നിര്‍ണായക സമയത്ത് ഫോമിലേക്കുയരാന്‍ സാധിക്കുന്ന വളരെ കുറച്ച് ക്രിക്കറ്റ് താരങ്ങളേയുള്ളൂ. അതില്‍ തന്നെ പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫോമിലേക്കുയരുന്നവര്‍ വളരെ ചുരുക്കം. ആ ഗണത്തിലേക്ക് പുതുതായി എഴുതിച്ചേര്‍ക്കേണ്ട പേരാണ് ശാര്‍ദുല്‍ ഠാക്കൂറിന്റെത്. വേണ്ട സമയത്ത് കൃത്യമായി ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങാന്‍ സാധിക്കുന്നു എന്നതാണ് ഈ താരത്തെ വ്യത്യസ്തനാക്കുന്നത്. 

ബൗളര്‍ എന്ന പേരില്‍ മാത്രം ഒതുങ്ങാന്‍ ആഗ്രഹിക്കാത്ത ശാര്‍ദുല്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും എതിരാളികളുടെ പേടിസ്വപ്‌നമാകുന്നു. ശാര്‍ദുലിനെ ടെസ്റ്റ് ടീമിലെടുത്തതില്‍ മുഖം കറുപ്പിച്ചവര്‍ക്കെതിരേയുള്ള താരത്തിന്റെ പ്രതികാരമാണ് ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും നിറഞ്ഞാടിയ ശാര്‍ദുല്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചു. 

പരിക്കില്‍ നിന്നും മുക്തനായ ശാര്‍ദുല്‍ ഇഷാന്ത് ശര്‍മയ്ക്ക് പകരമായാണ് ടീമില്‍ ഇടം നേടിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായി നടന്ന പരമ്പരയില്‍ ശാര്‍ദുലിന്റെ അവിശ്വസനീയ പ്രകടനം കണ്ട് വിസ്മയിച്ച ഇന്ത്യന്‍ ആരാധകര്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ താരം വിജയം കൊണ്ടുവരുമെന്ന് വിശ്വസിച്ചു. ആ വിശ്വാസമാണ് ശാര്‍ദുല്‍ ഇന്ന് കാത്തുസൂക്ഷിച്ചത്. 

നാലാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ വിറപ്പിച്ചു. രോഹിതും രാഹുലും പൂജാരയും രഹാനെയും പന്തുമെല്ലാം വലിയ സ്‌കോര്‍ കണ്ടെത്താതെ മടങ്ങിയപ്പോള്‍ നായകന്‍ വിരാട് കോലി മാത്രം അര്‍ധസെഞ്ചുറിയുമായി പിടിച്ചുനിന്നു. ഒടുവില്‍ കോലിയും കളം വിട്ടതോടെ ഇന്ത്യ പ്രതിരോധത്തിലായി. ടീം സ്‌കോര്‍ 150 പോലും കടക്കില്ലെന്ന തോന്നലുണ്ടായി. 

അപ്പോഴാണ് ശാര്‍ദുല്‍ ക്രീസിലേക്കെത്തിയത്. ഇംഗ്ലീഷ് ബൗളര്‍മാരുടെ തീതുപ്പുന്ന പന്തുകളെ അനായാസം നേരിട്ട താരം ട്വന്റി 20 കളിക്കുന്ന ലാഘവത്തോടെ അടിച്ചുതകര്‍ക്കാന്‍ തുടങ്ങി. വെറും 36 പന്തുകളില്‍ നിന്നും ഏഴ് ബൗണ്ടറികളുടെയും മൂന്ന് സിക്‌സുകളുടെയും സഹായത്തോടെ ശാര്‍ദുല്‍ 57 റണ്‍സെടുത്തു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായി താരം മാറി. ഇന്ത്യന്‍ സ്‌കോര്‍ 191-ല്‍ എത്തിച്ചതും താരത്തിന്റെ മികവാണ്. 

പിന്നീട് പന്തുകൊണ്ടും ശാര്‍ദുല്‍ നിര്‍ണായക സാന്നിധ്യമായി. ആദ്യം ഇംഗ്ലണ്ടിനെ ഇന്ത്യ വരിഞ്ഞുമുറുക്കിയെങ്കിലും പിന്നീട് കളിയില്‍ ആതിഥേയര്‍ ആധിപത്യം പുലര്‍ത്തിയതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ പതറി. 81 റണ്‍സെടുത്ത് ഇംഗ്ലണ്ടിന്റെ നെടുംതൂണായി മാറിയ ഒലി പോപ്പാണ് ഇന്ത്യന്‍ ബൗളര്‍മാരെ തളര്‍ത്തിയത്. എന്നാല്‍ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന താരത്തിന്റെ വിക്കറ്റെടുത്ത് നിര്‍ണായക സമയത്ത് ശാര്‍ദുല്‍ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 99 റണ്‍സിന്റെ ലീഡാണെടുത്തത്. 

രണ്ടാം ഇന്നിങ്‌സില്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചു. പൂജാരയും കോലിയുമെല്ലാം മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ വലിയൊരു ലീഡിലേക്ക് ഇന്ത്യ കടക്കുമെന്ന് ആരും കരുതിയില്ല. എന്നാല്‍ ഏഴാം വിക്കറ്റില്‍ ഋഷഭ് പന്തിനൊപ്പം ബാറ്റിങ് ആരംഭിച്ച ശാര്‍ദുല്‍ രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയ്ക്ക് വേണ്ടി അര്‍ധസെഞ്ചുറി കുറിച്ചു. പന്തിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശാര്‍ദുല്‍ 60 റണ്‍സ് നേടിയാണ് പുറത്തായത്. ഈ കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ 400 കടത്തിയത്.

ഇന്ത്യ 466 റണ്‍സ് നേടിയതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 368 ആയി. എന്നാല്‍ ഈ ലക്ഷ്യത്തിലേക്ക് ഇംഗ്ലണ്ട് അനായാസം ബാറ്റിങ് ആരംഭിച്ചു. ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയപ്പോള്‍ ഇന്ത്യ വിജയം കൈവിടുമെന്ന് തോന്നിച്ചു. അപ്പോഴാണ് ശാര്‍ദുല്‍ ഇന്ത്യയുടെ രക്ഷകനായി അവതരിച്ചത്.

അര്‍ധസെഞ്ചുറിയുമായി കുതിക്കുകയായിരുന്ന റോറി ബേണ്‍സിനെ പുറത്താക്കി ശാര്‍ദുല്‍ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. അതിനുശേഷം ഒരറ്റത്ത് നിലയുറപ്പിച്ച അപകടകാരിയായ നായകന്‍ ജോ റൂട്ടിനെയും താരം മടക്കി. ഇതോടെ ഇന്ത്യ വിജയം മണത്തു. ഒറ്റയ്ക്ക് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ള റൂട്ടിന്റെ വിക്കറ്റ് വീഴ്ത്തുക എന്നത് ഇന്ത്യയ്ക്ക് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. അതുപോലെ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ക്കുക എന്നതും ഇന്ത്യയ്ക്ക് വെല്ലുവിളിയായി. ഇതുരണ്ടും ശാര്‍ദുല്‍ ഭംഗിയായി നിര്‍വഹിച്ചതോടെ താരം ഇന്ത്യയുടെ വീരനായകനായി മാറി. 

ഇംഗ്ലണ്ടിലെ മികച്ച പ്രകടനത്തോടെ ശാര്‍ദുലിന് ആരാധകര്‍ ഒരു പേരിട്ടിട്ടുണ്ട്. 'ലോര്‍ഡ് ശാര്‍ദുല്‍'. ആ പേര് അന്വര്‍ഥമാക്കുന്ന പ്രകടനമാണ് താരം ഇംഗ്ലണ്ടിനെതിരേ പുറത്തെടുത്തത്. അഞ്ചാം ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുത്ത് ശാര്‍ദുല്‍ ഇന്ത്യയ്ക്ക് പരമ്പര നേടിത്തരുമെന്നുതന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്. 

Content Highlights:Meme Fest On Twitter As 'Lord' Shardul Thakur Shines With The Bat and Ball Again