈദരാബാദിനായി ആറു മത്സരങ്ങളില്‍ മാത്രം കളിച്ച താരം പത്തുവിക്കറ്റുകളെടുത്തു ശ്രദ്ധ പിടിച്ചുപറ്റി. പക്ഷേ, ധാരാളം റണ്‍സ് വഴങ്ങിയത്‌ ആശങ്കയ്ക്കിടയാക്കി. അതോടെ പിറ്റേവര്‍ഷം ഹൈദരാബാദ് കൈയൊഴിഞ്ഞെങ്കിലും ഏഴുകോടിക്ക് ബെംഗളൂരു താരത്തെ സ്വന്തമാക്കി. ഒരുവശത്ത് വിക്കറ്റുകളെടുക്കുമ്പോഴും മറുഭാഗത്ത് ഒരുപാട് റണ്‍സുകള്‍ വിട്ടുകൊടുക്കുന്നുവെന്ന പേരുദോഷം ബെംഗളൂരുവിലും സിറാജിനെ വിട്ടുപോയില്ല.

ഇന്റര്‍നാഷണല്‍ കരിയര്‍

അതേവര്‍ഷംതന്നെ ആശിഷ് നെഹ്റയ്ക്കു പകരക്കാരനായി സിറാജ് ഇന്ത്യന്‍ ടീമിലുമെത്തി. രാജ്കോട്ടില്‍ ന്യൂസീലന്‍ഡിനെതിരായ ടി-20 മാച്ചിലായിരുന്നു അരങ്ങേറ്റം. അന്ന് കളിക്കു മുന്നെയായുള്ള ദേശീയ ഗാനാലാപനത്തിനിടെ സിറാജ് അതിവൈകാരികമായി കരഞ്ഞത് ഇപ്പോഴും മറക്കാനാവില്ല. അന്ന് ന്യൂസീലന്‍ഡിന്റെ കെയിന്‍ വില്യംസണിന്റെ വിക്കറ്റെടുക്കാന്‍ കഴിഞ്ഞത് നേട്ടമായെങ്കിലും നാല് ഓവറില്‍ 53 റണ്‍സ് വിട്ടുകൊടുത്തത് ക്ഷീണമായി.

ഏകദിന അരങ്ങേറ്റത്തിലും അത്ര ശുഭകരമായിരുന്നില്ല കാര്യങ്ങള്‍. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരത്തില്‍ത്തന്നെ 76 റണ്‍സ് വിട്ടുകൊടുത്തു. പിന്നീട് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായുള്ള ടീമില്‍ ഉള്‍പ്പെട്ടെങ്കിലും കളിക്കാനായില്ല. അതുകഴിഞ്ഞ് വീണ്ടും രണ്ടുവര്‍ഷമെടുത്തു ടെസ്റ്റ് അരങ്ങേറ്റം കുറിക്കാന്‍, 2020-ല്‍. അത് ഓസ്ട്രേലിയയ്ക്കെതിരേയായിരുന്നു. മൂന്ന് ടെസ്റ്റുകളില്‍നിന്നായി 13 വിക്കറ്റെടുത്ത് അന്ന് പരമ്പര നേടുന്നതില്‍ നിര്‍ണായകമായ ഭാഗമായി.

ഐ.സി.സി. റാങ്കിങ്ങിന്റെ അമരത്ത്‌

ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഒരുപിടി റെക്കോഡുകളെക്കൂടിയാണ് സിറാജ് എറുഞ്ഞുടച്ചത്. ഒരോവറില്‍ നാലുവിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളര്‍, ഏഷ്യാ കപ്പ് ഫൈനലില്‍ അഞ്ചുവിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളര്‍, ഏകദിന കരിയറിലെ താരത്തിന്റെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടം, ഏകദിനത്തില്‍ ലങ്കയ്‌ക്കെതിരേ ഒരു ബൗളര്‍ നടത്തുന്ന ഏറ്റവും മികച്ച ബൗളിങ് പ്രകടനം, 16 പന്തുകള്‍ക്കിടെ അഞ്ചുവിക്കറ്റുകള്‍ നേടി ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ അഞ്ചുവിക്കറ്റുകള്‍ നേടുന്ന താരമെന്ന ചാമിന്ദവാസിനൊപ്പമുള്ള റെക്കോഡ് എന്നിങ്ങനെ ഒരുപിടി നേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കിയാണ് സിറാജ് ഇന്നലെ മൈതാനംവിട്ടത്.

ബാറ്റര്‍ക്ക് യഥേഷ്ടം ബൗണ്ടറികളും സിക്‌സറുകളും പായിക്കാന്‍ പാകത്തിലായിരിക്കും സിറാജിന്റെ ബൗളിങ്ങെന്നതാണ് വലിയ പ്രത്യേകത. പലപ്പോഴും അത് സിറാജിന് തിരിച്ചടിയായിട്ടുമുണ്ട്. റണ്‍സ് കണക്കിനു വിട്ടുകൊടുക്കുന്ന താരമെന്ന പേരുദോഷവും പലതവണ നേരിടേണ്ടിവന്നിട്ടുണ്ട്. പക്ഷേ, ആ നിലയില്‍ത്തന്നെ കളിച്ച് വിക്കറ്റുകള്‍ ഒരുപാട് പിഴുത് ഐ.സി.സി. ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്തുവരെ എത്താനും അതേ സിറാജിനായി. ഇന്ന്, ഇന്ത്യന്‍ ടീമിന് ഒഴിച്ചുകൂടാനാവാത്ത ബൗളിങ് സാന്നിധ്യമാണ് സിറാജ്. സിറാജിനൊപ്പം ബുമ്ര പരിക്ക് മാറി തിരിച്ചെത്തിയതോടെ ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് അത് പകരുന്ന പ്രതീക്ഷ ചെറുതല്ല

സൂപ്പര്‍ ഹീറോ കോലി

സിറാജിന്റെ വിജയവഴിയെപ്പറ്റി പറയുമ്പോള്‍ കോലിയെ പരാമര്‍ശിക്കാതെ പൂര്‍ത്തിയാവില്ല. സിറാജിന് അന്നും ഇന്നും കോലിയാണ് സൂപ്പര്‍ ഹീറോ. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തന്നെ വിശ്വസിച്ചും ആശ്വാസം പകര്‍ന്നും കോലിയുണ്ടായിരുന്നെന്ന് സിറാജ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഐ.പി.എലില്‍ ബെംഗളൂരുവിലും ഇരുവരും തമ്മില്‍ നല്ല കൂട്ടായിരുന്നു. അതുകൊണ്ടാണ് കോലി ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയുമ്പോള്‍ തന്റെ ക്യാപ്റ്റന്‍ ഇനിയങ്ങോട്ടും കോലിതന്നെയായിരിക്കുമെന്ന് സിറാജ് പറഞ്ഞത്. കളിക്കളത്തില്‍ വംശീയാധിക്ഷേപത്തിന് ഇരയായപ്പോഴും സാന്ത്വനമായും ധൈര്യംപകര്‍ന്നും കോലി കൂടെയുണ്ടായിരുന്നു. അതിനെതിരേ നടപടിയെടുക്കാന്‍ അധികൃതരോട് ശക്തമായി ആവശ്യപ്പെട്ടതും കോലിതന്നെയായിരുന്നു. ഹൈദരാബാദി ബിരിയാണി വെച്ച് കോലിയെയും സംഘത്തെയും വീട്ടിലേക്കു വിളിച്ച സൗഹൃദത്തിന്റെ പേരുകൂടിയാണ് സിറാജ്.

Content Highlights: mohammed siraj cricket career

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
world chess sensation praggnanandhaas mother nagalakshmis lifestory
Premium

5 min

രസവും ചോറുമുണ്ടാക്കാന്‍ റൈസ് കുക്കറുമായി കൂടെപ്പോകുന്ന അമ്മ;പ്രഗ്നാനന്ദയുടെ നിഴല്‍പോലെ നാഗലക്ഷ്മി

Aug 24, 2023


15 Years of Six Sixes the day Yuvraj became the second batter to hit six sixes in an over

4 min

ഫ്‌ളിന്റോഫിനോട് ഉടക്കി, കിട്ടിയത് ബ്രോഡിനെ; കിങ്‌സ്മീഡിലെ യുവിയുടെ 'ആറാട്ടി'ന് ഇന്ന് 16 വയസ്

Sep 19, 2023


will play in ISL next season with Gokulam kerala fc says Edu Bedia

1 min

അടുത്ത സീസണില്‍ ഗോകുലത്തിനൊപ്പം ഐ.എസ്.എലില്‍ കളിക്കും- എഡു ബെഡിയ

Sep 2, 2023


Most Commented