Image Courtesy: Twitter
ആഴ്സനല്‍ ഫുട്ബോള്‍ ടീമിന്റെ സ്പാനിഷ് കോച്ച് മൈക്കല്‍ ആര്‍ട്ടേറ്റയ്ക്ക് ജീവിതത്തില്‍ ഇതുപോലൊരു പിറന്നാള്‍ ഉണ്ടായിക്കാണില്ല. കളിക്കാരനായും പരിശീലകനായും കളിക്കളത്തില്‍ നിറഞ്ഞുനിന്ന ആര്‍ട്ടേറ്റയെ കൊറോണ വൈറസ് പിടികൂടി. ഒരു മുറിക്കുള്ളില്‍ ഒറ്റപ്പെട്ട ചികിത്സക്കാലം. താന്‍ വൈറസ് ബാധയില്‍നിന്ന് മോചിതനായെന്ന് കഴിഞ്ഞദിവസമാണ് ആര്‍ട്ടേറ്റ അറിയിച്ചത്. അദ്ദേഹത്തിന് വ്യാഴാഴ്ച 38-ാം പിറന്നാള്‍.
അന്ന് ഹൃദയം
കുഞ്ഞുന്നാളില്‍ ഇതിലും വലിയൊരു പ്രതിസന്ധിയിലൂടെ ആര്‍ട്ടേറ്റ കടന്നുപോയിട്ടുണ്ട്. ഹൃദയത്തിനായിരുന്നു തകരാര്‍. ഹൃദയത്തിലേക്ക് ആവശ്യത്തിന് ശുദ്ധരക്തം എത്തുന്നില്ല. സര്‍ജറി വേണം. എന്നാല്‍, ആ സര്‍ജറിയെക്കുറിച്ച് പ്രായോഗിക അറിവുള്ള ഡോക്ടര്‍മാര്‍ സ്പെയിനില്‍ കുറവായിരുന്നു. ഫുട്ബോളില്‍ കമ്പമുള്ള മകന്റെ ഭാവി മുന്നില്‍ക്കണ്ട് മാതാപിതാക്കള്‍ കഠിനമായി ശ്രമിച്ചു. സര്‍ജറി നടന്നു. 'സ്പെയിനില്‍ ഇത്തരമൊരു സര്‍ജറിയ്ക്ക് വിധേയനാകുന്ന ആദ്യത്തെ വ്യക്തിയായിരിക്കും ഞാന്‍. ഡോക്ടര്‍മാര്‍ അന്ന് പറഞ്ഞു: ''സ്പോര്‍ട്സില്‍ ഇനി ഈ കുട്ടിക്ക് ഒന്നും ചെയ്യാനാവുമെന്ന് തോന്നുന്നില്ല. പക്ഷേ, എല്ലാറ്റിനെയും മറികടക്കാനുള്ള ഇച്ഛാശക്തി എനിക്കുണ്ടായിരുന്നു. എന്റെ ഹൃദയത്തിന് ശക്തി കൂടിക്കൂടി വന്നു. പിന്നീട് ഒരു കുഴപ്പവും ഉണ്ടായില്ല.'' - ആര്‍ട്ടേറ്റ പില്ക്കാലത്ത് പറഞ്ഞു. ആ ഇച്ഛാശക്തിയായിരിക്കാം കൊറോണയെയും അതിവേഗം അതിജീവിക്കാന്‍ ആര്‍ട്ടേറ്റയ്ക്ക് കഴിഞ്ഞത്.
ക്രിസ്റ്റ്യാനോയെയും മറികടന്ന്
15-ാം വയസ്സില്‍ വയസ്സില്‍ ബാഴ്സലോണ ജൂനിയര്‍ ടീമിലെത്തിയ മിടുക്കനായ മിഡ്ഫീല്‍ഡര്‍. ആഴ്സനല്‍, പി.എസ്.ജി, റേഞ്ചേഴ്സ്, റയല്‍ സോസിഡാഡ്, എവര്ട്ടണ് ടീമുകളിലായി സീനിയര്‍ കരിയറില്‍ 427 മത്സരങ്ങള്‍. 62 ഗോളുകള്‍. വിരമിക്കുമ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്സനലിന്റെ ക്യാപ്റ്റനായിരുന്നു. ഇപ്പോഴിതാ മാനേജരും. അതിനിടയിലാണ് കോവിഡ് രോഗത്തിന്റെ പിടിയില്‍ പെടുന്നത്. സീനിയര്‍ കരിയറില്‍ ആര്‍ട്ടേറ്റ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചിട്ടുള്ളത് എവര്ട്ടണ് വേണ്ടിയാണ്. 162 മത്സരങ്ങളില്‍ 27 ഗോള്‍. 2005-06, 2006-07 സീസണുകള്‍ ആര്‍ട്ടേറ്റയുടെ പുഷ്കല കാലമായിരുന്നു. രണ്ടുവട്ടവും 'പ്ലെയര്‍ ഓഫ് ദ സീസണ്' അവാര്‍ഡ്. പ്രീമിയര്‍ ലീഗിലെ 'മിഡ്ഫീല്‍ഡര്‍ ഓഫ് ദ ഇയര്‍' അവാര്‍ഡും ലഭിച്ചു. അന്ന് മറികടന്നത് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ.
അലോന്‍സോ-ആര്‍ട്ടേറ്റ
സ്പാനിഷ് താരം സാബി അലോന്‍സോയുടെ കൂട്ടുകാരനാണ് ആര്‍ട്ടേറ്റ. ഒരുമിച്ച് റയല്‍ സോസിഡാഡില്‍ കളിക്കുകയായിരുന്നു അവരുടെ കുട്ടിക്കാല സ്വപ്നം. അത് സാധ്യമാക്കാന്‍ ആര്‍ട്ടേറ്റ സോസിഡാഡിലെത്തി. എന്നാല്‍, ആ സമയത്ത് ലിവര്‍പൂള്‍ വിളിച്ചപ്പോള്‍ അലോന്‍സോ ഇംഗ്ലണ്ടിലേക്ക് പറന്നു. സ്പെയിന് ദേശീയ ടീമില്‍ ഒരുമിക്കാന്‍ ആര്‍ട്ടേറ്റ ആഗ്രഹിച്ചു. ഒരിക്കല്‍ ദേശീയ ടീമിലേക്ക് വിളിയെത്തി. സ്വപ്നം അരികിലെത്തിയപ്പോഴാണ്, തൊട്ടുപിന്നാലെ കനത്ത ആഘാതമായി പരിക്കെത്തിയത്. 2008-ല്‍ ന്യൂ കാസിലിനെതിരായ മത്സരത്തില്‍ കാല്‍മുട്ടിന് പരിക്കേറ്റ ആര്‍ട്ടേറ്റ സ്ട്രെക്ചറിലാണ് പുറത്തേക്കു പോയത്. പിന്നീട് സ്പെയിനിന്റെ വിളിയെത്തിയില്ല. 2010-ല്‍ ഇംഗ്ലണ്ട് ദേശീയടീമില്‍ കളിക്കാന്‍ ഒരു ശ്രമം നടത്തി. അതിന് അഞ്ചുവര്‍ഷം ഇംഗ്ലണ്ടില്‍ സ്ഥിരതാമസമായിരിക്കണം എന്നാണ് നിയമം. താന്‍ യോഗ്യനായിരുന്നെങ്കിലും ഫിഫ അനുവദിച്ചില്ലെന്ന് ആര്‍ട്ടേറ്റ പിന്നീട് കുറ്റപ്പെടുത്തി. 2019 ഡിസംബറിലാണ് ആര്‍ട്ടേറ്റ ആഴ്സനലിന്റെ പരിശീലകനായത്. ജനുവരിയില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച് തന്റെ ആദ്യവിജയവും നേടി. അതിനിടയിലാണ് കൊറോണ പടരുന്നതും പ്രീമിയര്‍ ലീഗ് നിര്‍ത്തിവെക്കുന്നതും. 'ജീവിതം എന്തദ്ഭുതമാണ്? നിമിഷനേരംകൊണ്ടാണ് പലതും സംഭവിക്കുന്നത്' - ആര്‍ട്ടേറ്റ പറയുന്നു. വൈറസ് കാലം കഴിഞ്ഞ് കരിയറില്‍ പുതിയൊരു തുടക്കമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

മിസ് സ്പെയിന് ലൊറേന
2002-ലാണ് ലോറേനയെ ആര്‍ട്ടേറ്റ കണ്ടുമുട്ടുന്നത്. അര്‍ജന്റീനയില്‍ ജനിച്ച ലൊറേന ആര്‍ട്ടേറ്റയുടെ ജന്മനഗരമായ സാന്‍ സെബാസ്റ്റ്യനിലാണ് വളര്‍ന്നത്. ആ സമയത്ത് മിസ് സ്പെയിന് ആയിരുന്നു അവര്‍. മിസ് വേള്‍ഡ് മത്സരത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട്. നടി, മോഡല്‍, ടി.വി. അവതാരക എന്നീ റോളുകളില്‍ തിളങ്ങുന്നു. 2010-ലായിരുന്നു വിവാഹം. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.
Content Highlights: Mikel Arteta recovers from coronavirus having birthday today
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..