വീട്ടുകാരെ ചുറ്റിപ്പറ്റി നിറമുള്ള ഒരുപാട് സ്വപ്നങ്ങള്‍ കണ്ടുനടന്ന ഒരു സാധാരണ പെണ്‍കുട്ടി. വയര്‍ലെസ് കമ്മ്യൂണിക്കേഷനോടുമുള്ള താല്‍പ്പര്യത്താല്‍ എന്‍ജീനീയറിങ് പഠനം തിരഞ്ഞെടുത്തയാള്‍. അങ്ങനെ ഒരുപാട് സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയ ആ 22-കാരിക്കുമേല്‍ വിധി കരിനിഴല്‍ വീഴ്ത്തുന്നത് 2011 ഡിസംബര്‍ രണ്ടിനായിരുന്നു.
രാവിലെ ഒമ്പതു മണി കഴിഞ്ഞ് എന്നത്തേയും പോലെ തന്റെ ഇരുചക്ര വാഹനത്തില്‍ ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു അവള്‍. റോഡില്‍ തിരക്കുള്ള സമയവും. പാഞ്ഞെത്തിയ ഒരു ചരക്കുലോറിയുടെ രൂപത്തില്‍ വിധി അവളുടെ ജീവിതത്തില്‍ വില്ലനായി. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ അവളുടെ ഇടതുകാലിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങിപ്പോയി. കൈ ഒടിയുകയും ചെയ്തു.
ഇടതുകാലിനേറ്റ പരിക്ക് ഗുരുതരമായിരുന്നു. ധാരാളം രക്തവും നഷ്ടപ്പെട്ടിരുന്നു. അവളുടെ കാല്‍ രക്ഷിച്ചെടുക്കാന്‍ ഡോക്ടര്‍മാര്‍ ആവുന്നതെല്ലാം ചെയ്തു. പക്ഷേ അണുബാധ കാരണം ഡോക്ടര്‍മാര്‍ക്ക് അവളുടെ ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നു. അതിനായി അവളുടെ സമ്മതം വാങ്ങാനെത്തിയ ഡോക്ടര്‍മാരോട് അവള്‍ ചോദിച്ചത് 'എന്തിനായിരുന്നു ഇത് ഇത്ര താമസിപ്പിച്ചതെന്നായിരുന്നു'. കാരണം തന്റെ കാല്‍ നഷ്ടപ്പെടുമെന്ന് ആ പെണ്‍കുട്ടിക്ക് അറിയാമായിരുന്നു. അവളത് തന്റെ മനസിനെ പറഞ്ഞ് മനസിലാക്കിയിരുന്നു.
അന്ന് തന്റെ 22-ാം വയസില്‍ ഇടതുകാല്‍ നഷ്ടപ്പെട്ട ആ പെണ്‍കുട്ടിയെ ഇന്ന് നമ്മളറിയും. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം സ്വന്തമാക്കിയ പി.വി സിന്ധുവിനെ ആഘോഷിക്കുന്നതിനിടെ മാധ്യമങ്ങള്‍ മറന്നുപോയ ഒരാള്‍. ഇന്ത്യയുടെ പാരാ ബാഡ്മിന്റണ്‍ താരം മാനസി ഗിരീഷ്ചന്ദ്ര ജോഷി.
ഇക്കഴിഞ്ഞ ഞായറാഴ്ച ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം നൊസോമി ഒക്കുഹാരയെ തോല്‍പ്പിച്ച് സിന്ധു സുവര്‍ണനേട്ടമണിയുന്നതിന് ഒരു ദിവസം മുന്‍പ് 30-കാരിയായ മാനസി പാരാ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്കായി തന്റെ ആദ്യ സ്വര്‍ണം സ്വന്തമാക്കി ചരിത്രമെഴുതിയിരുന്നു. നീണ്ട നാളത്തെ മാനസിയുടെ സ്വപ്നം യാഥാര്‍ഥ്യമാകുകയായിരുന്നു അവിടെ. ശനിയാഴ്ച നടന്ന വനിതാ സിംഗിള്‍സ് എസ്.എല്‍ 3 ഫൈനലില്‍ ഇന്ത്യയുടെ തന്നെ പാരുള്‍ പാര്‍മറിനെ പരാജയപ്പെടുത്തിയായിരുന്നു മാനസിയുടെ കിരീടനേട്ടം. മാനസിക്കൊപ്പം പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പാരാ ബാഡ്മിന്റണ്‍ താരങ്ങളെല്ലാം കൂടി നേടിയത് 12 മെഡലുകളാണ്.
മൂന്നു തവണ ലോക ചാമ്പ്യനായ 46-കാരിയായ പാര്‍മറിനെതിരേ കരിയറില്‍ മാനസിയുടെ ആദ്യ വിജയമായിരുന്നു ഇത്. 2-7 എന്ന സ്‌കോറിന് ആദ്യ ഗെയിമില്‍ പിന്നിലായ ശേഷം അവിശ്വസനീയമായി തിരിച്ചുവന്ന മാനസി 21-12 എന്ന സ്‌കോറിന് ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ പാര്‍മറിനെതിരേ ആധിപത്യം പുലര്‍ത്തിയ താരം 21-7 ന് ഗെയിം സ്വന്തമാക്കി കിരീടമണിയുകയായിരുന്നു. രണ്ടാം ഗെയിമില്‍ തുടര്‍ച്ചയായി ഒമ്പത് പോയന്റുകള്‍ സ്വന്തമാക്കിയായിരുന്നു മാനസിയുടെ സ്വര്‍ണ നേട്ടം.
ആറാം വയസുമുതല്‍ ബാഡ്മിന്റണോട് കൂട്ടുകൂടിയ ആളാണ് മാനസി. അച്ഛനൊപ്പമായിരുന്നു അക്കാലത്തെ കളി. പിന്നീട് ബാഡ്മിന്റണ്‍ അവളുടെ ജീവിതത്തിന്റെ ഭാഗമായി. ജില്ലാതലത്തില്‍ മത്സരങ്ങളില്‍ പങ്കെടുത്തു തുടങ്ങി.
'' ഞാനന്ന് വളരെ ചെറുതാണ്. ബാഡ്മിന്റണ്‍ കളിക്കേണ്ടത് എങ്ങനെയെന്ന് അച്ഛന്‍ എന്നെ പഠിപ്പിക്കുമ്പോള്‍ എനിക്ക് ആറു വയസാണ്. അന്ന് ഞങ്ങളുടെ പക്കല്‍ ഒരു റാക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്, അതും പഴയത്. അച്ഛന്‍ ഷട്ടില്‍ എറിഞ്ഞുതരികയായിരുന്നു. അന്ന് റാക്കറ്റിനേക്കാള്‍ ചെറുതായിരുന്ന ഞാന്‍ അതുവെച്ച് അടിക്കാന്‍ ശ്രമിക്കും. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ബാഡ്മിന്റണ്‍ കോച്ചിങ് ക്ലാസിനു ചേരുന്നത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല''
അന്നത്തെ ആ അപകടത്തിനു ശേഷം 2012 ഓഗസ്റ്റിലാണ് മാനസി ആദ്യ ബാഡ്മിന്റണ്‍ മത്സരം കളിക്കുന്നത്. അന്ന് അറ്റോസ് എന്ന കമ്പനിയില്‍ സീനിയര്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായിരുന്നു മാനസി. കമ്പനി ലെവലില്‍ സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പായിരുന്നു അത്.
'' അന്നത്തെ ആ മത്സരത്തിനു ശേഷം രണ്ടു കാര്യങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞു. എന്നില്‍ കഴിവുകളുണ്ടെന്നും ഒരു കാലില്ലെങ്കിലും എനിക്ക് കളിക്കാന്‍ സാധിക്കുമെന്നും. അന്ന് സി.ഇ.ഒയും സഹപ്രവര്‍ത്തകരും എന്നെ ഒരുപാട് അഭിനന്ദിച്ചു. അത് എന്നില്‍ ആത്മവിശ്വാസം വളര്‍ത്താനും സഹായിച്ചു''.
തന്റെ ജീവിതം മാറ്റിമറിച്ച ആ അപകടത്തിന്റെ പേരില്‍ അന്നത്തെ ലോറി ഡ്രൈവറെ പഴിക്കാനൊന്നും മാനസി ഒരുക്കമല്ല. ലോറി ഡ്രൈവറുടെ തെറ്റുകൊണ്ടല്ല അപകടം ഉണ്ടായതെന്ന് അവള്‍ പറയുന്നു. എന്നാല്‍ തനിക്കുണ്ടായ അപകടത്തില്‍ ആരെയും കുറ്റപ്പെടുത്താതിരിക്കുന്നില്ല മാനസി. തിരക്കേറിയ ആ ജങ്ഷനിലെ ട്രാഫിക് സിഗ്നല്‍ ഒരാഴ്ചയോളമായി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് മാനസി ഓര്‍ക്കുന്നു. അത്രയും തിരക്കേറിയ ഒരു ജങ്ഷനിലെ ട്രാഫിക് സിഗ്നല്‍ എങ്ങനെയാണ് ഒരാഴ്ചയോളം പ്രവര്‍ത്തിക്കാതിരിക്കുകയെന്നാണ് അവളുടെ ചോദ്യം. പ്രത്യേകിച്ചും ഇതുകാരണം നിരവധി അപകടങ്ങള്‍ അവിടെ സംഭവിച്ച സാഹചര്യത്തില്‍.
ആ അപകടത്തെ കുറിച്ച് മാനസി ഓര്‍ക്കുന്നത് ഇങ്ങനെ; '' എന്റെ ചുറ്റും ആളുകള്‍ കൂടിനില്‍ക്കുകയായിരുന്നു. എല്ലാവര്‍ക്കും സഹായിക്കണമെന്നുണ്ടായിരുന്നു, പക്ഷേ എങ്ങനെയെന്ന് അറിയാമായിരുന്നില്ല. എനിക്ക് അപ്പോള്‍ ബോധമുണ്ടായിരുന്നു. എന്റെ കൈ ഒടിഞ്ഞിരിക്കുന്നതും കാല്‍ ചതഞ്ഞരഞ്ഞിരിക്കുന്നതും ഞാന്‍ കണ്ടു. എന്നെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണമെന്ന് ഞാന്‍ അലറുകയായിരുന്നു. എന്നാല്‍ അരമണിക്കൂര്‍ പിന്നിട്ടിട്ടും ഒരു ആംബുലന്‍സ് പോലും ആ വഴി വന്നില്ല. ഒടുവില്‍ ഞാന്‍ തന്നെ എന്റെ ഫോണെടുത്ത് വീട്ടില്‍ വിളിച്ച് സഹായം ചോദിക്കുകവരെ ചെയ്തു''.
ഒടുവില്‍ ആ വഴി ബസില്‍ പോയ ഒരു പെണ്‍കുട്ടിയുടെ കണ്ണിലാണ് മാനസി തന്റെ ജീവിതത്തിന്റെ വെളിച്ചം കണ്ടത്. അപകടം കണ്ട് ഉടന്‍ ചാടിയിറങ്ങിയ ആ പെണ്‍കുട്ടി ആശുപത്രികളിലേക്കും എമര്‍ജന്‍സി സര്‍വീസുകളിലേക്കും തുരുതുരാ വിളിച്ചു. മാത്രമല്ല അതുവഴി കടന്നു പോയ വാഹനങ്ങള്‍ക്കൊക്കെ കൈകാണിച്ച് ആ പെണ്‍കുട്ടി സഹായം അഭ്യര്‍ഥിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കാര്‍ വൃത്തികേടാകുമെന്നുകാരണത്താല്‍ അവരാരും നിര്‍ത്തിയില്ല. പിന്നീട് ബൈക്കില്‍ അതുവഴിയെത്തിയ ഒരാളാണ് സഹായത്തിനെത്തിയത്.
റോഡില്‍ കിടന്നതിനേക്കാള്‍ യാതനയായിരുന്നു പിന്നീട് ആശുപത്രിയിലെത്തിയപ്പോള്‍. ആശുപത്രിയിലെത്തിച്ചപ്പോള്‍ ലഭിക്കേണ്ട പ്രാഥമിക ചികിത്സപോലും മാനസിക്ക് ലഭിച്ചില്ല. ഇത്തരം അപകടങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിചയമുള്ള സര്‍ജന്‍ അവിടെയില്ലായിരുന്നുവെന്നതായിരുന്നു കാരണം. എന്നാല്‍ മാനസിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുള്ള സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സും അവിടെയുണ്ടായിരുന്നില്ല.
മൂന്നു മണിക്കൂറോളം മാനസി അവിടെ ആ കിടപ്പ് കിടന്നു. ഇതിനിടയ്ക്ക് മൂന്നു ആംബുലന്‍സുകള്‍ അവിടെ വന്നുപോയി, ഒന്നിലേക്കും മാനസിക്ക് വിളിയെത്തിയില്ല. ഒടുവില്‍ ഒരു ഒമ്‌നി വാനനിലാണ് മാനസിയെ, സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നത്. ആ അഞ്ച് അടി എട്ട് ഇഞ്ചുകാരിയെ പിന്‍ ഡോര്‍ തുറന്നുവെച്ചാണ് കൊണ്ടുപോയത്. രാവിലെ അപകടത്തില്‍പ്പെട്ട മാനസിയെ ശസ്ത്രക്രിയക്ക് വിധേയയാക്കുന്നത് വൈകീട്ട് 6.30-നായിരുന്നു. അപ്പോഴേക്കും അവളുടെ രക്തധമനികള്‍ ചുരുങ്ങി കാര്യങ്ങള്‍ സങ്കീര്‍ണമായിത്തീര്‍ന്നിരുന്നു. 12 മണിക്കൂര്‍ നീണ്ടതായിരുന്നു ശസ്ത്രക്രിയ. ഇടതുകാലിന്റെ സ്ഥിതി അപ്പോഴേക്കും തീര്‍ത്തും വഷളായിരുന്നു. അണുബാധ കാരണം ഡോക്ടര്‍മാര്‍ക്ക് ആ കാല്‍ മുറിച്ചു മാറ്റേണ്ടി വന്നു.
പിന്നീട് കൃത്രിമ കാലിനെ (prosthetic leg) കുറിച്ചാണ് താന്‍ ചിന്തിച്ചതെന്ന് മാനസി പറയുന്നു. '' ഐ.സി.യുവില്‍ കിടക്കുമ്പോള്‍ ഞാന്‍ ഡോക്ടറോട് പറഞ്ഞത് ഓര്‍ക്കുന്നു, എനിക്കൊരു മൈക്രോപ്രോസസറുള്ള കൃത്രിമ കാല്‍ വേണമെന്ന്. എന്നാല്‍ പിന്നീടാണ് മൈക്രോപ്രോസസറുള്ള കൃത്രിമ കാലിന്റെ ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നതല്ലെന്ന് ഞാന്‍ തിരിച്ചറിയുന്നത്. അന്ന് 22 ലക്ഷമായിരുന്നു അതിന്റെ വില. മാത്രമല്ല ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും അത് മാറ്റിവെയ്ക്കണം. ഒരു മിഡില്‍ ക്ലാസ് ഫാമിലിയായിരുന്നു എന്റേത്. അച്ഛന്‍ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചയാളായിരുന്നു. എനിക്കാണെങ്കില്‍ ഒരു സാധാരണ കമ്പനിയിലെ ജോലി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ ചെലവ് ഞങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്നാല്‍ എന്തുകൊണ്ടോ കാര്യങ്ങള്‍ എനിക്ക് അനുകൂലമായി. ഇന്‍ഷുറന്‍സ് തുക ലഭിച്ചു. അച്ഛന്‍ അദ്ദേഹത്തിന്റെ സമ്പാദ്യമെല്ലാം ചേര്‍ത്തുവെച്ചു. ഞാന്‍ ജോലി ചെയ്ത കമ്പനിയും സഹായിച്ചു. നിരവധി ആളുകളും സംഘടനകളും സഹായത്തിനെത്തി. അങ്ങനെ ഞാന്‍ ഒടുവില്‍ എന്റെ രണ്ടു കാലില്‍ എണീറ്റു നിന്നു''.
കൃത്രിമ കാല്‍ പിടിപ്പിച്ച ശേഷം മുംബൈയിലെ ഒരു റീഹാബിലിറ്റേഷന്‍ ക്ലിനിക്കിലായിരുന്നു മാനസി ഫിസിയോ തെറാപ്പിക്ക് വിധേയയായിരുന്നത്. കൃത്രിമ കാല്‍ ലഭിച്ച ശേഷവും ക്രച്ചസിന്റെ സഹായത്തോടെയാണ് എട്ടു മാസത്തോളം നടന്നത്. പതിയെ ഇനി ബാഡ്മിന്റണ്‍ കളിക്കാന്‍ സാധിക്കുമോ എന്ന ചിന്ത അവളിലേക്കു വന്നു. പിന്നീട് അതിനുളള ശ്രമം ആരംഭിച്ചു. കൃത്രിമ കാലില്‍ നടക്കാന്‍ തന്നെ ബുദ്ധിമുണ്ടായിരുന്നെങ്കിലും മനസിലുള്ള ആഗ്രഹം കൊണ്ട് മാനസി അതിനായി പരിശ്രമിച്ചു തുടങ്ങി. തന്റെ ആഗ്രഹം മനസിലാക്കിയ സഹോദരനാണ് മാനസിയെ വീണ്ടും ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്ക് കൊണ്ടുപോകുന്നത്. ആ അപകടത്തിനു ശേഷം അന്ന് ആദ്യമായി മാനസി റാക്കറ്റ് പിടിച്ചു.
അങ്ങനെ 2012 ഓഗസ്റ്റില്‍ മാനസി ആദ്യ ബാഡ്മിന്റണ്‍ മത്സരം കളിച്ചു. താന്‍ ജോലി ചെയ്തിരുന്ന അറ്റോസ് കമ്പനി പങ്കെടുത്ത ഇന്റര്‍ കമ്പനി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പായിരുന്നു അത്. ചാമ്പ്യന്‍ഷിപ്പ് ജയിച്ചാണ് തന്റെ തിരിച്ചുവരവ് മാനസി ആഘോഷിച്ചത്.
''ആ സമയത്ത് എനിക്ക് നിരവധി അംഗപരിമിതരായ സുഹൃത്തുക്കളെ എനിക്ക് ലഭിച്ചു. അതിലൊരാളായിരുന്നു നീരജ് ജോര്‍ജ്. ഇന്റര്‍നാഷണല്‍ പാരാ ബാഡ്മിന്റണ്‍ കളിക്കാരനുമായിരുന്നു അദ്ദേഹമാണ് ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്''.
2014 ജൂണില്‍ മാനസി ഫിറ്റനസ് വീണ്ടെടുക്കാനുള്ള പരീശീലനം ആരംഭിച്ചു. ഭാരപരിശീലനവും നടത്തവും സ്ഥിരമാക്കി. 2014 ഓഗസ്റ്റില്‍ ഏഷ്യന്‍ ഗെയിംസ് സെലക്ഷന്‍ ട്രയല്‍സില്‍ മഹാരാഷ്ട്രയെ പ്രതിനിധീകരിക്കാന്‍ മാനസിക്ക് സാധിച്ചു. എന്നാല്‍ സെലക്ഷന്‍ ലഭിച്ചില്ല.
എന്നാല്‍ അതൊന്നും അവളെ തളര്‍ത്തിയില്ല. 2014 ഡിസംബറില്‍ മാനസി അങ്ങനെ ആദ്യമായി തന്റെ ദേശീയ ടൂര്‍ണമെന്റ് കളിച്ചു. വെള്ളി മെഡലുമായാണ് മാനസി അന്ന് മടങ്ങിയത്. പിന്നാലെ 2015-ല്‍ നടന്ന സ്പാനിഷ് പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലും മാനസി വെള്ളി മെഡല്‍ സ്വന്തമാക്കി. അതോടെ മാനസി ഉറപ്പിച്ചു ബാഡ്മിന്റണ്‍ തന്നെ തന്റെ കരിയര്‍.
2015-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലെ മിക്‌സഡ് ഡബിള്‍സ് വിഭാഗത്തില്‍ വെള്ളി നേടിയതോടെ മാനസി ശ്രദ്ധനേടാന്‍ തുടങ്ങി. 2016-ല്‍ ഏഷ്യന്‍ പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും സ്വന്തമാക്കി. പിന്നാലെ 2017-ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സ് വിഭാഗത്തില്‍ വെങ്കലവും നേടി. ആ കുതിപ്പ് ഇന്നെത്തി നില്‍ക്കുന്നത് ലോക പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ നേട്ടത്തിലാണ്.
ഈ തിരിച്ചുവരവിനെ കുറിച്ചുള്ള ചോദ്യത്തിന് മാനസിയുടെ മറുപടി ഇതായിരുന്നു, '' അത് എളുപ്പമാണ്, ഉറപ്പായും ഒരു കാര്യം ചെയ്യണമെന്ന് നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഒരു പത്തുപേരെങ്കിലും അതിനായി നിങ്ങളെ സഹായിക്കാനെത്തും. പടിപടിയായി മുന്നോട്ടുപോകുകയാണ് വേണ്ടത്. അത് നിര്‍ത്താതിരിക്കുക. അതില്‍ തന്നെ ഫോക്കസ് ചെയ്യുക. ഫോക്കസ് കൃത്യമായാല്‍ പിന്നെയെല്ലാം എളുപ്പമാണ്''.
അവലംബം -
- https://www.thebetterindia.com/45528/para-badminton-player-manasi-joshi/
- https://yourstory.com/2018/06/answer-adversity-para-athlete-manasi-joshi-surviving-thriving-hardships
- https://www.thestatesman.com/sports/inspiring-story-para-badminton-player-manasi-joshi-1502672330.html
- https://www.thenewsminute.com/article/para-badminton-star-manasi-joshi-clinches-gold-india-world-championships-107970
Content Highlights: Meet Manasi Joshi, Para Badminton World Championships gold winner her Story