'നിങ്ങള്‍ക്ക് പരിചയമുള്ള ഒരേയൊരു ജീവിതത്തെ എങ്ങനെ വിട്ടുപോരാനാകും? കുട്ടിക്കാലം മുതലേ പരിശീലിച്ച കോര്‍ട്ടില്‍ നിന്ന് നിങ്ങള്‍ക്ക് എങ്ങനെ എന്നെന്നേക്കുമായി നടന്നകലാനാകും? ജീവിതത്തില്‍ ചിരിയും കണ്ണീരും സമ്മാനിച്ച, നിങ്ങളുടെ കുടുംബമാണെന്ന് എപ്പോഴും വിശ്വസിച്ച, 28 വര്‍ഷത്തോളം നിശ്വാസമായിരുന്ന ഒന്നിനോട് നിങ്ങള്‍ എങ്ങനെ വിടപറയും? ആദ്യമായിട്ടാണ് ഞാന്‍ ഇങ്ങനെയൊരു നിമിഷത്തിലൂടെ കടന്നുപോകുന്നത്. എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. അതുകൊണ്ട് നിങ്ങള്‍ എന്നോട് ക്ഷമിക്കണം. ടെന്നീസ്..ഞാന്‍ നിന്നോട് വിട പറയുകയാണ്.' ജീവിതത്തില്‍ ഇനിയൊരിക്കലും റാക്കറ്റെടുക്കില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവ ആരാധകര്‍ക്കായി എഴുതിയ വാക്കുകളാണിത്. വോഗ് ആന്റ് വാനിറ്റി ഫയര്‍ മാഗസിസിനിലെഴുതിയ നീണ്ട കുറിപ്പില്‍ ടെന്നീസിനോട് വിട പറയുന്ന നിമിഷത്തിലെ ഷറപ്പോവയുടെ സങ്കടം കാണാം. 

പതിനേഴാം വയസ്സില്‍ കോര്‍ട്ടിലെത്തി നീണ്ട 28 വര്‍ഷത്തിനിടയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടെന്നീസ് താരമായി വളര്‍ന്ന കഥയാണ് ഷറപ്പോവയുടേത്. എന്നാല്‍ ശുഭം എന്നെഴുതി അവസാനിക്കുന്ന ഒരു കഥയല്ല അത്. ഒരു കാലത്ത് ഒന്നാം റാങ്കുകാരിയായിരുന്ന ഷറപ്പോവ 32-ാം വയസ്സില്‍ വിരമിക്കുമ്പോള്‍ ലോകത്തെ 373-ാമത്തെ ടെന്നീസ് കളിക്കാരിയാണ്. അഞ്ചു ഗ്രാന്‍സ്ലാം കിരീടങ്ങളുണ്ടായിട്ടും, പരസ്യ വരുമാനത്തില്‍ കോടികള്‍ കീഴടക്കിയിട്ടും ഷറപ്പോവയുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞുപോയി. തോളിനേറ്റ പരിക്കും ഉത്തേജക മരുന്നുപയോഗിച്ചതിനെ തുടര്‍ന്ന് വിലക്ക് നേരിട്ടതുമെല്ലാം റഷ്യന്‍ താരത്തിന്റെ കരിയറിലെ കല്ലുകടിയായി. 

മികച്ച ബെയ്‌സ്‌ലൈന്‍ കളിക്കാരിയായ ഷറപ്പോവ, സെറീന വില്യംസിന്റെ പവര്‍ ടെന്നീസിനെ മധുരപ്പതിനേഴിന്റെ തിളക്കത്തില്‍ 2004ലെ വിംബിള്‍ഡണില്‍ തറപറ്റിച്ചതോടെയാണ് ശ്രദ്ധാകേന്ദ്രമാകുന്നത്. 2006ല്‍ അന്നത്തെ ഒന്നാം റാങ്കുകാരി ജസ്റ്റിന്‍ ഹെനിനെ തോല്‍പിച്ച് യു.എസ്.ഓപ്പണില്‍ മുത്തമിട്ടു. 2008ല്‍ അന ഇവാനോവിച്ചിനെ തോല്‍പ്പിച്ച് ഓസ്ട്രേലിയന്‍ ഓപ്പണിലും വസന്തം വിരിയിച്ചു. ഇതോടെ ഇന്റര്‍നെറ്റില്‍ ഏറ്റവുംകൂടുതല്‍ പേര്‍ തിരയുന്ന പേര് ഷറപ്പോവ എന്നായി. സപോര്‍ട്സ് ഇല്ലസ്ട്രേറ്റഡ് മാഗസിനില്‍ ബിക്കിനിയണിഞ്ഞ് ആരാധകരെ കോരിത്തരിപ്പിച്ചു. കളിക്കളത്തിലും പുറത്തും നിറസാന്നിധ്യമായതോടെ ലോകത്തെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള വനിതാ താരമായി. 

എന്നാല്‍, 2008 യു.എസ് ഓപ്പണിലും 2009 ഓസ്ട്രേലിയന്‍ ഓപ്പണിലും കളിക്കാനെത്താതിരുന്നതോടെ ആരാധകര്‍ ഷറപ്പോവ എവിടെ എന്ന അന്വേഷണം തുടങ്ങി. 2008 ജൂലായിക്കുശേഷം ഷറപ്പോവയുടെ പൊടിപോലും കണ്ടില്ല. വലതുതോളിനേറ്റ പരിക്കാണ് താരത്തെ വലച്ചത്. ഓസ്ട്രേലിയന്‍ ഓപ്പണിനുപിന്നാലെ പാരീസ് ഇന്‍ഡോര്‍ ടൂര്‍ണമെന്റില്‍നിന്നും ദുബായ് ഹാര്‍ഡ് കോര്‍ട്ട് ടെന്നീസില്‍നിന്നും പിന്മാറ്റം. മാര്‍ച്ച് രണ്ടാം വാരം കാലിഫോര്‍ണിയയില്‍നടക്കുന്ന ഇന്ത്യന്‍ വെല്‍സ് ടൂര്‍ണമെന്റിലും ഷറപ്പോവ പങ്കെടുത്തില്ല. ബെയ്ജിങ് ഒളിമ്പിക്‌സില്‍ നിന്നും താരം വിട്ടുനിന്നു. 

എന്നാല്‍ പരിക്കല്ല, മനസ്സ് കളിക്കളത്തില്‍ ഉറച്ചുനില്‍ക്കാത്തതിനാലാണ് ഷറപ്പോവ കളിക്കാനെത്താതെന്ന് കഥകളുണ്ടായി. ഇതൊന്നും വെറുതെ പറയുന്നതല്ല. ഷറപ്പോവയെ വിരല്‍ത്തുമ്പില്‍ പിടിച്ചെന്നോണം കൊണ്ടുനടന്നിരുന്ന അച്ഛന്‍ യൂറിയുടെ മനോവിഷമമറിയുന്നയാളുടെ വെളിപ്പെടുത്തലായിരുന്നു ഇതിനാധാരം. റഷ്യയുടെ മറ്റൊരു താരമായ അന ചക്വെറ്റാദ്സെയുടെ അച്ഛന്‍ ഷമാലിന്റെ അഭിപ്രായത്തില്‍ ഷറപ്പോവയ്ക്കുമേല്‍ യൂറിക്കുണ്ടായിരുന്ന നിയന്ത്രണം നഷ്ടപ്പെു. കാമുകനുവേണ്ടി എന്തും ത്യജിക്കാനൊരുങ്ങി നടക്കുകയാണ് ഷറപ്പോവ. ടെന്നീസിനേക്കാള്‍ പ്രണയത്തിന് സ്ഥാനം നല്‍കിയിരിക്കുന്നു. എന്നാല്‍ ആരാണ് കാമുകനെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. 

അമേരിക്കയുടെ റോക്ക് ബാന്‍ഡായ മെറൂണ്‍ 5 ഗായകനായ ആദം ലവിനായിരുന്നു ആദ്യ കാമുകന്‍. പിന്നീട് ടെന്നീസ് താരം ആന്‍ഡി റോഡിക്കുമായി പ്രണയത്തിലാണെന്നായി വാര്‍ത്തകള്‍. കൂട്ടുകാര്‍ മാത്രമെന്ന് ഇരുവരും പലവട്ടം ആണയിട്ടശേഷമാണ് ആ പ്രണയവാര്‍ത്ത അണഞ്ഞത്. പിന്നീട് ചാര്‍ളി എബര്‍സോളെന്ന 25കാരനുമായി ഷറപ്പോവയുടെ പേര് ചേര്‍ത്തുവായിക്കപ്പെട്ടു. ചാര്‍ളിയുമായുള്ള ബന്ധം ഷറപ്പോവ തള്ളിപ്പറഞ്ഞിട്ടില്ലെന്നു മാത്രമല്ല, ഇരുവരെയും ഒന്നിച്ച് പലവേദികളില്‍ പപ്പരാസികള്‍ കണ്ടെത്തുകയും ചെയ്തു. 

Maria Sharapova
മരിയ ഷറപ്പോവ

പക്ഷേ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. പ്രണയത്തിന്റെ ചുഴിയലകപ്പെട്ട ഷറപ്പോവ കോര്‍ട്ടിനെ മറന്നു. റാങ്കിങ്ങില്‍ പതിനാറാം സ്ഥാനത്തേക്ക് വീണു. ഇതോടെ താരത്തിന്റെ മൂല്യമിടിഞ്ഞു. എന്നാല്‍ ഇതിനെല്ലാം 2012-ലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തോടെ ഷറപ്പോവ മറുപടി നല്‍കി. ഇതോടെ കരിയര്‍ ഗ്രാന്‍സ്ലാം പൂര്‍ത്തിയാക്കിയ താരം ഈ നേട്ടത്തിലെത്തുന്ന പത്താമത്തെ വനിതാ താരവുമായി. ആ വര്‍ഷം ഒളിമ്പിക്‌സില്‍ വെള്ളി മെഡലും അക്കൗണ്ടിലെത്തിച്ചു. ഇതോടെ വീണ്ടും ഒന്നാം റാങ്കില്‍ തിരിച്ചെത്തി. 2013-ല്‍ വീണ്ടും തോളില്‍ വേദന തുടങ്ങിയെങ്കിലും ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ അസരെങ്കയെ തോല്‍പ്പിച്ച് ഷറപ്പോവ ഫൈനല്‍ വരെയെത്തി സെറീനക്ക് മുന്നില്‍ വീണു. 2014-ല്‍ കളിമണ്‍ കോര്‍ട്ടില്‍ ഷറപ്പോവയുടെ വിജയച്ചിരി ഒരിക്കല്‍കൂടി കണ്ടു. സിമോണ ഹാലെപിനെ തോല്‍പ്പിച്ചായിരുന്നു അഞ്ചാം കിരീടം. എന്നാല്‍ 2015-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ വരെയെത്തിയെങ്കിലും സെറീനയ്ക്ക് മുന്നില്‍ റഷ്യന്‍ സുന്ദരി വീണു. 

പിന്നീടങ്ങോട്ട് ദു:സ്വപ്‌നങ്ങളുടെ രാത്രിയായിരുന്നു. 2016-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ ഉത്തേജക മരുന്നുപയോഗിച്ചതിനെ തുടര്‍ന്ന് പിടിക്കപ്പെട്ട ഷറപ്പോവയ്ക്ക് 15 മാസത്തോളം വിലക്ക് നേരിടേണ്ടി വന്നു. ശിക്ഷാ കാലാവധിക്ക് ശേഷം തിരിച്ചെത്തിയ റഷ്യന്‍ താരം നിറംമങ്ങിപ്പോയി. പഴയ താളം വീണ്ടെടുക്കാനായില്ല. നരച്ച്, പിഞ്ഞിത്തുടങ്ങിയ റാക്കറ്റു പോലെയായി റഷ്യക്കാരിയുടെ കളി. ആദ്യ 25 റാങ്കിനുള്ളിലെത്തി നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും പരിക്കെന്ന ഭൂതം ഷറപ്പോവയെ വിട്ടുപോയിരുന്നില്ല. 2019-ല്‍ 800-ാം മത്സരം പൂര്‍ത്തിയാക്കിയ ഷറപ്പോവ ഇനി ഒരു അങ്കത്തിന് ബാല്യമില്ലെന്ന് തിരിച്ചറിയുകയായിരുന്നു. ഏറെ സങ്കടത്തോടെയാണെങ്കിലും, കോര്‍ട്ടില്‍ നിന്ന് എന്നെന്നേക്കുമായി നടന്നകലുകയെന്ന തീരുമാനത്തില്‍ ഷറപ്പോവ എത്തിച്ചേര്‍ന്നതും അങ്ങനെയാണ്. 

Content Highlights: Maria Sharapova Tennis and Life