തിനഞ്ച് കൊല്ലം മുന്‍പത്തെ കഥയാണ്. കളിച്ചു തളര്‍ന്നു വന്ന മകനെ എരിയുന്ന നെരിപ്പോടിനടുത്ത് പിടിച്ചരുത്തി യോര്‍ഗെ മെസ്സി എന്ന അര്‍ജന്റീനക്കാരന്‍ പറഞ്ഞു: തീരുമാനം നിന്റേതാണ്. നമ്മള്‍ എന്തു ചെയ്യണം. സ്‌പെയിനില്‍ തന്നെ നില്‍ക്കണോ അതോ നാട്ടിലേയ്ക്ക് മടങ്ങണോ? വേണ്ട. എനിക്കിവിടെ നില്‍ക്കണം. എനിക്ക് ബാഴ്‌സലോണയില്‍ ഫുട്‌ബോള്‍ കളിക്കണം. തളര്‍ന്ന മുഖമുയര്‍ത്തി അച്ഛനോട് ഇത് പറയുമ്പോള്‍ പതിമൂന്നുകാരന്‍ മകന്റെ കണ്ണിലെ തിളക്കം മുറിയിലെ ഇത്തിരിവെട്ടത്തില്‍ ജ്വലിച്ചുനിന്നു. ന്യജെഴ്‌സി ഈസ്റ്റ് റൂതര്‍ഫോഡിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തില്‍ 120 മിനിറ്റ് കളിയും ദുരന്തമായി പര്യവസാനിച്ച എട്ട്‌ പെനാല്‍റ്റി ഷൂട്ടൗട്ടിനുംശേഷം ഗ്രൗണ്ടില്‍ തല കുനിച്ചിരുന്ന മെസ്സിയുടെ കണ്ണില്‍ പ്രതീക്ഷയുടെ തിളക്കമായിരുന്നില്ല. ഈറനണിഞ്ഞ കണ്ണില്‍ നിഴലിട്ടത് സംഭവബഹുലമായൊരു കരിയറിന്റെ അസ്തമയമായിരുന്നു. മത്സരശേഷം വാര്‍ത്താസമ്മേളനത്തില്‍ വിങ്ങിപ്പൊട്ടി തന്റെ വിരമിക്കലിനെക്കുറിച്ച് സൂചന നല്‍കുമ്പോള്‍ ഒരു കാലഘട്ടമാണ് മൂകമായി മെസ്സിക്ക് മുന്നില്‍ ഹൃദയംപൊട്ടിനിന്നത്. അതിന്റെ സങ്കടക്കടലിളക്കത്തില്‍ റൂതര്‍ഫോഡ് മാത്രമല്ല, ബ്യൂണസ് ഏറീസും അരീക്കോടിനെയും നൈനാംവളപ്പുമെല്ലാം മുങ്ങിക്കഴിഞ്ഞു.

messi

എന്നാല്‍, വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ വികാരത്തള്ളിച്ചയില്‍ ഉയരുന്ന ചില കാമ്പുള്ള ചോദ്യങ്ങളുണ്ട്. ഈയൊരു തോല്‍വിയുടെ പേരില്‍ മെസ്സി വിരമിക്കേണ്ടതുണ്ടോ?  ബാഴ്‌സയ്ക്ക് നാല് ചാമ്പ്യന്‍സ് ലീഗ് കിരീടവും ഏഴ് ലാലിഗ കിരീടവും നേടിക്കൊടുത്ത ലിയോയ്ക്ക് പത്ത് കൊല്ലത്തിനിടെ ഒരൊറ്റ കിരീടം പോലും അര്‍ജന്റീനയ്ക്ക് നേടിക്കൊടുക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ട്. നാല് ബാല്ലണ്‍ദ്യോര്‍ നേടി ചരിത്രം സൃഷ്ടിച്ചിട്ടും ലോകകപ്പിന്റെയും രണ്ട് കോപ്പ അമേരിക്ക ടൂര്‍ണമെന്റുകളുടെയും ഫൈനലുകളില്‍ തല കുനച്ച് അപമാനഭാരം പേറി മടങ്ങേണ്ടിവന്നത് എന്തുകൊണ്ട്? മുനവെച്ച ഈ സമസ്യകളുടെ കല്ലേറേറ്റ് പിടയുന്നതിനിടെയാണ് ഈ സീസണില്‍ മാത്രം അര്‍ജന്റീനയ്ക്കും ബാഴ്‌സലോണയ്ക്കുംവേണ്ടി നേടിയ 47 ഗോളുകളും അമേരിക്കയ്‌ക്കെതിരെ നേടിയ ആ മാജിക്കല്‍ ഫ്രീകിക്ക് ഉള്‍പ്പടെയുള്ള സകല അവിസ്മരണീയ നിമിഷങ്ങളുമെല്ലാം പിന്നില്‍വച്ച്‌ മെസ്സിയെന്ന ഫുട്‌ബോള്‍ സെന്‍സേഷന്‍ വേദനയോടെ പടിയിറക്കം പ്രഖ്യാപിച്ചിരിക്കുന്നത്. മാധ്യമങ്ങളിലെ വിധികല്‍പനകളും സോഷ്യല്‍ മീഡിയയിലെ എണ്ണിയാലൊടുങ്ങാത്ത പരിഹാസപോസ്റ്റുകള്‍ കൊണ്ടും പിന്നെയും പിന്നെയും കുരിശിലേറ്റപ്പെട്ടാണ് ഈ മിശിഹ സ്വയം ഒരു ദുരന്തമായി പരിണമിച്ചിരിക്കുന്നത്. കിരീടമില്ലാത്ത രാജകുമാരനായി അരങ്ങൊഴിയുകയല്ല, ഒളിച്ചോടുകയായിരുന്നോ മെസ്സി?

നെയ്മറുടെയും ബ്രസീലിന്റെയും ക്രിസ്റ്റിയാനോയുടെയും കറകളഞ്ഞ ആരാധകര്‍ക്ക് നിഗൂഢമായൊരു ആനന്ദമുണ്ടിതില്‍. ഡീഗോ മാറഡോണയുടെ മൂന്ന് പതിറ്റാണ്ടുമുന്‍പത്തെ ആവേശത്തന്റെ മായികവലയത്തില്‍ നിന്ന് മോചിതരാവാത്ത അര്‍ജന്റീന ആരാധകര്‍ക്കുമുണ്ട് ഉള്ളിലൊരു ഗൂഢസ്മിതം. ഡീഗോയും പെലെയും മെസ്സിയേക്കാള്‍ കേമന്മാരെന്ന് ഉറപ്പിക്കാനുള്ള അവസാന അവസരമായിരുന്നു കോപ്പയുടെ ഫൈനല്‍. ഇനിയൊരു നൂറ് ഗോള്‍ കൊണ്ടും ഗ്രൗണ്ടിലെ സകല ഗണിതങ്ങളെയും നിഷ്ഫലമാക്കിക്കൊണ്ടുള്ള ഒരായിരം ഡ്രിബിളിങ് മാജിക്ക് കൊണ്ടും മെസ്സിക്ക് തിരുത്താനാവാത്ത അവസരം.

messi

കിരീടങ്ങളാണ് നേട്ടപ്പട്ടികയുടെ അവസാന വാക്കെന്ന് വിശ്വസിക്കുന്നവരുടെ വിമര്‍ശങ്ങളത്രയും അംഗീകരിച്ചുകൊണ്ടുതതന്നെ പക്ഷേ, ഒരു കാര്യം ചോദിക്കാം. കിരീടമില്ലാത്തതിന്റെ പേരില്‍ അത്രയ്ക്കങ്ങ് എഴുതിത്തള്ളേണ്ടതുണ്ടോ മെസ്സിയെ. ഇത്രമേല്‍ കല്ലെറയേണ്ടതുണ്ടോ? മാറഡോണയെയും പെലയെയും റൊണാള്‍ഡോയെയുംപോലെ ടീമിനൊരു കിരീടം നേടിക്കൊടുത്തില്ല എന്നതാണ് മെസ്സിയുടെ മേല്‍ ചാര്‍ത്തുന്ന പ്രധാന ന്യൂനത. ലോകകപ്പ് നേടിയില്ല എന്നതുകൊണ്ട് മെസ്സി മാറഡോണയേക്കാളും പെലെയെക്കാളും മോശമാകുമോ. ലോകകപ്പാണോ ഒരു താരത്തിന്റെ യഥാര്‍ഥ ഉരകല്ല്. ലോകകപ്പ് നേടാനാവാത്ത പ്രതിഭ മെസ്സി മാത്രമല്ല. രണ്ട് ബാലണ്‍ ദി ഓര്‍ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പോര്‍ച്ചുഗലിനെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലിനപ്പുറം കൊണ്ടുപോകാനായിട്ടില്ല. അയാക്‌സിന്റെയും ബാഴ്‌സലോണയുടെയും ഫെയര്‍നൂര്‍ദിന്റെയും അലമാരകള്‍ കപ്പ് കൊണ്ട് നിറച്ച യൊഹാന്‍ ക്രൈഫിന് ഹോളണ്ടിനുവേണ്ടി ഒരൊറ്റ കപ്പും നേടാന്‍ കഴിഞ്ഞിട്ടില്ല. 1974ലെ ഫൈനല്‍ വരെ മാത്രമേ ക്രൈഫിന്റെ നേതൃത്വത്തിലുള്ള ഡച്ച് പടയോട്ടത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ. ചരിത്രം രചിച്ച ഇതിഹാസതാരം ഫ്രാങ്ക് പുഷ്‌കാസിന് ഹംഗറിക്കുവേണ്ടി ഒരു കിരീടം നേടിക്കൊടുക്കാനായിട്ടില്ല. 1954ലെ ഫൈനലില്‍ പുഷ്‌കാസിന്റെ മാജിക്കല്‍ മഗ്യാറുകള്‍ ജര്‍മനിയോട് നാടകീയമായാണ് തോറ്റത്. 85 മത്സരങ്ങളില്‍ 84 ഗോള്‍ നേടയിട്ടുണ്ട് പുഷ്‌കാസ്. ബെനിഫിക്കയ്ക്കുവേണ്ടി പതിനൊന്ന് കിരീടം നേടിക്കൊടുത്തിട്ടുണ്ട് പോര്‍ച്ചുഗീസ് ഇതിഹാസം യൂസേബിയോ. എന്നാല്‍, 64 തവണ കളിച്ചിട്ടും രാജ്യത്തന് ഒരു കപ്പ് നേടിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല ഈ മുന്‍ ലോക ഫുട്‌ബോളര്‍ക്ക്. 1966ലെ സെമിഫൈനലായിരുന്നു യൂസേബിയോയുടെ ഏറ്റവും വലിയ നേട്ടം.

platini

പെലെയ്ക്കുശേഷം ബ്രസീല്‍ ജന്മം നല്‍കിയ ഇതിഹാസമാണ് വെള്ള പെലെ എന്ന അപരനാമം പേറുന്ന സീക്കോ. എഴുപതുകളുടെ അവസാനകാലത്തും എണ്‍പതുകളുടെ തുടക്കത്തിലും ലോകം കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാള്‍. എന്നാല്‍, ഇക്കാലയളവില്‍ ഒരൊറ്റ ട്രോഫിയും മഞ്ഞപ്പടയ്ക്ക് സ്വന്തമാക്കാനായില്ല. സീക്കോ സജീവമായിരുന്ന 1976-86 കാലഘട്ടമാണ് ബ്രസീല്‍ കിരീടം നേടാത്ത ഏറ്റവും വലിയ ഗ്യാപ്പെന്നു പറഞ്ഞാല്‍ അവിശ്വസനീയമാണ്. ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോഭടന്മാരില്‍ മുന്‍നിരയിലാണ് മുന്‍ ഇറ്റാലിയന്‍ നായകന്‍ പൗലോ മാള്‍ഡീനിയുടെ സ്ഥാനം. പക്ഷേ, മാള്‍ഡീനിയുടെ കാലത്ത് അസൂരികള്‍ക്ക് ഒരൊറ്റ കിരീടം പോലും നേടാനായിട്ടില്ല. മാള്‍ഡീനി വിരമിച്ച് നാലു വര്‍ഷം കഴിഞ്ഞ് ഇറ്റലി ലോകചാമ്പ്യന്മാരാവുകയും ചെയ്തു. കിരീടങ്ങളില്‍ മുത്തമിടാന്‍ യോഗമമില്ലാതെ പോയ സൂപ്പര്‍താരങ്ങള്‍ പിന്നെയുമുണ്ട് ലോക ഫുട്‌ബോളില്‍. റോബര്‍ട്ടോ ബാജിയോ, മൈക്കല്‍ ലാഡ്രൂപ്, മിഷേല്‍ ബല്ലാക്ക്... ചെറുതല്ല ഈ പട്ടിക. കിരീടലബ്ധയാണ് ഇതിഹാസങ്ങളുടെ ഉരകല്ലെങ്കില്‍ എവിടെയായിരിക്കും ഈ പ്രതിഭകളുടെ സ്ഥാനം.

ഇനിയിപ്പോള്‍ ലോകകപ്പ് നേട്ടമാണ് പ്രതിഭയുടെ പ്രധാന അളവുകോലെങ്കില്‍ മിഷേല്‍ പ്ലാറ്റിനിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും റൂഡ് ഗുള്ളിറ്റനെയും മാര്‍ക്കോ വാന്‍ബാസ്റ്റനെയും ഡേവിഡ് ബെക്കാമിനെയുമെല്ലാം നമ്മള്‍ ഏതു ഗണത്തില്‍ പെടുത്തും. പെലെയെക്കാളും മാറഡോണയെക്കാളും മീതെ ഒരു തലമുറ പ്രതിഷ്ഠിക്കുന്ന അല്‍ഫ്രെഡോ ഡി സ്റ്റിഫാനോയും ജോര്‍ജ് ബെസ്റ്റും ഫിഫയുടെ ലോക ഫുട്‌ബോളറായ ജോര്‍ജ് വിയയും വെല്‍ഷ് ഇതിഹാസം ഇയാന്‍ റഷും എറിക് കന്റോണയും റയാന്‍ ഗിഗ്‌സുമൊന്നും ലോകകപ്പ് കളിച്ചിട്ടുതന്നെയില്ല. എന്നിട്ടും അര്‍ജന്റീനയെ സ്വന്തം മികവു കൊണ്ട് ഒരു ലോകകപ്പ് ഫൈനലിലും രണ്ട്  കോപ്പ അമേരിക്ക ഫൈനലുകളിലുമെത്തിച്ച മെസ്സിയെ നമ്മള്‍ പഴിക്കുന്നു. ഇകഴ്ത്തുന്നു.  ലോകകപ്പ് തോറ്റത്  എക്സ്ട്രാ ടൈമിൽ വഴങ്ങിയ ഒരൊറ്റ ഗോളിനും രണ്ട് കോപ്പയിലും ഷൂട്ടൗട്ടിലുമാണെന്ന കാര്യം നമ്മള്‍ മറക്കുന്നു. കോപ്പ ശതാബ്ദി ഫൈനലിൽ   മെസ്സി തളികയിലെന്നോണം നല്‍കിയ പരശതം പാസുകള്‍ അഗ്യുറോയും  ഹിഗ്വായ്‌നും ക്രൂരമായി തുലച്ചുകളഞ്ഞതും നമ്മള്‍ വിസ്മരിക്കുന്നു. ആരവമൊഴിഞ്ഞ സ്‌റ്റേഡിയത്തില്‍ നമ്മള്‍ മെസ്സിയെ ഒറ്റയ്ക്ക് നിര്‍ത്തി വിചാരണ ചെയ്യുന്നു.

barcelona

മെസ്സി പരാജയപ്പെട്ട ദൈവമാണെന്ന വിധിപ്രസ്താവത്തിന് ക്രൂരതയുടെ മാത്രമല്ല, പരിഹാസത്തിന്റെ മൂര്‍ച്ചകൂടിയുണ്ട്. അര്‍ജന്റീന ഓരോ തവണ പരാജയപ്പെടുമ്പോഴും മെസ്സിയെന്ന സ്‌ട്രൈക്കറുടെ പ്രതിഭ കൂടിയാണ് മാറ്റുരയ്ക്കപ്പെടുന്നത്. ബാഴ്‌സയുടെ അണിയില്‍ എണ്ണിയാലൊടുങ്ങാത്ത തവണ കണ്ട മിന്നുന്ന പ്രകടനമാണ് ഇവിടെ ഉരകല്ല്. ഈ വിചാരണയല്‍ മെസ്സിയുടെ പ്രതിഭ നിര്‍ദാക്ഷിണ്യം കീറിമുറിക്കപ്പെട്ട് അവഹേളിക്കപ്പെടുന്നു. സാവിയും ഇനിയേസ്റ്റയും വിയ്യയുമില്ലാത്ത മെസ്സി മുനയൊടിഞ്ഞ ആയുധമാണെന്ന് അര്‍ജന്റീനയുടെ ഓരോ തോല്‍വിയും ഓരോ തിരിച്ചടിയും അടിവരയിടുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ക്രൂരമായൊരു വ്യഗ്രതയുണ്ട് ചിലര്‍ക്കെങ്കിലും. ശരി തന്നെ. ബാഴ്‌സയില്‍ സാവിയും ഇനിയേസ്റ്റയും വിയ്യയും നല്‍കുന്ന പിന്തുണയുടെ ഒരംശംപോലും അഗ്യുറോയില്‍ നിന്നോ ടെവെസില്‍ നിന്നോ ഹിഗ്വായനില്‍ നിന്നോ മെസ്സിക്ക് ലഭിക്കുന്നില്ല. ഇതാരുടെ പോരായ്മയാണ്. ബാഴ്‌സയ്ക്കുവേണ്ടി മെസ്സിയുടെ ബൂട്ടില്‍ നിന്നു പിറന്ന ഗോളുകളുടെ ഒരു പത്തിരട്ടിവരും അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍മാര്‍ തുലച്ചുകളഞ്ഞ മെസ്സിയുടെ പാസുകളുടെ എണ്ണം. എന്നും ഒപ്പം കളിക്കുന്ന ക്ലബിലെ താരങ്ങളുമായുള്ള ഒത്തൊരുമയോളം വരില്ല ആണ്ടില്‍ വിരലിലെണ്ണാവുന്ന തവണ ഒന്നിച്ച് കളിക്കുന്ന ദേശീയ ടീമംഗങ്ങളെന്നത് പകല്‍ പോലെ വ്യക്തം. ബാഴ്‌സയ്ക്കുവേണ്ടി മെസ്സി കളിച്ചത് 348 മത്സരങ്ങളാണ്. അര്‍ജന്റീനയ്ക്കുവേണ്ടിയാവട്ടെ 112 ഉം. ഈ വര്‍ഷം ബാഴ്‌സയ്ക്കുവേണ്ടി 47 മത്സരങ്ങള്‍ കളിച്ചപ്പോള്‍ അര്‍ജന്റീനയ്ക്കുവേണ്ടി 7 മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. കണക്കുകള്‍ തന്നെ കഥ പറയട്ടെ.

എല്ലാവരും പറയുകയും ആരും തിരിച്ച് ചോദിക്കാതിരിക്കുകയും ചെയ്യുന്ന ഒരു കാര്യമുണ്ട്. സാവിയും ഇനിയേസ്റ്റയും പന്ത് നല്‍കണം മെസ്സിക്ക് ഗോളടിച്ച് മേനി നടിക്കണമെന്ന് പറയുന്നവര്‍ മെസ്സി ഇത്ര കൃത്യതയോടെ ഫിനിഷ് ചെയ്തിരുന്നില്ലെങ്കില്‍ ഇനിയേസ്റ്റയുടെയും സാവിയുടെയും പെഡ്രോയുടെയുമെല്ലാം പാസുകള്‍ക്ക് എന്ത് സംഭവിക്കുമായിരുന്നുവെന്ന് സങ്കല്‍പ്പിക്കുന്നില്ല. ഇപ്പറഞ്ഞ സാവിയും ഇനിയേസ്റ്റയുമെല്ലാം കളിച്ചിട്ടും സ്‌പെയിന്‍ എന്തെ കഴിഞ്ഞ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായെന്ന് ആരും മറുചോദ്യം ഉന്നയിക്കുന്നില്ല. എന്തേ ഇവരുടെയൊന്നും പിന്തുണയില്ലാതെ ലയണല്‍ മെസ്സിയുടെ അര്‍ജന്റീന ഫൈനല്‍ വരെയെത്തിയെന്നും ചോദ്യമുയരുന്നില്ല.

pele

ഒരു സ്‌ട്രൈക്കിങ് ജോഡിയില്‍ പങ്കാളിയാവുന്നത് അത്രമേല്‍ പാപമാണോ ഫുട്‌ബോളില്‍. ഒറ്റയാള്‍ പട്ടാളമെന്ന് അതിശയോക്തി കലര്‍ത്തി വിശേഷിപ്പിക്കാം. എന്നാല്‍, ഒറ്റയാന്മാരുടെ വിളയാട്ടമല്ല ഫുട്‌ബോള്‍. കളം അടക്കിവാണ് ചരിത്രം സൃഷ്ടിച്ച ഏതൊരു ഇതിഹാസത്തിനുമുണ്ട് ഇത്തരമൊരു സ്‌ട്രൈക്കിങ് ജോഡിയുടെ പിന്‍ബലം. ബുറുച്ചാഗയും ഹെക്ടര്‍ എന്റിക്കും യോര്‍ഗെ വാള്‍ഡാനോയും പാസ്‌ക്കല്ലിയുമൊന്നുമില്ലെങ്കില്‍ 1986ലെ ലോകകപ്പ് ബ്യൂണസ് ഏറീസിലെത്തിക്കാന്‍ മാറഡോണയ്ക്ക് കഴിയുമായിരുന്നോ?. ഫൈനലില്‍ മാറഡോണയല്ല, ബ്രൗണും വാള്‍ഡാനോയും ബുറുച്ചാഗയുമാണ് വിജയഗോളുകള്‍ നേടിയത്. 1958ലെ ലോകകപ്പില്‍ ജര്‍സിന്യോയും ഗരിഞ്ചയുമില്ലാത്ത ഒരു പെലെയെ സങ്കല്‍പിച്ചുനോക്കൂ. റയല്‍ മാഡ്രിഡിനുവേണ്ടി ആല്‍ഫ്രെഡോ ഡി സ്റ്റിഫാനോയുടെ മുന്നേറ്റങ്ങളില്‍ ഫ്രാങ്ക് പുഷ്‌കാസ് വഹിച്ച പങ്ക് ചെറുതാണോ? അയാക്‌സിന് ചരിത്രത്തില്‍ ഇടം നേടിക്കൊടുത്തത് യൊഹാന്‍ ക്രൈഫ് മാത്രമല്ല, യൊഹാന്‍ നീസ്‌കെന്‍സ് കൂടിയാണ്. ജോര്‍ജ് ബെസ്റ്റ്‌-ഡെന്നിസ് ലോ-ബോബി ചാള്‍ട്ടണ്‍ ത്രിമൂര്‍ത്തകളില്ലാത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മറ്റൊരു ബ്ലാക്ക്‌ബേണോ ആസ്റ്റണ്‍ വില്ലയോ മാത്രമാണ്. ഹൊസെ അഗസ്‌റ്റോ ടോറസും മരയോ കൊളുനയുമായിരുന്നു ബെനിഫിക്കയില്‍ യൂസേബിയോയുടെ കരുത്ത്. റൂഡി വോളറുടെ മിന്നുന്ന ക്രോസുകളില്ലെങ്കില്‍ യൂര്‍ഗന്‍ ക്ലിന്‍സ്മാന്‍ എന്ന ഗോള്‍യന്ത്രം ഉണ്ടാകുമായിരുന്നോ? സീക്കോയെ വെള്ള പെലെയാക്കിയതില്‍ സോക്രട്ടീസിന്റെ പങ്ക് ചെറുതാണോ? വെയ്ന്‍ റൂണിയുടെ പിന്തുണയല്ലാത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചെങ്കുപ്പായത്തില്‍ എന്ത് അത്ഭുതം കാട്ടുമായിരുന്നു. സീഡോര്‍ഫില്ലാത്ത സിദാനോ? റയാന്‍ ഗിഗ്‌സില്ലാത്ത ഡേവിഡ് ബെക്കാമോ? റൂഡ് ഗുള്ളിറ്റും ഫ്രാങ്ക് റൈക്കാഡും വാന്‍ബാസ്റ്റണും ഒരേ മനസ്സോടെ കൈകോര്‍ത്തതല്ലെ എണ്‍പതുകളിലെയും തൊണ്ണൂറുകളുടെ തുടക്കത്തിലെയും ഡച്ച് കുതിപ്പിന്റെ രഹസ്യം. പരസ്പരം ഇഴപിരിക്കാവുന്നവരായിരുന്നോ റൊമാരിയോ-ബെബറ്റോ, റൊണാള്‍ഡോ-റിവാള്‍ഡോ കൂട്ടുകെട്ടുകള്‍. 1986ലെ ഗോള്‍ഡന്‍ ബൂട്ട് ഇംഗ്ലണ്ടിന്റെ ഗാരി ലിനേക്കര്‍ക്ക് സമ്മാനിച്ചതില്‍ പീറ്റര്‍ ബിയേഡ്സ്ലിയുടെ പങ്ക് ചെറുതായിരുന്നോ? ബ്രൂണോ ഗ്യോര്‍ഡാനോയുടെയും കരേക്കയുടെയും പിന്തുണ ഇല്ലായിരുന്നെങ്കില്‍ നെപ്പോളിയെ ചരിത്രനേട്ടത്തിന്റെ തേരേറ്റാന്‍ സാക്ഷാല്‍ ഡീഗോ മാറഡോണയ്ക്ക് കഴിയുമായിരുന്നോ? ഫ്രാന്‍സിന്റെ ജീന്‍ ടിഗാന-പ്ലാറ്റിനി, ഇംഗ്ലണ്ടിന്റെ ജാക് ചാള്‍ട്ടണ്‍-ബോബി മൂര്‍, റയല്‍ മാഡ്രിഡന്റെ എമിലിയോ ബട്രഗ്യുനോ-ഹ്യൂഗോ സാഞ്ചസ്, ലിവര്‍പൂളിന്റെ കെവിന്‍ കീഗന്‍-ജോ ടൊഷാക് ലിവര്‍പൂളിന്റെ ഇയാന്‍ റഷ്‌-കെന്നി ഡാല്‍ഗ്ലിഷ്, ചിലിയുടെ ഇവാന്‍ സമാരാനോ-മാഴ്‌സെലോ സലാസ്, ഫ്രാന്‍സിന്റെ തിയറി ഓന്റി-ഡേവിഡ് ട്രസഗെയ് ജോഡികള്‍ ചരിത്രത്തിന്റെ സൗഭാഗ്യങ്ങളാണ്. ഇവരാരും സ്വപ്‌നതുല്ല്യമായ ഈ ജോഡിപ്പൊരുത്തത്തിന്റെ പേരില്‍ പഴി കേട്ട ചരിത്രവുമില്ല. പിന്നെ എന്തു കൊണ്ട് മെസ്സി മാത്രം.

തോല്‍വികള്‍ക്ക് സമാധാനം പറയുക മാത്രമല്ല, ഓരോ തോല്‍വിക്കുശേഷവും രാജ്യസ്‌നേഹത്തിന്റെ ഡി.എന്‍.എ. കൂടി തെളിയിക്കേണ്ടിവരികയെ ഗതികേട് മെസ്സിയെപ്പോലെ ഏറെപ്പേര്‍ക്ക് അനുഭവിക്കേണ്ടിവന്നിരിക്കില്ല. രക്തത്തില്‍ അര്‍ജന്റീനയേക്കാള്‍ ബാഴ്‌സയും സ്‌പെയിനുമാണെന്ന പഴിപറച്ചിലിന് മെസ്സിയുടെ കരിയറിനോളം തന്നെയുണ്ട് പഴക്കം. പഴി പറയുന്നര്‍ പക്ഷേ, അതിന് മുന്‍പ് ഒരു പതിനഞ്ച് കൊല്ലം പിറകോട്ട് സഞ്ചരിക്കണം. കൃത്യമായി പറഞ്ഞാല്‍, ബാഴ്‌സലോണയിലെ ആ കൊച്ചുമുറിയില്‍ മകന്റെ ഉത്തരത്തിനായി യോര്‍ഗെ മെസ്സി മകന്റെ ഉത്തരത്തിനായി കാത്തുനിന്ന സായാഹ്‌നത്തിനും പിറകിലേയ്ക്ക്. മെസ്സിയെന്ന പ്രതിഭയെ കനല്‍വഴികള്‍ രാകിമിനുക്കിയ കാലത്തേയ്ക്ക്. അര്‍ജന്റീനയെയും ബാഴ്‌സലോണയെയും രണ്ടുതട്ടിലിട്ടു തൂക്കിയാല്‍ എന്തുകൊണ്ട് ബാഴ്‌സയുടെ തട്ട് അല്‍പം താഴ്ന്നിരിക്കുന്നുവെന്ന് ഈ കാലം കഥ പറയും.

maradona

വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവ് നികത്താന്‍ വഴിതേടിയാണ് യോര്‍ഗെ മെസ്സി മകനെ ബാഴ്‌സയുടെ യൂത്ത് അക്കാദമിയിലെത്തിച്ചതെന്ന കഥ പ്രസിദ്ധമാണ്. അതിനുശേഷമുള്ള ലിയോയുടെ വളര്‍ച്ച അതിലും സുപരിചിതവും. എന്നാല്‍, ഈ പോരായ്മയുമായി മല്ലടിച്ച മെസ്സിയുടെ കുട്ടിക്കാലം അത്ര സുപരിചിതമല്ല ഫുട്‌ബോള്‍ ലോകത്തിന്. മെസ്സി തന്നെ വേദനയോടെയാണ് അക്കാലത്തെ ഓര്‍മച്ചെടുക്കാറുള്ളത്. വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവ് നികത്താനുള്ള ചികിത്സ പതിനൊന്നാം വയസ്സില്‍ തന്നെ തുടങ്ങിയിരുന്നു. എന്നും രാത്രി കാലിലെ ഇഞ്ചക്ഷന്‍ സൂചിയുമായി വേദന കടിച്ചമര്‍ത്തിയായിരുന്നു ഉറങ്ങാന്‍ പോയിരുതെന്ന് ഗ്യുല്ലെമ ബലാഗ്യുവിന്റെ പുസ്തകത്തല്‍ മെസ്സി പറയുന്നുണ്ട്. മൂന്ന് വര്‍ഷക്കാലം ഈ വേദന സഹിച്ച് കഴിഞ്ഞു മെസ്സി. പകല്‍ മുടന്തിമുടന്തി നടക്കുന്ന മെസ്സിയെ കുറിച്ച് കൂട്ടുകാരും പറയുന്നുണ്ട് ഈ പുസ്തകത്തില്‍. കളിക്കളത്തലും സ്‌കൂളിലും ഏറ്റവും ചെറിയവനായിരുന്നു മെസ്സി. വേദനയ്ക്ക് പുറമെ കടിച്ചൊതുക്കാന്‍ ഇതിന്റെ അപകര്‍ഷത കൂടി. ചികിത്സ ഫലപ്രദമായിരുന്നു. പക്ഷേ, പ്രതിമാസം ആവശ്യമായിരുന്ന 1500 ഡോളര്‍ കണ്ടെത്താന്‍ വീട്ടുകാര്‍ നന്നേ ബുദ്ധിമുട്ടി. എന്നെങ്കിലുമൊരു കളിക്കാരനാവുന്നതിനുവേണ്ടി ഇപ്പോഴെ ഇങ്ങനെ പണം ചിലവിട്ട്, ജീവന്‍ പണയപ്പെടുത്തി ചികിത്സ നടത്തുന്നത് എന്തിനെന്ന് ചോദിച്ചവര്‍ ഏറെയാണ്. പക്ഷേ, യോര്‍ഗെ മെസ്സി പിന്നോട്ട് പോയില്ല. സഹായം തേട ആദ്യം റൊസാരിയോ സെന്റാഫെയിലെ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിലെത്തി. പത്തു വയസ്സുകാരന്‍ കളിക്കളത്തല്‍ അത്ഭുതങ്ങള്‍ കാട്ടിയെങ്കിലും അവന്റെ പന്തടക്കം കണ്ട് കാണികള്‍ കാശെറിഞ്ഞു കൊടുത്തെങ്കിലും 300 പെസോസില്‍ കൂടുതല്‍ നല്‍കാന്‍ ന്യൂവെല്‍സന് കഴിഞ്ഞില്ല. അതുതന്നെ യോര്‍ഗെ ഏറെ കെഞ്ചിയ ശേഷം. അവര്‍ ചികിത്സയ്ക്കുള്ള പണം തന്നിരുന്നെങ്കില്‍ ഞങ്ങള്‍ നാട്ടില്‍ തന്നെ നില്‍ക്കുമായിരുന്നുയോര്‍ഗെ പണ്ടൊരു അഭിമുഖത്തില്‍ പറഞ്ഞു. നാട്ടില്‍ നിന്ന് സഹായമൊന്നും കിട്ടാതായതോടെയാണ് യോര്‍ഗെയുടെയും മകന്റെയും മനസ്സില്‍ പതിനായിരം കിലോമീറ്റര്‍ അപ്പുറം കിടന്ന സ്‌പെയിനും ബാഴ്‌സയും കൂടുകൂട്ടിയത്. അര്‍ജന്റീന അവഗണിച്ചപ്പോഴാണ് മെസ്സി സ്‌പെയിനില്‍ അഭയം പ്രാപിച്ചതെന്ന് സാരം.

തുടക്കത്തില്‍ അവിടെയും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. കരാര്‍ പ്രശ്‌നങ്ങളും എമിഗ്രേഷന്‍ പ്രശ്‌നങ്ങളും നിറഞ്ഞതായിരുന്നു തുടക്കക്കാലം. ഏതാണ്ട് ഒരു വര്‍ഷത്തോളമെടുത്തു മെസ്സിക്ക് ബാഴ്‌സലോണ ബി ടീമിലെ കളിക്കാരുടെ വേതനം ലഭിക്കാന്‍. യോര്‍ഗെയ്ക്ക് കുടുംബം പോറ്റാന്‍ പോന്നൊരു ജോലി തരപ്പെടാന്‍. ആമുഖം ആവശ്യമില്ലാത്ത പില്‍ക്കാല കഥയുടെ ഈ ഫ്‌ലൂഷ് ബാക്ക് നല്‍കുന്നത് മെസ്സിയെ നിരന്തരം വേട്ടയാടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം തന്നെയാണ്. വിരുന്നിന് പോകുന്ന അര്‍ജന്റീനയേക്കാള്‍ ജീവിതത്തിന്റെ ഏറിയ പങ്കും ചിലവിട്ട ബാഴ്‌സയില്‍ കൂടുതല്‍ സംതൃപ്തനാണെങ്കല്‍ മെസ്സിയെ പഴിക്കുന്നതെങ്ങിനെ? ക്ലബ് ഫുട്‌ബോളിന് ഇന്ന് ദേശീയ ടീമുകളുടെ മത്സരങ്ങളേക്കാള്‍ മേല്‍ക്കൈയുണ്ടെന്ന് കാര്യം നിസ്തര്‍ക്കമാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗാണ് ലോകകപ്പിനേക്കാള്‍ പ്രധാനമെന്ന് ഹൊസ്സെ മൗറിന്യോയും അലക്‌സ് ഫെര്‍ഗൂസനും വെസ്ലി സ്‌നൈഡറുമെല്ലാം തുറന്നു തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും മെസ്സിയെ പഴിക്കാന്‍ പിന്നെയും പിന്നെയും ക്ലബ് ഫുട്‌ബോളിനെയും കല്ലെറിയുന്നു, കറകളഞ്ഞ ആരാധകര്‍.

messi kid


എത്ര കല്ലെറിഞ്ഞാലും കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെക്കാലമായി അര്‍ജന്റീനയെന്നാല്‍ മെസ്സി തന്നെയാണ്. അല്ലെങ്കില്‍ മെസ്സി മാത്രമാണ്. ഗ്രൗണ്ടിലെ സകല ഗണിതത്തെയും ജ്യാമതിയെയും ഉല്ലംഘിക്കുന്ന ശൈലി കൊണ്ട് മെസ്സി മുഴുവന്‍ അര്‍ജന്റീനയെയും തന്നിലേയ്ക്ക് ആവാഹച്ചിരിക്കുകയാണ്. സവിശേഷമാണ് ആ കളിശൈലി. മാറഡോണയെപ്പോലെ പ്രതിരോധത്തിലൂടെ ബുള്‍ഡോസര്‍ കണക്ക് ഇടിച്ചുകയറുകയല്ല, തന്റെ ശാരീരിക പരിമിതി തിരിച്ചറിഞ്ഞുകൊണ്ട് പ്രതിരോധപ്പൂട്ടുകളില്‍ നിന്ന് വഴിമാറി ഒഴുകന്നതാണ് മെസ്സി സ്‌റ്റൈല്‍. പന്ത് കാലിലൊട്ടിച്ച് പ്രതിരോധനിരയെ ഒന്നാകെ തന്നിലേയ്ക്ക് ആകര്‍ഷിക്കാനാണ് മെസ്സിക്ക് ഇഷ്ടം. പന്തില്‍ മാത്രം കണ്ണുനട്ട മെസ്സി പ്രതിരോധഭിത്തിയെക്കുറിച്ച് വേവലാതിപ്പെടാറുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഇടങ്കാലില്‍ കോരുത്തിട്ട പന്തുമായി വലതുപാര്‍ശ്വത്തില്‍ നിന്ന് ബോക്‌സിലേയ്ക്ക് നൂണ്ടുകയറുന്ന മെസ്സിയുടെ ശൈലിക്ക് ഒരു ആവര്‍ത്തനരീതിയുണ്ട്. എന്നാല്‍, ഈ ആവര്‍ത്തനത്തല്‍ വിളക്കിച്ചേര്‍ക്കുന്ന പ്രവചനാതീത വെട്ടിത്തിരിയലുകളും മിന്നല്‍ പാസുകളുമാണ് മെസ്സിക്ക് ഗോളിലേയ്ക്കുള്ള വഴി തുറക്കാറുള്ളത്. ഇവിടെ മുന്‍നിരയില്‍ ഒപ്പം സ്വയം വിന്യസിക്കപ്പെട്ടവരുമായുള്ള ആശംസംവേദനത്തിന് വലിയ പങ്കുണ്ട്. മെസ്സിയില്‍ നിന്നുള്ള ഈ സന്ദേശം കാലങ്ങള്‍ കൊണ്ട് ബാഴ്‌സയില്‍ ഇനിയേസ്റ്റയും സാവിയും ഡേവിഡ് വിയ്യയുമെല്ലാം സ്വന്തമാക്കിക്കഴിഞ്ഞു. അവരുടെ മനസ്സെത്തുന്നിടത്ത് മെസ്സിയുടെ കണ്ണെത്തും. കാലെത്തും. ഏത് മിന്നല്‍നീക്കത്തിനും അവിടെ ഗോളിലൂടെ ഉത്തരമുണ്ട്. ഈയൊരു ആശയവിനിമയമാണ് അര്‍ജന്റീനയുടെ നിരയില്‍ മെസ്സിക്ക് സാധ്യമല്ലാതാകുന്നത്. മെസ്സിയുടെ മനസ്സ് വായിക്കാന്‍ അഗ്യുറോയ്ക്കും ഹിഗ്വായ്‌നുമൊന്നും കഴിയുന്നില്ല. ഏഞ്ചല്‍ ഡി മരിയയാണ് ഇക്കാര്യത്തില്‍ മെച്ചം. ഇതില്‍ ലോകകപ്പിലും കോപ്പ അമേരിക്കയിലും കണ്ടു. ബാഴ്‌സയിലേതിന് പകരം മെസ്സി പിറകോട്ടറങ്ങി കളിക്കുമ്പോള്‍ സ്‌ട്രൈക്കര്‍മാര്‍ ഈ ആശയവിനിമയത്തന് കാതും മനസ്സും കൂര്‍പ്പിച്ചുനില്‍ക്കണം. അപ്രതീക്ഷിതമായത് പ്രതീക്ഷിക്കണം. ഒരു നിമിഷാര്‍ദ്ധം മതി ഏത് ശക്തമായ പ്രതിരോധഭിത്തിയും പിളര്‍ത്തി മെസ്സിയുടെ ഒരു പാസ് വരാന്‍. മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിലുമുണ്ടായി പാഴായിപ്പോവുന്ന മെസ്സിപ്പാസുകള്‍ യഥേഷ്ടം. ഗോണ്‍സാലോ ഹിഗ്വായ്‌നും സെര്‍ജിയോ അഗ്യുറോയ്ക്കും പാഴാക്കിയ തുറന്ന അവസരങ്ങള്‍ ഏത് ഗണത്തില്‍ പെടുത്തും. ഇതില്‍ ഏതെങ്കിലുമൊന്ന് വലയില്‍ കയറിയിരുന്നെങ്കില്‍ ചരിത്രം മറ്റൊരു വീരഗാഥ പാടിയേനെ. ചരിത്രം പക്ഷേ, അങ്ങിനെയാണ്. ഇരുതല മൂര്‍ച്ചയുള്ള വാളാണത്. ലോകജേതാക്കള്‍ക്ക് മുന്നില്‍ ഒന്നുകില്‍ ജയം അല്ലെങ്കില്‍ മരണം. അതു മാത്രമാണുള്ളത്.

അര്‍ജന്റീന മെസ്സിയെയല്ല, മെസ്സി അര്‍ജന്റീനയെയാണ് വലുതാക്കിയത് എന്ന സത്യത്തിന് കാലം തന്നെ സാക്ഷി. ഡീഗോ മാറഡോണയുടെ വീഴ്ചയ്ക്കുശേഷമുള്ള അര്‍ജന്റൈന്‍ ഫുട്‌ബോളിന്റെ മഹാശൂന്യത തേടിയ ഉത്തരം തന്നെയായിരുന്നു മെസ്സി എന്ന മിശിഹ. കിരീടങ്ങള്‍ മരുപ്പച്ചപോലെ അകന്നകന്നു പോയ കാലത്തെ അനിവാര്യത തന്നെയായിരുന്നു മെസ്സി. ഓരോ തവണ അര്‍ജന്റീന പരാജയപ്പെടുമ്പോഴും അതുകൊണ്ടുതന്നെ ഡീഗോയുമായുള്ള താരതമ്യവും ഉയര്‍ന്നുവരുന്നു. ലോകകപ്പ് നേട്ടം മാറ്റിനിര്‍ത്തിയാല്‍ ഡീഗോ അര്‍ജന്റീനയ്ക്കുവേണ്ടി നേടിയത് 34 ഗോളും മെസ്സി നേടിയത് 55 ഉം ഗോളാണെന്ന കണക്ക് പലരും വിസ്മരിക്കുന്നു. ക്ലബ് ഫുട്‌ബോളില്‍ മാറഡോണ 259 ഉം മെസ്സി 453 ഉം ഗോളാണ് നേടിയതെന്ന കണക്കും വിസ്മരിക്കപ്പെടുന്നു. മെസ്സിയെന്ന മിശിഹയുടെ പിറവി ഉണ്ടായിരുന്നില്ലെങ്കില്‍ 1990ലെ ഡീഗോ മാറഡോണയുടെ വീഴ്ചയുടെ ആഘാതത്തില്‍ നിന്ന് അര്‍ജന്റീന കരകയറുമായിരുന്നില്ല. 2002ല്‍ നാണംകെട്ട് ഗ്രൂപ്പ്‌റൗണ്ടിലും 94ല്‍ പ്രീക്വാര്‍ട്ടറിലും 98ലും 2006ലും ക്വാര്‍ട്ടറിലും പൊലിഞ്ഞ സ്വപ്‌നം കഴിഞ്ഞ തവണ ബ്രസീലില്‍ ഫൈനലില്‍ 113-ാം മിനിറ്റ് വരെ കൊണ്ടെത്തിച്ചത് മെസ്സിയല്ലെങ്കില്‍ മറ്റാര്?

young messi

എങ്കിലും അര്‍ജന്റീന കിരീടങ്ങളൊന്നും നേടാത്ത കാലത്തിന് മെസ്സിയുടെ പ്രായമാണെന്നത് വിധിവൈപരിത്യമാണ്. ഇനി മെസ്സിയുടെ കളിയായുസ്സില്‍ അര്‍ജന്റീന മറ്റൊരു കിരീടം നേടാനുള്ള സാധ്യതയുമില്ല. നാളെ മെസ്സിയില്ലാത്തൊരു ടീമിനെ കുറച്ച് അര്‍ജന്റീനയ്ക്ക് ചിന്തിക്കാതെ വയ്യ. പക്ഷേ, പകരം മറ്റൊരു വിഗ്രഹം രൂപപ്പെടുംവരെ ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ സ്വന്തം ദേശീയ ടീമിനേക്കാള്‍ തീവ്രമായി നെഞ്ചോട് ചേര്‍ത്തിട്ടുള്ള ലാ അല്‍ബിസെലസ്‌റ്റെ മറ്റൊരു പെറുവോ മറ്റൊരു ബൊളീവിയയോ മാത്രമാണ്. മെസ്സിയെ കല്ലെറിഞ്ഞ്, കുരിശിലേറ്റുന്ന വിഗ്രഹഭഞ്ജകര്‍ അറിയുന്നില്ല ബൊളീവിയയെയും പെറുവിനെയുമൊന്നും ആരാധിക്കാന്‍ എടരിക്കോട്ടും മഞ്ചേരിയിലും വെട്ടുകാട്ടും ഏറെപ്പേര്‍ ഉണ്ടാവണമെന്നില്ല. അര്‍ജന്റീനയും ബ്രസീലും പതിനൊന്ന് പേരുള്ള വെറുമൊരു ഫുട്‌ബോള്‍ ടീമല്ല. ലോകമെങ്ങും അനുയായികളുള്ള ഒരു ഗോത്രപ്രകൃതത്തിലേയ്ക്ക്, വിശ്വാസമൂഹത്തിലേയ്ക്ക് വളര്‍ന്നുകഴിഞ്ഞിരിക്കും ഇവര്‍. അവിടെ യന്ത്രംകണക്ക് ഒരേ മികവോടെ കളിക്കുന്ന പതിനൊന്ന് കളിക്കാരോ കിരീടനേട്ടങ്ങളോ മാത്രമല്ല ആരാധകര്‍ കാംക്ഷിക്കുന്നത്. ഈ ഗോത്രങ്ങളെ നയിക്കാന്‍ ഒരു മിശിഹ കൂടിയേ തീരൂ. മാറഡോണയും പെലെയും നെയ്മറും മെസ്സിയുമെല്ലാം അനിവാര്യതകളാകുന്നത് അങ്ങനെയാണ്. അതുകൊണ്ടുതന്നെ ഇതിഹാസങ്ങളെ അമ്പെയ്തു വീഴ്ത്തുന്നവര്‍ക്കും വിഗ്രഹങ്ങള്‍ എറിഞ്ഞുടയ്ക്കുന്നവര്‍ക്കും മുന്നില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. അര്‍ജന്റീനയെ യഥാര്‍ഥ അര്‍ജന്റീനയാക്കാന്‍ മെസ്സിയല്ലെങ്കില്‍ പിന്നാരുണ്ട്. ഈ ചോദ്യത്തിന് തല്‍ക്കാലം ബ്യൂണസ് ഏറീസില്‍ ഉത്തരമൊന്നുമില്ല.