'നിങ്ങള്‍ എന്താണ് മേഗനെ കുറിച്ച് ധരിച്ചുവെച്ചിരിക്കുന്നത്? നിങ്ങള്‍ക്ക് ഒരിക്കലും ആ പെണ്‍കുട്ടിയെ പിടിച്ചുലക്കാന്‍ കഴിയില്ല. അവള്‍ ലോകകപ്പ് നേടും, അത് മറ്റാരേക്കാളും നന്നായി അവള്‍ക്ക് തന്നെ അറിയാം. അവള്‍ ആര്‍ക്കു മുന്നിലും തല കുനിക്കില്ല, ആരോടും മാപ്പ് പറയുകയുമില്ല, അതിപ്പോള്‍ അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണെങ്കില്‍ പോലും...'  അമേരിക്കയുടെ വനിതാ ഫുട്ബോള്‍ താരം മേഗന്‍ റാപ്പിനോയെ കുറിച്ച് ദി പ്ലയേഴ്സ് ട്രിബ്യൂണില്‍ ജീവിത പങ്കാളിയും ബാസ്‌ക്കറ്റ് ബോള്‍ താരവുമായ സ്യൂ ബേഡ് എഴുതിയ വാക്കുകളാണിത്. 'ആദ്യം ലോകകപ്പ് നേടൂ, എന്നിട്ടു സംസാരിക്കാം' എന്ന ട്രംപിന്റെ ട്വീറ്റിനുള്ള മറുപടിയായിരുന്നു സ്യൂ ബേഡിന്റെ ഈ കുറിപ്പ്. രണ്ടു വര്‍ഷത്തോളമായി മേഗനെ പ്രണയിക്കുന്ന സ്യൂ ബേഡിന്റെ വാക്കുകള്‍ എവിടേയും പിഴച്ചില്ല. ലിയോണിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ മേഗന്‍ സൂര്യനെപ്പോല ഉദിച്ചുയര്‍ന്നു. അമേരിക്കയുടെ വനിതാ ടീം ലോകകപ്പ് കിരീടം വാനിലേക്കുയര്‍ത്തിയപ്പോള്‍ മേഗന്റെ വലതു കൈയില്‍ സുവര്‍ണ പാദുകവും ഇടതു കൈയില്‍ സുവര്‍ണ പന്തുമുണ്ടായിരുന്നു.

ഫൈനലിലെ പെനാല്‍റ്റിയടക്കം മേഗന്‍ ടൂര്‍ണമെന്റില്‍ നേടിയത് ആറു ഗോളുകള്‍. വഴിയൊരുക്കിയത് മൂന്നു ഗോളുകള്‍ക്ക്. ആറു ഗോളുമായി സഹതാരം അലെക്സ് മോര്‍ഗന്‍ ഗോള്‍ഡന്‍ ബൂട്ടിനായി മേഗനൊപ്പം മത്സരിച്ചെങ്കിലും ഓരോ ഗോള്‍ നേടാനുമെടുത്ത സമയത്തില്‍ മുപ്പത്തിനാലുകാരിയെ പിന്നിലാക്കാനായില്ല. ഒപ്പം ഫൈനലിലെ  പെനാല്‍റ്റി ഗോള്‍ ചരിത്രത്തിന്റെ വലയിലാണ് ചെന്നുവീണത്. വനിതാ ലോകകപ്പ് ഫൈനലിലെ ആദ്യ പെനാല്‍റ്റി ഗോളായിരുന്നു അത്. തായ്ലന്‍ഡിനെതിരേ തുടങ്ങിയ ഗോള്‍വേട്ട സ്പെയ്നിനെതിരേ രണ്ടു പെനാല്‍റ്റി ഗോളിലെത്തി. പിന്നീട് ക്വാര്‍ട്ടറില്‍ അമേരിക്ക ഫ്രാന്‍സിനെ  തോല്‍പ്പിച്ചപ്പോള്‍ രണ്ടു ഗോളും വന്നത് മേഗന്റെ ബൂട്ടില്‍ നിന്ന്. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ കൂടി മേഗന്‍ കളിച്ചിരുന്നെങ്കില്‍ ഗോളിന്റെ എണ്ണം ഇനിയും കൂടുമായിരുന്നു. 

കിരീടനേട്ടത്തിന് ശേഷം മാധ്യമങ്ങള്‍ മേഗനെ വളഞ്ഞു. ട്രംപിനെതിരെ വാളെടുത്തതിനെ കുറിച്ച് അറിയാനുള്ള ആകാംക്ഷയായിരുന്നു അതിന് പിന്നില്‍. അവരോട് മേഗന്‍ പറഞ്ഞത് ഇങ്ങനെ.. 'അഭിമാനം കൈമുതലായുള്ള, ആര്‍ക്കു തോല്‍പ്പിക്കാനാകാത്ത, ധിക്കാരികളായ ഒരു കൂട്ടം സ്ത്രീകളാണ് ഞങ്ങള്‍. അതു തന്നെയാണ് ഈ കിരീടത്തിലേക്ക് നയിച്ചതും. ഗ്രൗണ്ടിനുള്ളില്‍ പോരാടാനും ആസ്വദിച്ച് കളിക്കാനും ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ അല്‍പം കിറുക്കുള്ളവരാണ്, അതു തന്നെയാണ് ഈ ടീമിന്റെ പ്രത്യേകയും'. ടീമെന്ന നിലയിലുള്ള ഈ ഒത്തൊരുമ തന്നെയാണ് വിജയാഘോഷങ്ങള്‍ക്കിടെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ മുഴങ്ങിക്കേട്ടത്. അമേരിക്കയുടെ പുരുഷ ഫുട്ബോള്‍ ടീമിന് കിട്ടുന്ന അതേ പ്രതിഫലം ഞങ്ങള്‍ക്കും തരണമെന്നായിരുന്നു അത്. നാലാം തവണയും ലോകകപ്പ് അമേരിക്കയിലെത്തിച്ച ഞങ്ങള്‍ ഇതിന് അര്‍ഹരല്ലെങ്കില്‍ പിന്നെ ആരാണ് അര്‍ഹരെന്നും ടീമൊന്നാകെ ചോദിക്കുന്നു. മേഗന്റെ നേതൃത്വത്തില്‍ ഒരേ പ്രതിഫലത്തിനായി അമേരിക്കന്‍ വനിതാ ടീം പോരാടാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. 

സ്പെയ്നിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷം മേഗന്‍ നടത്തിയ പ്രസ്താവന അമേരിക്കയില്‍ ചര്‍ച്ചാ വിഷയമായി. ലോകകപ്പ് നേടിയാല്‍ വൈറ്റ് ഹൗസ് സന്ദര്‍ശിക്കില്ലെന്ന് മേഗന്‍ അറുത്തുമുറിച്ചു പറഞ്ഞു. വംശവെറിക്കും പോലീസ് അതിക്രമത്തിനുമെതിരേ, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള ട്രംപിന്റെ സമീപനത്തെതിരെ ആയിരുന്നു മേഗന്റെ ആ ധീരമായ നിലപാട്. ട്രംപിന്റെ മുഖത്തേറ്റ അടിയായിരുന്നു അത്. രാജ്യത്തോട് അനാദരവ് കാണിക്കരുതെന്നും കളിക്കുമ്പോള്‍ ധരിക്കാറുള്ള ജഴ്സിയെ ബഹുമാനിക്കണമെന്നുമായിരുന്നു ട്രംപിന്റെ മറുപടി. കിരീടം നേടിയിട്ട് സംസാരിച്ചാല്‍ മതിയെന്നും ട്രംപ് വെല്ലുവിളിച്ചു. അതൊന്നും മേഗന്റെ മുട്ടുവിറപ്പിച്ചില്ല. തന്റെ രണ്ടാം ലോകകപ്പ് കിരീടവുമായി മേഗന്‍ ട്രംപിന്റെ വാ അടപ്പിച്ചു.

ടൂര്‍ണമെന്റ് തുടങ്ങുമ്പോള്‍ തന്നെ മേഗനും ടീമും തങ്ങളുടെ നയം വ്യക്തമാക്കിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ തായ്ലന്‍ഡിനെ 13 ഗോളിന് തകര്‍ത്തതിന് പിന്നാലെ അമേരിക്കന്‍ താരങ്ങളുടെ വിജയാഘോഷം ഏറെ ചര്‍ച്ചയായി. ആഘോഷം ഇങ്ങനെ അതിരുകടക്കാമോ എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്ന ചോദ്യം. അന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ തന്നെ മേഗന്‍ അതിനുള്ള മറുപടി നല്‍കി. 'ഞങ്ങള്‍ സ്ത്രീകളാണെന്ന് കരുതി ആഘോഷം കുറക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്. ഈ ഇരട്ടത്താപ്പ് അമേരിക്കന്‍ വനിതാ ടീമിന് മുന്നില്‍ ഇറക്കാന്‍ നോക്കണ്ട. ഞങ്ങളുടെ സ്വാതന്ത്ര്യത്തിന് അനുസരിച്ച്, ഞങ്ങളുടെ ഇഷ്ടം പോലെ ആഘോഷിക്കും. ആരാണ് ഇത് ചോദിക്കാന്‍ വരുന്നത്.' അന്ന് സോഷ്യല്‍ മീഡിയയില്‍ മേഗനെ പരിഹസിച്ചവര്‍ ഇന്ന് എഴുതുന്നത് ഇങ്ങനെയാണ്. 'ഇരുകൈയും ഇരുവശത്തേക്കും വിടര്‍ത്തി വിജയഭാവത്തോടെ നില്‍ക്കുന്ന ആ പിങ്ക് മുടിക്കാരിയാണ് ഇനി അമേരിക്കയുടെ പ്രസിഡന്റ്'.

Content Highlights: Megan Rapinoe proved all of her haters wrong with one of the most brilliant performances in World Cup history