ചിലങ്കയഴിച്ചുവെച്ച് ബാറ്റ് കൈയിലെടുത്ത ഇതിഹാസം; മിസ് യു മിതാലി


സ്വന്തം ലേഖകന്‍

അധികമാരും ശ്രദ്ധിക്കാതിരുന്ന വനിതാ ക്രിക്കറ്റിന് വലിയൊരു ആരാധക സംഘത്തെ ഉണ്ടാക്കിയെടുക്കുന്നതില്‍ മിതാലി വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ഇന്ത്യന്‍ ക്രിക്കറ്റിന് ആരാധിക്കാന്‍ ഒരു ഭാഗത്ത് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉണ്ടായിരുന്നപ്പോള്‍ ഒരുകാലംവരെ ശൂന്യമായിക്കിടന്ന മറുഭാഗത്ത് മിതാലി ശക്തമായ സാന്നിധ്യമുറപ്പിച്ചു

Photo: twitter.com, PTI

2017-ലെ വനിതാ ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നടന്ന ഒരു വാര്‍ത്താ സമ്മേളനം. അന്ന് ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന മിതാലി രാജിനോട് ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരം ആരെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇംഗ്ലണ്ട് മണ്ണില്‍ ലോകകപ്പിനൊരുങ്ങുന്ന ആ വനിതാ ടീം ക്യാപ്റ്റന് ചോദ്യം അത്രയ്ക്കങ്ങ് പിടിച്ചില്ല. പുരുഷ താരങ്ങളോട് ഇഷ്ടപ്പെട്ട വനിതാ ക്രിക്കറ്റ് താരം ആരെന്ന് നിങ്ങള്‍ ചോദിക്കാറുണ്ടോ എന്നായിരുന്നു അന്ന് മിതാലി നല്‍കിയ മുഖമടച്ചുള്ള മറുപടി. അതായിരുന്നു 'ലേഡി തെണ്ടുല്‍ക്കര്‍' എന്ന് വിളിപ്പേരുള്ള മിതാലി രാജ് എന്ന ക്രിക്കറ്റ് താരം. പുരുഷ ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിങ് റെക്കോഡുകളും സ്വന്തമാക്കിയ ശേഷമാണ് 2013-ല്‍ തന്റെ 40-ാം വയസില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ആ 22 യാര്‍ഡ് ഇടത്തോട് വിടപറഞ്ഞത്. ഇപ്പോഴിതാ 23 വര്‍ഷങ്ങള്‍ നീണ്ട കരിയറിന് ശേഷം 39-ാം വയസില്‍ മിതാലിയും കളിക്കളത്തോട് വിടപറഞ്ഞിരിക്കുകയാണ്.

ചിലങ്ക ഉപേക്ഷിച്ച് ക്രിക്കറ്റിലേക്ക്‌

1982 ഡിസംബര്‍ മൂന്നിന് രാജസ്ഥാനിലെ ജോധ്പൂരിലായിരുന്നു മിതാലിയുടെ ജനനം. അച്ഛന്‍ ദൊരെയ് രാജ്, ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ വാറന്റ് ഓഫീസറായിരുന്നു. അമ്മ ലീല രാജ്. ജനനം ഒരു തമിഴ് കുടുംബത്തിലായിരുന്നതിനാലും അമ്മയ്ക്ക് നൃത്തത്തോട് വലിയ താത്പര്യമുള്ളതിനാലും കുഞ്ഞ് മിതാലി നന്നേ ചെറുപ്പത്തില്‍ തന്നെ കാലെടുത്ത് വെച്ചത് ഭാരതനാട്യത്തിന്റെ ലോകത്തേക്കായിരുന്നു. 10 വയസുവരെ ക്രിക്കറ്റിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതിരുന്ന മിതാലി നൃത്തം തന്നെ കരിയറായി സ്വീകരിക്കുമെന്ന് അമ്മ ലീല കരുതി. മിതാലിക്കും മറ്റ് പദ്ധതികളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ജോലി സംബന്ധമായി അച്ഛന് ഹൈദരാബാദിലേക്ക് മാറ്റം ലഭിച്ചതോടെയാണ് ക്രിക്കറ്റ് മിതാലിയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്. അക്കാലത്ത് സഹോദരനെ ക്രിക്കറ്റ് കോച്ചിങ്ങിനായി കൊണ്ടു പോകുമ്പോള്‍ ദൊരെയ് രാജ്, കുഞ്ഞ് മിതാലിയേയും ഒപ്പം കൂട്ടും. പോകെ പോകെ നെറ്റ്‌സില്‍ കയറി പന്ത് തട്ടണമെന്ന് ആ കുഞ്ഞ് മനസ് ആഗ്രഹിച്ചു തുടങ്ങി. അങ്ങനെ ആണ്‍കുട്ടികള്‍ മാത്രമുണ്ടായിരുന്ന ഹൈദരാബാദിലെ സെന്റ് ജോണ്‍സ് ക്രിക്കറ്റ് കോച്ചിങ് ക്യാമ്പില്‍ മിതാലി ഒരേയൊരു പെണ്‍പുലിയായി ഇടംപിടിച്ചു. വൈകാതെ തന്നെ മിതാലിക്ക് ക്രിക്കറ്റിലുള്ള മികവ് അച്ഛനും പരിശീലകരും തിരിച്ചറിഞ്ഞുതുടങ്ങി. നര്‍ത്തകിയായിരുന്നതിനാല്‍ തന്നെ ഓരോ ഷോട്ടിനും വേണ്ടി മിതാലിയുടെ കാലുകള്‍ കൃത്യമായി വഴങ്ങിത്തുടങ്ങി.

പിന്നീട് കെയെസ് സ്‌കൂളില്‍ സമ്പത്ത് കുമാറെന്ന പരിശീലകനു കീഴിലെത്തിയപ്പോഴാണ് മുന്നോട്ട് ഇനി നൃത്തമോ ക്രിക്കറ്റോ എന്ന ചോദ്യം മിതാലിക്ക് മുന്നിലെത്തിയത്. ക്രിക്കറ്റുമായി മുന്നോട്ടുപോകാന്‍ മിതാലി തീരുമാനിച്ചപ്പോള്‍ അവളുടെ മുത്തച്ഛനും മുത്തശ്ശിക്കും അതൊട്ടും ഉള്‍ക്കൊള്ളാനായിരുന്നില്ല. സ്‌പോര്‍ട്‌സുമായി യാതൊരു ബന്ധവുമുള്ള കുടുംബമല്ലാതിരുന്നതിനാല്‍ തന്നെ തങ്ങളുടെ പേരക്കുട്ടി ആണ്‍കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനെ അവര്‍ എതിര്‍ക്കുകയും ചെയ്തു. ഒടുവില്‍ അച്ഛന്റെ പിന്തുണ ചിലങ്കയഴിച്ചുവെച്ച് ബാറ്റ് കൈയിലെടുക്കാന്‍ മിതാലിക്ക് സഹായകമായി.

മിതാലിയും സഹോദരനും

ഇന്ത്യന്‍ ടീമിലേക്ക്

10-ാം വയസില്‍ മാത്രം ബാറ്റ് കൈയിലെടുത്ത മിതാലി പക്ഷേ വളരെ പെട്ടെന്നു തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ ചര്‍ച്ചയാകാന്‍ തുടങ്ങി. റെയില്‍വേസിനായി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനാരംഭിച്ച താരം പെട്ടെന്നു തന്നെ മികച്ച ബാറ്ററെന്ന് പേരെടുത്തു. ഇതോടൊപ്പം എയര്‍ ഇന്ത്യ ടീമില്‍ പൂര്‍ണിമ റാവു, അഞ്ജും ചോപ്ര, അഞ്ജു ജെയ്ന്‍ എന്നിവര്‍ക്കൊപ്പം കളിക്കാനും മിതാലിക്കായി. ആയിടയ്ക്കാണ് 1997-ലെ വനിതാ ലോകകപ്പ് വരുന്നത്. 14 വയസുള്ള മിതാലി ലോകകപ്പിനുള്ള സാധ്യതാ പട്ടികയില്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ അവളുടെ കുടുംബമൊന്നാകെ ആഹ്ലാദിച്ചു. എന്നാല്‍ ഫൈനല്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ കുഞ്ഞ് മിതാലിക്ക് നിരാശയായിരുന്നു ഫലം. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞാണ് മിതാലിക്ക് തന്റെ സ്വപ്‌ന ജേഴ്‌സിയില്‍ അരങ്ങേറാന്‍ അവസരം ലഭിക്കുന്നത്. 1999-ല്‍ തന്റെ 17-ാം വയസില്‍ അയര്‍ലന്‍ഡിനെതിരായ ഏകദിനത്തില്‍ ടീമിലെത്തിയ മിതാലി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറിയുമായി (114) ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ലഖ്‌നൗവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 19-ാം വയസില്‍ ടെസ്റ്റ് ക്യാപ്പും മിതാലിയെ തേടിയെത്തി. 2002 ഓഗസ്റ്റ് 17-ന് ഇംഗ്ലണ്ടിനെതിരേ അവരുടെ മണ്ണില്‍ നടന്ന തന്റെ മൂന്നാമത്തെ മാത്രം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയുമായി മിതാലി ചരിത്രമെഴുതി. അന്ന് 214 റണ്‍സുമായി മിതാലി ക്രീസില്‍ നിന്ന് മടങ്ങിയത് ടെസ്റ്റില്‍ വനിതാ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡും സ്വന്തമാക്കിയായിരുന്നു. ഓസീസ് താരം കാരെന്‍ റോള്‍ട്ടണിന്റെ 209* റണ്‍സാണ് അന്ന് മിതാലി പഴങ്കഥയാക്കിയത്. എന്നാല്‍ രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം മിതാലിയുടെ ഈ റെക്കോഡ് പാകിസ്താന്‍ താരം കിരണ്‍ ബലുച്ച് മറികടക്കുകയായിരുന്നു.

ഇതിഹാസ താരത്തിലേക്ക്

അധികമാരും ശ്രദ്ധിക്കാതിരുന്ന വനിതാ ക്രിക്കറ്റിന് വലിയൊരു ആരാധക സംഘത്തെ ഉണ്ടാക്കിയെടുക്കുന്നതില്‍ മിതാലി വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ഇന്ത്യന്‍ ക്രിക്കറ്റിന് ആരാധിക്കാന്‍ ഒരു ഭാഗത്ത് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉണ്ടായിരുന്നപ്പോള്‍ ഒരുകാലംവരെ ശൂന്യമായിക്കിടന്ന മറുഭാഗത്ത് മിതാലി ശക്തമായ സാന്നിധ്യമുറപ്പിച്ചു. 2005 ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരായ സെമി ഫൈനല്‍ മത്സരം മിതാലിയെ ഇന്ത്യന്‍ കാണികളുടെ ആരാധനാപാത്രമാക്കി മാറ്റി. ടൂര്‍ണമെന്റിലുടനീളം മികച്ച ബാറ്റിങ് പുറത്തെടുത്ത താരം സെമിയില്‍ കിവീസിനെതിരേ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയ്ക്കായി പുറത്താകാതെ 91 റണ്‍സെടുത്ത് ടീമിനെ 204 റണ്‍സെന്ന പൊരുതാവുന്ന സ്‌കോറിലെത്തിച്ചു. മറുപടി ബാറ്റിങ്ങില്‍ കിവീസ് വനിതകളെ 164 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. എന്നാല്‍ കിരീടമെന്ന ഇന്ത്യയുടെ മോഹം ഫൈനലില്‍ ഓസ്‌ട്രേലിയ തകര്‍ത്തു.

റെക്കോഡ് മിതാലി

വനിതാ ക്രിക്കറ്റില്‍ റെക്കോഡുകളുടെ തോഴിയാണ് മിതാലി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഏകദിന ക്രിക്കറ്റില്‍ ഏഴായിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ വനിതാ ക്രിക്കറ്റര്‍ എന്ന ബഹുമതി താരം സ്വന്തമാക്കിയത്. 2021 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന പരമ്പരയിലെ നാലാം ഏകദിനത്തിലായിരുന്നു താരത്തിന്റെ നേട്ടം. ഈ മത്സരത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് അന്താരാഷ്ട്ര കരിയറില്‍ 10,000 റണ്‍സ് നേടുന്ന രണ്ടാമത്തെ വനിതാ ക്രിക്കറ്റ് താരമെന്ന നേട്ടവും മിതാലി സ്വന്തമാക്കിയിരുന്നു. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഷാര്‍ലറ്റ് എഡ്വേര്‍ഡ്സാണ് അന്താരാഷ്ട്ര കരിയറില്‍ 10,000 റണ്‍സ് തികച്ച ആദ്യ താരം. പിന്നാലെ ആ വര്‍ഷം ഫെബ്രുവരിയില്‍ ഷാര്‍ലറ്റിനെ തന്നെ മറികടന്ന് രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ താരമെന്ന നേട്ടവും മിതാലി സ്വന്തമാക്കി.

232 ഏകദിനങ്ങളില്‍ നിന്ന് 7805 റണ്‍സ് സ്വന്തമാക്കിയ മിതാലിയാണ് നിലവില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തിട്ടുള്ള വനിതാ ക്രിക്കറ്റര്‍. ഏഴ് സെഞ്ചുറിയും 64 അര്‍ധ സെഞ്ചുറിയും സ്വന്തമാക്കിയ താരം ഏകദിനത്തില്‍ ഏറ്റവും അധികം തവണ 50 പിന്നിട്ട വനിതാ താരമെന്ന റെക്കോഡിനും ഉടമയാണ്. 1321 റണ്‍സോടെ വനിതാ ലോകകപ്പില്‍ ഏറ്റവും അധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരവും മിതാലി തന്നെ. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ വനിതാ ക്രിക്കറ്ററാണ് മിതാലി. ആറ് ലോകകപ്പുകള്‍ കളിച്ച ഏക വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോഡും മിതാലിയുടെ പേരിലാണ്. ഏകദിന സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ക്രിക്കറ്റര്‍ (16 വര്‍ഷവും 205 ദിവസവും), ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരം (19 വര്‍ഷവും 254 ദിവസവും), ഏറ്റവും കൂടുതല്‍ ഏകദിനങ്ങളില്‍ ടീമിനെ നയിച്ച വനിതാ ക്രിക്കറ്റര്‍ (155) തുടങ്ങിയവയും മിതാലിക്ക് സ്വന്തം.

Content Highlights: Mithali Raj from a classical dancer to indian cricket team captain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


UDAIPUR MURDER

1 min

ഉദയ്പൂര്‍ കൊലപാതകം: കോടതി പരിസരത്ത് പ്രതികളെ വളഞ്ഞിട്ട് ആക്രമിച്ച് ജനക്കൂട്ടം | VIDEO

Jul 2, 2022

Most Commented