ആഴ്‌സണൽ ഫുട്‌ബോൾ ടീം | Photo: Ben Stansall|AP
മുന്‍ താരം കൂടിയായ മൈക്കല്‍ ആര്‍ട്ടേറ്റ പരിശീലകനായി ചുമതലയേറ്റതു മുതല്‍ ആഴ്സണല്‍ വളരെ വ്യത്യസ്തമായ ഒരു ടീമാണ്. മോശം സീസണ്‍ ആയിരുന്നിട്ടുകൂടി ചിരവൈരികളായ ചെല്‍സിയെ തോല്‍പ്പിച്ച് ഇത്തവണത്തെ എഫ്.എ കപ്പ് നേടാന്‍ ആഴ്‌സണലിന് കഴിഞ്ഞു. നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ വീഴ്ത്തി അവര്‍ കമ്മ്യൂണിറ്റി ഷീല്‍ഡും നേടി.
3-4-3 (അല്ലെങ്കില്‍ 5-2-3) ശൈലിയിലാണ് ആഴ്സണലിനെ ആര്‍ട്ടേറ്റ കളത്തിലിറക്കുന്നത്. ഈ സീസണിലും ആഴ്സണല്‍ ഇതേ ശൈലി പിന്തുടരാനാണ് സാധ്യത. ഇത്തവണ ഗണ്ണേഴ്സ് ചില നല്ല ട്രാന്‍സ്ഫര്‍ ബിസിനസും നടത്തി. വിങ്ങര്‍ വില്ലിയനെയും പ്രതിരോധത്തില്‍ ഗബ്രിയേല്‍ മഗല്‍ഹെയ്സിനെയും വില്യം സാലിബയേയും അവര്‍ തങ്ങളുടെ പാളയത്തിലെത്തിച്ചിട്ടുണ്ട്.
പ്രീമിയര്‍ ലീഗ് കിരീടത്തിനായി പോരാടാന്‍ തക്ക കരുത്ത് ആഴ്സണല്‍ നിരയ്ക്കുണ്ടോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് സ്ഥാനത്തിനായി ആഴ്‌സണല്‍ മാന്യമായ പോരാട്ടം നടത്തും. യൂറോപ്പ ലീഗിലും അവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കും.
സാധ്യതാ ടീം:
ശൈലി - 3-4-3
ഗോള്‍കീപ്പര്‍: ബെര്‍ഡ് ലെനോ
സെന്റര്‍ ബാക്കുകള്‍: വില്യം സാലിബ, ഡേവിഡ് ലൂയിസ്, ഗബ്രിയേല്‍ മാഗലെസ്
വിങ് ബാക്കുകള്‍: ഹെക്ടര്‍ ബെല്ലറിന്‍, കീരന്‍ ടിയേര്‍ണി
മധ്യനിര: ഡാനി സെബാലോസ്, ഗ്രാനിറ്റ് ഷാക്ക
മുന്നേറ്റനിര: വില്ലിയന്‍, അലക്സാണ്ടര്‍ ലകാസെറ്റ്, പിയറി എമെറിക് ഓബാമേയാങ്
ലെനോ ആദ്യ ചോയ്സ് ഗോള്‍കീപ്പറാകും. എമിലിയാനോ മാര്‍ട്ടിനെസിനെ റാഞ്ചാന്‍ ആസ്റ്റണ്‍ വില്ല തയ്യാറെടുക്കുന്നുണ്ട്. പക്ഷേ മാര്‍ട്ടിനെസ് ക്ലബ്ബ് വിടാന്‍ തീരുമാനിച്ചാല്‍ ആഴ്‌സണല്‍ നല്ല ഒരു പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്.
പ്രതിരോധ നിരയില്‍ വലതുവശത്ത് സാലിബയും സെന്റര്‍ ബാക്കായി ഡേവിഡ് ലൂയിസും ഇടതുവശത്ത് ഗബ്രിയേലും അണിനിരക്കും.
വില്യം സാലിബ ഇപ്പോഴും കൗമാരക്കാരനാണ്, പക്ഷേ സ്‌ക്വാഡ്രണ്‍ മുസ്താഫി, സോക്രാറ്റിസ് പാപ്പസ്റ്റോപ്പുലസ്, റോബ് ഹോള്‍ഡിങ് എന്നിവരെക്കാള്‍ മികച്ച ഡിഫന്‍ഡറാണ്. മുകളില്‍ സൂചിപ്പിച്ചതില്‍ ഒന്നോ രണ്ടോ സെന്റര്‍ ബാക്കുകള്‍ ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്നെ ആഴ്‌സണല്‍ വിട്ട് പോകാനും സാധ്യതയുണ്ട്.
ടിയേണിയും ബെല്ലറിനും യഥാക്രമം ഇടത് - വലത് വിങ് ബാക്കുകളായി കളിക്കും. സെഡ്രിക് സോറസ്, സീഡ് കൊളാസിനാക് എന്നിവര്‍ പകരക്കാരായിരിക്കും. ഐന്‍സ്ലി മൈറ്റ്ലാന്‍ഡ് നൈല്‍സ് വിങ്ങറോ വിങ് ബാക്കോ സെന്‍ട്രല്‍ മിഡ്ഫീല്‍ഡറോ ആയി കളിയ്ക്കാന്‍ കെല്‍പ്പുള്ളവനാണ്, ബുക്കായോ സാകയ്ക്കും വിങ്ങറോ വിങ് ബാക്കോ ആകാന്‍ സാധിക്കും.
പീരങ്കിപ്പടയുടെ മിഡ്ഫീല്‍ഡില്‍ ഗ്രാനിറ്റ് ഷാക്കയും റയല്‍ മാഡ്രിഡ് വായ്പ നല്‍കിയ ഡാനി സെബാലോസ്സും അണിനിരക്കും. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി ആഴ്‌സണല്‍ ലൂക്കാസ് ടോറേരയെ മുന്‍പേ കൊണ്ടുവന്നിട്ടുണ്ട്. എന്നിരുന്നാലും മുഹമ്മദ് എല്‍നെനിയിലും മൈറ്റ്ലാന്‍ഡ് നൈല്‍സ്സിലുമാണ് ആര്‍ട്ടേറ്റയ്ക്ക് വിശ്വാസം.
അതേസമയം മാറ്റിയോ ഗാണ്ടൂസിയും ടോറേരയും നിരവധി യൂറോപ്യന്‍ ക്ലബ്ബുകളുടെ റഡാറുകളിലാണെന്ന് അഭ്യൂഹമുണ്ട്. ഇരുവരും പോകുകയാണെങ്കില്‍ യുവ താരങ്ങളായ ജോ വില്ലോക്കും എമിലി സ്മിത്ത് റോവിനും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും.
ജര്‍മന്‍ താരം മെസ്യുട്ട് ഓസില്‍ ആര്‍ട്ടേറ്റയുടെ പദ്ധതികളുടെ ഭാഗമാണോ എന്നതില്‍ വ്യക്തതയില്ല. വില്ലിയന്‍, അലക്സാണ്ടര്‍ ലകാസെറ്റ്, പിയറി എമെറിക് ഓബാമേയാങ് എന്നിവരടങ്ങുന്ന ആഴ്സണല്‍ മുന്നേറ്റ നിരയില്‍ ഓബാമേയാങ് ഇടതുവശത്തും വില്ലിയന്‍ വലതുവശത്തും ലകാസെറ്റ് മധ്യത്തിലും അണിനിരക്കും. 32 വയസ് പിന്നിട്ടിട്ടും വില്ലിയന്റെ അര്‍പ്പണ മനോഭാവും പ്രതിരോധത്തില്‍ കൂടി നല്‍കുന്ന സംഭാവനകളും പകരം വെയ്ക്കാനാകാത്തതാണ്. മികച്ച ഫ്രീകിക്കുകള്‍ എടുക്കാനും വില്ലിയന് സാധിക്കും.
ആഴ്സണല്‍ നിരയില്‍ പ്രതീക്ഷകള്‍ക്ക് അനുസൃതമായി ഉയരുന്നതില്‍ പരാജയപ്പെട്ട താരമാണ് നിക്കോളാസ് പെപ്പെ. ഇത്തവണയും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചില്ലെങ്കില്‍ പിന്നെ പകരക്കാരുടെ ബെഞ്ചിലാകും സ്ഥാനം. യുവതാരങ്ങളായ റീസ് നെല്‍സണ്‍, എഡി എന്‍കെട്ടിയ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി എന്നിവരെല്ലാം അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ട്.
പുതിയ സീസണില്‍ ഒരു കിരീടം കൂടി ഗണ്ണേഴ്സിന്റെ ഷെല്‍ഫിലെത്തിക്കാന്‍ ആര്‍ട്ടേറ്റയ്ക്ക് ആഗ്രഹമുണ്ടാകും. യൂറോപ്പ ലീഗില്‍ തുടരുന്ന നല്ല പ്രകടനം ആഴ്സണലിന് പ്രതീക്ഷ നല്‍കുന്നതാണ്.
Content Highlights: mikel arteta looking for another trophy Arsenal premier league season predictions
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..