ന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നേട്ടങ്ങളുടെ പടികള്‍ കയറാന്‍ തുടങ്ങിയത് ഈ വര്‍ഷമല്ല. എന്നാല്‍, ഈ വര്‍ഷം ആഘോഷങ്ങളും ആരവങ്ങളും ഉണ്ടായി. ആഘോഷിക്കപ്പെടുന്ന അളവുകോലുകള്‍ക്കപ്പുറം വിവേചനങ്ങളുടെ ക്രീസിലാണ് വനിതാ ക്രിക്കറ്റ്. വീട്ടിനുള്ളില്‍ നിന്ന് തുടങ്ങി വിദേശത്ത് വരെ നീളുന്ന വിവേചനം നമ്മുടെ വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലും വര്‍ത്തമാനത്തിലുമുണ്ട് യഥേഷ്ടം. സച്ചിന്‍ തെണ്ടുല്‍ക്കറെയും ധോനിയേയും ഒക്കെ അറിയുന്നവര്‍ മിതാലിരാജിനെയും ജുലന്‍ ഗോസ്വാമിയെയും ഒക്കെ അറിഞ്ഞു തുടങ്ങിയെങ്കിലും ഇന്ത്യന്‍ മെന്‍സ് ക്രിക്കറ്റിനു കിട്ടുന്ന പരിഗണന സര്‍ക്കാര്‍ പോലും അവര്‍ക്ക് നല്‍കുന്നില്ല. വനിതാ ക്രിക്കറ്റ് ടീമിന്റെ പ്രതിഫലം കൂട്ടി, കളിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കുന്നു എന്നൊക്കെ വായിക്കുമ്പോഴും പുരുഷ ക്രിക്കറ്റര്‍മാരുടെ പ്രതിഫലത്തിന്റെ പത്തു ശതമാനം പോലും അവര്‍ക്ക് കിട്ടുന്നില്ല എന്നത് ലജ്ജാവഹമായ ഒന്നാണ്. ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റനായ മിതാലി രാജ് സര്‍ക്കാരിനോടാവശ്യപ്പെട്ടതും ഈ തുല്ല്യനീതിയാണ്. വനിതകളോടുള്ള ഈ വിവേചനം തന്നെയല്ലേ ഈ കളിയെ ഒരു വിജയമാക്കി മാറ്റാത്തത്.

ക്രിക്കറ്റിലെ ലിംഗവിവേചനം എന്നത് ലോകകപ്പിന്റെ കളിക്കളത്തില്‍ മാത്രമല്ല, എല്ലാ മേഖലകളും അതിരുകളില്ലാതെ പടര്‍ന്നു കിടക്കുന്നതാണ്. വീടുകളില്‍ നിന്നും ആരംഭിക്കുന്ന വിവേചനം അതിന്റെ പ്രത്യക്ഷമായ അളവില്‍ പുറത്ത് പ്രത്യക്ഷപ്പെടുന്നുവെന്നേയുളളൂ. 

കേരളം ടീം പ്ലെയര്‍ ആയിരുന്ന എന്റെ അനുഭവങ്ങള്‍ തന്നെ ഉദാഹരണമാണ്. വീട്ടില്‍ നിന്നും പിന്തുണ ഉണ്ടായിരുന്നിട്ടുകൂടി എനിക്കാദ്യമായി ക്രിക്കറ്റ് കളിക്കാനുള്ള അവസരം ലഭിച്ചത് കോളജില്‍ എത്തിയപ്പോള്‍ മാത്രമാണ്. കാരണം സ്‌കൂളുകളില്‍ ഒന്നും തന്നെ വനിതാ ക്രിക്കറ്റ് ടീം ഇല്ല എന്നുള്ളത് കൊണ്ട് തന്നെയാണ്. സ്‌കൂള്‍തലം മുതല്‍  സംസ്ഥാനതലം വരെ ആണ്‍കുട്ടികള്‍ക്ക് ക്രിക്കറ്റിലേക്കു വരാന്‍ കിട്ടുന്ന ഒരു പ്രോത്സാഹനവും  പെണ്‍കുട്ടികള്‍ക്ക് കിട്ടുന്നില്ല എന്നുള്ളത് ഒരു വസ്തുതയാണ്. ഒരു സ്‌കൂള്‍ ഗ്രൗണ്ടില്‍ പോയി നോക്കിയാല്‍ തന്നെ ക്രിക്കറ്റ് കളിക്കുന്ന ആണ്‍കുട്ടികളെ മാത്രമേ കാണാന്‍ പറ്റൂ. ഒരു പെണ്‍കുട്ടിയെ പോലും കാണാന്‍ കിട്ടില്ല. ഇത് ക്രിക്കറ്റിന്റെ മാത്രം അവസ്ഥയാണെന്ന് തോന്നുന്നില്ല. കേരളത്തിലെ മൈതാനങ്ങളില്‍ നിന്നും പറിച്ചെറിയപ്പെട്ടവരാണ് നമ്മുടെ പെണ്‍കുട്ടികള്‍. അത്‌ലറ്റിക്‌സിലും ഖോഖോയിലുമൊക്കെയാണ് കുറച്ചെങ്കിലും പെണ്‍കുട്ടികളെ കാണാന്‍ കഴിയുക. കേരളത്തിന്റെ കായിക മഹത്വം ഉയര്‍ത്തിപ്പിടിച്ചതില്‍ സ്ത്രീകള്‍ക്കുളള പങ്ക് കൂടി ഈ സമയത്ത് ഓര്‍ക്കണം. അവരെല്ലാം അതിന് അവര്‍ക്ക് കിട്ടിയ ചെറിയ ചില ഇടങ്ങളില്‍ നിന്നുകൊണ്ടാണ് ഉയര്‍ന്നുവന്നത്. ക്രിക്കറ്റിന് അങ്ങനെയൊരു ഇടം കിട്ടുന്നില്ല എന്നതാണ് വസ്തുത.

women cricket

ആ അവസ്ഥ മാറണമെങ്കില്‍ നമ്മുടെ ഉള്ളിലെ ആണ്‍-പെണ്‍  വിവേചനം മാറണം. സ്‌കൂള്‍തലം മുതല്‍ തന്നെ പെണ്‍കുട്ടികള്‍ക്കും പരിശീലനം കിട്ടാനുള്ള സംവിധാനങ്ങള്‍ ഉണ്ടാവണം. ഇന്റര്‍ സ്‌കൂള്‍ തലത്തില്‍ പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ഒരു ഇനമായി മാറുകയും അങ്ങനെ കൂടുതല്‍ ടൂര്‍ണമെന്റുകള്‍ കളിക്കാനുള്ള അവസരം പെണ്‍കുട്ടികള്‍ക്കുണ്ടാവുകയും വേണം. ഒരു ക്രിക്കറ്റ് കിറ്റ് വാങ്ങി മകന് നല്‍കുന്ന മാതാപിതാക്കള്‍ തന്റെ മകള്‍ക്കും വാങ്ങിക്കൊടുക്കുന്ന അവസ്ഥയിലേക്ക് മാറിയാല്‍ മാത്രമേ വനിതാ ക്രിക്കറ്റിന് പുരോഗതി ഉണ്ടാവൂ. മകളെ ക്രിക്കറ്റ് കാണാന്‍ അനുവദിക്കുന്ന രക്ഷിതാക്കള്‍ കളിക്കാന്‍ മകനെ മാത്രം അനുവദിക്കുന്ന സാഹചര്യം മാറേണ്ടതുണ്ട്. ക്രിക്കറ്റ് കളിക്കാന്‍ വേണ്ടി മാത്രം കോളജ് അന്വേഷിച്ചു നടന്ന ക്രിക്കറ്റ് പ്രേമിയെന്ന ചരിത്ര ഭാരം കൂടി പേറിക്കൊണ്ടാണ് ഇത് പറയേണ്ടി വരുന്നത്. മൈതാനങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ അകറ്റി നിര്‍ത്തുന്ന സാമൂഹിക ബോധത്തെ ആണ് നമ്മള്‍ ലിംഗവിവേചനത്തിന്റെ ബൗണ്ടറിക്ക് പുറത്തേയ്ക്ക് പായിക്കേണ്ടത്. എന്നാല്‍ മാത്രമേ വനിതാ ക്രിക്കറ്റിന്റെ മാത്രമല്ല, എല്ലാതരത്തിലുളള കളികളിലും സ്ത്രീ മുന്നേറ്റത്തിനുളള സാധ്യതകളും വഴികളും തുറന്നു കിട്ടുകയുളളൂ. 

ഗ്രാസ് റൂട്ട് ലെവല്‍ ട്രെയിനിങ് കിട്ടിയാല്‍ മാത്രമേ ഒരു കളിക്കാരിക്കായാലും കളിക്കാരനായാലും അന്താരഷ്ട്ര തലത്തിലുള്ള മത്സരത്തിൽ പോലും മികവോടെ പെര്‍ഫോം ചെയ്യാനാകൂ.ഇന്നും കേരളത്തിലെ ഗ്രൗണ്ടുകളില്‍ ഒരു നല്ല ഡ്രസിങ് ഈ റൂം പോലുമില്ല. കൂടുതല്‍ സൗകര്യങ്ങള്‍ ഗ്രൗണ്ടുകളില്‍ ഉണ്ടാവുകയും ഗ്രാസ് റൂട്ട് തലത്തിലുള്ള കോച്ചിങ് സാധ്യതകള്‍ പെണ്‍കുട്ടികള്‍ക്ക് കിട്ടുകയും വേണം. ഈ സൗകര്യങ്ങള്‍ ഒന്നുമില്ലാഞ്ഞിട്ടു കൂടി ഇന്ത്യയില്‍ നിന്ന് ഇത്ര നല്ലൊരു ടീം ഉണ്ടായി എന്നുള്ളത് അഭിമാനിക്കാവുന്ന ഒരു വസ്തുതയാണ്. ആ അഭിമാനത്തില്‍ അഭിരമിക്കുന്ന സമൂഹം അവരോട് കാണിക്കുന്ന വിവേചനത്തില്‍ അപമാനിതരാവുകയാണ് എന്ന് കൂടി ഓര്‍ക്കണം. ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റിയുടെ കുറവ് ഏറ്റവും കൂടുതല്‍ കാണാന്‍ കഴിയുന്ന ഒരു രംഗം കായിക മേഖലയാണെന്ന് പറയുന്നതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനോടുളള സമീപനം. ഒരൊറ്റ ലോകകപ്പ് നേടിയതുമുതല്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ്  ലോകം ഇന്ത്യയുടെ ദേശീയതയുടെ പ്രതീകമായി മാറുന്നതു വരെ എത്തി. എന്നാല്‍ വനിതാ ക്രിക്കറ്റില്‍ ഇത്ര മികവുറ്റ പ്രകടനം കാഴ്ചവച്ചിട്ടും അവരൊരിക്കലും ഇന്ത്യയുടെ അടയാളമായി മാറാതെയിരിക്കുന്നു. എന്തുകൊണ്ടാണിത് എന്നതിൽ നമ്മുടെ ലിംഗ വിവേചനത്തിന്റെ, ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റിയില്ലാത്ത പ്രവര്‍ത്തനങ്ങളുടെയൊക്കെ അടയാളങ്ങള്‍ പതിഞ്ഞുകിടക്കുന്നുണ്ട്. 

അന്താരാഷ്ട്രതലത്തില്‍ ഇത്രയും നല്ല പ്രദര്‍ശനം കാഴ്ച വെച്ചിട്ടും തുല്യനീതി കിട്ടുന്നില്ല എന്ന് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ് പറയുകയുണ്ടായി. ബിസിസിഐ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇപ്പോഴും വിവേചനം കാണിക്കുന്നു എന്നുള്ളത് കൊലിയുടെയും മിതാലിയുടെയും പ്രതിഫലത്തിന്റെ  വ്യത്യാസത്തില്‍ തന്നെ മനസിലാക്കാം. ഇന്ത്യന്‍ മെന്‍സ് ടീം ക്യാപ്റ്റന്‍ ആയ കോലിക്ക് രണ്ടു  കോടി കിട്ടുമ്പോള്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ആയ മിതാലി രാജിന്റെ ഒരു വര്‍ഷത്തെ പ്രതിഫലം വെറും പതിനഞ്ചു ലക്ഷം രൂപ മാത്രമാണ്. 2015ല്‍ ഉള്ള കരാര്‍ തന്നെയാണ് ഇപ്പോഴും വനിതാ ക്രിക്കറ്റ് താരങ്ങളുടേത്. എന്നാല്‍, മെന്‍സ് ക്രിക്കറ്റിന്റെ കരാര്‍ പുതുക്കുകയും പ്രതിഫലം കൂട്ടുകയും ചെയ്തു. സര്‍ക്കാരും ബിസിസിഐയും എല്ലാം നല്ല രീതിയിലുള്ള പിന്തുണ നല്‍കിയാല്‍ മാത്രമേ കൂടുതല്‍ പെണ്‍കുട്ടികള്‍ ക്രിക്കറ്റിലേക്കു വരാന്‍ തയ്യാറാകൂ. ആഘോഷങ്ങളും ആരവങ്ങളും അല്ല വനിതാ ക്രിക്കറ്റിനു ആവശ്യം പൂര്‍ണമായ പിന്തുണയും അടിസ്ഥാന സൗകര്യങ്ങളുമാണ്. ഒരു മിതാലി രാജിന് മാത്രം കിട്ടേണ്ടതല്ല ഈ പിന്തുണ മറിച്ച് ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ പെണ്‍കുട്ടിക്കും കിട്ടേണ്ടതാണ്. വിവേചനങ്ങള്‍ ഇല്ലാതെ ക്രിക്കറ്റ് എന്ന കളിയെ സ്‌നേഹിക്കുകയും അതിലേക്കു വരാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരേ പോലെ പിന്തുണ നല്‍കുകയും ചെയ്യാനുളള തീരുമാനമെടുക്കുന്നതിലൂടെ മാത്രമേ, ഇത് മറികടക്കാന്‍ സാധിക്കുയുളളൂ. 

കേരളത്തില്‍ എത്ര കോളജുകളിലും സ്‌കൂളുകളിലും ക്രിക്കറ്റ് കളിക്കാനുളള അവസരം പെണ്‍കുട്ടികള്‍ക്കുണ്ട്. ദയനീയമായിരിക്കും സ്ഥിതി. എന്നാല്‍ എത്ര പെണ്‍കുട്ടികള്‍ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നുണ്ട്, കളിക്കാന്‍ ആഗ്രഹമുണ്ട് എന്ന് അന്വേഷിച്ചാല്‍ അതിന്റെ എണ്ണം വളരെ അധികമായിരിക്കും. ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടപ്പെട്ട എനിക്ക്, അങ്ങനെ കോളജും സര്‍വകലാശാലയും തിരഞ്ഞെടുക്കാന്‍ വീട്ടില്‍ നിന്നുളള പിന്തുണ ഉണ്ടായിരുന്നു. സഹോദരന്മാരും അച്ഛനും അമ്മയും ഒപ്പം നിന്നു. എന്നിട്ടും എന്റെ ക്രിക്കറ്റ് മോഹങ്ങള്‍ പാതിവഴിയില്‍ അവസാനിപ്പിച്ച് ഗ്യാലറിയില്‍ കയറേണ്ടി വന്നതാണ്. അപ്പോള്‍ ഈ പിന്തുണ പോലും കിട്ടാതെ വിവേചനത്തിന്റെ ആഴങ്ങള്‍ എത്രയായിരിക്കും. മിതാലി പറഞ്ഞത് വിവേചനമെന്ന മഞ്ഞുമലയുടെ അറ്റം മാത്രമാണ്. അതിന്റെ വ്യാപ്തി ഇതിലും ആഴമേറിയതും വിസ്താരമുളളതുമാണ്.

(2005 മുതൽ 2011 വരെ കേരള വനിതാ ടീമിൽ അംഗമായിരുന്നു ലേഖിക)