Messi, Ronaldo
'He was beautiful. He was the point of difference. He has always been the point of difference. Unparalleled, and maybe today, there will, of course, always be those who argue. Always be those who debate and the debate can rage on if you like. But as he falls in love with the object in the world that his heart most desired, it is hard to escape the supposition that he has rendered himself today - the Greatest of All Time'
ലുസൈല്‍ സ്‌റ്റേഡിയത്തിലെ എല്ലാ പരീക്ഷണങ്ങള്‍ക്കും അവസാനം അർജന്റീന നായകൻ ലയണൽ മെസ്സി ആ കനകക്കിരീടത്തെ ചുംബിക്കുമ്പോള്‍ പ്രശസ്ത കമന്റേറ്റർ പീറ്റര്‍ ഡ്രൂറി ഇങ്ങനെയാണ് പറഞ്ഞുവെച്ചത്. ആത്യന്തികമായ ഭൗതികമഹത്വവും നേടി മെസ്സി പുഞ്ചിരിക്കുന്ന കാഴ്ചയെ അതിന്റെ പൂര്‍ണതയിലെത്തിക്കുന്ന വാക്കുകള്‍. കായികലോകത്തെ പതിറ്റാണ്ടുകളായി ആനന്ദിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഒരു മനുഷ്യന്‍ വിശ്വം കീഴടക്കി നില്‍ക്കുമ്പോള്‍ ആ ഇതിഹാസചരിത്രത്തിന് സ്വാഭാവികമായും പൂര്‍ണത കൈവരുന്നുണ്ട്. അര്‍ജന്റൈന്‍ ജനതയുടെ സ്വപ്‌നങ്ങള്‍ക്ക് സാക്ഷാത്കാരം കുറിച്ച മിശിഹയായി അയാള്‍ ആല്‍ബിസെലസ്റ്റന്‍ ചരിത്രപുസ്തകത്തില്‍ എഴുതപ്പെടുന്നുമുണ്ട്. അതിനപ്പുറം ഒന്നര പതിറ്റാണ്ടോളം നീണ്ടുനിന്ന ഒരു ചോദ്യത്തിന് കൂടിയാണ് ഉത്തരമാകുന്നത്.
'ക്രിസ്റ്റ്യാനോയോ മെസ്സിയോ? ആരാണ് ഏറ്റവും മികച്ചവന്‍ ?'
ഇങ്ങനെയൊരു ചോദ്യം ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍നിന്ന് ഉയര്‍ന്നാല്‍ പിന്നെ അതൊരു സംഘര്‍ഷഭൂമി പോലെ വാദപ്രതിവാദങ്ങളാല്‍ മുഖരിതമാകുന്ന പതിറ്റാണ്ടുകളാണ് കഴിഞ്ഞുപോയത്. ലോകം ചേരിതിരിഞ്ഞ് ആ രണ്ടുപേര്‍ക്കായി ആര്‍പ്പുവിളിക്കും. കലഹിക്കും. കയ്യാങ്കളിയാകും. തീര്‍പ്പിലെത്താതെ പിരിയേണ്ടിവരും. വീണ്ടും ആ ചോദ്യമങ്ങനെ ഉയര്‍ന്നുകിടക്കും. കാരണം ലോകഫുട്‌ബോളിന്റെ ചരിത്രത്തില്‍ രണ്ടു കളിക്കാര്‍ തമ്മില്‍ ഇത്രയും കാലം നീണ്ടുനിന്ന മറ്റൊരു 'ശത്രുത'യുംഉണ്ടായിട്ടില്ല. അത്രമേല്‍ ആ രണ്ടു പേര്‍ കാല്‍പ്പന്തുകളിയെ കീഴടക്കിയിട്ടുണ്ട്. ആരാധകഹൃദയങ്ങളെ വേട്ടയാടിയിട്ടുണ്ട്. കാലത്തിനൊരിക്കലും മായ്ച്ചുകളയാനാവാത്ത തരത്തില്‍ അവരുടെ കാല്‍പ്പാടുകള്‍ പതിപ്പിച്ചുവെച്ചിട്ടുണ്ട്.
ഒടുക്കം ആരാണ് മികച്ചവനെന്ന ചോദ്യത്തിന് കാലം തന്നെ ഉത്തരം നല്‍കുന്നു. മെസ്സിയും സംഘവും കിരീടം നേടിയതിന് ശേഷം ഫിഫ ഇങ്ങനെയാണ് ട്വീറ്റ് ചെയ്തത്.
'The GOAT debate is settled. The ultimate prize is now part of the collection. The legacy is complete.'
വൈകാതെ ഫിഫ ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും നിരവധി വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു. ഫിഫയെ പോലൊരു സംഘടന ഇത്തരം കാര്യങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നത് ശരിയായ രീതിയല്ലെന്നായിരുന്നു പലരുടേയും അഭിപ്രായം. ഫിഫ ഇങ്ങനെ ട്വീറ്റ് ചെയ്യാമോ എന്നത് ന്യായമായ ചോദ്യമാണ്. അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടന ഇത്തരം കാര്യങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നത് അനുചിതമാണ്. ഒഴിവാക്കേണ്ടതാണ്. എന്നിരുന്നാലും ലോകഫുട്‌ബോളിലെ എക്കാലത്തേയും മികച്ചവനെന്ന തലത്തിലേക്ക് മെസ്സി മാറിയെന്ന വസ്തുതയെ മറച്ചുവെക്കാനുമാവില്ല. ക്രിസ്റ്റ്യാനോ മികച്ചവനാണ്, അതിലും എത്രയോ മുകളിലാണ് താനെന്ന് മെസ്സി ഉറക്കെ പ്രഖ്യാപിക്കുന്നു.
കേവലം കിരീടനേട്ടങ്ങള്‍ക്കൊണ്ട് മാത്രമല്ല, ആ വാദങ്ങള്‍ക്ക് സാധൂകരണമാകുന്നത്. മൈതാനത്തെ കളിയും മികവും കണക്കുകളുമെല്ലാം മെസ്സിക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. ലോകകിരീടം ആ ഇതിഹാസചരിത്രത്തെ പൂര്‍ണമാക്കിയെന്നു മാത്രം.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലെ ഇരുപത്തിരണ്ടുകാരനും ബാഴ്‌സലോണയിലെ ഇരുപതുകാരനും ഫുട്‌ബോളിലെ സമാനതകളില്ലാത്ത ആ യാത്ര ആരംഭിക്കുന്നത് പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. ലോകത്തെയൊന്നടങ്കം തങ്ങളുടെ പ്രകടനങ്ങള്‍കൊണ്ട് അദ്ഭുതപ്പെടുത്തിയ രണ്ട് കൗമാരക്കാര്‍. അര്‍ജന്റീനയ്ക്കായി അണ്ടര്‍ 20 ലോകകപ്പ് നേടിയ മെസ്സി ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളും ടോപ്പ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടും ഒരേസമയം കരസ്ഥമാക്കിയാണ് വരവറിയിച്ചത്. പത്തൊമ്പതാം വയസ്സില്‍ എല്‍ ക്ലാസിക്കോയില്‍ ഹാട്രിക്ക് കൂടി നേടിയതോടെ കായികലോകത്തിന്റെ റഡാറില്‍ മെസ്സിയുടെ ചിത്രം പതിഞ്ഞുതുടങ്ങി. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ വിറപ്പിച്ച സ്‌പോര്‍ടിങ് ലിസ്ബണിലെ കൗമാരക്കാരനെ അന്ന് ഫെര്‍ഗൂസന്‍ മാത്രമല്ല, ഫുട്‌ബോള്‍ ലോകമൊന്നാകെ ശ്രദ്ധിച്ചു. പിന്നാലെ അപാരമായ സ്‌കില്ലും ലോങ്‌റേഞ്ചറുകളും കൊണ്ട് ഇംഗ്ലണ്ടിലെ മൈതാനങ്ങളില്‍ കൂടി അരങ്ങുവാഴാന്‍ തുടങ്ങിയതോടെ റൊണാള്‍ഡോ ഏവരുടേയും കയ്യടി നേടി.
2007-ലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പട്ടികയില്‍ കക്കയ്ക്ക് പിന്നില്‍ ഇരുവരുമുണ്ടായിരുന്നു. അവിടെനിന്നാണ് മെസ്സി-റോണോ യുഗത്തിന് നാന്ദി കുറിക്കപ്പെടുന്നത്. പിന്നീടങ്ങോട്ടുള്ള ഒരു പതിറ്റാണ്ടു കാലം ആ പുരസ്‌കാരം മൂന്നാമതൊരാള്‍ക്ക് നേടാനായിട്ടില്ല. 2008-ല്‍ റൊണാള്‍ഡോ ബാലണ്‍ദ്യോര്‍ നേടുമ്പോള്‍ രണ്ടാമനായി തന്നെ മെസ്സിയുണ്ടായിരുന്നു. 1992-ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആരംഭിച്ചതിന് ശേഷം ബാലണ്‍ദ്യോര്‍ ട്രോഫി നേടുന്ന വെറും രണ്ടാമത്തെ മാത്രം പ്രീമിയര്‍ ലീഗ് താരമായിരുന്നു റോണോ അപ്പോള്‍. പിന്നീട് ഇന്നോളം ഇംഗ്ലണ്ടില്‍നിന്ന് മറ്റൊരു കളിക്കാരനും അത് നേടാനായിട്ടില്ല. ആ വര്‍ഷത്തെ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂവും മറ്റാര്‍ക്കുമായിരുന്നില്ല.
2009-ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മഡ്രിഡിലേക്ക് കൂടുമാറുന്നതോടെയാണ് മെസ്സി-റോണോ പോര് അതിന്റെ പാരമ്യത്തിലേക്ക് കടക്കുന്നത്. ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും ഇരുവരും പല തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. ഗോളടിക്കുന്നതിലും ഗോളവസരം ഒരുക്കുന്നതിലുമെല്ലാം മത്സരിച്ചു. 2009-മുതല്‍ 2012 വരെ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കുള്ള പട്ടം മെസ്സിയുടെ കൈകളില്‍ ഭദ്രമായിരുന്നു. 2010-ലൊഴികെ ബാക്കിയുള്ള വര്‍ഷങ്ങളില്‍ മെസ്സിക്ക് പിന്നില്‍ രണ്ടാമനായി റോണോ നിലയുറപ്പിച്ചു. ബാഴ്‌സലോണ യൂറോപ്പിനെ അടക്കി ഭരിച്ച വര്‍ഷങ്ങളായിരുന്നു അത്. 2012-കലണ്ടര്‍ വര്‍ഷം മെസ്സി നേടിയത് 91-ഗോളുകളാണ്. ഇത് ഒരു കലണ്ടര്‍വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകളെന്ന ഗിന്നസ് റെക്കോര്‍ഡായി ഇന്നും നിലനില്‍ക്കുന്നു.

ഒരു ത്രില്ലര്‍ മത്സരത്തിലെന്നപോലെ അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ബാലണ്‍ദ്യോര്‍ നേടിക്കൊണ്ടുള്ള റോണോയുടെ തിരിച്ചുവരവിനാണ് ഫുട്‌ബോള്‍ ലോകം സാക്ഷിയാകുന്നത്. മെസ്സി നാലു തവണയും റൊണാള്‍ഡോ മൂന്ന് തവണയും ലോക ഫുട്‌ബോളര്‍ പട്ടം നേടിയ ഘട്ടം. യൂറോപ്പിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയിലും സമാനമായ പോരാട്ടമാണ് നടന്നത്. എന്നാല്‍, ഗോള്‍ഡന്‍ ഷൂവിന്റെ എണ്ണത്തില്‍ റൊണാള്‍ഡോയ്ക്കായിരുന്നു മേല്‍ക്കൈ. നാലു തവണ പോര്‍ച്ചുഗീസ്താരം യൂറോപ്പിലെ മികച്ച ഗോള്‍വേട്ടക്കാരനായപ്പോള്‍ മെസ്സി മൂന്ന് തവണയാണ് ഗോള്‍ഡന്‍ ഷൂ നേടിയത്.
ആരാധകരും ചേരിതിരിഞ്ഞ് വാദപ്രതിവാദങ്ങളിലേര്‍പ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ പ്രതികരണങ്ങളുടലെടുത്തു. റോണോ ആരാധകര്‍ ഉയര്‍ത്തിയ വാദങ്ങളില്‍ ഏറ്റവും മൂര്‍ച്ചയോടെ ഉയര്‍ന്നുവന്ന കാര്യം വോട്ടിങ് അടിസ്ഥാനമാക്കിക്കൊണ്ടുള്ള ബാലണ്‍ദ്യോര്‍ നേക്കാള്‍ മികച്ചത് മൈതാനത്ത് ഗോളടിച്ച് നേടുന്ന ഗോള്‍ഡന്‍ ഷൂ ആണെന്നുള്ളതായിരുന്നു. ഇതേ അഭിപ്രായം സാക്ഷാല്‍ റൊണാള്‍ഡോ തന്നെ ഒരഭിമുഖത്തില്‍ പറയുകയുമുണ്ടായി.
'ഞാന്‍ ഈ അവാര്‍ഡിനെ ഏറ്റവുമധികം ഇഷ്ടപ്പെടുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് മികച്ച അവാര്‍ഡ്. മികച്ച താരമായി മറ്റുള്ളവര്‍ക്ക് നിങ്ങളെ തിരഞ്ഞെടുക്കാനാകും, എന്നാല്‍, ഒരു മുന്നേറ്റനിരക്കാരന്റെ ജോലി ഗോളടിക്കുക എന്നതാണ്. ഞാന്‍ അതിഷ്ടപ്പെടുന്നു.'
ഈ അഭിപ്രായങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തതോടെ വന്‍ചര്‍ച്ചയായി മാറി. എന്നാല്‍ 2014-ലോകകപ്പിലെ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ഉയര്‍ത്തിയാണ് മെസ്സി ആരാധകര്‍ തിരിച്ചടിച്ചത്. രാജ്യത്തിനായി എന്ത് നേട്ടമാണ് റൊണാള്‍ഡോയ്ക്ക് പറയാനുള്ളതെന്ന ചോദ്യം റോണോ ആരാധകരെ പ്രതിരോധത്തിലാക്കി.
എന്നാല്‍ 2016-ല്‍ റൊണാള്‍ഡോയുടെ നായകത്വത്തില്‍ പോര്‍ച്ചുഗല്‍ യൂറോ കപ്പ് നേടുന്നതോടെ പുതിയ മാനം കൈവന്നു. റൊണാള്‍ഡോ ചരിത്രപുരുഷനായി മാറി. പോര്‍ച്ചുഗീസ് സാമ്രാജ്യത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച ഇതിഹാസമായി റോണോ വാഴ്ത്തപ്പെട്ടു. യുസേബിയോയും ഫിഗോയും പന്തു തട്ടിക്കളിച്ചിട്ടും നേടാനാകാത്തത് നേടിയ പോര്‍ച്ചുഗീസ് രാജകുമാരനായി ക്രിസ്റ്റ്യാനോ മാറി. 2015, 2016 വര്‍ഷങ്ങളില്‍ മെസ്സിപ്പട കോപ്പ അമേരിക്ക കലാശപ്പോരില്‍ കാലിടറി വീഴുകയും ചെയ്തതോടെ മെസ്സിയേക്കാള്‍ കേമന്‍ റൊണാള്‍ഡോയാണെന്ന ശക്തമായ വാദങ്ങളുയര്‍ന്നു. പിന്നാലെ രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തിനായി കിരീടം നേടാത്തവനെന്ന വിമര്‍ശനം മെസ്സിയെ നിരന്തരം വേട്ടയാടിക്കൊണ്ടേയിരുന്നു.

2015-ല്‍ മെസ്സിയും 2016, 2017 വര്‍ഷങ്ങളില്‍ റൊണാള്‍ഡോയുമാണ് ബാലണ്‍ദ്യോര്‍ നേടിയത്. 2017-മുതല്‍ തുടക്കമായ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരവും ഇക്കാലയളവില്‍ റൊണോയെ തേടിയെത്തി. അഞ്ചു തവണ ബാലണ്‍ദ്യോര്‍ നേടി ഇരുവരും തുല്യത പാലിച്ചതോടെ രാജ്യത്തിനായുള്ള കിരീടനേട്ടം റൊണാള്‍ഡോയെ കേമനാക്കുന്നുവെന്ന വിലയിരുത്തലുകള്‍ വന്നു. രാജ്യത്തിനായി കിരീടം നേടാന്‍ സാധിച്ചില്ലെങ്കിലും മെസ്സിയിലെ കളിക്കാരനെന്നും വേറിട്ടുനില്‍ക്കുന്ന കാഴ്ചയാണ് കാണാനായത്. തുടര്‍ച്ചയായി മൂന്ന് തവണ ഗോള്‍ഡന്‍ ഷൂ നേടിക്കൊണ്ട് വ്യക്തിഗതമികവില്‍ മെസ്സി മുന്നിട്ടുനിന്നു.
മാഞ്ചെസ്റ്ററില്‍നിന്ന് റയലിലേക്കെത്തുമ്പോഴേക്കും റൊണാള്‍ഡോയിലെ കളിക്കാരന്‍ ഒരു ഗോള്‍വേട്ടക്കാരനെന്ന നിലയിലേക്ക് മാറിയിരുന്നു. മാഞ്ചെസ്റ്ററില്‍ കളി മെനഞ്ഞ റോണോയായിരുന്നില്ല റയലിലേത്. ഗോള്‍ നേടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് അയാളിലെ കളിക്കാരന്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടു കഴിഞ്ഞു. റൊണാള്‍ഡോയുടെ പരിമിതിയായി കൂടി പില്‍ക്കാലത്ത് അത് മാറുന്നതാണ് കണ്ടത്. ഗോള്‍ നേടാനാവാത്ത മത്സരങ്ങളില്‍ റൊണാള്‍ഡോയുടെ സാന്നിധ്യം പോലും അനുഭവപ്പെടാതെയായി. ചാമ്പ്യന്‍സ് ലീഗിലും അന്താരാഷ്ട്ര ഫുട്‌ബോളിലും ഏറ്റവുമധികം ഗോള്‍ നേടിയ താരമെന്ന നേട്ടം റോണോ കരസ്ഥമാക്കുമ്പോഴും ഫുട്‌ബോളിലെ മാസ്റ്റർ ക്രിയേറ്റീവ് റോള്‍ റൊണാള്‍ഡോയില്‍നിന്ന് അന്യമായി.
അതേസമയം, മെസ്സി കാല്‍പ്പന്തുകളിയുടെ എല്ലാ സൗന്ദര്യവും ആവാഹിച്ചാണ് പന്തു തട്ടിയത്. ഒരേസമയം ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്യുന്ന മെസ്സി കായികലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടേയിരുന്നു. മെസ്സിയിലെ പ്രതിഭയെ എതിരാളികള്‍ക്കുപോലും അംഗീകരിക്കേണ്ടതായും വന്നു. രാജ്യാന്തര കിരീടത്തിന്റെ അഭാവമാണ് മെസ്സിയെന്ന പ്രതിഭയ്ക്ക് പലപ്പോഴും മങ്ങലേല്‍പ്പിച്ചത്. രാജ്യത്തിനായി മെസ്സി വീണ്ടും ബൂട്ടുകെട്ടിയിറങ്ങിയെങ്കിലും 2018-ലോകകപ്പില്‍നിന്നും അര്‍ജന്റീന പുറത്തായതോടെ ഇനി രാജ്യത്തിനായി മെസ്സിക്കൊന്നും നേടാന്‍ കഴിയില്ലെന്ന് പലരുമുറപ്പിച്ചു.

2019. പ്രായം കൂടുന്നുവെന്ന യാഥാർത്ഥ്യത്തിനു മുന്നിൽ മെസ്സിക്കു കാലിടറി തുടങ്ങിയെന്നു പലരും കരുതിത്തുടങ്ങി. ഇല്ല. അങ്ങനെ അവസാനിക്കാനുള്ള പ്രതിഭയായിരുന്നില്ല അയാളുടെ തലച്ചോറിലും കാലുകളിലും ഫുട്‌ബോൾ എന്ന മഹത്തായ കല. പതിയെപ്പതിയെ ഗോളടിക്കാരൻ എന്ന മികവിനൊപ്പം മറ്റുള്ളവരെ കൊണ്ടു ഗോളടിപ്പിക്കുക എന്ന മാസ്റ്റർ ക്രാഫ്റ്ററിലേക്കുള്ള ചുവടുമാറ്റം. വ്യക്തിഗതമികവില്‍ റൊണാള്‍ഡോയേക്കാള്‍ ഒരുപിടി മുകളിലാണെന്ന വാദത്തെ അടിവരയിടുന്നതായിരുന്നു മെസ്സിയുടെ പ്രകടനം. ലാ ലിഗയിലെ ടോപ്പ് സ്‌കോറര്‍ക്കുള്ള പിച്ചിച്ചി ട്രോഫി, ഗോള്‍ഡന്‍ ഷൂ, ബാലണ്‍ദ്യോര്‍, ഫിഫ ദി ബെസ്റ്റ് എന്നിങ്ങനെ ഒരു ഫുട്‌ബോളര്‍ക്ക് നേടാനാകുന്ന ഒട്ടുമിക്ക വ്യക്തിഗത ട്രോഫികളും മെസ്സി കരസ്ഥമാക്കി. കായികലോകത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറസ് അവാര്‍ഡ് കൂടി നേടിയതോടെ മെസ്സി പുതുചരിത്രമെഴുതി. ഒരു ടീം ഇനത്തില്‍നിന്ന് ലോറസ് അവാര്‍ഡ് കരസ്ഥമാക്കുന്ന ആദ്യ താരമായിരുന്നു മെസ്സി.
വ്യക്തിഗതനേട്ടങ്ങളും ക്ലബ്ബിനായുള്ള കിരീടക്കണക്കുകളും കൊണ്ട് സമ്പന്നനായ മെസ്സിക്ക് അര്‍ജന്റീനയ്ക്കായി ഒരു കിരീടം നേടി ആ കരിയര്‍ അവസാനിപ്പിക്കാന്‍ സാധിക്കുമോ എന്ന ചോദ്യം മാത്രമാണ് അവശേഷിച്ചിരുന്നത്. അത് മെസ്സിയും റൊണാള്‍ഡോയും തമ്മിലുള്ള പോരാട്ടത്തെ പുതിയ തലത്തിലേക്കെത്തിക്കുന്നതിനേക്കാള്‍ മെസ്സിയെന്ന കളിക്കാരന്റെ മാത്രം ആവശ്യമായി വന്നു. കാരണം ആ ഇതിഹാസത്തിന്റെ പൂര്‍ണതയ്ക്ക് ഒരു രാജ്യാന്തര കിരീടത്തിന്റെ അനിവാര്യതയുണ്ടായിരുന്നു. കളിക്കളത്തിലെ ചെയ്തികള്‍ ഒരിക്കലും മെസ്സിയെ കുറ്റവിമുക്തനാക്കിയില്ല. അതിന് അന്താരാഷ്ട്ര കിരീടമല്ലാതെ മറ്റൊരു മറുമരുന്നും പ്രായോഗികവുമായിരുന്നില്ല.
2021-കോപ്പ അമേരിക്ക മെസ്സിക്ക് അവസാനത്തെ അവസരമായിരുന്നു. പുത്തന്‍ താരങ്ങളെ വാര്‍ത്തെടുത്ത് ടീമിനെയൊരുക്കിയ പരിശീലകന്‍ സ്‌കലോണി ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി. ഇപ്പോഴല്ലെങ്കില്‍ പിന്നെയില്ലെന്ന യാഥാര്‍ഥ്യത്തെ ബൂട്ടുകളിലാവാഹിച്ച് മെസ്സി ചരിത്രമെഴുതാനിറങ്ങി. അതുവരെ ഉയര്‍ന്നുവന്ന എല്ലാ വിമര്‍ശനങ്ങളേയും ആ ഒരൊറ്റ ടൂര്‍ണമെന്റുകൊണ്ട് മെസ്സി തട്ടിത്തെറിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. സ്വപ്‌നഫൈനലില്‍ ബ്രസീലിനെ കീഴടക്കിക്കൊണ്ട് അര്‍ജന്റീന കോപ്പയില്‍ മുത്തമിട്ടു. മാറക്കാനയിലെ ആല്‍ബിസെലസ്റ്റന്‍ തിരമാലകള്‍ക്ക് നടുവില്‍ മെസ്സി ആനന്ദനൃത്തമാടി. രാജ്യത്തിനായി കിരീടമില്ലെന്ന പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കൂടി അറുതി വരുത്തി. പിന്നാലെ വന്‍കരകളിലെ ചാമ്പ്യന്മാരുടെ ഫൈനലിസിമ പോരാട്ടത്തിലും അര്‍ജന്റീന വിജയിച്ചു. മെസ്സി-റോണോ താരതമ്യങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലെന്ന വാദങ്ങളുയര്‍ന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം കരിയറിന്റെ അവസാനത്തിലെത്തിയ രണ്ട് ഇതിഹാസങ്ങളേയും ഖത്തറിലെ തണുപ്പുകാലം ഒരു സ്വര്‍ണക്കപ്പുമായി കാത്തിരിക്കുന്നുണ്ടായിരുന്നു. കരിയറിന് വിശ്വവിജയത്തിന്റെ തിളക്കമേകാനുള്ള അവസാനത്തെ അവസരമാണത്. ലോകകപ്പ് വിജയങ്ങള്‍ക്ക് ചരിത്രപരമായ സവിശേഷതകളാണുള്ളത്. അത് എക്കാലവും രേഖപ്പെടുത്തിവെക്കുന്നവയും ചരിത്രത്തില്‍ ഒരു കളിക്കാരനെ അടയാളപ്പെടുത്തുന്നതു കൂടിയാണ്. ഇതിഹാസങ്ങളായ ഡി സ്റ്റിഫാനോയേയും യുസേബിയോയും ഫെറങ്ക് പുഷ്‌കാസുമൊക്കെ പെലെയ്ക്ക് പിന്നിലാകുന്നതും അവര്‍ക്കൊരു ലോകകപ്പ് വിജയമില്ലെന്നതാണ്. അതുവരെ മാറഡോണയെ മെസ്സിയേക്കാള്‍ കേമനാക്കിയിരുന്നതും മറ്റൊന്നുമായിരുന്നില്ല.
പിന്നെ മിശിഹയും മാലാഖയുമടക്കമൊരു പോരാളികൂട്ടവും ഒരു മുപ്പത്തേഴുകാരന്റെ പോര്‍ച്ചുഗീസ് പടയും ഖത്തറിലെത്തിയതും പ്രതാപവുമോര്‍മിപ്പിച്ച് കളിക്കാനിറങ്ങിയതും കാലിടറിയതും കര കയറിയതുമെല്ലാം ചരിത്രമാണ്. ഒരിക്കലും മായാത്ത ചരിത്രം. ക്ലബ്ബിലെന്നപോലെ രാജ്യാന്തര ഫുട്‌ബോളിലും റൊണാള്‍ഡോയ്ക്ക് പകരക്കാരുടെ ബെഞ്ചിലിരിക്കേണ്ടി വന്നു. ഒടുക്കം പാതിവഴിയില്‍ ലോകകപ്പ് സ്വപ്‌നങ്ങള്‍ ചിതറിത്തെറിച്ച് വേദനയോടെ, കണ്ണീരോടെ, തല താഴ്ത്തി, തിരിഞ്ഞുനടന്നു.
എന്നാല്‍, മിശിഹ പോരാടാനുറച്ചവനായിരുന്നു. താൻ വീണാലും ഒപ്പമുള്ളവർ പൊരുതുമെന്ന പൂർണവിശ്വാസത്തിൽ അയാൾ യാത്ര തുടർന്നു. നെതർലെൻഡ്‌സുമായുള്ള ക്വാർട്ടർ ഫൈനലിൽ മെസ്സിയെന്ന പച്ചമനുഷ്യനേയും ലോകം കണ്ടു. ഗോളടിച്ചാൽ പ്രതികാരദേവനെപ്പോലെ, ക്രുദ്ധനായി എതിരാളിയെ അപഹസിക്കുന്ന നായകനായി. ഒരുവേള ഫുട്‌ബോൾ പോലും അയാളിൽനിന്ന് മാറിനിന്ന് ശത്രുവിനോടു കണക്കു തീർക്കുന്ന സൈനികമുറയും കണ്ടു.

അര്‍ജന്റീന-ക്രൊയേഷ്യ സെമി ഫൈനല്‍ മത്സരത്തിനുശേഷം ക്രോട്ട് പ്രതിരോധനിരക്കാരന്‍ ജോസ്‌കോ ഗ്വാര്‍ഡിയോള്‍ മെസ്സിയെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്:
'ഞങ്ങള്‍ തോറ്റെങ്കിലും അയാള്‍ക്കെതിരേ കളിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. വലിയ അനുഭവമാണത്. ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനെതിരേയാണ് കളിച്ചതെന്ന് ഞാനൊരു ദിവസം എന്റെ കുട്ടികളോട് പറയും. അടുത്ത തവണ അയാളെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്.'
ഏറ്റവുമൊടുവിൽ ഫ്രഞ്ച് ലീഗിൽ ലില്ലെയുമായുള്ള മത്സരത്തിൽ 95-ാം മിനിറ്റിലെ ഫ്രീകിക്ക് ഗോൾ ലോകം അടുത്ത കാലത്തൊന്നും മറക്കില്ല. പെനൽറ്റി ബോക്‌സിനു മുന്നിൽ ഒരു വശത്തായി ചേർന്നുനിന്ന പന്ത്, പതിനൊന്ന് പേർ നിരന്ന ശത്രുപാളയത്തിനുള്ളിലൂടെ കോരിയിട്ട്, അവസാനവരയും കടന്നു വലയുടെ മധ്യത്തിലേക്ക് ചേക്കേറുമ്പോൾ, ചിന്തകളിൽനിന്ന് ഒരിക്കലും മറഞ്ഞു പോവാനാവാത്ത മഹത്തായ മറ്റൊരു ഗോൾ കൂടി പിറവിയെടുത്തു.
ലോകകപ്പിന് ശേഷവും മികച്ച ഫോമില്‍ മെസ്സി കളി തുടരുകയാണ്. കരിയറില്‍ 700 ക്ലബ്ബ് ഗോളുകളെന്ന നാഴികക്കല്ലും പിന്നിട്ടു. ഇപ്പോഴിതാ രണ്ടാം വട്ടവും ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കി മെസ്സി തന്റെ ആധിപത്യം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. പിഎസ്ജിക്ക് ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കാന്‍ മെസ്സിക്ക് സാധിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
എന്നാല്‍, എല്ലാ താരതമ്യങ്ങളേയും അപ്രസക്തമാക്കിക്കൊണ്ടാണ് റൊണാള്‍ഡോ യൂറോപ്പ് വിട്ട് സൗദിയിലേക്ക് കൂടുമാറിയത്. അതും ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയ്ക്ക്. തുടക്കം പതറിയെങ്കിലും സൗദിയില്‍ റൊണാള്‍ഡോയുടെ ഗോളടിമേളത്തിന് തുടക്കമായിക്കഴിഞ്ഞു. അവിടെ റോണോ പുതുചരിത്രമെഴുതുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സൗദിയും കീഴടക്കുകയാണ്. പക്ഷേ, ആ കണക്കുമായി മെസ്സിയുമായി താരതമ്യത്തിന് വരുന്നവര്‍ ഇപ്പോഴുമുണ്ട്. അവര്‍ക്കുള്ള മറുപടിയും പഴയതുതന്നെയാണ്.
'The GOAT debate is settled. The ultimate prize is now part of the collection. The legacy is complete.'
Content Highlights: messi and ronaldo goat debate is over
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..